സ്വാതന്ത്ര്യം എന്ന ത്രിവർണ സ്വപ്നം

HIGHLIGHTS
  • ഇന്ത്യയെന്ന ആശയത്തിന് അഭിമാന ജൂബിലി
national-flag-india
SHARE

ഐ ക്യവും അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ചു സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വർഷത്തിലേക്ക് അഭിമാനത്തോടെ ഇന്ത്യ പ്രവേശിക്കുകയാണ്. നാളെ നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്നുപറക്കുമ്പോൾ രാജ്യചരിത്രം അതിവിശിഷ്ടമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുന്നു. ‘ഇതാ, സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഇന്ത്യ’ എന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ നാം നേടിക്കഴിഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന അഭിമാനവും ഇതോടൊപ്പമുണ്ട്. അതേസമയം, രാജ്യസ്നേഹത്തിനും രാജ്യദ്രോഹത്തിനുമൊക്കെ കൈവരുന്ന പുതിയ നിർവചനങ്ങളിൽ നാം ആശങ്കപ്പെടേണ്ടിവരുന്ന നാളുകൾ കൂടിയാണിത്. 

നമുക്കു കൈവന്ന സ്വാതന്ത്ര്യം അധികാരക്കൈമാറ്റം മാത്രമായിരുന്നില്ല; രാജ്യത്തിനുവേണ്ടി നമ്മുടെ മുൻമുറക്കാരും സ്വാതന്ത്ര്യസമരസേനാനികളും കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.  എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപിച്ചുള്ള യാത്രയാണ് 74 ആണ്ടുകളുടെ ത്രിവർണത്തിളക്കത്തിൽ എത്തിനിൽക്കുന്നത്. വെല്ലുവിളികളല്ല, ആ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണു രാഷ്‌ട്രത്തിന്റെ കരുത്തിന്റെ അളവുകോലെന്നത് ഇതിനകം ഇന്ത്യ മനസ്സിലാക്കിക്കഴിഞ്ഞു. സങ്കീർണമായ ഈ കോവിഡ്കാലത്തെ അതിജീവിക്കാൻ രാജ്യത്തെ സജ്ജമാക്കുന്നതും അനുഭവപാഠങ്ങളിലൂടെ കൈവന്ന ഈ ആത്മവിശ്വാസം തന്നെയാണ്.

നാളെ പ്ലാറ്റിനം ജൂബിലി വർഷത്തിലേക്കു വാതിൽ തുറക്കുമ്പോൾ, ഒരു രാഷ്ട്രമെന്ന നിലയിൽ സ്വതന്ത്ര ഇന്ത്യയ്ക്ക് ഇതിനകം ഒട്ടേറെ രംഗങ്ങളിൽ മുന്നേറാൻ കഴിഞ്ഞുവെന്നത് 138 കോടിയിലധികം ജനങ്ങളുടെ ചാരിതാർഥ്യമാകേണ്ടതാണ്. സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിപാടികളും ആരോഗ്യ, കുടുംബക്ഷേമ പദ്ധതികളും സമൂഹത്തിലെ അസന്തുലിതാവസ്ഥ ഏറെ കുറച്ചിട്ടുണ്ട്. ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള പദ്ധതികളിൽ നമുക്ക് ആശാവഹമായി മുന്നേറാനും സാധിച്ചു. അതേസമയം, അടിസ്ഥാനസൗകര്യങ്ങളിലുള്ള ബഹുമുഖ വികസനം എത്രയുംവേഗം സാക്ഷാത്കരിക്കുമ്പോഴേ സ്വാതന്ത്ര്യം പൂർണശോഭ നേടൂ എന്നും നമുക്കറിയാം.  

ശാസ്ത്രമേഖലയിൽ, വിശേഷിച്ചു ബഹിരാകാശരംഗത്ത്, ഇന്ത്യയ്ക്കു പുതിയ ഉയരത്തിലേക്കു കുതിക്കാനായി. ‘ചന്ദ്രയാൻ’ അടക്കമുള്ള വലിയ പദ്ധതികളിലൂടെ നാം യാഥാർഥ്യമാക്കിയ  ആകാശസ്വപ്നങ്ങൾ പുതിയ കാൽവയ്പുകളിലേക്ക് ഊർജം പകരുകയും ചെയ്യുന്നു. വ്യവസായികളാകട്ടെ, പുതിയ സാമ്പത്തിക സാഹചര്യത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് മറ്റു രാജ്യങ്ങളിൽപോലും വേരുറപ്പിക്കുന്നുമുണ്ട്. സാമ്പത്തിക, സൈനിക, ശാസ്ത്ര ശക്തിയായി ഇന്ത്യ വളർന്നുമുന്നേറുന്നതിനോടൊപ്പം ലോകക്രമത്തിൽ നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയും വേണം.

പരമപവിത്രമെന്നു കരുതുന്ന മൂല്യങ്ങൾ സ്വാതന്ത്ര്യലബ്ധിയെത്തുടർന്നുള്ള വർഷങ്ങളിൽ രാജ്യം കാത്തുസൂക്ഷിച്ചതു ഭാവിയിലേക്കുകൂടിയാണ്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി, െഎക്യവും സൗഹാർദവും സുദൃഢമായി കാത്തുസൂക്ഷിക്കാൻ നമുക്കു കഴിഞ്ഞു. ബഹുസ്വരതയുടെ ആണിക്കല്ലായ ഈ മതനിരപേക്ഷതയ്ക്കു ചിലപ്പോഴെങ്കിലും വിള്ളലേറ്റത് ഇന്ത്യയുടെ മനസ്സിനേറ്റ മുറിവാകുകയും ചെയ്തു. അതുകൊണ്ടുതന്നെ, അസഹിഷ്ണുതയുടെ നിഴൽ രാഷ്ട്രഗാത്രത്തെ തൊടാതിരിക്കാനുള്ള ശ്രദ്ധ പരമപ്രധാനമാണ്. രാജ്യസ്നേഹത്തിനും രാജ്യദ്രോഹത്തിനും സൗകര്യപൂർവമായ അർഥതലങ്ങൾ കണ്ടെത്തി മുദ്ര ചാർത്താനുള്ള വ്യഗ്രത ആപൽക്കരമാണെന്ന ബോധ്യവും അത്യാവശ്യം. 

ജനാധിപത്യം പ്രകാശമാനമായി നിലനിർത്തിയേ തീരൂ; ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുംവേണം. ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. അഭിപ്രായസ്വാതന്ത്യ്രം എന്ന വാക്കിന്റെ അർഥത്തിന് ആഴമേറെയുണ്ടെന്ന് അധികാരികളും അറിയണം. അതുകൊണ്ടുതന്നെ, എതിർസ്വരങ്ങൾക്കു നേരെ തുറന്നുവച്ച വാതിലുകൾ കൊട്ടിയടയ്ക്കാൻ ശ്രമിക്കുന്നതു ജനാധിപത്യവിരുദ്ധമാണെന്നും അത് ഏകാധിപത്യത്തിനു കടന്നുവരാൻ പഴുതൊരുക്കുകയാവുമെന്നും തിരിച്ചറിയേണ്ടതുണ്ട്. 

കാലാതീതകാന്തിയുള്ളൊരു ത്രിവർണസ്വപ്നമായിരിക്കട്ടെ ഇന്ത്യയെന്ന ആശയം. ആ സ്വപ്നത്തിനായുള്ള സമർപ്പണത്തിന്റെ പതാകയാണ് നാളെ ഉയർന്നുപറക്കുക.

English Summary: India celebrates independence day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA