ജാതിയായി മുഖ്യം; സമ്പത്തായി പഥ്യം

ambedkar
അംബേദ്കർ, കുഞ്ഞാമൻ
SHARE

അംബേദ്കറിസം ശാസ്ത്രീയവും വിശകലനാത്മകവുമായ രീതിയിൽ സമീപിക്കപ്പെടുന്നില്ല. അംബേദ്കർ സമം സംവരണം സമം സാമൂഹിക നീതി എന്ന വികലമായ കാഴ്ചപ്പാടാണു നിലനിൽക്കുന്നത്.

ഇന്ത്യ സ്വതന്ത്രമായപ്പോൾ ജനാധിപത്യം, വികസനം,ആസൂത്രണം എന്നീ മൂന്നു കാര്യങ്ങൾക്കാണു രാഷ്ട്രശിൽപികൾ ഊന്നൽ നൽകിയത്. പൊതുമേഖലയ്ക്കായിരുന്നു മുൻഗണന. സ്വകാര്യ മേഖല പൊതുമേഖലയെ പിന്തുടരുന്ന രീതിയാണു നാം വിഭാവനം ചെയ്തത്.

യഥാർഥത്തിൽ ജനാധിപത്യമെന്നതു സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അതു തിരഞ്ഞെടുപ്പുകളുടെ മാത്രം കാര്യമല്ല. ഇപ്പോൾ ജനാധിപത്യത്തെ വിലയിരുത്തുന്നതു തിരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ജനാധിപത്യം അതു മാത്രമല്ല. അതു നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലും പെരുമാറ്റങ്ങളിലും സ്വഭാവങ്ങളിലും വരേണ്ടതാണ്. ശരിയായ ജനാധിപത്യം അന്വർഥമാകുന്നതു സമത്വാധിഷ്ഠിതമായ സമൂഹത്തിലാണ്. 

പക്ഷേ, ശ്രേണിബദ്ധമാണു നമ്മുടെ സാമൂഹികക്രമം. ബി.ആർ.അംബേദ്കർ 1936ൽ എഴുതിയ ‘ ജാതി ഉന്മൂലനം’ എന്ന കൃതിയിലും 1946ൽ എഴുതിയ ‘കോൺഗ്രസും ഗാന്ധിയും അയിത്തജാതിക്കാർക്കുവേണ്ടി എന്തു ചെയ്തു’ എന്ന കൃതിയിലും അദ്ദേഹത്തിന്റെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രസംഗങ്ങളിലും എടുത്തു പറഞ്ഞ ഒരു കാര്യം രാഷ്ട്രീയ ജനാധിപത്യം അന്വർഥമാകണമെങ്കിൽ സാമൂഹിക ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും സ്ഥാപിക്കപ്പെടണമെന്നാണ്. എന്നാൽ ഇതു രണ്ടും ഇന്ത്യയിൽ സംഭവിച്ചിട്ടില്ല.

