ADVERTISEMENT

സ്ത്രീത്വത്തെ നിന്ദിക്കുന്ന മട്ടിൽ പെരുമാറിയതിനെതിരെ വനിതാ കമ്മിഷനിൽ പരാതിപ്പെട്ട മുസ്‌ലിം ലീഗ് വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുന്നു. ഇരകളാണു നടപടി നേരിടേണ്ടത് എന്നു തീരുമാനിച്ച പാർട്ടി നേതൃത്വത്തിന്റെ അച്ചടക്കലംഘനത്തിന് ആരു സമാധാനം ചോദിക്കും?

കേരളീയരുടെ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒന്നാണു മുസ്‌ലിം ലീഗിൽ ഇപ്പോൾ ഉരുണ്ടുകൂടുന്ന ഹരിതവിവാദം. സാധാരണയായി നമ്മുടെ രാഷ്ട്രീയപാർട്ടികളിൽ പലവിധമായ കാരണങ്ങളാൽ ഉണ്ടാകാറുള്ള പാളയത്തിൽപടകളെക്കവിഞ്ഞു നിൽക്കുന്ന പ്രാധാന്യം ഇതിനുണ്ട്. മുസ്‌ലിം ലീഗിലെ പുരുഷാധിപത്യത്തിനെതിരെ ആ പാർട്ടിയുടെതന്നെ വിദ്യാർഥിനിസമാജമായ ഹരിത ഇപ്പോൾ എഴുന്നേറ്റു നിൽക്കുകയാണ്.

ലീഗിന്റെ വിദ്യാർഥിവിഭാഗമായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എംഎസ്എഫ്) സംസ്ഥാന നേതാക്കൾ തങ്ങളോട് അപമര്യാദയായി പെരുമാറി എന്നാണു വനിതാവിഭാഗം നേതാക്കളുടെ ആക്ഷേപം. ജൂൺ 24നു പാർട്ടി നേതാക്കൾക്കു പരാതി കൊടുത്തിട്ടും ഒന്നും നടക്കാത്തതിനാൽ അവർ വനിതാ കമ്മിഷനെ സമീപിച്ചു.  പാർട്ടിക്കു പുറത്തേക്കു വിഷയം കൊണ്ടുപോയത് അച്ചടക്കലംഘനം ആയതിനാൽ ഹരിതയെ മരവിപ്പിച്ചിരിക്കുകയാണ്.

തമാശ തന്നെ: സ്ത്രീത്വത്തെ നിന്ദിക്കുന്ന മട്ടിൽ പെരുമാറിയ ആൺകുട്ടികളുടെ കമ്മിറ്റിയെ അല്ല, പരാതി കൊടുത്ത് ഒന്നരമാസം കഴിഞ്ഞിട്ടും നീതി കിട്ടാത്തതിനാൽ വനിതാ കമ്മിഷനെ സമീപിച്ച പെൺകുട്ടികളുടെ കമ്മിറ്റിയെ ആണു മരവിപ്പിച്ചിരിക്കുന്നത്! ഇരകളാണു നടപടി നേരിടേണ്ടത് എന്നു തീരുമാനിച്ച പാർട്ടി നേതൃത്വത്തിന്റെ അച്ചടക്കലംഘനത്തിന് ആരു സമാധാനം ചോദിക്കും?

1948ൽ സ്ഥാപിതമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് ഇന്നുവരെ കേരള നിയമസഭയിൽ ഒരു വനിതാപ്രതിനിധി ഉണ്ടായിട്ടില്ല എന്ന കാര്യം ഓർത്താൽ ആ പാർട്ടിയിൽ വനിതകൾ നേരിടുന്ന വിവേചനം എളുപ്പം തിരിഞ്ഞുകിട്ടും.

ആരോടാ ഇതൊക്കെപ്പറയുന്നത്, മുസ്‌ലിം ലീഗ് എന്നും ഇങ്ങനെയൊക്കെ ആയിരുന്നില്ലേ എന്നു ചോദ്യം വരാം.

അല്ല. മുസ്‌ലിം ലീഗ് ഇങ്ങനെയേ ആയിരുന്നില്ല. 1906ൽ ധാക്കയിൽ രൂപം കൊണ്ട ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് സ്ത്രീപുരുഷസമത്വത്തിന്റെ കാര്യത്തിൽ ഇന്നത്തെ ലീഗിനെ അപേക്ഷിച്ച് എത്രയോ മുന്നിലായിരുന്നു.

ഒരൊറ്റ ഉദാഹരണം: ബീഗം ഷാനവാസ് എന്ന പേരിൽ അറിയപ്പെട്ട ജഹന്നാരാ ഷാനവാസ്, ലീഗിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ മിയാൻ മുഹമ്മദ് ഷാഫിയുടെ മകളാണ്. ലഹോറിൽ ക്യൂൻ മേരി കോളജിൽ പഠിച്ചു. 1918ൽ മുസ്‌ലിം ലീഗിന്റെ ലഹോർ സമ്മേളനത്തിൽ ബഹുഭാര്യാത്വത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു പാസാക്കിയെടുത്തതോടെ പ്രശസ്തയായി. ഓൾ ഇന്ത്യ മുസ്‌ലിം വിമൻസ് കോൺഫറൻസിന്റെ പ്രവർത്തകയായ അവർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 1935ൽ അവർ പഞ്ചാബ് സംസ്ഥാന മുസ്‌ലിം ലീഗിന്റെ വനിതാവിഭാഗം അധ്യക്ഷയായി. 1937ൽ പഞ്ചാബ് സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു വിദ്യാഭ്യാസമന്ത്രിയായി. ലണ്ടനിൽ നടന്ന വട്ടമേശസമ്മേളനത്തിൽ മുസ്‌ലിം ലീഗിന്റെ പ്രതിനിധികളിൽ ഒരാൾ ബീഗം ഷാനവാസ് ആയിരുന്നു!

ഇത്തരം എത്രയോ വനിതാ നേതാക്കളുടെ കഥകൾകൊണ്ടു സമ്പന്നമാണു മുസ്‌ലിം ലീഗിന്റെ ചരിത്രം. എട്ട്– ഒൻപത് പതിറ്റാണ്ടുകൾക്കു മുൻപ് അവിഭക്ത ഇന്ത്യയിൽ നടന്ന സംഭവങ്ങളാണിവ. 

നൂറു കൊല്ലം മുൻപ് ഒരു വനിതാനേതാവ് മുസ്‌ലിം ലീഗ് സമ്മേളനത്തിൽ ബഹുഭാര്യാത്വത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു പാസാക്കിയെടുത്തു എന്നു കേട്ടാൽ ഇന്ന് ആർക്കും അമ്പരപ്പു തോന്നും !

English Summary: MN Karassery on the dispute in Muslim league on Haritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com