ഡോക്ടർമാരോട് അക്രമം അരുത്

HIGHLIGHTS
  • കോവിഡ്കാലത്തെ രക്ഷാദൂതരെ ആദരിക്കുകയാണു വേണ്ടത്
Doctor
SHARE

ഈ കോവിഡ്കാലത്ത് സ്വന്തം ജീവനും കുടുംബവും മറന്നാണു ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ആതുരശുശ്രൂഷാസമൂഹം സേവനനിരതരായിരിക്കുന്നത്. അതേസമയം, സ്വന്തം സമയവും താൽപര്യങ്ങളും ത്യജിച്ചുള്ള സേവനസന്നദ്ധതയുടെയും ആത്മത്യാഗത്തിന്റെയും പ്രതിരൂപങ്ങളെ നമ്മളിൽ പലരും അവരർഹിക്കുംവിധം മാനിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന ആരോഗ്യപ്രവർത്തകർക്കു സർക്കാരും സമൂഹവും തിരിച്ചുനൽകേണ്ടതു പൂർണ സുരക്ഷിതത്വമാണെങ്കിലും അതല്ല പലപ്പോഴും സംഭവിക്കുന്നത്. സംസ്ഥാനത്തു ഡോക്ടർമാർക്കെതിരായ അക്രമം വർധിക്കുന്നത് അങ്ങേയറ്റം അപലപനീയവും സർക്കാരിന്റെ ഭാഗത്തുനിന്നു ഗൗരവശ്രദ്ധ അർഹിക്കുന്ന വിഷയവുമാണ്.

ആയുസ്സ് പണയംവച്ച് ഇവർ ആരോഗ്യസേവനം ചെയ്യുന്നതുകൊണ്ടുകൂടിയാണു നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. കോവിഡ് ബാധിച്ചു രാജ്യത്ത് ഇതുവരെ 1608 ഡോക്ടർമാർക്കു ജീവൻ നഷ്ടമായെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്ക്. രണ്ടാം തരംഗത്തിൽ മാത്രം രാജ്യത്ത് 860 ഡോക്ടർമാർക്കാണു ജീവൻ നഷ്ടപ്പെട്ടത്; ആദ്യതരംഗത്തിൽ 748 പേർക്കും. കേരളത്തിലും ഇതിനകം ഡോക്ടർമാരുൾപ്പെടെ ഏറെ ആരോഗ്യപ്രവർത്തകർക്കു കോവിഡ് പിടിപെടുകയും ചിലർക്കു ജീവഹാനിയുണ്ടാവുകയും ചെയ്തു. 

ആരോഗ്യപ്രവർത്തകർ അനാദരവും അമാന്യമായ പെരുമാറ്റവും നേരിടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ സാക്ഷരകേരളത്തിൽപോലും ഉണ്ടാകുന്നതു നിർഭാഗ്യകരമാണ്. കോവിഡ് വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കയ്യാങ്കളിയിലേക്കു നീങ്ങുന്നതിനു പുറമേ, ഡ്യൂട്ടി ഡോക്ടർമാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം കേസുകളിൽ പൊലീസ് നടപടി പേരിനു മാത്രമാണെന്നതു പ്രതിഷേധാർഹം തന്നെയാണ്. പുതിയ സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്തു ഡോക്ടർമാർക്കെതിരെ നടന്നതു പത്തിലേറെ അക്രമങ്ങളാണ്. ഇത്തരം അക്രമം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ മറുപടി വിവാദമാകുകയും തുടർന്നു മന്ത്രി അതു തിരുത്തുകയുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങിൽ ഡോക്ടർമാർക്കെതിരെ കയ്യോങ്ങുന്നവരുമുണ്ടെന്നത് അതീവഗൗരവമുള്ള കാര്യം തന്നെ.   

ആരോഗ്യപ്രവർത്തകർ കോവിഡ്പോരാളികളാണെന്നും അവർക്കു സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി കഴിഞ്ഞ വർഷംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ഓർമിപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇക്കഴിഞ്ഞ ജൂണിൽ കത്തെഴുതിയിരുന്നു. പകർച്ചവ്യാധി നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ വേഗത്തിലാക്കണമെന്നാണു നിർദേശം. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർ മുതൽ ആശാ വർക്കർ വരെയുള്ളവരുടെ സംരക്ഷണത്തിനു കർശന വ്യവസ്ഥകളുൾപ്പെടുത്തി പകർച്ചവ്യാധി നിയമം കഴിഞ്ഞ വർഷമാണു ഭേദഗതി ചെയ്തത്. റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 30 ദിവസത്തിനകം അന്വേഷണവും ഒരു വർഷത്തിനുള്ളിൽ ബാക്കി നടപടികളും പൂർത്തിയാക്കുക, ഗുരുതരമല്ലാത്ത കുറ്റങ്ങൾക്ക് 3 മാസം മുതൽ 5 വർഷം വരെ തടവും 50,000 രൂപ മുതൽ 2 ലക്ഷംവരെ പിഴയും തുടങ്ങിയ വ്യവസ്ഥകളാണു ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ കോവിഡ്കാലത്തു നമ്മുടെ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന വിശ്രമമില്ലാത്ത സമർപ്പിതസേവനത്തെ ഓരോ നിമിഷവും നാം ഓർമിക്കുകയും ആദരിക്കുകയും വേണമെന്നതിൽ സംശയമില്ല. രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഇവരുടെ പ്രതിബദ്ധതയിൽനിന്നു കൂടിയാണ് ആരോഗ്യകേരളം ചൈതന്യവത്താവുന്നത്. ജനതയുടെ സൗഖ്യത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളിലും അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്.

English Summary: Atrocities against Doctors in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA