ADVERTISEMENT

∙സി.പി.ജോൺ: വിവേകം കൊടി പൊക്കിയാൽ വരില്ല, പ്രമേയത്തിലൂടെയാണു വരേണ്ടത്. കമ്യൂണിസ്റ്റ് പാർട്ടി അവരുടെ നിലപാട് അങ്ങനെയാണു വ്യക്തമാക്കേണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടുള്ള മൗലികമായ കാഴ്ചപ്പാട് എന്താണെന്ന് അവർ പറയണം. സ്വാതന്ത്ര്യദിനത്തിൽ സംഘടനാപതാക ഉയർത്തിയിരുന്ന ഡിവൈഎഫ്ഐ ഇനി ദേശീയപതാക കൂടി വയ്ക്കും. അതെല്ലാം ‘എക്സിബിഷനിസ്റ്റ്’ രീതികളാണ്.

∙മാമുക്കോയ: സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണു സിനിമയായി വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. പക്ഷേ വളർന്നുവരുന്ന പുതിയ തലമുറ മതരാഷ്ട്രീയത്തിനു പോകുമെന്നു കരുതുന്നില്ല. നെറ്റ്‌വർക്കിന്റെ ലോകത്താണു പുതിയ കുട്ടികൾ. പുറമേ നടക്കുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നേയില്ല.

∙ എം.എൻ.കാരശ്ശേരി: 1957ൽ റഷ്യൻ നേതാക്കളായ ബുൾഗാനിനും ക്രൂഷ്ചേവും ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യൻ പരമാധികാരത്തെ അംഗീകരിച്ചാണല്ലോ അവർ അന്ന് ഇന്ത്യയിലെത്തുന്നതും പ്രധാനമന്ത്രി നെഹ്റുവിനെ കെട്ടിപ്പിടിക്കുന്നതും. അന്നെങ്കിലും ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടിക്ക് ഇന്ത്യൻ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങാമായിരുന്നു.

ഡോ. അജയകുമാർ കോടോത്ത്: ഇന്നും ഇരു കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിലും ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ഫോട്ടോയ്ക്കു സ്ഥാനമില്ല. അതേസമയം അധികാരമേറുന്നതിന്റെ ഭാഗമായി ദേശീയപതാക കാറിന്റെ മുന്നിൽ പറത്താം, പക്ഷേ പാർട്ടി ഓഫിസുകളിൽ ദേശീയപതാക കയറ്റില്ല. ഇതൊരു അപൂർവ വിരോധാഭാസമാണ്.

∙ സി.രാധാകൃഷ്ണൻ: എന്റെ കുട്ടിക്കാലത്ത് ഉള്ളതിന്റെ പത്തിരട്ടി പള്ളികളും ക്ഷേത്രങ്ങളും ഇവിടെ സജീവമാണ്. ഇവിടങ്ങളിലെ നടവരുമാനം അന്നത്തേതിന്റെ 50 ഇരട്ടിയെങ്കിലുമാണ്. എന്നാൽ മതജീവിതത്തിന്റെ സൽഫലങ്ങളായ സത്യദീക്ഷയും സ്നേഹവും കാരുണ്യവും നീതിബോധവും കത്തി ഉരഞ്ഞുരഞ്ഞു തേഞ്ഞ ചാണക്കല്ലുകൾ പോലെ നടുവൊടിഞ്ഞു കിടപ്പാണ്! 

∙ സച്ചിദാനന്ദൻ: ഈയിടെ ആത്മകഥാപരമായ ഒരു പുസ്തകത്തിനു വേണ്ടി എന്റെ പുസ്തകങ്ങളുടെയും ഞാൻ എഡിറ്റ്‌ ചെയ്തതും വിവർത്തനം ചെയ്തതുമായ പുസ്തകങ്ങളുടെയും മാഗസിനുകളുടെയും പട്ടിക തയാറാക്കേണ്ടി വന്നപ്പോൾ ഇതെല്ലാം എപ്പോൾ ചെയ്തു എന്നു ശരിക്കും വിസ്മയിച്ചു പോയി. എഴുപതു വയസ്സു വരെ മറ്റു ജോലികൾ ചെയ്തിരുന്നു എന്നു കൂടി ഓർക്കുമ്പോൾ അദ്ഭുതം വർധിക്കുന്നു.

∙ മേതിൽ ദേവിക: കല്യാണവും കലയുമായി ഒരിക്കലും ബന്ധപ്പെടുത്തരുത്. ആ ചിന്താഗതി മാറണം. ഓരോ സ്ത്രീയും സ്വതന്ത്ര വ്യക്തിയായി മാറണം. രാഷ്ട്രീയത്തിലായാലും ആത്മീയതയിലായാലും കലയിലായാലും സ്ത്രീക്ക് സ്വതന്ത്ര നിലപാടെടുക്കാൻ കഴിയണം.

∙ അരുന്ധതി റോയ്: ആഹാരത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ഒരു മാറ്റത്തിനും തയാറല്ലാത്ത, ഒരുതരത്തിലും മെരുക്കാൻ പറ്റാത്ത ഒരു മലയാളി മേൽക്കോയ്മയുള്ളയാളാണു ഞാൻ. ആഹാരത്തോടുള്ള എന്റെ മനോഭാവം വളരെ സങ്കുചിതവും നാടനും സാർവദേശീയത ഒട്ടുമില്ലാത്തതുമാണ്. മലയാളിയുടെ ആഹാരമാണു ലോകത്തിൽവച്ച് ഏറ്റവും നല്ലത്. അതിനൊരു മത്സരവുമില്ല.

∙ സത്യൻ അന്തിക്കാട്: യഥാർഥത്തിൽ ഒരാളെ മാതൃകയാക്കി രൂപപ്പെടുത്തിയ കഥാപാത്രമല്ല ‘സന്ദേശ’ത്തിലെ കുമാരപിള്ള സാർ. എല്ലാ നാട്ടിലുമുള്ള എല്ലാവർക്കും സുപരിചിതനായ നേതാവാണ് അദ്ദേഹം. ശങ്കരാടി അഭിനയിച്ചതുകൊണ്ടുമാത്രം ആ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രം.

 ∙ ജലജ: ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെല്ലാം കരയുന്നതാണ്. അതാവാം ദുഃഖപുത്രി ഇമേജ് കിട്ടിയത്. ജീവിതത്തിലും കുറച്ച് സെൻസിറ്റീവ് ആയിട്ടുള്ള ആളാണു ഞാൻ. സിനിമ കാണുമ്പോൾ പോലും ഇരുന്നു കരയും.

∙ വിജയരാഘവൻ: അച്ഛൻ ഒരു നിഷേധിയായിരുന്നു എന്നു സാധാരണനിലയിൽ ഒരു മകൻ പറയുന്നതിൽ അനൗചിത്യമുണ്ട്. പക്ഷേ എൻ.എൻ.പിള്ളയുടെ മകൻ അതു പറഞ്ഞില്ലെങ്കിലല്ലേ അനൗചിത്യമാകുക? എതിരാളികളെ നിർദാക്ഷിണ്യം നേരിടുമ്പോൾ ആകാശത്തോളം വളരുന്ന അച്ഛനിലെ നിഷേധിയെക്കണ്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്.

∙ ടി.പി.ശ്രീനിവാസൻ: ചൈന എന്ന രാജ്യം ഇല്ലാതായിരിക്കുകയാണ്. ഇപ്പോഴുള്ളത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ നേതാവായ ഷിയും മാത്രമാണ്. ചൈനീസ് സമൂഹത്തിന് ഇതിനോടു പ്രതികരിക്കാൻ ശക്തിയില്ലാതായിരിക്കുന്നു. അതുകൊണ്ടു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം കോവിഡ് മഹാമാരിയെപ്പോലെ തന്നെ ഭയാനകമാണ് ഇന്ത്യയ്ക്കും ലോകത്തിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com