ADVERTISEMENT

രാജ്യത്തെ ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് രാജ്യതാൽപര്യങ്ങളോട്പ്രതിബദ്ധത ഇല്ലെന്ന് വ്യവസായികളുടെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

എതിരാളികളെ കടന്നാക്രമിക്കുന്നതിൽ കൂസലില്ലാത്ത നേതാവാണു കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2014 മുതൽ നരേന്ദ്രമോദി സർക്കാരിലെ പ്രമുഖ മന്ത്രിമാരിലൊരാളാണു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഗോയൽ. രാജ്യസഭയിൽ ബിജെപിയുടെ മുഖ്യശബ്ദമായ അദ്ദേഹത്തെ സഭയുടെ തലവനായും പാർട്ടി നിയോഗിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്തഭാഷ പ്രയോഗിക്കാറുള്ള കേന്ദ്രമന്ത്രി കഴിഞ്ഞയാഴ്ച രാജ്യത്തെ പ്രമുഖ വ്യവസായികളുടെ ഒരു സമ്മേളനത്തിൽ നടത്തിയ വിമർശനം പലരെയും അമ്പരപ്പിച്ചു. ഊ‍ർജം, റെയിൽവേ, വാണിജ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ കഴിഞ്ഞ ഏഴു വർഷത്തിനിടെ കൈകാര്യം ചെയ്തിട്ടുള്ള ഗോയൽ, പൊതുവേ വ്യവസായ സൗഹൃദ രാഷ്ട്രീയനേതാവായാണ് അറിയപ്പെടുന്നത്. വ്യവസായ നഗരമായ മുംബൈയിൽനിന്നുള്ള അദ്ദേഹം ബിജെപിയുടെ ട്രഷറർ ചുമതലയും വഹിക്കുന്നു.

എൽജെപി നേതാവ് രാം വിലാസ് പാസ്വാന്റെ മരണശേഷം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ വകുപ്പുകളുടെകൂടി ചുമതല ഗോയലിനാണ്. രാജ്യത്തെ ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കു രാജ്യതാൽപര്യങ്ങളോടു പ്രതിബദ്ധത ഇല്ലെന്നായിരുന്നു വ്യവസായികളുടെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി തുറന്നടിച്ചത്. ആമസോൺ, വാൾമാർട്ട് അടക്കം രാജ്യാന്തര ഭീമന്മാരെ തളയ്ക്കാൻ താനെടുത്ത നടപടികളെ ഇന്ത്യയിലെ വൻകിട കമ്പനികൾ പിന്തുണച്ചില്ല. ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വിസമ്മതിച്ച ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും കമ്പനികളെപ്പോലെ ദേശഭക്തിയുള്ളവരല്ല ഇന്ത്യൻ കമ്പനികളെന്നും അദ്ദേഹം രോഷം കൊണ്ടു. ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യൻ കമ്പനികൾക്ക് അയഞ്ഞ സമീപനമാണ്. മോദിസർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ നയം വിജയിപ്പിക്കാനായി, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിലെ വ്യവസായ ഭീമന്മാർ വേണ്ടത്ര ഫണ്ട് നൽകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഉൽപാദനരംഗത്തെ സ്വയംപര്യാപ്തത എന്ന ദൗത്യം ഒരുവശത്ത്, നേരിട്ടുള്ള വിദേശനിക്ഷേപം വളർത്തുക എന്ന ഉദാരസമീപനം മറുവശത്ത്. ഈ രണ്ടു ഭിന്നനയങ്ങൾ സംയോജിപ്പിച്ചു കൊണ്ടുപോകുന്നതിന്റെ സമ്മർദം വ്യവസായ, വാണിജ്യമന്ത്രിയെന്ന നിലയിൽ പിയൂഷ് ഗോയൽ നേരിടുന്നുണ്ട്. ലോകത്തിലെ  സാമ്പത്തിക ശക്തികളുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കുക എന്ന ലക്ഷ്യം നേടാനുള്ള ചർച്ചകൾ കീറാമുട്ടിയായി തുടരുന്നു. ഇക്കാര്യത്തിൽ ഗോയൽ നാലുവശത്തുനിന്നുമാണു സമ്മർദം നേരിടുന്നത്. 

യുഎസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ വികസിതരാജ്യങ്ങൾ നേരിട്ടുള്ള നിക്ഷേപത്തിനായി സ്ഥിരനികുതി ആനുകൂല്യം, അതിവേഗ പരിസ്ഥിതി അനുമതി, തൊഴിൽ നിയമ ഇളവുകൾ എന്നിവ ആവശ്യപ്പെടുന്നു. എന്നാൽ വിദേശ കമ്പനികളെ അമിതമായി ആശ്രയിക്കാതെ, രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികളെയും ചില്ലറ വ്യാപാരികളെയും സഹായിക്കണമെന്ന് ആർഎസ്എസ് സംഘടനകളായ സ്വദേശി ജാഗരൺ മഞ്ച്, ഭാരതീയ മസ്ദൂർ സംഘ് എന്നിവ ആവശ്യപ്പെടുന്നു. ഇന്ത്യൻ കമ്പനികളാകട്ടെ ഉദാരമായ ഇറക്കുമതിനയങ്ങളും ഉത്തേജന പാക്കേജുകളും ആവശ്യപ്പെടുന്നു. 

ഇതിനെല്ലാം പുറമേ രാജ്യത്തെ ഉപഭോക്തൃസംഘടനകൾ വിദേശ കമ്പനികളോടല്ല, വിവിധമേഖലകളിലെ സ്വദേശി കുത്തകകളോടാണു സർക്കാർ കൂടുതൽ കർശനമായ നിലപാട് എടുക്കേണ്ടതെന്ന ആവശ്യവും ഉന്നയിക്കുന്നു. ഇതിനിടെ, കാർഷികമേഖലയിൽ കുത്തക കമ്പനികൾക്കു പ്രവേശനം നൽകുന്ന കൃഷിനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി ഗോയൽ പലവട്ടം നടത്തിയ ചർച്ചകളും പരാജയമായിരുന്നു.

ബിജെപിയുടെ ഇലക്ടറൽ ബോണ്ടുകൾക്കു വിവിധ വ്യവസായ ഗ്രൂപ്പുകൾ നൽകിയ പിന്തുണ മറന്നു പിയൂഷ് ഗോയൽ നന്ദികേടു കാട്ടുകയാണെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ വിമർശകർ രംഗത്തെത്തി. സർക്കാരിന്റെ നയപരാജയങ്ങൾക്കു വ്യവസായികളെ പഴിചാരുകയാണു കേന്ദ്രമന്ത്രിയെന്നു പ്രതിപക്ഷവും കുറ്റപ്പെടുത്തി. എന്നാൽ, ഇതാദ്യമല്ല രാജ്യത്തെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് വ്യവസായികലോകത്തെ പ്രവണതകളെക്കുറിച്ചു വിമർശനം ഉന്നയിക്കുന്നതെന്ന ന്യായീകരണമാണു ഗോയൽ അനുകൂലികൾ നടത്തിയത്. വ്യവസായികൾക്കു സാമൂഹിക പ്രതിബദ്ധതയില്ലെന്നു പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് സമ്മേളനത്തിൽ നടത്തിയ വിമർശനം അവർ ഓർമിപ്പിച്ചു. ഗോയൽ കടുത്ത ഭാഷ ഉപയോഗിച്ചില്ലെന്നും ചില വ്യവസായസ്ഥാപനങ്ങൾ പിന്തുടരുന്ന ഇരട്ടത്താപ്പിനെ വിമർശിക്കുകയാണു ചെയ്തെന്നും കേന്ദ്രസർക്കാർ പക്ഷം വാദിച്ചു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ചടങ്ങിലാണു പിയൂഷ് ഗോയൽ പ്രസംഗിച്ചത്. മന്ത്രിയുടെ വിമർശനത്തെ വിവാദമായി എടുക്കേണ്ടതില്ലെന്ന നിലപാടാണു സംഘാടകർ സ്വീകരിച്ചത്. സർക്കാരും വ്യവസായികളും തമ്മിൽ നടന്നുവരുന്ന സംഭാഷണങ്ങളുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും അവർ പറഞ്ഞു. പക്ഷേ, കേന്ദ്രമന്ത്രിയുടെ അതൃപ്തി വെളിപ്പെടുത്തുന്നത് ഉൽപാദനമേഖലയിലെ മാന്ദ്യം തുടരുന്നതിലുള്ള കേന്ദ്രസർക്കാരിന്റെ അക്ഷമയാണ്.

English Summary: Union Minister Piyush Goyal criticize businessmen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com