ADVERTISEMENT

1996 ചിങ്ങം ഒന്നിനു കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണത്തിന് ഇന്നു കാൽനൂറ്റാണ്ട് തികയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 8 പഞ്ചവത്സര പദ്ധതികൾ പൂർത്തിയാക്കിയിട്ടും വേണ്ടത്ര വികസനം നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന വീണ്ടുവിചാരത്തിൽനിന്നാണ് ജനകീയാസൂത്രണ പദ്ധതിക്കു സംസ്ഥാന സർക്കാർ തുടക്കമിട്ടത്. സംസ്ഥാന ബജറ്റിന്റെ 35% തുക തദ്ദേശ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചു. ഒട്ടേറെ അധികാരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുകയും ചെയ്തു. വികസന പദ്ധതികൾ വിഭാവനം ചെയ്യാനും അവ നടപ്പാക്കാനുമുള്ള അധികാരവും നൽകി. സമ്പൂർണ ജനാധിപത്യമായിരുന്നു ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതിനുള്ള കേന്ദ്ര സർക്കാരിന്റെ 2009–10ലെ പുരസ്കാരം കേരളത്തിനു ലഭിച്ചു. ജനകീയാസൂത്രണ പദ്ധതികൊണ്ട് ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കേരളത്തിനായോ? 

തീരുമാനം ധീരം 

ചരിത്രത്തിലിതുവരെ സംസ്ഥാന സർക്കാർ കൈക്കൊണ്ട ഏറ്റവും ധീരമായ തീരുമാനങ്ങളിൽ ഒന്നാണു ജനകീയാസൂത്രണ പദ്ധതി. വിഭവങ്ങളുടെ മൂന്നിലൊന്നു പങ്കും തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറാനുള്ള ആ തീരുമാനം വിപ്ലവകരമായിരുന്നു. 25 വർഷം മുൻപു സർക്കാർ അങ്ങനെ ഒരു മാറ്റത്തിലേക്കു കടക്കുമ്പോൾ പ്രതീക്ഷകൾ കുറച്ചൊന്നുമായിരുന്നില്ല. സാധാരണക്കാർ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ നാട്ടിൽ വികസനപദ്ധതികൾ നടപ്പാക്കുകയായിരുന്നു ജനകീയാസൂത്രണ പദ്ധതിയുടെ മുഖ്യലക്ഷ്യം. 

ലോകശ്രദ്ധ നേടിയ കേരളത്തിലെ പൊതുജന പങ്കാളിത്ത ശൈലിയായിരുന്നു ജനകീയാസൂത്രണത്തിന്റെ അടിത്തറ. എന്നാൽ, പെട്ടെന്നുള്ള ചുവടുമാറ്റം എല്ലാ തരത്തിലും ദുഷ്കരമായിരുന്നു. താഴേത്തട്ടിലേക്ക് അധികാരവും വിഭവങ്ങളും കൈമാറുകയായിരുന്നു വലിയ വെല്ലുവിളി.  കേരളത്തിലെ ജനങ്ങളിൽ ഇത്രത്തോളം ജനാധിപത്യ ബോധം വേരുറച്ചത് അധികാരങ്ങളും അവകാശങ്ങളും താഴേത്തട്ടിലേക്കു കൈമാറിയതുകൊണ്ടുകൂടിയാണ്. വോട്ടർമാരുമായി നിത്യേനയെന്നവണ്ണം സംവദിക്കേണ്ടി വരുന്ന തദ്ദേശ ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരായി മാറി. തീരുമാനമെടുക്കൽ പ്രക്രിയയിൽ ജനങ്ങൾക്കു ഗ്രാമസഭകളിലൂടെ വലിയ പങ്കാളിത്തം ലഭിച്ചു.  

കേരളത്തിലെ രാഷ്ട്രീയ അതിപ്രസരം തദ്ദേശ സ്ഥാപനങ്ങളിൽ തമ്മിലടിക്കു കാരണമാകുമെന്ന വിമർശനം അന്നു പലരും ഉന്നയിച്ചിരുന്നു. എന്നാൽ,  വികസനത്തിനായി  സഹകരിക്കുന്ന രീതിയാണു  പൊതുവേ കണ്ടത്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളായിരുന്നു ഒരുകാലത്തു  മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നതെങ്കിൽ ഒരു പരിധിവരെ ആ ദൗത്യം ഇന്നു തദ്ദേശസ്ഥാപനങ്ങളാണു നിർവഹിക്കുന്നത്. പ്രളയകാലത്തും  കോവിഡ് വ്യാപനം തടയുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചതു  തദ്ദേശസ്ഥാപനങ്ങൾ തന്നെയാണ്. 

വികസനത്തിന്റെ വെളിച്ചം പരത്തി

കുഗ്രാമങ്ങളിൽപോലും വികസനത്തിന്റെ വെളിച്ചമെത്തിക്കാൻ കഴിഞ്ഞതും ജനകീയാസൂത്രണ പദ്ധതിയുടെ വിജയമാണ്. റോഡ്, വീട്, ശുചിത്വം, ശുദ്ധജലവിതരണം, ആശുപത്രി, സ്കൂൾ തുടങ്ങിയവയൊക്കെ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കാനും  കഴിഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും പിന്നീട് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും ഭംഗിയായി നിറവേറ്റിത്തുടങ്ങുകയും ചെയ്തു. 1990ൽ ജനസംഖ്യയുടെ 28% മാത്രമാണു സർക്കാരിന്റെ ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിച്ചിരുന്നതെങ്കിൽ 2014ൽ അത് 33.3 ശതമാനമായി ഉയർന്നു. 2018ൽ 47.5 ശതമാനമായി. 

ആദിവാസി, മത്സ്യത്തൊഴിലാളി സമൂഹത്തിൽ ഒഴികെ ദാരിദ്ര്യം ഏതാണ്ടു പൂർണമായിത്തന്നെ തുടച്ചുനീക്കാൻ കഴിഞ്ഞു. തദ്ദേശ പ്രാതിനിധ്യത്തിൽ 50% സ്ത്രീ സംവരണം നടപ്പാക്കിയതാണ് സ്ത്രീ ശാക്തീകരണത്തിനു വലിയ തുടക്കമിട്ടത്. അതിനു  കുടുംബശ്രീയും വലിയ പങ്കുവഹിച്ചു. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനു രാജ്യത്ത് ആദ്യമായി നയം രൂപീകരിച്ചതും കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളിൽ മൂന്നിൽ രണ്ടും കുടുംബശ്രീയുടെ സംഭാവനയാണ്.  

മെച്ചപ്പെടാനുണ്ട് ഇനിയുമേറെ

വികേന്ദ്രീകരണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും നാം   ലക്ഷ്യത്തിലെത്തിയിട്ടില്ല. ഗ്രാമസഭകളും വാർഡ് സഭകളും കുറെക്കൂടി ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ട്. വാക്സീൻ ഗൂണഭോക്താക്കളെപ്പോലും വാർഡിലെ ജനപ്രതിനിധി തിരഞ്ഞെടുക്കുന്ന   രീതി മാറണം. ഇൗ മെംബർ രാജ് ജനാധിപത്യരീതിക്കു വലിയ ഭീഷണിയാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെല്ലാംകൂടി ഒരു വർഷം ചെലവിടുന്നത് 20,000 കോടി രൂപയാണ്. ഇതിൽ വെറും 2,000 രൂപ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന വിഹിതം.  നിരക്കുകൾ വർധിപ്പിക്കുക പ്രായോഗികമല്ലെങ്കിൽ പോലും  കുടിശിക പിരിച്ചെടുക്കാനെങ്കിലും  കഴിയേണ്ടതാണ്. 

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതിയും വർധിച്ചിട്ടുണ്ടെന്നാണു പല നിരീക്ഷകരും വിലയിരുത്തുന്നത്. പരിസ്ഥിതി സംരക്ഷണമാണു തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിലെ പുതിയ വെല്ലുവിളി. പ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിൽ ഒട്ടേറെ മികച്ച പദ്ധതികൾ പല തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ വേഗം പോരാ. രാജ്യത്തെ രണ്ടര ലക്ഷത്തോളം ഗ്രാമപ്പഞ്ചായത്തുകളെ പദ്ധതികളുടെ ആസൂത്രണത്തിൽ സ്വയം പര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ തുടക്കമിട്ട മുന്നേറ്റത്തിന് ജനകീയാസൂത്രണം (പീപ്പിൾസ് പ്ലാനിങ്) എന്നാണു പേരു നൽകിയത്. ആ വാക്ക് കേരളത്തിൽനിന്നു കടമെടുത്തതു തന്നെ നമുക്കുള്ള വലിയ അംഗീകാരമാണ്. 

prakash
എസ്.എം.വിജയാനന്ദ്, ഡോ.ബി.എ.പ്രകാശ്

എസ്.എം.വിജയാനന്ദ് (സംസ്ഥാന ധനകാര്യ കമ്മിഷൻ അധ്യക്ഷൻ, മുൻ ചീഫ് സെക്രട്ടറി) 

നടത്തിപ്പ്  പാളി

ലോകത്തിനുതന്നെ മാതൃകയാകാൻ പോകുന്ന വികസന സംവിധാനമെന്നു കൊട്ടിഘോഷിച്ചാണു കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി അവതരിപ്പിച്ചത്. പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇൗ ലക്ഷ്യത്തിന് എന്തു സംഭവിച്ചു എന്നു പരിശോധിച്ച അഞ്ചാം സംസ്ഥാന ധനകാര്യകമ്മിഷൻ ഇങ്ങനെ എഴുതി: ‘‘കാലഹരണപ്പെട്ട പദ്ധതി ആസൂത്രണരേഖ, പദ്ധതി രൂപീകരണത്തിൽ കാര്യമായ സംഭാവന നൽകാത്ത വർക്കിങ് ഗ്രൂപ്പുകളും ഗ്രാമസഭകളും വികസന സെമിനാറുകളും, പദ്ധതികളുടെ ബാഹുല്യം, അവ നടപ്പാക്കുന്നതിലെ കാലതാമസം, പദ്ധതിത്തുക വാർഡ്‌ അടിസ്ഥാനത്തിൽ വീതം വയ്ക്കൽ, ഉപഭോക്തൃ കമ്മിറ്റി വഴി നടപ്പാക്കൽ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളുടെ മോശമായ നടത്തിപ്പിനും അഴിമതിക്കും ഇടയാക്കുന്നു.’’

റോഡ്‌ നിർമാണം, അഴുക്കുചാൽ വൃത്തിയാക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ,  ഭവനനിർമാണം എന്നിവയിൽ നേട്ടം കൈവരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ജനപ്രതിനിധികളിലും അധ്യക്ഷസ്ഥാനത്തും സ്ത്രീകൾക്ക് 50% സംവരണം   ജനകീയാസൂത്രണത്തിന്റെ ശ്രദ്ധേയ നേട്ടമാണ്. 

നേട്ടങ്ങളെക്കാളേറെ കോട്ടങ്ങൾ

അധികാരം വികേന്ദ്രീകരിച്ചെങ്കിലും പ്രാദേശിക സർക്കാരുകളുടെ ഭരണസംവിധാനത്തിൽ മാറ്റം വരുത്താനോ ഉദ്യോഗസ്ഥരുടെ എണ്ണം കാര്യമായി വർധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. 1995ൽ ഒരു പഞ്ചായത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശരാശരി എണ്ണം 12 ആയിരുന്നത് 2000ൽ 13 ആയും 2005ൽ 15 ആയും മാത്രമേ കൂടിയിട്ടുള്ളൂ. സ്കൂളുകൾ, ആശുപത്രികൾ, കൃഷി ഓഫിസുകൾ തുടങ്ങിയവയുടെ ആസ്തികളുടെ പരിപാലനം മാത്രമേ പ്രാദേശിക സർക്കാരുകൾക്കു കൈമാറിയിട്ടുള്ളൂ. നടത്തിപ്പിന്റെ പൂർണ അധികാരം  സർക്കാർ വകുപ്പുകൾക്കു തന്നെയാണ്. 

ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രാദേശിക സർക്കാരുകൾക്കുമേൽ താങ്ങാൻ കഴിയാത്ത ചുമതലകളാണ് ഇപ്പോഴുള്ളത്. സാമൂഹിക ക്ഷേമപെൻഷൻ പട്ടിക തയാറാക്കൽ, ഗ്രാമീണ തൊഴിൽപദ്ധതി, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ ഏൽപിച്ചതുമൂലം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി.  

