1921 പോരും നോവും; ബ്രിട്ടിഷ് ഭരണകൂടത്തെ വിറപ്പിച്ച മലബാർ കലാപത്തിന് ഇന്ന് 100 വയസ്സ്

pookkottur
1921 ഓഗസ്റ്റ് 26നു നടന്ന യുദ്ധത്തിന്റെ സ്മാരകമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കവാടം
SHARE

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’

മഹാത്മാഗാന്ധി (യങ് ഇന്ത്യ, മേയ് 29, 1924)

മലപ്പുറം തിരൂരങ്ങാടി ഹജൂർ കച്ചേരിക്കു സമീപം മുഴങ്ങിയ വെടിയൊച്ചയ്ക്ക് ഇന്ന് ഒരു നൂറ്റാണ്ടു തികയുമ്പോഴും മലബാർ കലാപത്തെച്ചൊല്ലിയുള്ള സംവാദങ്ങൾ അവസാനിക്കുന്നില്ല. സ്വാതന്ത്ര്യപ്പോരാട്ടമായും കർഷക കലാപമായും മാപ്പിള ലഹളയായും മലബാർ വിപ്ലവമായും പല പല പേരുകളിൽ വിളിക്കപ്പെടുമ്പോഴും അതിന്റെ താളുകളിൽനിന്ന് പോരിന്റെ ചോരയും നോവിന്റെ കണ്ണീരും ഒരുപോലെ ഇറ്റുവീഴുന്നുണ്ട്. ഓർമകളിലേക്ക് ഒരായിരം വിലാപങ്ങളും പോർവിളികളും ആർത്തിരമ്പിയെത്തുന്നുമുണ്ട്. അപ്പോഴും പുതിയകാലം ആ സംഭവവികാസങ്ങളെ കാണേണ്ടതെങ്ങനെ എന്ന വിചാരം പ്രസക്തം; അതിന്റെ പാഠങ്ങളെ ഉൾക്കൊള്ളേണ്ടതെങ്ങനെ എന്ന ചിന്തയും.

malabar-riot

ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ

മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു. 

ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു. 

മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്. 

mgs
ഡോ.എം.ജി.എസ്. നാരായണൻ, ഡോ.കെ.കെ.എൻ. കുറുപ്പ്.

ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി

മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം മാത്രം വരുത്തിവച്ച ആ സമരം ആഘോഷിക്കപ്പെടേണ്ടതല്ല.

ബ്രിട്ടിഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദുവിരുദ്ധമായി വഴിതെറ്റുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കോൺഗ്രസുകാർ പറയുന്നു. കർഷക കലാപമായിരുന്നുവെന്നു കമ്യൂണിസ്റ്റുകാർ പറയുന്നു. രണ്ടും ചേർന്നതാണെന്നു മുസ്‌ലിം ലീഗുകാർ പറയുന്നു. ഹിന്ദുവിരുദ്ധമായിരുന്നുവെന്നു ബിജെപി പറയുന്നു. ഇപ്പറയുന്ന നാലു കൂട്ടർ പറയുന്നതും ശരിയാണെന്നു പറയാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.

ആയുധം എടുത്തുകൊണ്ടുള്ള സമരത്തെ കെ.പി. കേശവമേനോനെയും കെ. മാധവൻ നായരെയും പോലുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഇവിടെ നാലു മാപ്പിളമാർ വാളോ തോക്കോ എടുത്തു സമരം ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? കലാപത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും കഷ്ടപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെ നാടുകടത്തി. എത്രയോ പേരെ തൂക്കിക്കൊന്നു. എത്രയോ മാപ്പിളമാരുടെ സ്വത്തുവകകൾ പിടിച്ചെടുത്തു നശിപ്പിച്ചു. അതിനെല്ലാം കാരണമായ കലാപത്തെ വലിയ വീരാരാധനയായി കൊണ്ടാടുന്നതു ശരിയല്ല.

ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ വേണ്ടിയാണ് മഹാത്മാഗാന്ധി ഖിലാഫത്ത് സമരത്തെ കോൺഗ്രസുമായി കൂട്ടിക്കെട്ടിയത്. എന്നാൽ ഇവിടെ അതിന്റെ അഹിംസയിലധിഷ്ഠിതമാകുക എന്ന അംശം നഷ്ടമായി. ഈ സാധ്യത കോൺഗ്രസ് നേതാവ് എം.പി.നാരായണമേനോൻ ഗാന്ധിജിയോടു പറഞ്ഞിരുന്നതാണ്.

കലാപം മലബാറിലെ സമുദായമൈത്രിയെ സാരമായി ബാധിക്കാതിരുന്നതു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലുള്ള നേതാക്കൾ പുലർത്തിയ ജാഗ്രത മൂലമാണ്. 1930ൽ ഗാന്ധിജി ഉപ്പുസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോൾ ജാതിമതഭേദമെന്യേ മുഴുവൻ ആളുകളെയും അതിൽ ഒന്നിച്ചുനിർത്താൻ അബ്ദുറഹ്മാനു കഴിഞ്ഞു. 

1921ൽ ഉണ്ടായതിനെക്കാൾ വലിയ മുറിവ് 21ന്റെ പേരിൽ ഇനി ഉണ്ടാകരുത്. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാർഷികത്തിൽ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നൽകുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂർവാധികം ആഴത്തിൽ കുത്തിപ്പഴുപ്പിക്കാൻ മാത്രമാണ് അതു വഴിവയ്ക്കുക.

ചരിത്രമാണ്, സ്മരിക്കപ്പെടണം: ഡോ. കെ.കെ.എൻ.കുറുപ്പ് 

1921ലെ മലബാർ കലാപം ജന്മിത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരമാണെന്നതിന് ഇനിയും കൂടുതൽ തെളിവുകൾ ആവശ്യമില്ല. അവസാനഘട്ടത്തിൽ മറ്റു ചില ഘടകങ്ങൾ അതിൽ നുഴഞ്ഞുകയറുകയും സമരത്തെ പാളംതെറ്റിക്കുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും മലബാറിലെ മാപ്പിളമാരുടെ മുൻകയ്യിൽ നടന്ന കർഷകസമരം എന്ന മൂല്യം അതിനു നഷ്ടപ്പെടുന്നില്ല.

മലബാറിലെ കർഷകസമരത്തെ നിയന്ത്രിക്കുന്നതിനോ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ നൽകി അതിനെ ചിട്ടപ്പെടുത്തുന്നതിനോ ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല എന്നതു സത്യമാണ്. പക്ഷേ, അതിനെ കോൺഗ്രസിന്റെ പരാജയമായി കാണാനാവില്ല. കോൺഗ്രസിനെ ബ്രിട്ടിഷ് സർക്കാർ അക്കാര്യത്തിൽ പരാജയപ്പെടുത്തുകയായിരുന്നു എന്നു വേണം പറയാൻ. കാരണം കോൺഗ്രസ് ദേശീയ നേതാക്കൾക്ക് അന്നു മലബാറിൽ വരാൻ സർക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ല. പ്രാദേശിക കർഷകനേതാക്കൾക്കായിരുന്നു സമരത്തിന്റെ നേതൃത്വം. അവരുമായി ദേശീയ നേതാക്കൾക്കു ബന്ധം ഉണ്ടായിരുന്നില്ല.

അതേസമയം, ഖിലാഫത്ത് പ്രസ്ഥാനവുമായി മലബാറിലെ കുടിയാൻസമരത്തെ ബന്ധിപ്പിച്ചതിൽ കോൺഗ്രസിന്റെ വീഴ്ചയുണ്ട്. മലബാറിലെ ഹിന്ദു-മുസ്‌ലിം മൈത്രിയെ കലാപം കാര്യമായി ബാധിച്ചിട്ടില്ല. കലാപം കഴിഞ്ഞ് അധികം വൈകാതെ മുസ്‌ലിം ലീഗ് മലബാറിൽ പ്രവർത്തനം തുടങ്ങിയല്ലോ. ലീഗിനെ കോൺഗ്രസ് തുടക്കംതൊട്ടേ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതു ഹിന്ദു-മുസ്‌ലിം ബന്ധം ആരോഗ്യകരമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലബാർ കലാപത്തിന് ഒറ്റയൊരു കാരണം അന്വേഷിച്ചു കണ്ടെത്താനാവില്ല. ബഹുവിധമായ കാരണങ്ങളും ഘടകങ്ങളും ഉൾച്ചേർന്നാണ് അതു സംഭവിച്ചത്.

മലബാർ കലാപത്തിന്റെ വാർഷികം ആചരിക്കുകയോ അനുസ്മരിക്കുകയോ ചെയ്യാൻ പാടില്ല എന്ന വാദഗതികൾ അസംബന്ധമാണ്. എല്ലാ ചരിത്രസംഭവങ്ങളും അനുസ്മരിക്കപ്പെടേണ്ടതുണ്ട്. നാശനഷ്ടങ്ങളും മുറിവുകളും ഉണ്ടായിട്ടുണ്ട് എന്നതിന്റെ പേരിൽ ചരിത്രസംഭവങ്ങൾ അനുസ്മരിക്കാൻ പാടില്ല എന്നാണെങ്കിൽ ഫ്രഞ്ച് വിപ്ലവംപോലും അനുസ്മരിക്കാൻ സാധിക്കില്ലല്ലോ. ചരിത്ര സംഭവങ്ങളെ മറക്കാതെ നിരന്തരം ഓർത്തുകൊണ്ടുതന്നെയാണു മനുഷ്യസമൂഹത്തിനു മുൻപോട്ടു പോകാനാവുക.

karassery
എം.എൻ. കാരശ്ശേരി, ഡോ. ഹുസൈൻ രണ്ടത്താണി, എം. രജേന്ദ്ര വർമ

വിഭാഗീയകാഴ്ച ചരിത്രവിരുദ്ധം: ഡോ. ഹുസൈൻ രണ്ടത്താണി 

ഒരു ഭാഗത്തു മുസ്‌ലിംകളും മറുഭാഗത്തു ഹിന്ദുക്കളുമായിരുന്നു എന്ന തരത്തിൽ മലബാർ കലാപത്തെ കാണുന്നതു ചരിത്രവിരുദ്ധമാണ്. മുസ്‌ലിം പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യസമരങ്ങളെയെല്ലാം വർഗീയലഹളയാക്കി ചിത്രീകരിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷ് അനുകൂലികൾ എഴുതിയ ചരിത്രങ്ങളാണു കലാപത്തെ വർഗീയലഹളയായി ചിത്രീകരിച്ചത്. മലബാർ കലാപത്തിൽ രണ്ടു ഭാഗത്തും മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. അതിന്റെ രേഖകൾ നമ്മുടെ മുൻപിലുണ്ട്. ജന്മിമാരിലും മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. കലാപത്തെ എതിർത്തവരിൽ ഒട്ടേറെ മുസ്‌ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊലപ്പെടുത്തിയവരിലും മുസ്‌ലിംകളുണ്ട്. ഖാൻ ബഹദൂർ ചേക്കുട്ടി സാഹിബിന്റെ തലയറുത്ത് അദ്ദേഹം കുന്തത്തിൽ കോർത്തു നിർത്തുകവരെ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളും മാപ്പിളമാരും തമ്മിലല്ല, ബ്രിട്ടിഷുകാരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു പ്രശ്‌നം. ഹിന്ദു ജന്മിമാരുടെ മനകൾക്കു കാവലിന് ആലി മുസല്യാർ സ്വന്തം ആളുകളെ നിർത്തിയിരുന്നു. അവരെ കൊലപ്പെടുത്തി മനകൾ ആക്രമിച്ച സംഭവം പോലുമുണ്ടായി.

ഏതു ലഹളയുടെ മറവിലും അക്രമങ്ങളും അനിഷ്ട സംഭവങ്ങളും നടക്കാറുണ്ട്. മലബാർ കലാപത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ കലാപത്തിന്റെ ആദ്യഘട്ടത്തിൽ മതപരിവർത്തനങ്ങൾ ഉണ്ടായതിനു തെളിവില്ല. 

     ദേശീയ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിൽ അസ്വാഭാവികതയില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പല സമരങ്ങളും അതിൽ പങ്കെടുത്തവരുടെ സാമുദായികമോ പ്രാദേശികമോ ആയ ആവശ്യങ്ങൾക്കു വേണ്ടിയുമായിരുന്നു. പക്ഷേ അവയെല്ലാം ബ്രിട്ടിഷുകാർക്കെതിരായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ അവരുടെ ആഗോള ആത്മീയ നേതൃത്വത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ സമരമായിരുന്നു ഖിലാഫത്ത്. മലബാർ കലാപം വർഗീയ ലഹളയായിരുന്നെങ്കിൽ മലപ്പുറത്ത് ഇന്നു കാണുന്ന സമുദായമൈത്രി ഉണ്ടാകുമായിരുന്നില്ല. 

വഷളാക്കിയത് ബ്രിട്ടിഷുകാർ: എം.രാജേന്ദ്ര വർമ (നിലമ്പൂർ കോവിലകം അംഗം)

മലബാർ കലാപവുമായി ബന്ധപ്പെട്ടു നിലമ്പൂർ കോവിലകത്തിനു നേരെയും ആക്രമണമുണ്ടായി. കലാപകാരികളെ ഭയന്നു പലായനം ചെയ്യേണ്ടിവന്നവരുടെ കൂട്ടത്തിൽ എന്റെ അച്ഛമ്മ മാധവിക്കുട്ടി തമ്പാട്ടിയുമുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു കാര്യം നേടാനുള്ള ബ്രിട്ടിഷുകാരുടെ ശ്രമം തന്നെയാണു കാര്യങ്ങളെ ഇത്രമേൽ വഷളാക്കിയതിനു പിന്നിൽ.

നിലമ്പൂർ കോവിലകത്തിനു കീഴിലുള്ള പൂക്കോട്ടൂർ കോവിലകത്തെ തോക്കുകൾ നഷ്ടപ്പെട്ടതിൽനിന്നാണു തുടക്കം. അന്ന് അവിടത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്ന വടക്കേവീട്ടിൽ മമ്മദാണു തോക്കുകൾ മോഷ്ടിച്ചതെന്നും അയാൾക്കെതിരെ പരാതി നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു പൂക്കോട്ടൂർ കോവിലകത്തെ ചിന്നനുണ്ണി തമ്പുരാൻ (ആറാം തമ്പുരാൻ) പറഞ്ഞത്. എങ്കിൽ പരാതിയില്ലെന്ന് എഴുതിനൽകണമെന്നായി. നിങ്ങൾ അതെഴുതിക്കോളൂ ഞാൻ ഒപ്പിട്ടു തരാമെന്നു തമ്പുരാനും പറഞ്ഞു. 

പക്ഷേ, പൊലീസുകാർ ഇംഗ്ലിഷിൽ എഴുതിയതു പരാതി തന്നെയാണ്. അതറിയാതെ തമ്പുരാൻ ഒപ്പിട്ടു നൽകുകയും ചെയ്തു. ഇത് അവിടത്തെ മുസ്‌ലിം സമൂഹത്തിൽ വലിയ വിദ്വേഷം ജനിപ്പിച്ചു. പൂക്കോട്ടൂരിലെ ഖിലാഫത്ത് നേതാവായിരുന്ന മമ്മദിനെ അറസ്റ്റ് ചെയ്യാനുള്ള കാരണത്തിനായി ബ്രിട്ടിഷുകാർ തമ്പുരാനെ ഉപയോഗിക്കുകയായിരുന്നു എന്നതാണു യാഥാർഥ്യം.

masjid
തിരൂരങ്ങാടി വലിയ ജുമാമസ്‌ജിദ്; പ്രക്ഷോഭകാരികളുടെ കേന്ദ്രമായി ബ്രിട്ടിഷുകാർ കരുതിയിരുന്ന തിരൂരങ്ങാടി വലിയ ജുമാമസ്ജിദ് കടലുണ്ടിപ്പുഴയുടെ തീരത്താണ്. 1921 ഓഗസ്റ്റ് 30ന് മേജർ ഹോപ്പിന്റെ നേതൃത്വത്തിലുള്ള ഡോർസെറ്റ് റജിമെന്റ് പള്ളി വളഞ്ഞു. വെടിവയ്പുണ്ടായി.

പിന്നീടു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പൂക്കോട്ടൂർ കോവിലകം ആക്രമിക്കപ്പെട്ടു. എന്നാൽ തമ്പുരാൻ അവിടെയുണ്ടായിരുന്നില്ല. അവിടത്തെ മുസ്‌ലിംകൾ തന്നെ ആക്രമണസാധ്യതയുണ്ടെന്നും മാറണമെന്നും അറിയിച്ചിരുന്നു. കരിക്കാട് ക്ഷേത്രത്തിലാണ് അദ്ദേഹം അഭയം തേടിയത്. തമ്പുരാനെ അന്വേഷിച്ചെത്തിയവർ കാവൽക്കാർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. അക്രമികളുടെ സംഘം വലിയ കോവിലകത്തിനുനേരെ തിരിഞ്ഞപ്പോൾ അന്നത്തെ ഇളയതമ്പുരാനായ മാനവേദൻ രാജ താഴോട്ടിറങ്ങിവന്നു സംഘത്തോടു സംസാരിച്ചു. കോൺഗ്രസുകാരനും ജനകീയനുമായ മാനവേദൻ തമ്പുരാനെ അവരെല്ലാവരും ബഹുമാനിച്ചിരുന്നു. അദ്ദേഹം അവരെ അനുനയിപ്പിച്ചു പറഞ്ഞയയ്ക്കുകയാണുണ്ടായത്.

കോവിലകത്തെ അംഗങ്ങൾ ആരും ആക്രമിക്കപ്പെട്ടില്ലെങ്കിലും പരിസരത്തെയും മറ്റും കുറെപ്പേർ കൊല്ലപ്പെട്ടു. അവരിൽ ഒരാൾ കോവിലകത്തെ ജോലിക്കാരിയാണ്. കൈക്കുഞ്ഞുമായി പുഴയിൽനിന്നു കുളിച്ചുവരുമ്പോൾ കോവിലകത്തെ തമ്പുരാട്ടിയാണെന്നു തെറ്റിദ്ധരിച്ചു കൊല്ലുകയായിരുന്നു. അനാഥയാക്കപ്പെട്ട ആ കുഞ്ഞിനെ മാനവേദൻരാജ ദത്തെടുത്തു സ്വന്തം മകളായി വളർത്തി. ഇവരുടെ സന്തതി പരമ്പര ഇപ്പോഴുമുണ്ട്.

വീണ്ടും ആക്രമണങ്ങളുണ്ടാകുമോ എന്ന പേടി കാരണം കോവിലകത്തെ അംഗങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തുടങ്ങി. സ്ത്രീകളെ വലിയ ഭരണികൾക്കുള്ളിൽ ഒളിപ്പിച്ചാണു വള്ളത്തിൽ കയറ്റി പുഴയിലൂടെ കോഴിക്കോട്ടെ കല്ലായിയിലേക്കും പിന്നീട് അവിടെനിന്നു സാമൂതിരി കോവിലകത്തേക്കും എത്തിച്ചത്. കോവിലകത്തെ പുരുഷ അംഗങ്ങൾ തൃശൂരിലും അഭയം തേടി. കോവിലകം വക കൃഷിസ്ഥലങ്ങൾ നോക്കിനടത്തിയിരുന്ന മുസ്‌ലിം കാര്യസ്ഥന്മാരായിരുന്നു അന്ന് എല്ലാവരെയും രക്ഷപ്പെടുത്തിയതിനു പിന്നിൽ. 

കോവിലകത്തെ അന്നത്തെ മുതിർന്ന അംഗം മാനവിക്രമൻ തിരുമുൽപ്പാട് മരിക്കുന്നതും തൃശൂരിൽവച്ചാണ്. കോവിലകം അംഗങ്ങളെ സ്വന്തം സ്ഥലത്തേ സംസ്കരിക്കാവൂ എന്നുണ്ട്. അതിനാൽ കൊച്ചി രാജകുടുംബത്തിൽ നിന്ന് ആറടി നീളത്തിൽ തൃശൂരിൽ ഒരു സ്ഥലം വാങ്ങുകയും അവിടെ സംസ്കാരം നടത്തുകയും ചെയ്തു. കലാപമെല്ലാം ശമിച്ച ശേഷമാണു നിലമ്പൂർ കോവിലകത്തേക്കു പിന്നീട് എല്ലാവരും മടങ്ങിയെത്തുന്നത്.  കലാപത്തിൽനിന്നും അപകടങ്ങളിൽനിന്നും രക്ഷിച്ചാൽ ഗുരുവായൂരിൽ ഒരാനയെ നടയ്ക്കിരുത്താമെന്നു നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്ന കുട്ടി അനുജത്തി തമ്പാട്ടി നേർന്നിരുന്നു. അങ്ങനെ നടയ്ക്കിരുത്തിയ ആനയാണു ഗുരുവായൂർ കേശവൻ. 

അക്കാലത്ത് സംഭവിച്ചതെന്ത്?

മുസ്‌ലിംകളുടെ ആഗോള ആത്മീയ നേതൃത്വമായി കരുതപ്പെട്ടിരുന്ന തുർക്കിയിലെ ഖലീഫയെ ബ്രിട്ടിഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിനെതിരെ ഇന്ത്യയിൽ ചില മുസ്‌ലിം നേതാക്കൾ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനവും ഒന്നിച്ചു പ്രവർത്തിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തെത്തുടർന്ന് 1920ലാണു മലബാറിൽ കോൺഗ്രസ്- ഖിലാഫത്ത് പ്രവർത്തനം സജീവമാകുന്നത്. ജന്മിത്ത ചൂഷണത്തിനെതിരെ കുടിയാന്മാർ ആരംഭിച്ച സംഘടനയും ഒന്നിച്ചു പ്രവർത്തനം തുടങ്ങി. ഖിലാഫത്ത് നേതാക്കളുടെ ആഹ്വാനപ്രകാരം മലബാറിലെ മുസ്‌ലിംകൾ പ്രവർത്തനത്തിൽ സജീവമായി. അക്രമരഹിത സമരമാണു ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നതെങ്കിലും (ഏറനാട്, വള്ളുവനാട് താലൂക്കുകളും പൊന്നാനി, കോഴിക്കോട് താലൂക്കുകളുടെ ചില ഭാഗങ്ങളും ഉൾപ്പെട്ട) തെക്കേ മലബാറിൽ ഖിലാഫത്ത് –കോൺഗ്രസ് പ്രവർത്തകരും ബ്രിട്ടിഷ് അനുകൂലികളും തമ്മിൽ സംഘർഷം പതിവായി. ഖിലാഫത്ത് പ്രവർത്തകർക്കും ഓഫിസുകൾക്കുമെതിരെ പൊലീസ് നടപടിയും കർശനമാക്കി. 

kachery
തിരൂരങ്ങാടി ഹജൂർ കച്ചേരി; ബ്രിട്ടിഷ് ഭരണത്തിന്റെ തിരൂരങ്ങാടിയിലെ ആസ്ഥാനമായിരുന്നു ഹജൂർ കച്ചേരി. തിരൂരങ്ങാടിയിൽ പരിശോധന നടത്തിയ പട്ടാളം തമ്പടിച്ചതും ഇവിടെയാണ്. 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽനിന്ന് അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം ഇവിടേക്കെത്തി. ഇവരെ പട്ടാളം തടയുകയും വെടിവയ്പുണ്ടാവുകയും ചെയ്തു. ഇരുപതോളം പേർ മരിച്ചു.

മുസ്‌ലിംകളെ അഹിംസാസമരത്തിനു പ്രേരിപ്പിക്കാൻ മദിരാശിയിൽനിന്നു കോൺഗ്രസ് നേതാവ് യാക്കൂബ് ഹസൻ കോഴിക്കോട്ടെത്തിയെങ്കിലും മലബാർ കലക്ടർ ഇ.എസ്.തോമസ് പൊതുയോഗം നിരോധിക്കുകയും യാക്കൂബ് ഹസൻ, കെ. മാധവൻ നായർ, യു.ഗോപാലമേനോൻ, പൊന്മാടത്ത് മൊയ്തീൻ കോയ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ആറു മാസം തടവിനു ശിക്ഷിക്കുകയും ചെയ്തു. അതോടെ മലബാറിൽ ഖിലാഫത്ത്- കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം രൂക്ഷമായി. തിരൂരങ്ങാടിയിലെ ആലി മുസല്യാർ, നെല്ലിക്കുത്തിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മുസല്യാർ, കെ.എം. മൗലവി, ചെമ്പ്രശ്ശേരി തങ്ങൾ, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.മൊയ്തുമൗലവി തുടങ്ങിയവരായിരുന്നു ഖിലാഫത്ത് നേതാക്കൾ. അതിനിടെ, ഓഗസ്റ്റ് ആദ്യവാരം മലപ്പുറം പൂക്കോട്ടൂരിൽ ഒരു ജന്മിയുടെ പരാതിയിൽ ഖിലാഫത്ത് നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ സായുധസജ്ജരായ ഖിലാഫത്ത് പ്രവർത്തകർ തടഞ്ഞു തിരിച്ചയച്ചതു സർക്കാരിനു ക്ഷീണമായി. പുതിയൊരു മാപ്പിളകലാപത്തിന് അരങ്ങൊരുങ്ങുകയാണെന്നു കലക്ടർ ഭയന്നു. (1836നു ശേഷം മലബാറിൽ അൻപതിലേറെ കാർഷിക കലാപങ്ങൾ പലപ്പോഴായി നടന്നിരുന്നു). 

തിരൂരങ്ങാടി, പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ ആയുധങ്ങൾ ശേഖരിക്കുന്നതായി കേട്ട് ഓഗസ്റ്റ് 20നു തിരൂരങ്ങാടി പള്ളിയിൽ കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്-പട്ടാള സംയുക്ത സംഘം പരിശോധനയ്‌ക്കെത്തി. പട്ടാളം പള്ളി പൊളിച്ചെന്നും ആലി മുസല്യാരെ അറസ്റ്റ് ചെയ്തെന്നും കലക്ടറെയും പൊലീസ് മേധാവിയെയും പ്രക്ഷോഭകർ കൊലപ്പെടുത്തിയെന്നും ഇതിനകം കേട്ടുകേൾവികൾ പ്രചരിച്ചിരുന്നു. ഖിലാഫത്ത് പ്രവർത്തകർ തിരൂരങ്ങാടിയിലേക്കു സംഘടിച്ചെത്തി. അന്ന് ഉച്ചയ്ക്കും വൈകിട്ടുമായി മൂന്നു തവണയായി നടന്ന ഏറ്റുമുട്ടലുകളിൽ എഴുപതോളം ഖിലാഫത്ത് പ്രവർത്തകരും ഏതാനും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. വ്യാപകമായി ഗവ. ഓഫിസുകളും റെയിൽപാളങ്ങളും പാലങ്ങളും തകർക്കപ്പെട്ടു. 

ഹജൂർ കച്ചേരി വളപ്പിൽ തമ്പടിച്ചിരുന്ന കലക്ടറും സംഘവും പിറ്റേന്നു രാവിലെ തന്നെ കോഴിക്കോട്ടേക്കു മടങ്ങി. അതോടെ, ബ്രിട്ടിഷ് സർക്കാർ പിന്മാറിയെന്നു വിശ്വസിച്ച് ഏറനാട്ടിൽ ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കപ്പെട്ടു. ആലി മുസല്യാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, സീതിക്കോയ തങ്ങൾ എന്നിവർ വിവിധ പ്രദേശങ്ങളിലെ അധികാരമേറ്റു. പ്രത്യേക യാത്രാപാസ്സുകളും നികുതിഘടനയുംവരെ നിലവിൽ വന്നു; ആറു മാസത്തോളം.

എന്നാൽ മലബാറിൽ പട്ടാളനിയമം പ്രഖ്യാപിച്ചു സർക്കാർ തിരിച്ചടിച്ചു. തുടർന്നു നാലു മാസത്തോളമായി നടന്ന നിരന്തര പോരാട്ടങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിനു വീടുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭകരും തിരിച്ചടിച്ചു. ഏറ്റുമുട്ടലുകൾ തുടരെയുണ്ടായി. പൂക്കോട്ടൂരിൽ സൈനികവ്യൂഹത്തെ കടന്നാക്രമിച്ച പ്രക്ഷോഭകർ നാൽപതോളം പട്ടാളക്കാരെ വധിച്ചു. യുദ്ധത്തിൽ‌ മുന്നൂറോളം പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ഗൂർഖാപട്ടാളം ഗ്രാമങ്ങളിലെ വീടുകൾ കയറി അതിക്രമം നടത്തി. 

നവംബർ പത്തൊൻപതിനായിരുന്നു കുപ്രസിദ്ധമായ വാഗൺ ദുരന്തം. അറസ്റ്റിലായ 100 പ്രക്ഷോഭകരെ കുത്തിനിറച്ച് അന്നു തിരൂരിൽനിന്നു കർണാടകയിലെ ബെല്ലാരി ജയിലിലേക്കു പുറപ്പെട്ട ചരക്കുവാഗൺ കോയമ്പത്തൂർ വരെ എത്തിയപ്പോഴേക്കും 56 പേർ ശ്വാസംമുട്ടി മരിച്ചു. പിന്നീട് എട്ടുപേർ കൂടി മരിച്ചു. രക്തസാക്ഷികളിൽ 61 മുസ്‌ലിംകളും 3 ഹിന്ദുക്കളുമടങ്ങുന്നു. അതേസമയം, പട്ടാളനടപടികൾ കഠിനമായിക്കൊണ്ടേയിരുന്നു. അതോടെ നേതാക്കൾ കീഴടങ്ങിത്തുടങ്ങി. ആലി മുസല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ള നേതാക്കളെ പിടികൂടി വധശിക്ഷയ്ക്കു വിധേയരാക്കി. ഫെബ്രുവരി അവസാനത്തോടെ കലാപം അവസാനിച്ചു. അതിലുൾപ്പെട്ടവരുടെ വീടുകൾ വ്യാപകമായി തകർക്കപ്പെട്ടു. അൻപതിനായിരത്തോളം പേർ അറസ്റ്റിലാവുകയോ കീഴടങ്ങുകയോ ചെയ്തു.  മാപ്പിളലഹള എന്നും മലബാർ കലാപം എന്നും ഒക്കെ അറിയപ്പെട്ട പ്രക്ഷോഭത്തെ 1971ൽ കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചു.

മലബാർ കലാപത്തിൽ പങ്കെടുത്തുവെന്ന പേരിൽ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ബെല്ലാരി ജയിലിൽ തടവനുഭവിച്ച കോൺഗ്രസ് നേതാവ് ചെർപ്പുളശ്ശേരി മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തന്റെ അനുഭവസാക്ഷ്യമായ 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിൽ എഴുതി: 1921ൽ മലബാറിൽ നടന്ന സമരത്തെ മാപ്പിളലഹളയെന്നോ മലബാർ ലഹളയെന്നോ പറയുന്നത് ശരിയല്ല. മാപ്പിളവിപ്ലവം അഥവാ ഖിലാഫത്ത് വിപ്ലവം എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരിയായിരിക്കും. ഒരു ലഹളയല്ല ഇവിടെ നടന്നത്, ഒരു ആഭ്യന്തര വിപ്ലവമാണ്.

തയാറാക്കിയത്: മുഹമ്മദ് റഫീക്ക്, കെ.എൻ.സജേഷ്

വര: ബേബിഗോപാൽ

English Summary: 100 years of Malabar rebellion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA