ADVERTISEMENT

തുടർച്ചയായി കുതിച്ചുകെ‍ാണ്ടിരുന്ന ഇന്ധനവിലയിൽ കഴിഞ്ഞ ഒരു മാസമായി മാറ്റമില്ലെങ്കിലും ഇതിനകം ഉയർന്നുപെ‍ാങ്ങിയ വില ജനങ്ങൾക്കുമേൽ കനത്ത ആഘാതമായി നിലനിൽക്കുന്നുണ്ട്. ജീവിതം അതീവദുഷ്കരമായ ഈ കോവിഡ്കാലത്തു ജനങ്ങൾക്ക് ആവുന്നവിധം ആശ്വാസം നൽകേണ്ട കേന്ദ്ര – കേരള സർക്കാരുകൾ ഒന്നും ചെയ്യാതെ, കൈ മലർത്തുകകൂടി ചെയ്യുമ്പോൾ സാധാരണക്കാർ നിസ്സഹായരാവുകയാണ്. പ്രതിവർഷം 1,160 കോടി രൂപയുടെ വരുമാനം ഉപേക്ഷിച്ച് തമിഴ്നാട് സർക്കാർ പെട്രോൾവില ലീറ്ററിനു മൂന്നു രൂപ കുറച്ചത് അതുകെ‍‌‌ാണ്ടുതന്നെ, ഈ കഷ്ടകാലത്തു ജനകീയപക്ഷം ചേർന്നുള്ള ഉചിതതീരുമാനമാകുന്നു. 

പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഇന്ധന വിലവർധനയിൽ ജനത്തിന്റെ നടുവൊടിയുമ്പോഴും കേന്ദ്ര സർക്കാരുണ്ടാക്കുന്നതു റെക്കോർഡ് വരുമാനമാണെന്നത് ഓർമിക്കാം. എക്സൈസ് തീരുവയിൽ വരുത്തിയ വർധനവഴി, 2020–21 സാമ്പത്തികവർഷം 3.35 ലക്ഷം കോടി രൂപയാണു കേന്ദ്രത്തിനു ലഭിച്ചത്– മുൻവർഷത്തെക്കാൾ 88% വർധന. വില നിയന്ത്രിക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്തം സൗകര്യപൂർവം വിസ്മരിച്ച്, നികുതി കുറയ്ക്കില്ലെന്ന കടുത്തനിലപാട് കേന്ദ്രവും കേരളവും സ്വീകരിക്കുന്നതുമൂലം സാധാരണക്കാരുടെ അവസ്ഥ ദയനീയമാകുന്നു. 

ഇന്ധനവില കുതിച്ചുയരുമ്പോൾ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ വമ്പൻ ലാഭമുണ്ടാക്കുന്നതുകൂടി ഇതോടു ചേർത്തുവയ്ക്കാം. ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായതു റെക്കോർഡ് ലാഭമാണ്– 21,762 കോടി രൂപ. മുൻവർഷം 1876 കോടി നഷ്ടമായിരുന്നു. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) ലാഭത്തിലാകട്ടെ 610 ശതമാനമാണു വർധന –19,041.7 കോടിയുടെ ലാഭം. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ലാഭത്തിലും 300 ശതമാനത്തിന്റെ റെക്കോർഡ് വർധനയുണ്ടായി– 10,664 കോടി. ഇതിന് ആനുപാതികമായി, സാധാരണക്കാർക്കുണ്ടാകുന്ന വരുമാനനഷ്ടം ഏതു കണക്കിലാണു വകകെ‍ാള്ളിക്കേണ്ടത്? നികുതി കേരളം കുറച്ചാലും കേന്ദ്രം കുറച്ചാലും വില കുറയുമെന്നിരിക്കെ, അതുചെയ്യാതെ പരസ്പരം തർക്കിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇരുകൂട്ടരും.

എക്സൈസ് തീരുവയിലേക്കു ലഭിക്കേണ്ട വരുമാനമാണു തമിഴ്‌നാട് സർക്കാർ വേണ്ടെന്നുവച്ചത്. ഡിഎംകെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. പെട്രോൾ വില 7.40 രൂപയും ഡീസൽ വില 7.10 രൂപയും കുറച്ചു മേഘാലയയും പെട്രോൾ, ഡീസൽ വാറ്റ് 2% വീതം കുറച്ചു രാജസ്ഥാനും പെട്രോൾ, ഡീസൽ വില ഓരോ രൂപ കുറച്ചു ബംഗാളും കോവിഡ് ടാക്സായി ഏർപ്പെടുത്തിയ 5 രൂപ പിൻവലിച്ച് അസമും പെട്രോളിന് 4.8 ശതമാനവും ഡീസലിന് ഒരു ശതമാനവും കുറച്ചു നാഗാലാൻഡും കോവിഡ്കാല സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നട്ടെല്ലെ‌ാടിഞ്ഞ ജനങ്ങളോടുള്ള പ്രതിബദ്ധത തമിഴ്നാടിനു മുൻപേ വെളിപ്പെടുത്തിയിരുന്നു.

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ‘നിയന്ത്രിക്കപ്പെട്ട’ വിലകൾ പിന്നീടു ജൂലൈ 17 വരെ കുതിച്ചുയരുകയായിരുന്നു. ഒരു മാസമായി ഇന്ധനവില കൂട്ടാത്തതു രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കാര്യമായി കൂടാത്തതുകൊണ്ടാണെന്നാണു വാദം. എന്നാൽ രാജ്യാന്തര വിപണിയിൽ വില കുത്തനെ കുറഞ്ഞപ്പോൾ ആനുപാതികമായി വില കുറയ്ക്കാതെ, പകരം കേന്ദ്രസർക്കാർ നികുതി കൂട്ടുന്നതു നാം കണ്ടതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര വിലയുമായി ബന്ധിപ്പിച്ചുള്ള ന്യായവാദങ്ങൾ നിരത്താതിരിക്കുന്നതാണു നല്ലത്. 

ജനങ്ങൾ നേരിടുന്ന ഇന്ധനാഘാതത്തിൽനിന്നു വരുമാനനേട്ടത്തിനു വഴികണ്ടെത്തുന്ന സർക്കാർ അവരുടെ നെഞ്ചിലെ തീച്ചൂട് ഇത്ര കാലമായിട്ടും കാണാത്തതാണ് അദ്ഭുതം. ജനതാൽപര്യം കണക്കിലെടുത്തു നികുതിയിൽ ഇളവുനൽകാനുള്ള ചുമതല ഇനിയെങ്കിലും കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നിറവേറ്റിയേതീരൂ.

English Summary: Tamil Nadu model of petrol price reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com