നികുതികൾ പിരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെങ്കിലും കാലാകാലം നിരക്കു വർധിപ്പിക്കാനുള്ള അധികാരം  സർക്കാരിനാണ്. ഏറ്റവും പ്രധാന നികുതിയായ കെട്ടിടനികുതി ഓരോ 5 വർഷം കഴിയുമ്പോഴും പരിഷ്കരിക്കണമെന്നു നിയമത്തിൽ പറയുന്നുണ്ടെങ്കിലും  നടപ്പാക്കിയിട്ടില്ല. നിരക്കിൽ മാറ്റം വരുത്താൻ പഞ്ചായത്തുകൾ 17 വർഷവും നഗരസഭകൾ 20 വർഷവും കാത്തിരിക്കേണ്ടി വന്നു. പ്രഫഷനൽ ടാക്സ്, വിനോദ നികുതി, പരസ്യ നികുതി, ഷോ ടാക്സ്, ഫീസുകൾ, വാടകകൾ തുടങ്ങിയവയുടെ നിരക്കുകളും 2 ദശാബ്ദമായി മാറ്റമില്ലാതെ തുടരുകയാണ്. 

ധനകാര്യ കമ്മിഷനുകളെ അവഗണിച്ചു

ഭരണഘടനാ സ്ഥാപനമായ സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശ അനുസരിച്ചാണു തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ പണം നൽകേണ്ടത്. എന്നാൽ, 5 ധനകാര്യ കമ്മിഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ രണ്ടാം കമ്മിഷന്റേത് 3 വർഷവും അഞ്ചാം കമ്മിഷന്റേത് 2 വർഷവും കഴിഞ്ഞശേഷമാണു പരിശോധിക്കാനെങ്കിലും സർക്കാർ തയാറായത്. കമ്മിഷനുകളുടെ ചുരുക്കം ചില ശുപാർശകൾ മാത്രമേ സർക്കാർ കണക്കിലെടുക്കാറുള്ളൂ. ഒന്നാം കമ്മിഷന്റെ 69 ശുപാർശകളിൽ 25 എണ്ണവും രണ്ടാം കമ്മിഷന്റെ 49 ശുപാർശകളിൽ 13 എണ്ണവും മാത്രമാണു നടപ്പാക്കിയത്. അഞ്ചാം കമ്മിഷന്റെ 133 ശുപാർശകളിൽ 78 എണ്ണം അംഗീകരിക്കുകയും 55 എണ്ണം നിരാകരിക്കുകയും ചെയ്തു. നടപ്പാക്കിയതോ 16 എണ്ണം മാത്രം. 

വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ആക്ഷേപങ്ങൾ എല്ലാക്കാലത്തുമുണ്ട്. ഖര, ദ്രവ മാലിന്യ നിർമാർജനം, പൊതുശ്മശാന പരിപാലനം, അറവുശാലകൾ സ്ഥാപിക്കൽ, പൊതുശുചിമുറികളുടെ നിർമാണവും പരിപാലനവും, തെരുവുനായ നിയന്ത്രണം, ശുദ്ധജലവിതരണം തുടങ്ങിയ സേവനങ്ങളുടെ കാര്യത്തിൽ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം വളരെ ദയനീയമാണ്. പ്രധാന കർത്തവ്യങ്ങളിൽ ഒന്നായ വീട്ടിലെത്തിയുള്ള മാലിന്യശേഖരം മിക്ക നഗരസഭകളും നടത്തുന്നില്ല. ഇതുകാരണം നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നു. 

അധികാര വികേന്ദ്രീകരണ നിയമനിർമാണം നടത്തിയതും അതു നടപ്പാക്കിയതും യുഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ വികേന്ദ്രീകൃത ആസൂത്രണത്തെ ജനകീയാസൂത്രണമെന്ന പേരിൽ നടപ്പാക്കി. അധികാര വികേന്ദ്രീകരണം ചില മേഖലകളിൽ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അധികാര വികേന്ദ്രീകരണ പ്രക്രിയ മുരടിച്ചു നിന്നു. അതിനാൽ, ജനകീയാസൂത്രണം മൂലം നേടുമെന്നു കരുതിയ പലതും യാഥാർഥ്യമായില്ല.

ഡോ.ബി.എ.പ്രകാശ് (സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ) 

English summary: 25th anniversary of People's Planning in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com