അവകാശങ്ങളും ഉത്തരവാദിത്തവും

ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യക്കാരന്റെ സ്വാതന്ത്ര്യമായി മാറിയോ എന്നാണു നാം ഈ സന്ദർഭത്തിൽ പരിശോധിക്കേണ്ടത്. പ്രശസ്ത ജർമൻ ദാർശനികനായ ഹെഗേൽ 1820ൽ ‘സ്വത്താണു സ്വാതന്ത്ര്യം’ എന്നാണു പറഞ്ഞത്. ബി.ആർ.അംബേദ്കർ പറഞ്ഞു, ‘സമത്വമാണു സ്വാതന്ത്ര്യം’. നൊബേൽ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ 1999ൽ പറഞ്ഞു, ‘വികസനമാണു സ്വാതന്ത്ര്യം’. 2009ൽ സെൻ വീണ്ടും പറഞ്ഞു, ‘അവകാശങ്ങളാണു സ്വാതന്ത്ര്യം’. ഇവിടെ, അവകാശങ്ങൾ എന്നു പറയുമ്പോൾ അതിനോട് അനുബന്ധിച്ച് ഉപയോഗിക്കുന്ന ഒരു പദമുണ്ട്, ഉത്തരവാദിത്തം. എന്നാൽ അവകാശങ്ങൾ ഗൗരവത്തോടെയും ധാർമികതയോടെയും പ്രയോഗിക്കുന്നതുതന്നെ ഉത്തരവാദിത്തമാണ്. എന്നു പറഞ്ഞാൽ ഉത്തരവാദിത്തത്തെ അവകാശങ്ങളിൽനിന്നു വേർപെടുത്തിയും അവകാശങ്ങളെ ഉത്തരവാദിത്തങ്ങളിൽനിന്നു വേർപെടുത്തിയും കാണാനാവില്ല. ഈയൊരു ദാർശനിക പരിപ്രേക്ഷ്യത്തിലാണു ഇന്ത്യൻ ഭരണഘടനയും പ്രയോഗിക്കപ്പെടുന്നത്.

ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയിൽ കറുത്തവർഗക്കാർക്കു വോട്ടവകാശം ലഭിക്കുന്നതു വളരെ വൈകിയാണ്. 1865ൽ അവിടെ അടിമസമ്പ്രദായം നിർത്തലാക്കിയെങ്കിലും കറുത്തവർക്കു വോട്ടവകാശം ലഭിക്കുന്നതു 1965ൽ മാത്രമാണ്. എന്നാൽ ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പിൽതന്നെ അയിത്തജാതിക്കാർ, പാർശ്വവൽകൃതർ, ഗോത്രവിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വോട്ടവകാശം ലഭിച്ചു. ഇന്ത്യയെ സമഗ്രതയിൽ ദർശിച്ച മൂന്നു മഹാവ്യക്തിത്വങ്ങളാണ് ഗാന്ധിജിയും അംബേദ്കറും നെഹ്റുവും. (ഈ മൂന്നു വ്യക്തിത്വങ്ങൾക്കു തുല്യരോ അല്ലെങ്കിൽ അവരെക്കാൾ മഹനീയരോ ആയ നേതാക്കൾ പിന്നീട് ഇന്ത്യയിൽ ഉണ്ടായിട്ടില്ല.)

സമ്പത്തിന് മേൽക്കോയ്മ

ഇന്ത്യൻ ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ ജാതിവ്യവസ്ഥ പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല. ഇന്ന് ഇന്ത്യയിൽ പ്രബലരായ ജാതികളുണ്ട്. പക്ഷേ സർവാധീശത്വമുള്ള ജാതികളില്ല. ഇന്നു സാമുദായിക, ജാതിമത പ്രസ്ഥാനങ്ങളും സംഘടനകളും അവരുടെ അധീശത്വം നിലനിർത്തുന്നതു സമ്പത്തും സ്ഥാപനങ്ങളും കയ്യിൽവച്ചുകൊണ്ടാണ്. അവർ പറയുന്നത്, ഞങ്ങൾക്ക് ഇത്ര എൻജിനീയറിങ് കോളജുകളുണ്ട്, മെഡിക്കൽ കോളജുകളുണ്ട്. അതുകൊണ്ടു ഞങ്ങൾക്കു മേധാവിത്വമുണ്ട് എന്നാണ്. ഈ മേൽക്കോയ്മ തന്നെയാണു രാഷ്ട്രീയസ്വാധീനം ആർജിക്കാനും അവർക്ക് കഴിവു നൽകുന്നത്. 

ഇന്നു ജാതിവ്യവസ്ഥ അപ്രസക്തമാകുന്നു, പക്ഷേ ജാതിയുടെ പ്രാധാന്യം കൂടിവരുന്നു. ജാതി നിലനിർത്തുന്നതിൽ  കീഴ്ജാതിക്കാർക്കാണു താൽപര്യം. അതിനു കാരണം ജാതി അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങളാണ്. ജാതിവ്യവസ്ഥ സൃഷ്ടിച്ച ശ്രേണിബദ്ധതയും ഇന്ന് അപ്രത്യക്ഷമായി വരികയാണ്. നിലവിലുള്ള സിവിൽ സമൂഹം ഒരു ഇലക്ട്രോണിക് സമൂഹമാണ്. ടിവി, കംപ്യൂട്ടർ, ബാങ്ക് ബാലൻസ്, മൊബൈൽ ഫോൺ എന്നിവയാണ് ഇന്നു വ്യക്തികളെ ശാക്തീകരിക്കുന്നത്.

മതവും രാഷ്ട്രീയവും എടുത്തു പരിശോധിച്ചാൽ, ഈ രണ്ടു രംഗങ്ങളിലും ഫ്യൂഡൽ മൂല്യങ്ങളാണു ശക്തിപ്രാപിക്കുന്നതെന്നു കാണാം. കഠിനാധ്വാനം, അച്ചടക്കം, അനുസരണം, വിധേയത്വം, വ്യക്തിപൂജ എന്നിവ സ്വാഭാവിക ഗുണങ്ങളായി നിലനിർത്തപ്പെടുന്നു. രാഷ്ട്രീയപാർട്ടികളുടെ മതവൽക്കരണം ഇന്ന് ഒരു യാഥാർഥ്യമാണ്.

കമ്യൂണിസവും അംബേദ്കറിസവും

ജനാധിപത്യത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം ഏതൊരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവും വളരുന്നത് അവയുടെ വിമർശകരിലൂടെയും തളരുന്നതു വിശ്വാസികളിലൂടെയുമാണ് എന്നതാണ്. കമ്യൂണിസം മതവൽക്കരിക്കപ്പെട്ടു. അടുത്ത മതവൽക്കരണം അംബേദ്കറിസത്തിന്റേതാണ്. അംബേദ്കറിസം ശാസ്ത്രീയവും വിശകലനാത്മകവുമായ രീതിയിൽ സമീപിക്കപ്പെടുന്നില്ല. അംബേദ്കർ സമം സംവരണം സമം സാമൂഹിക നീതി എന്ന വികലമായ കാഴ്ചപ്പാടാണു നിലനിൽക്കുന്നത്. ആരും അധികാരഘടനയെ ചോദ്യം ചെയ്യുന്നില്ല. പകരം അധികാരസ്ഥാനങ്ങളിൽ പ്രാതിനിധ്യവും പങ്കാളിത്തവും നേടിയെടുക്കാനാണു കീഴാള വിഭാഗങ്ങളുടെ ശ്രമം. സാമ്പത്തികഘടനയെ ചോദ്യം ചെയ്യുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിനു കഴിഞ്ഞ 74 വർഷങ്ങളിൽ സംഭവിച്ച പരിണാമങ്ങൾ ശക്തമായ അധികാരമോഹമാണു വിവിധ വിഭാഗങ്ങളിൽ സൃഷ്ടിക്കുന്നത്. സ്വാഭാവികമായും രാജ്യത്ത് അധികാരപൂജയാണു വളരുന്നത്.

നമ്മുടെ തിരഞ്ഞെടുപ്പുകളെ നോക്കൂ. ജനങ്ങൾ വെറും സമ്മതിദായക ജീവികളായാണു പരിഗണിക്കപ്പെടുന്നത്. വിവിധ സാമൂഹിക വിഭാഗങ്ങളെ വോട്ടുബാങ്കുകളായാണ് പരിഗണിക്കുന്നത്.  ഈ സന്ദർഭത്തിലാണു സാമൂഹിക, ജാതീയ, മത സംഘടനകൾ വളരുന്നത്. മൗലികമായ രാഷ്ട്രീയ സമീപനം ഒരു പാർട്ടിയും സ്വീകരിക്കുന്നില്ല. പലപ്പോഴും രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പുകളാണു നടക്കുന്നത്.

ഭരണകൂടമല്ല; പൗരനാണ് മുഖ്യം

ഇന്ത്യൻ ഭരണഘടന യഥാർഥത്തിൽ ഇന്ത്യൻ പൗരനാണു കേന്ദ്രസ്ഥാനം നൽകുന്നത്. പൗരൻ ഭരണകൂടത്തിനും മീതെയാണ്. മനുഷ്യാവകാശ സംരക്ഷണമാണു ഭരണഘടനയുടെ  അന്തഃസത്ത.  പൗരൻ എന്നതു ഭരണകൂടം, രാഷ്ട്രീയപാർട്ടി, പ്രസ്ഥാനങ്ങൾ, മതങ്ങൾ എന്നിവയ്ക്കെല്ലാം അതീതമാണ്. പൗരനെ അഥവാ വ്യക്തിയെ മഹത്വവൽക്കരിക്കാൻ കാരണമുണ്ട്. വ്യക്തിയാണു ചിന്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി ചിന്തിക്കുന്നില്ല. ഭരണകൂടവും ചിന്തിക്കുന്നില്ല. ഇക്കാരണത്താൽ വ്യക്തികളെ ചുരുക്കിക്കാണാൻ പാടില്ല. വ്യക്തിസ്വാതന്ത്ര്യം അനിയന്ത്രിതവും പരിധിയില്ലാത്തതുമാണ്. ഭരണകൂടമോ രാഷ്ട്രീയ പാർട്ടികളോ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ശ്രമിക്കരുത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം സ്വാധീനിക്കപ്പെടുന്നതോ നിയന്ത്രിക്കപ്പെടുന്നതോ മറ്റു വ്യക്തികളുടെ സ്വാതന്ത്ര്യ പ്രയോഗത്തിലൂടെയാണ്.

ഇവിടെ ഭരണകൂടത്തിന്റെ പ്രവർത്തനം പ്രസക്തമായി വരുന്നു. ഭരണാധികാരികൾ അധീശത്വമാണു പ്രയോഗിക്കുന്നത്. ഉദ്യോഗസ്ഥവ്യന്ദവും പൊലീസും മറ്റ് മർദനോപാധികളും ഉപയോഗിച്ചു കർശന നിയമങ്ങൾ നടപ്പാക്കുന്നു. ഭരണാധികാരികൾക്കു വ്യവസ്ഥിതി നിലനിർത്തലും ശക്തിപ്പെടുത്തലുമാണ് ആവശ്യം. 

അവർ സ്വാതന്ത്ര്യത്തിന് എതിരാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ വരുമ്പോൾ അവർ അക്ഷമരാകുന്നു. എന്നാൽ, യഥാർഥത്തിൽ അസ്ഥിരതയും മാറ്റങ്ങളും ആണു ജനാധിപത്യത്തെ ആകർഷകമാക്കുന്നത്. ജനാധിപത്യത്തിലൂടെയാണ്  അധികാരത്തിൽ വരുന്നതെങ്കിലും അധികാരത്തിൽ ഇരിക്കുമ്പോൾ സർവാധിപതികളായി മാറുന്നു. ജനാധിപത്യമെന്നു നാം വിശേഷിപ്പിക്കുന്ന ഈ വൃദ്ധാധിപത്യം സ്വാതന്ത്ര്യത്തിന്റെ നിരാകരണമാണ്. ഭരണത്തുടർച്ച ഏകാധിപത്യ പ്രവണതയുമാണ്.

 വ്യക്തിയെ കേന്ദ്രസ്ഥാനത്തു വയ്ക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യം എന്ന നിലയിൽ നാം നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ ജീവിതചര്യയായി മാറ്റേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രഭാവിക്ക് ഇത് അനിവാര്യമാണ്.

(ലേഖകൻ എംജി സർവകലാശാല നെൽസൻ മണ്ടേല ചെയർ ആണ്)

English Summary: Ambedkar and Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA