ADVERTISEMENT

ഓണത്തിനു മഹാബലിയെ മലയാളികൾ വരവേൽക്കുമ്പോൾ, ലോകം ചർച്ച ചെയ്യുന്നതു മറ്റൊരു ആഗമനത്തെക്കുറിച്ചാണ്: അഫ്ഗാനിസ്ഥാനിലേക്കുള്ള താലിബാന്റെ രണ്ടാംവരവിനെക്കുറിച്ച്. രായ്ക്കുരാമാനം യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനിൽനിന്നു പിൻവാങ്ങിയപ്പോൾ സൃഷ്ടിച്ച ശൂന്യതയിലേക്കാണു താലിബാൻ ഇരച്ചുകയറിയത്. മറ്റൊരു പിൻവാങ്ങലിനെപ്പറ്റി ഇപ്പോൾ ഓർത്തുപോകുന്നത്, ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടതാണ്. തുടർന്നുനടന്ന രക്തരൂഷിതമായ വിഭജനത്തിലും ഭരണത്തിന്റെ ചരടുകൾ ഇന്ത്യയിൽ മുറിഞ്ഞുപോയില്ല. അതിനുകാരണം, ഭരണമാറ്റം നടക്കുന്നതിനുമുൻപേ അഫ്ഗാനിസ്ഥാനിലെ യുഎസിനെക്കാൾ കൂടുതൽ ഉത്തരവാദിത്തബോധം ബ്രിട്ടൻ കാണിച്ചതാണ്. ബ്രിട്ടിഷ്പൈതൃകം അനുസരിച്ചിട്ടുള്ള ഭരണവ്യവസ്ഥ തന്നെയാണു നമ്മിൽ നിന്നു വിഭജിച്ചുപോയ പാക്കിസ്ഥാനിലും നിലനിന്നിരുന്നത്. ഇന്നു സ്ഥിതി വ്യത്യസ്തമാകാനുള്ള കാരണം, ആ രാജ്യത്തിന്റെ ഭരണഘടന മതരാഷ്ട്രീയം സ്വീകരിച്ചതാണ്. അഫ്ഗാനിസ്ഥാനിലും ഇപ്പോൾ ദൃശ്യമാകുന്നതു മതരാഷ്ട്രീയത്തിന്റെ ഭീകരമുഖങ്ങളാണ്. 

അഫ്ഗാൻ പ്രശ്നത്തിന്റെ നൂലാമാലകൾ രാഷ്ട്രനേതാക്കൾക്കും നയതന്ത്രവിദഗ്ധർക്കും വിടാം. അവർക്കും വലിയ പിടിയുണ്ടെന്നു തോന്നുന്നില്ല; റഷ്യയും ചൈനയും ഒഴിച്ച്, ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾ മിക്കവാറും നിശ്ശബ്ദരാണ്. എന്നാൽ പൊതുമണ്ഡലം, പ്രത്യേകിച്ചു സമൂഹമാധ്യമങ്ങൾ ശബ്ദമുഖരിതമാണ്. അവിടെ നടക്കുന്ന ചർച്ചകളുടെ അജൻഡ നിശ്ചയിക്കുന്നതു ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ രാഷ്ട്രീയമോ അവരെ നിയന്ത്രിക്കുന്നവരുടെ രാഷ്ട്രീയമോ ആണ്. പൊതുവേ അഫ്ഗാനിസ്ഥാനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നവരെ മൂന്നായി തിരിക്കാം: ഹിന്ദുത്വവാദികൾ, രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകൾ, എല്ലാ മതവിഭാഗങ്ങളിലും പെടുന്ന ഉദാരവാദികൾ.

താലിബാൻ പഴയ താലിബാനല്ലെന്നതു ലോകവ്യാപകമായി പരന്നിട്ടുള്ള പ്രമുഖ ആഖ്യാനമാണ്. താലിബാൻ നേതാക്കൾ പങ്കെടുത്ത ദോഹയിലെ സമാധാനചർച്ചകളിൽ അവർ സ്വീകരിച്ച മിതമായ നിലപാടുകളായിരിക്കാം ഇതിനു കാരണം. അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചശേഷം അവിടത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കും എന്ന താലിബാന്റെ പ്രഖ്യാപനവും ആശയ്ക്കു വഴിയൊരുക്കി. 

എന്നാൽ സത്യത്തിൽ എന്താണു സംഭവിച്ചിരിക്കുന്നത്? അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതായി ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല. അംഗീകാരം പിടിച്ചുപറ്റാനുള്ള തേനൂറുന്ന വാക്കുകളായി മാത്രമേ അവരുടെ പ്രഖ്യാപനങ്ങൾ കാണാനാവൂ. കാരണം, ഇപ്പോഴും അവർ വീടുകൾ കയറിയിറങ്ങി പഴയ ഭരണകൂടത്തെ പിന്താങ്ങിയവരെന്നു സംശയിക്കുന്നവരെ കൊല്ലുന്നു. സ്ത്രീകളുടെമേൽ കിരാതമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീജീവിതം 1996-2001ലെ ഒന്നാം താലിബാൻ കാലത്തുനിന്നു വ്യത്യസ്തമായിരിക്കും എന്ന് ഒന്നുകൊണ്ടും തോന്നുന്നില്ല. താലിബാൻ ‘വിസ്മയ’മോ മോചകരോ ഒന്നും അല്ലെന്നാണ് ഈ കുറച്ചുദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. അവർ മതരാഷ്ട്രീയത്തിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന അധികാരമോഹികളും സ്വാർഥരുമാണ്.

താലിബാനെ മയപ്പെടുത്താൻ ചില ഇസ്‌ലാമിസ്റ്റുകളും ഉദാരവാദികളും ഉപയോഗിക്കുന്നതു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പശുവിന്റെയും മറ്റും പേരിൽ മുസ്‌ലിംകൾ ഹിന്ദുത്വവാദികളിൽനിന്നു നേരിട്ട ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചാണ്. ഇത്തരം ഒരു താരതമ്യം ബാലിശമാണ്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് സാധൂകരിക്കുന്നില്ല. മാത്രമല്ല, ഇന്ത്യയിൽ നടന്നതല്ല അഫ്ഗാനിൽ സംഭവിക്കുന്നത്. അവിടെ വ്യാപകമായ ആൾവേട്ടയും സ്ത്രീകളുടെ നേരെയുള്ള പ്രഖ്യാപിതമായ കടന്നുകയറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

താലിബാനെ മുൻനിർത്തി ഇസ്‌ലാമിനെ ആകെ കരിപൂശുന്ന തരത്തിലുള്ള സംവാദങ്ങളും ഹിന്ദുത്വവാദികൾ അഴിച്ചുവിടുന്നുണ്ട്. മതങ്ങൾക്കപ്പുറം മതരാഷ്ട്രീയത്തിന്റെ അപകടങ്ങൾ മാത്രമാണ് അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അതു മതരാഷ്ട്രീയത്തിനെതിരായ മുന്നറിയിപ്പാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കാബൂൾ, ഖോസ്ത്, അസദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ താലിബാൻവിരുദ്ധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. താലിബാൻ പഴയ താലിബാനാണോ എന്നതിനെക്കുറിച്ചു തർക്കിക്കാം; പക്ഷേ, അഫ്ഗാനിസ്ഥാൻ 1996ലെ അഫ്ഗാനിസ്ഥാനല്ല എന്ന് അവർക്ക് അടുത്തുതന്നെ മനസ്സിലാക്കാം.  

വഴികാട്ടാൻ കയ്യിലെത്തില്ല സമയവിവരപ്പട്ടിക

അധികമാരും അറിയാതെ ഈ ഓഗസ്റ്റിൽ സംഭവിച്ച വലിയൊരു നഷ്ടത്തിനും കാരണം വിവരസങ്കേതികവിദ്യ തന്നെയാണ്. രണ്ടു ദശകങ്ങൾക്കു മുൻപുവരെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന, നമ്മൾ പലതവണ നോക്കിപ്പോയിരുന്ന, നമ്മുടെ തല പുകച്ചിരുന്ന ഒരു പുസ്തകം എന്നന്നേക്കുമായി പ്രസിദ്ധീകരണം നിർത്തി. ഇന്ത്യൻ റെയിൽവേ ഇനി മുതൽ സമയവിവരപ്പട്ടിക പ്രസിദ്ധീകരിക്കുകയില്ല. ഇന്റർനെറ്റ് വന്നതിനുശേഷം അതിനു സാംഗത്യം കുറഞ്ഞുവെന്നതാണു സത്യം. 

പല വീടുകളിലും മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും എല്ലാ വർഷവും വാങ്ങിയിരുന്ന പുസ്തകമായിരുന്നു ഓൾ ഇന്ത്യ റെയിൽവേ ടൈംടേബിൾ. അതിൽ പാസഞ്ചർ ട്രെയിനുകളുടെ വിവരങ്ങൾ പൂർണമായും കിട്ടാത്തതുകൊണ്ട് കൂട്ടത്തിൽ അതതു റെയിൽവേ സോണുകളുടെ ടൈംടേബിളും വാങ്ങിയിരുന്നു. അതുനോക്കി യാത്ര ആസൂത്രണം ചെയ്യുക മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന രസകരമായ പണിയായിരുന്നു. ഞാൻ ആദ്യമായി ബിഹാറിൽ ജോലിക്കു ചേരാൻ പോയപ്പോൾ മേശപ്പുറത്തു പരത്തിയിട്ട റെയിൽ മാപ്പിൽനിന്നു വഴി കണ്ടുപിടിച്ചത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ എറണാകുളം സൗത്തിൽനിന്നു ടാറ്റാനഗർ എക്സ്പ്രസിൽ ജംഷഡ്പൂരിലേക്ക്; അവിടെനിന്നു പാസഞ്ചർ ട്രെയിനിൽ സീനി ജംക്‌ഷനിലേക്ക്; അവിടുന്നു വണ്ടി മാറിക്കയറി ലക്ഷ്യസ്ഥാനമായ ചൈബാസയിലേക്ക്; ഭാഷ അറിയാത്ത സ്ഥലങ്ങളിൽ വഴികാട്ടിയായി കൂടെ സമയവിവരപ്പട്ടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഭൂപടനിർമാതാവും പ്രസാധകനുമായ ജോർജ് ബ്രാഡ്ഷായാണ് 1839ൽ ആദ്യമായി യുകെയിൽ ലിവർപൂളിലെയും മാഞ്ചസ്റ്ററിലെയും തീവണ്ടികൾക്കായി റെയിൽ‌‌വേ സമയപ്പട്ടിക പ്രസിദ്ധീകരിച്ചത്. ബ്രാഡ്ഷായുമായി ബന്ധമൊന്നുമില്ലെങ്കിലും കൊൽക്കത്തയിലെ ന്യൂമാൻ പ്രസ്, 'ന്യൂമാൻസ് ഇന്ത്യൻ ബ്രാഡ്ഷാ' എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചു. അതിന്റെ 2003ലെ പതിപ്പിൽ ‘പ്രസിദ്ധീകരണത്തിന്റെ 135ാം വർഷം’ എന്ന് എഴുതിയിട്ടുണ്ട്; അതായത് 1868ൽ ഈ പ്രസിദ്ധീകരണം തുടങ്ങി എന്ന് അനുമാനിക്കാം. സ്വാതന്ത്ര്യം കിട്ടിയശേഷമാണ് ഓൾ ഇന്ത്യ റെയിൽവേ ടൈംടേബിൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 1977 മുതൽ കൂടുതൽ ലളിതവും ഉപകാരപ്രദവുമായ ‘ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്’ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതാണ് ഈ മാസം നിർത്തലാക്കിയത്. ഇനിമുതൽ പിഡിഎഫ് ആയി മാത്രം ലഭ്യം.

സ്കോർപ്പിയൺ കിക്ക്

ഫിറ്റല്ലാത്തതു പൊളിക്കുമെന്ന പുതിയ വാഹനം പൊളിക്കൽ നയവുമായി കേന്ദ്രം. 

സാധാരണ ‘ഫിറ്റ്’ ആയാലാണു പൊളിക്കാറ്.

English Summary: Afghanistan is a warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com