(കൈ)പത്തി വിടർത്തി; നേതൃമാറ്റത്തെത്തുടർന്നുള്ള വടംവലിയിൽ കോൺഗ്രസ്

∙ കേരളീയം
kpcc-sudhakaran
SHARE

അവഗണിക്കപ്പെട്ടെന്ന പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സോണിയാ ഗാന്ധിക്കു രണ്ടാമതും കത്തെഴുതിയ ഗുരുതര പ്രതിസന്ധിയിൽ കോൺഗ്രസ് പെട്ടിരിക്കുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരു ഭാഗത്തും കെ.സുധാകരനും വി.ഡി.സതീശനും മറുഭാഗത്തും എന്ന നിലയിൽ പാർട്ടി തീരെ ആഗ്രഹിക്കാത്ത പോർമുഖമാണു തുറന്നിരിക്കുന്നത്.

പീഡനക്കേസിൽ പ്രതിക്കുവേണ്ടി ഇടപെട്ടെന്ന ആരോപണം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഉയർന്നപ്പോൾ പ്രതിഷേധരംഗത്തു മഹിളാ കോൺഗ്രസിനെ കാര്യമായി കണ്ടില്ല. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നതോടെ മഹിളാ കോൺഗ്രസിന്റെ തലപ്പത്തുതന്നെ അഞ്ചു മാസമായി ആളില്ല. മാരത്തൺ ചർച്ചകൾക്കു ശേഷം കോൺഗ്രസ് നേതൃത്വം ഒരു പാനൽ സമർപ്പിച്ചു. അതിൽനിന്നു കേരളത്തിലെ അധ്യക്ഷയെ നാമനിർദേശം ചെയ്യേണ്ട മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്തന്നെ കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേരുന്നതാണു പിന്നെ കാണുന്നത്! 

ദേശീയതലത്തിലും കേരളത്തിലും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ‘ആരോഗ്യം’ വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ അരങ്ങേറുന്ന ദൗർഭാഗ്യകരമായ അധ്യായങ്ങൾ നിലവിലെ പാർട്ടിയുടെ ആരോഗ്യത്തെത്തന്നെ ക്ഷയിപ്പിക്കുന്നതാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി വിലയിരുത്തിയ രാഷ്ട്രീയകാര്യസമിതി പ്രതീക്ഷാനിർഭരമായ സന്ദേശമാണു പുറത്തേക്കു നൽകിയത്. പാർട്ടി അടിമുടി അഴിച്ചുപണിയാൻ യോഗം തീരുമാനിച്ചു. ഒപ്പം ഏതുമാറ്റവും തീരുമാനവും എല്ലാവരെയും വിശ്വാസത്തിലെടുത്തും ഐക്യത്തോടെയും മാത്രമേ എടുക്കൂ എന്നും പ്രഖ്യാപിച്ചു. 

നിർഭാഗ്യവശാൽ പിന്നീടുള്ള ഓരോ തീരുമാനവും അസ്വസ്ഥതയുടെയും വിഭാഗീയതയുടെയും വിത്താണ് എറിഞ്ഞത്. പ്രതിപക്ഷ നേതാവിനെ മാറ്റി നിശ്ചയിച്ച രീതിയിൽ അമർഷം വ്യക്തമാക്കി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ടു സോണിയാ ഗാന്ധിയോടു പരാതി പറഞ്ഞു. അക്കാര്യത്തിൽ തങ്ങളുടെ വികാരം മാനിക്കാത്ത രോഷത്തിൽ കെപിസിസി പ്രസിഡന്റ് നിയമനത്തിൽ ഇരുവരും  നിസ്സഹകരിച്ചു. ഗൗരവം മനസ്സിലാക്കി രണ്ടു പേരെയും വിളിച്ചു രാഹുൽ ഗാന്ധി സംസാരിച്ചതോടെ മഞ്ഞുരുകി. എന്നാൽ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമന ചർച്ചകളിൽ അവഗണിക്കപ്പെട്ടെന്ന പരാതിയുമായി ഇരുനേതാക്കളും സോണിയയ്ക്കു രണ്ടാമതും കത്തെഴുതിയ ഗുരുതര പ്രതിസന്ധിയിൽ കോൺഗ്രസ് പെട്ടിരിക്കുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരു ഭാഗത്തും കെ.സുധാകരനും വി.ഡി.സതീശനും മറുഭാഗത്തും എന്ന നിലയിൽ പാർട്ടി തീരെ ആഗ്രഹിക്കാത്ത പോർമുഖമാണു തുറന്നിരിക്കുന്നത്.

അധികാരം ഉറപ്പിക്കാൻ 

ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി  മൂന്നു റൗണ്ട് ചർച്ചകൾ നടത്തിയെന്നു പുതിയ നേതൃത്വം അവകാശപ്പെടുന്നു. 14 ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കാവുന്നവരുടെ പേരുകൾ ഇരുനേതാക്കളും നിർദേശിച്ചു. മിക്കയിടത്തും ഒറ്റപ്പേരായിരുന്നില്ല. ഒന്നുകൂടി കൃത്യമാക്കി പട്ടികയായി നൽകണമെന്നു ഡൽഹിക്കു പോകുന്നതിനു മുൻപു സതീശൻ അഭ്യർഥിച്ചെങ്കിലും കൈമാറിയില്ല. സതീശനു മുൻപു ഡൽഹിക്കുപോയ കെ.സുധാകരൻ തിരിച്ചെത്തി വീണ്ടും സംസാരിക്കാമെന്ന വാഗ്ദാനം നൽകിയതുകൊണ്ടാണു പട്ടിക കൈമാറാതിരുന്നത് എന്നാണു നേതാക്കളുടെ ഭാഷ്യം. ഡിസിസി പ്രസിഡന്റുമാരെ ഓഗസ്റ്റ് പകുതിയോടെ തീരുമാനിക്കണമെന്ന നിർദേശം ഡൽഹിയിൽനിന്നു കിട്ടിയതിനാൽ ഇനിയും നീട്ടാൻ കഴിയില്ലെന്നു സതീശൻ നിലപാടെടുത്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സുധാകരനും കേരളത്തിലെ മൂന്നു വർക്കിങ് പ്രസിഡന്റുമാരും ഡൽഹിയിൽ പട്ടിക അന്തിമമാക്കുന്ന പ്രക്രിയയിലേക്കു കടന്നതോടെ എ–ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം  ഉച്ചസ്ഥായിലായി.

തിരിച്ചുവന്നു വീണ്ടും ഒരു ചർച്ച നടത്താമെന്ന വാക്ക് സുധാകരൻ നൽകിയോ ഇല്ലയോ എന്നതിൽ വ്യത്യസ്തവാദങ്ങൾ അന്തരീക്ഷത്തിലുണ്ട്. യഥാർഥ പ്രശ്നം വളരെ വ്യക്തമാണ്. കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിയന്ത്രണത്തിൽ പുനഃസംഘടനാപ്രക്രിയ നടക്കണമെന്ന് എ–ഐ ഗ്രൂപ്പുകൾ വിചാരിക്കുന്നു. മൂന്നു വർക്കിങ് പ്രസിഡന്റുമാരാണോ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആണോ ഡൽഹി ചർച്ചകളിൽ യഥാർഥത്തിൽ ഉണ്ടാകേണ്ടതെന്ന് അവർ ചോദിക്കുന്നു. ഈ രണ്ടു നേതാക്കളാൽ നിയന്ത്രിക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ മാതൃക പിന്തുടരാനില്ലെന്നു മറുഭാഗത്തു കെ.സുധാകരൻ ഉറപ്പിക്കുന്നു. അധികാരകേന്ദ്രങ്ങളാണു കോൺഗ്രസിൽ പ്രധാനം. ഇതുവരെ കളം ഭരിച്ചവരുടെ പാവകളായാൽ പാർട്ടി കൊണ്ടുനടക്കാനാവില്ലെന്നു വി.ഡി.സതീശൻ വിശ്വസിക്കുന്നു. 

നേതൃമാറ്റം സൃഷ്ടിച്ച ഈ വടംവലിയാണ് ഇന്നു പാർട്ടിയിൽ നടക്കുന്നത്. ഇനി അങ്ങോട്ട് ഒരു നിർദേശത്തിനും ഇല്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വികാരം. ഒരുവിധ സമ്മർദങ്ങൾക്കും വഴങ്ങാനില്ലെന്നു സതീശനും സുധാകരനും. 

അസമിലെ തലപ്പൊക്കമുള്ള നേതാവ് അന്തരിച്ച സന്തോഷ് മോഹൻദേവിന്റെ മകളാണു പാർട്ടി വിട്ട സുഷ്മിത ദേവ്. അസം മുൻ മുഖ്യമന്ത്രി, അന്തരിച്ച തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയിയും സുഷ്മിതയും തമ്മിലെ ശീതസമരത്തിന്റെ മൂർധന്യത്തിലാണു സുഷ്മിത കോൺഗ്രസിനെ ഉപേക്ഷിച്ചത്. തരുൺ ഗൊഗോയ്– ഹിമന്ത ബിശ്വ ശർമ പോരും അവിടെ എല്ലാ സീമകളും ലംഘിച്ചിരുന്നു. ഒടുവിൽ രാഹുൽ ഗാന്ധിയെക്കണ്ടു പരാതി പറയാൻ ഡൽഹിയിൽ തമ്പടിച്ച ഹിമന്തയ്ക്ക് അതിന് അവസരം ലഭിച്ചില്ല. അദ്ദേഹം നേരെപോയത് അമിത് ഷായുടെ വസതിയിലേക്കാണ്. ആ ഹിമന്തയാണ് ഇപ്പോൾ ബിജെപിയുടെ അസം മുഖ്യമന്ത്രി. അസമിലും ത്രിപുരയിലും പാർട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന മമതാ ബാനർജിക്കു കോൺഗ്രസ് സമ്മാനിച്ച തുറുപ്പുചീട്ടാണു സുഷ്മിത. പരസ്പരം പഴിചാരുന്ന കേരളത്തിലെ നേതാക്കളുടെ മാത്രമല്ല, ഹൈക്കമാൻഡിന്റെ മുന്നിലും ഇതെല്ലാം അനുഭവപാഠങ്ങളാണ്.

English Summary: KPCC factions dispute

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA