ADVERTISEMENT

ഒഴിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കാതെ, ഇന്ത്യക്കാരെ പ്രശ്നബാധിത മേഖലയിൽ കൈവിട്ട ശേഷം അഫ്ഗാനിസ്ഥാനിലെ അംബാസഡർ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്കു മടങ്ങിയതു ശരിയായ നയതന്ത്ര കീഴ്‌വഴക്കമല്ല. ഉദ്യോഗസ്ഥരുടെ ഈ നടപടി അപലപനീയമാണ്.

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സേനയുടെ നിയന്ത്രണത്തിലായതോടെ യാത്ര ചെയ്യണമെങ്കിൽ യുഎസ് അധികൃതർക്ക് ഇന്ത്യ വിവരങ്ങൾ കൈമാറണം. കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് അവിടെനിന്നു പുറത്തുകടക്കാൻ ഇതേ മാർഗമുള്ളൂ. ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ പ്രത്യേക വാഹനത്തിലാണ് ആളുകളെ വിമാനത്താവളത്തിൽ എത്തിക്കുന്നത്. 

ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അവസരത്തിനൊത്തു പ്രവർത്തിക്കണം. കാബൂൾ വിമാനത്താവളം താലിബാന്റെ നിയന്ത്രണത്തിലായാൽ ഇന്ത്യക്കാരുടെ മടക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കും. 

കൂത്രാടൻ എ. കുട്ടി, മലപ്പുറം

നിയമം പാലിക്കുന്നവർക്ക് മാത്രം പെട്രോൾ

ലഹരി പദാർഥങ്ങൾ ഉപയോഗിച്ച ശേഷം ‘എനിക്ക് അപകടമുണ്ടാകില്ല’ എന്ന വിശ്വാസത്തിൽ അമിതവേഗത്തിലും അശ്രദ്ധമായും ഇരുചക്രവാഹനം ഓടിക്കുന്നതാണു മിക്ക അപകടങ്ങൾക്കും കാരണം. ഇരുചക്ര വാഹനത്തിന്റെ ടയറിൽ 3 ഇഞ്ച് മാത്രമാണു റോഡിൽ സ്പർശിക്കുന്നത്. 3 പേരുമായി പായുന്ന, സൈലൻസർ പൊട്ടിച്ച ബൈക്കുകൾ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കുന്നു. കുട്ടികൾ നിർബന്ധം പിടിക്കുമ്പോൾ ബൈക്ക് വാങ്ങി നൽകുന്ന മാതാപിതാക്കളും ഇതിനു കാരണക്കാരാണ്. നിയമം പാലിച്ച്, സാധുതയുള്ള ലൈസൻസുമായി വരുന്നവർക്കു മാത്രം പെട്രോൾ നൽകുക, ഇടവഴികളിലുൾപ്പെടെ പരിശോധന കർശനമാക്കുക തുടങ്ങിയവയാണ് ഇതിനു പരിഹാരം. 

സ്കറിയ ആന്റണി, പ്രസിഡന്റ്, ബുള്ളറ്റ് ക്ലബ്, ചങ്ങനാശേരി

ഇ സ്റ്റാംപ് സംവിധാനം  പുനഃസ്ഥാപിക്കണം

എട്ടു മാസം മുൻപു സർക്കാർ നടപ്പാക്കിയ ഇ സ്റ്റാംപ് സംവിധാനം പുരോഗമനപരവും അഴിമതി തടയാൻ പര്യാപ്തവുമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്തും കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിലുമായിരുന്നു സംവിധാനം തുടക്കത്തിൽ ഏർപ്പെടുത്തിയത്. വളരെ ഫലപ്രദമായ തീരുമാനം തുടരാൻ നടപടി ഉണ്ടായില്ല. ഇപ്പോൾ 100, 1000 രൂപ മുദ്രപ്പത്രങ്ങൾക്കു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇ സ്റ്റാംപ് സംവിധാനം പുനഃസ്ഥാപിക്കുന്നതു പരിഗണിക്കേണ്ടതാണ്.

വി.രാധാകൃഷ്ണൻ, കൊല്ലം

പാടശേഖരങ്ങളുടെ പുറംബണ്ട് ഉയർത്തണം 

നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽനിന്നു സംരക്ഷിക്കാൻ പാടശേഖരങ്ങൾക്കു സർക്കാർ അനുവദിച്ച 22 കോടി രൂപ അപര്യാപ്തമാണ്. പാടശേഖരങ്ങളുടെ പുറംബണ്ട് ഒരു മീറ്ററെങ്കിലും ഉയർത്തി നിർമിക്കണം. കൂടാതെ പുറംബണ്ടുകളുടെ വീതി നാലു മീറ്ററാക്കി ഗതാഗതയോഗ്യമാക്കുകയും വേണം. കർഷകരുടെ ആവശ്യങ്ങളിൽ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണിത്. അനുവദിക്കുന്ന പണത്തിന്റെ പ്രയോജനം കർഷകർക്കോ പ്രദേശവാസികൾക്കോ സാധാരണ ലഭിക്കാറില്ല.

     ദീർഘവീക്ഷണമില്ലാതെ പദ്ധതികൾ നടപ്പാക്കിയാൽ കൃഷിയെ രക്ഷിക്കാൻ കഴിയില്ല. സമുദ്രനിരപ്പിൽ നിന്ന് 60 സെന്റി മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരവ്യത്യാസം കുട്ടനാടിനുണ്ട്. ഓരോ പാടശേഖരങ്ങളുടെയും ലവൽ ബെഞ്ച്മാർക്ക് രേഖപ്പെടുത്തിയ ബോർഡുകൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കണം. ഇതിനായി ലവൽ സർവേ നടത്തണം. പ്രളയജലത്തിന്റെ ലവൽ രേഖപ്പെടുത്തി വേണം ബണ്ടുകൾ നിർമിക്കാൻ. ബണ്ടുകൾ ഉയർത്തുന്നതിലൂടെ ജനങ്ങൾക്കു വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടാനാകും. 

ബിജു ചെറുകാട്, കുന്നംകരി, ആലപ്പുഴ 

കായിക താരങ്ങൾക്ക് വളരാൻ സാഹചര്യമില്ല

ടോക്കിയോ ഒളിംപിക്‌സിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. പക്ഷേ, ജനസംഖ്യാനിരക്കിൽ ലോകത്തു രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യത്തിന് അതിനനുസരിച്ചുള്ള മെഡലുകൾ നേടാൻ കഴിയുന്നില്ല. സ്കൂൾതലം മുതൽ കായികപ്രതിഭകളെ വാർത്തെടുക്കുന്നതിൽ നമ്മൾ പൂർണ പരാജയമാണ്. 

   ട്യൂഷനും സ്കൂളുമായി ഓടി നടക്കുന്ന എത്ര വിദ്യാർഥികളുടെ മാതാപിതാക്കൾ അവരെ കായിക മത്സരങ്ങൾക്കു വിടാൻ തയാറാകും. ഇനി അങ്ങനെ കായികരംഗത്ത് എത്തിയാൽതന്നെ മികച്ച അടിസ്ഥാനസൗകര്യങ്ങൾ നമ്മുടെ നാട്ടിലുണ്ടോ? നിലവിലുള്ള സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ടോ? നമുക്കിടയിൽ കഴിവുള്ള ഒട്ടേറെ കായികതാരങ്ങളുണ്ട്. പക്ഷേ, അവർക്കു വളരാനുള്ള സാഹചര്യങ്ങളാണ് ഇല്ലാത്തത്. കായികമേഖലയിൽ വലിയ പാരമ്പര്യമുള്ള കേരളത്തിൽ നിന്നു മികച്ച താരങ്ങളെ സൃഷ്ടിക്കാൻ സർക്കാർ പദ്ധതി തയാറാക്കണം. 

അജയ് എസ്.കുമാർ പ്ലാവോട്,തിരുവനന്തപുരം

വിദ്യാലയങ്ങൾ തുറക്കണം

കോവിഡ് മൂലം സ്കൂളുകൾ ദീർഘകാലം അടച്ചിടുന്നത് അപകടകരമാണെന്നും സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നും പാർലമെന്ററി സമിതി നിർദേശിച്ചിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചുപൂട്ടിയതു വിദ്യാർഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായാണു സമിതിയുടെ കണ്ടെത്തൽ.  വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും വാക്സീൻ നൽകുന്നതു വേഗത്തിലാക്കണം.  കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ക്ലസ്റ്ററിനും ക്ലാസ് നടത്താം.  തെർമൽ സ്ക്രീനിങ് നിർബന്ധമാക്കുന്നതിലൂടെ രോഗബാധിതരായ വിദ്യാർഥികളെയോ അധ്യാപകരെയോ ജീവനക്കാരെയോ കണ്ടെത്തി സമ്പർക്ക വിലക്കേർപ്പെടുത്താൻ കഴിയും. ക്ലാസുകൾ എത്രയും വേഗം തുടങ്ങാനുള്ള നടപടി സ്വീകരിക്കണം.

സലീം പടനിലം, കോഴിക്കോട്

സമ്പദ്ഘടന: കണക്കിൽ പിശക്

‘ജനം തന്നെ പ്രതീക്ഷ’ എന്ന തലക്കെട്ടിൽ ഇതേപേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ‘3 ദശലക്ഷം ഡോളർ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്കു നാം ഏറെക്കുറെ  അടുത്തെത്തിയതാണ്..  2024ന് അകം 5 ദശലക്ഷം ഡോളർ സമ്പദ്ഘടനയായി വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമാക്കുക ഏറെക്കുറെ അസാധ്യമാണ്.’’ എന്ന ഭാഗത്ത് കണക്കിൽ പിശകുപറ്റിയിട്ടുണ്ട്. തുക യഥാക്രമം 3 ലക്ഷം കോടി ഡോളറും 5 ലക്ഷം കോടി ഡോളറുമാണ്.  

ബി.എസ്.വാരിയർ, കൊച്ചി

English Summary: Readers letters to Manorama 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com