കാലാവസ്ഥമാറ്റം: കേരളം ഉണർന്നു പ്രവർത്തിക്കണം; ഇനി വൈകരുത്

HIGHLIGHTS
  • ഐപിസിസി റിപ്പോർട്ടിൽനിന്നു സംസ്ഥാനത്തിനു പഠിക്കാനേറെ
  • പേമാരി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരുങ്ങണം
  • കാലാവസ്ഥാകേന്ദ്രങ്ങൾ നവീകരിക്കണം, വിപുലീകരിക്കണം
solar-energy
SHARE

ആഗോളതാപനം നിയന്ത്രണവിധേയമാക്കാൻ നിശ്ചയിച്ച 1.5 ഡിഗ്രിയെന്ന ശരാശരി വർധനപരിധി 20 വർഷത്തിനുള്ളിൽ ലംഘിക്കപ്പെടുമെന്നു മുന്നറിയിപ്പു തന്നിരിക്കുകയാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഈയിടെ പുറത്തിറക്കിയ പഠന റിപ്പോർട്ട്. മാറ്റങ്ങളോടു പൊരുത്തപ്പെട്ടുതന്നെ, വലിയ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. സുസ്ഥിര വികസനത്തിലൂടെയുള്ള പൊരുത്തപ്പെടലാണു ലക്ഷ്യമിടേണ്ടത്. സാങ്കേതിക മുന്നേറ്റങ്ങളെ ബുദ്ധിപൂർവം വിനിയോഗിച്ചു വികസനം സാധ്യമാക്കുന്നതാണു സുസ്ഥിര വളർച്ച; ഒപ്പം പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ആഘാതമേൽക്കുന്നതു പരമാവധി ഒഴിവാക്കുകയും വേണം. 

ലോകരാഷ്ട്രങ്ങൾ പാരിസിൽ ഒപ്പിട്ട കാലാവസ്ഥാ ഉടമ്പടിപ്രകാരം, 2050 ആകുമ്പോഴേക്കും ലോകത്തെ മുൻനിര ഊർജവിനിയോഗത്തിന്റെ പകുതിയെങ്കിലും സൗരോർജം പോലെയുള്ള കാർബൺ രഹിത സ്രോതസ്സുകളിൽനിന്ന് ആയിരിക്കണമെന്നാണു വ്യവസ്ഥ. കാലാവസ്ഥമാറ്റത്തിന്റെ ഫലമായുള്ള പ്രകൃതിദുരന്തങ്ങളും ജൈവവൈവിധ്യ നഷ്ടവും സമുദ്രജലനിരപ്പുയരലുമെല്ലാം പ്രവചിക്കുന്നതിലെ സൂക്ഷ്മത വർധിപ്പിക്കാ‍ൻ സഹായിക്കുന്നതു ശാസ്ത്രീയ ഗവേഷണങ്ങളാണ്. ഇത്തരം ശാസ്ത്രീയ അടിത്തറ എല്ലാതലങ്ങളിലും ഉണ്ടാകുന്നതു സർക്കാരുകളുടെ കാലാവസ്ഥാ നയരൂപീകരണ ശേഷി മെച്ചപ്പെടുത്തും. അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതു പരിസ്ഥിതിക്കു ഗുണം ചെയ്യുന്നതിനൊപ്പം വായുനിലവാരം മെച്ചപ്പെടുത്തുന്നതുപോലെയുള്ള മറ്റു ചില നല്ല കാര്യങ്ങളും സാധ്യമാക്കുന്നുണ്ടെന്നു ശാസ്ത്ര ത്തിനു ചൂണ്ടിക്കാട്ടാനാകും. പ്രാദേശികവും മേഖലാടിസ്ഥാനത്തിലുള്ളതുമായ പ്രശ്നങ്ങളിലും ശാസ്ത്രീയഗവേഷണം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 

ആഗോളതലത്തിലുള്ള കാലാവസ്ഥമാറ്റത്തിന്റെ കാര്യത്തിൽ ഹ്രസ്വകാലംകൊണ്ട് ഇന്ത്യയ്ക്കു കാര്യമായൊന്നും ചെയ്യാനില്ല. കാരണം, കാർബൺ ഡയോക്സൈഡ് ബഹിർഗമനത്തിന്റെ ആഗോള കണക്കിൽ നമ്മുടെ പങ്ക് വെറും 7% മാത്രമാണ്. എന്നിരിക്കിലും പ്രാദേശികതലത്തിൽ വായുമലിനീകരണം തടയാനുള്ള നടപടികളെടുക്കാൻ കഴിയും. കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന എന്തു നടപടിയും ആഗോളതാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. 

solar

കേരളം ശ്രദ്ധിക്കേണ്ടത് 

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ സമുദ്രജലനിരപ്പ് ഉയരുന്നതും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ എണ്ണം വർധിക്കുന്നതുമാണ്. കേരളത്തിനു നീണ്ടു വിശാലമായ തീരമേഖലയുണ്ടെന്നതും മധ്യകേരളത്തിന്റെ വലിയൊരു ഭാഗം സമുദ്രനിരപ്പിനു താഴെയാണെന്നതും പരിഗണിച്ചാൽ സമുദ്രജലനിരപ്പ് ഇനിയും ഉയരുന്നതു ഗൗരവകരമായ പ്രത്യാഘാതം ഉണ്ടാക്കും. അതിതീവ്ര മഴയുടെ ഫലം നമ്മൾ നേരത്തെ അനുഭവിച്ചിട്ടുള്ളതാണ്. 

ആഗോളതാപനത്തിന്റെ ഫലമായുള്ള അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം ആശങ്കയ്ക്കു  വക നൽകുന്നതാണ്. ചെറിയനേരം കൊണ്ടു പെയ്യുന്ന വലിയ പേമാരികളുടെ എണ്ണം വർധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളെ അടിക്കടി കൈകാര്യം ചെയ്യാനുള്ള ഒരുക്കം നടത്തേണ്ടതുണ്ട്. ഉഷ്ണതരംഗ വർധനയെപ്പറ്റിയും ഐപിസിസി റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. സമുദ്രജലനിരപ്പു വർധനയുടെ പ്രത്യാഘാതം മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യൻതീരത്തു വലിയതോതിലായിരിക്കുമെന്ന സൂചനയും ശ്രദ്ധിക്കണം. സാഹചര്യത്തോടു പൊരുത്തപ്പെടുക എന്നതിലപ്പുറം സമുദ്രജലനിരപ്പു വർധന കൈകാര്യം ചെയ്യാൻ മറ്റു വഴികളൊന്നുമില്ല. ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംബന്ധിച്ച രാജ്യാന്തര ശാസ്ത്ര നയവേദി (ഐപിബിഇഎസ്)യുടെ റിപ്പോർട്ടുപ്രകാരം ഏകദേശം 10 ലക്ഷം ജീവിവർഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയിൽ പലതും അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽത്തന്നെ ഇല്ലാതായേക്കാം. ശരാശരി താപനിലയിലുള്ള ചെറിയ വ്യതിയാനങ്ങൾപോലും ആവാസവ്യവസ്ഥകളെ ഗുരുതരമായി ബാധിച്ചേക്കാം. 

നമ്മുടെ വനമേഖലയുടെ മൂന്നിലൊന്നു ഭാഗവും ഇപ്പോൾത്തന്നെ കാലാവസ്ഥമാറ്റത്തിന്റെ ദൂഷ്യഫലങ്ങൾ പതിഞ്ഞവയാണ്. ഇതിനു പുറമേയാണു മനുഷ്യ ഇടപെടലുകൾ ഏൽപ്പിക്കുന്ന ആഘാതം. മണ്ണിടിച്ചിലുണ്ടാകുന്നതു പേമാരികൾ കൊണ്ടു മാത്രമല്ല, മലകളിലെ വനനശീകരണം കൊണ്ടുകൂടിയാണ്. 

satheesh
ഡോ.എസ്.കെ.സതീഷ്

പ്രതിരോധ മാർഗങ്ങൾ

കാലാവസ്ഥമാറ്റം ഒഴിവാക്കാനാകാത്തതാണ്. പേമാരിയും പ്രളയവും അടിക്കടിയുണ്ടാകാനിടയുള്ളതിനാൽ പ്രളയമുന്നറിയിപ്പു സംവിധാനം തീർച്ചയായും വേണ്ടതാണ്. അണക്കെട്ടുകളും കനാലുകളും പോലെ നിലവിലുള്ള ജലവിതരണ സംവിധാനങ്ങളും മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തുകയും നവീകരിക്കുകയും വേണം. 

    കാലാവസ്ഥയും പ്രളയവും പ്രവചിക്കുന്ന കംപ്യൂട്ടർ മോഡലുകൾക്കു വേണ്ട വിവരസമാഹരണത്തിന് ഇപ്പോഴുള്ള കേന്ദ്രങ്ങൾ മതിയാകില്ല. അതുകൊണ്ടു കാലാവസ്ഥാകേന്ദ്രങ്ങളെ നവീകരിക്കുകയും വിപുലീകരിക്കുകയും വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി സമന്വയിപ്പിച്ചാൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ മികവു വർധിപ്പിക്കാനാകും.

ബോധവൽക്കരണം വേണം

ശക്തമായ നയതീരുമാനങ്ങൾ വേണം. ഇനിയും വൈകിയാൽ കഴിഞ്ഞ പതിറ്റാണ്ടുകളിലെ പുരോഗതിയെല്ലാം നിഷ്ഫലമാകും. കേരളത്തിലെ കാലവർഷത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് പശ്ചിമഘട്ടമാണ്. ആയിരക്കണക്കിനു വർഷമെടുത്താണ് ആവാസവ്യവസ്ഥകൾ രൂപപ്പെടുന്നത്. ഏതാനും വർഷങ്ങളിലായി മനുഷ്യർ നടത്തുന്ന വനനശീകരണം ആവാസവ്യവസ്ഥയുടെ തുലനാവസ്ഥയെ ബാധിച്ചു. വനനശീകരണവും ഭൂവിനിയോഗത്തിലെ പുതിയ പ്രവണതകളും നിരുത്സാഹപ്പെടുത്തണംകാലാസ്ഥമാറ്റത്തെക്കുറിച്ചു പുതിയ തലമുറയെ ബോധവൽക്കരിക്കുകയെന്നതും പ്രധാനമാണ്. കാരണം, ഇന്നത്തെ തലമുറയെ അപേക്ഷിച്ച്, ഈ പ്രത്യാഘാതങ്ങളെല്ലാം കൂടുതലായി ബാധിക്കുക അവരെയാണ്. പുതുതലമുറ ഇപ്പോഴേ ഉണർന്നുപ്രവർത്തിച്ചാൽ അതിന്റെ ഫലം വരും വർഷങ്ങളിലുണ്ടാകും. 

ബിരുദാനന്തരബിരുദതലം എത്തുന്നതു വരെ നമ്മുടെ നാട്ടിലെ വിദ്യാർഥികൾ പരിസ്ഥിതിയെപ്പറ്റിയോ കാലാവസ്ഥമാറ്റത്തെപ്പറ്റിയോ അനുബന്ധ പ്രശ്‌നങ്ങളെപ്പറ്റിയോ മനസ്സിലാക്കുന്നില്ല. ഈ രീതി മാറാൻ വിദ്യാഭ്യാസനയം പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനു പക്ഷേ കാലമേറെ ഏടുത്തേക്കാം. അതുകൊണ്ട്, ഹൈസ്‌കൂൾതലം മുതൽ ബോധവൽക്കരണപദ്ധതികൾ ഉടൻ വേണം. 

പരിസ്ഥിതിയെയും കാലാവസ്ഥമാറ്റത്തെയും കുറിച്ചുള്ള പ്രഭാഷണപരമ്പരകളും ശാസ്ത്ര പ്രശ്‌നോത്തരികളുമെല്ലാം സംഘടിപ്പിക്കുന്നത് ഈ വിഷയങ്ങളിൽ വിദ്യാർഥികൾക്കു താൽപര്യമുണ്ടാകാൻ സഹായിക്കും. 

നമുക്കു ചെയ്യാവുന്നത്

ആവശ്യമില്ലാത്തപ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യുക, സോളർ ഹീറ്റർ ഉപയോഗിക്കുക, ചെറിയദൂരം പോകാൻ മോട്ടർ വാഹനങ്ങൾ ഉപയോഗിക്കാതെ നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക, ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുക, മരങ്ങൾ നട്ടു പിടിപ്പിക്കുക എന്നിങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനു പല കാര്യങ്ങളും നമുക്കു ചെയ്യാനാകും. 

(കാലാവസ്ഥാ വിദഗ്ധനും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ചിന്റെ തലവനുമാണ് ലേഖകൻ)

English Summary: Climate change in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA