ADVERTISEMENT

തിരുവോണമാണല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലയാളത്തിലുള്ള ആശംസയുടെ വിഡിയോ വാട്സാപ്പിൽ കിട്ടിയോ? കഴിഞ്ഞ കുറെ വർഷങ്ങളായി ഓണക്കാലത്തു പതിവുള്ളതാണ് ആ വിഡിയോ. ഓണത്തിന്റെ ഐതിഹ്യവും പ്രസക്തിയുമൊക്കെ മലയാളത്തിൽ മോദി പങ്കുവയ്ക്കുന്നുണ്ടു വിഡിയോയിൽ. 

കഴിഞ്ഞവർഷം വരെ വ്യാപകമായിരുന്നു ഇതിന്റെ പ്രചാരമെങ്കിൽ ഇത്തവണ അൽപം കുറവാണ്. കാരണമറിയാൻ, വിഡിയോയിൽനിന്നുള്ള ഈ ചിത്രം നോക്കിയാൽ മതി. കോവിഡ്കാലത്തു പ്രധാനമന്ത്രി വളർത്തിത്തുടങ്ങിയ താടി ഈ ചിത്രത്തിലുള്ളതിനെക്കാൾ നീണ്ടതാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അതുകൊണ്ടു തന്നെ ഇപ്പോൾ ഈ വിഡിയോ കണ്ടാൽ പഴയതാണെന്നു നമുക്കു മനസ്സിലാകും. പക്ഷേ, കഴിഞ്ഞ വർഷം വരെ സ്ഥിതി ഇതായിരുന്നില്ല. പ്രധാനമന്ത്രിയുടെ മലയാള ആശംസ എന്ന മട്ടിൽതന്നെയാണ് ഇതു പ്രചരിച്ചത്. 

us-flight

മോദി മലയാളം സംസാരിക്കുന്ന ഈ വിഡിയോ വ്യാജമല്ല. വിഡിയോയിലുള്ളതു മോദി തന്നെയാണ്, മലയാളം പറയുന്നതും അദ്ദേഹം തന്നെ. പക്ഷേ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം മലയാളികൾക്കു നൽകിയ ആശംസയാണിത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ ഇപ്പോഴും അതു കാണാം.

യുദ്ധത്തിന്റെ ആദ്യത്തെ ഇര 

യുദ്ധത്തിൽ പ്രയോഗിക്കുന്ന ആയുധങ്ങളിലൊന്നാണു തെറ്റായ വിവരങ്ങളുടെ പ്രചാരണം (Misinformation). സമൂഹമാധ്യമങ്ങളുടെയൊക്കെ കാലത്തിനു വളരെ മുൻപേയുള്ള യുദ്ധങ്ങളിലും ഇതു പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 

‘യുദ്ധം വരുമ്പോൾ ആദ്യം കൊല്ലപ്പെടുക സത്യമാണ്’ എന്നു പറയാറുണ്ട്. വ്യാജവാർത്തകൾ സൃഷ്ടിക്കാനും അവയുപയോഗിച്ചു കുപ്രചാരണം നടത്താനും സർക്കാരുകൾക്കും സൈന്യങ്ങൾക്കും പ്രത്യേക വിഭാഗങ്ങൾ തന്നെയുണ്ടായിരുന്ന കാലമുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട, ആയുധമില്ലാതെ നടത്തിയ ശീതയുദ്ധ കാലം ഇത്തരം ്രപചാരണങ്ങളുടെ ഏറ്റവും വലിയ സന്ദർഭമായിരുന്നു. അക്കാലത്തു നിലവിലുണ്ടായിരുന്ന മാധ്യമ പ്ലാറ്റ്ഫോമുകളെല്ലാം ഇരുകൂട്ടരും പരസ്പരം വ്യാജപ്രചാരണങ്ങൾക്കായി ഉപയോഗിച്ചു. 

സമൂഹമാധ്യമങ്ങൾ വന്നതോടെ സംഘർഷത്തിലേർപ്പെടുന്നവർ മാത്രമല്ല, അതു കണ്ടിരിക്കുന്നവരും അതിൽനിന്നു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരുമൊക്കെ വ്യാജവിവരക്കളത്തിലെ കളിക്കാരായി.  യുഎസ് സൈന്യം പിന്മാറുകയും താലിബാൻ നിയന്ത്രണം പിടിക്കുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാനിൽനിന്നു വ്യക്തമായ വിവരങ്ങൾ കിട്ടാനുള്ള സ്രോതസ്സുകൾ കൂടിയാണ് അടഞ്ഞിട്ടുള്ളത്. സ്വതന്ത്ര മാധ്യമപ്രവർത്തകർ പലരും ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരുടെ പരിധി ചുരുങ്ങിയെന്നതാണു സത്യം. 

താലിബാൻ കാബൂൾ പിടിച്ചശേഷം സംഭവിച്ചതെന്ന പേരിൽ പല പല വിഡിയോകൾ ഇതിനകം വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിൽ ഏതാണു യഥാർഥം, ഏതാണു തെറ്റായ വിവരം എന്ന കാര്യത്തിൽ ലോകമെങ്ങുമുള്ള ഫാക്ട് ചെക്കേഴ്സിനു കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല.  എന്നാൽ, നമ്മൾ കണ്ട വിഡിയോകളെക്കുറിച്ചുള്ള ചില കാര്യങ്ങൾ വ്യക്തമാണ്: 

∙ കാബൂളിലെ പാർക്കിൽ താലിബാൻ അംഗങ്ങൾ ബംപർ കാറുകളിലും കളിക്കുതിരകളിലും ട്രാംപൊലീനിലും മറ്റും ഉല്ലസിക്കുന്ന വിഡിയോകൾ എന്ന പേരിൽ പ്രചരിക്കുന്നവയിൽ ചിലതു കാബൂളിൽനിന്നുള്ളതല്ല. അവ താലിബാൻ കാബൂളിൽ എത്തുന്നതിനു മുൻപേയുള്ളതാണ്.  (ചിലതു കാബൂളിലേതാകാം)

∙ താലിബാൻ കത്തിച്ചതായി പറയുന്ന പാർക്ക്, മുൻപ് അവർ കാബൂളിൽ കളിച്ചുല്ലസിച്ചുവെന്ന പറയുന്ന അതേ പാർക്കല്ല. അത് ഷെബർഗാൻ നഗരത്തിലുള്ളതാണെന്നാണു വിവരം. 

∙ കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാൻ അംഗങ്ങൾ തോക്കുകളേന്തി സംഗീതത്തിനൊപ്പിച്ചു ആഘോഷനൃത്തം ചെയ്യുന്നതായി പ്രചരിക്കുന്ന വിഡിയോ പുതിയതല്ല. അത് അഞ്ചു മാസം മുൻപേ ഇന്റർനെറ്റിലുള്ളതാണ്. 

∙ ആൾക്കൂട്ടം നോക്കിനിൽക്കെ തെരുവിൽ വിചാരണ ചെയ്തു സ്ത്രീയെ വെടിവച്ചു കൊല്ലുന്നതു കാണിക്കുന്ന വിഡിയോ അഫ്ഗാനിസ്ഥാനിൽനിന്നുള്ളതല്ല. സിറിയയിൽ 2015ൽ സംഭവിച്ചതാണിത്. 

∙ അഫ്ഗാൻ എയർഫോഴ്സ് വനിതാപൈലറ്റിനെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോ 2015ലേതാണ്. സംഭവം അഫ്ഗാനിസ്ഥാനിൽ തന്നെയാണെങ്കിലും ആ വനിത, എയർഫോഴ്സ് പൈലറ്റല്ല. 

∙ കാബൂളിൽ വനിതകളെ തെരുവിൽ ലേലത്തിൽ വിൽക്കുന്നതായി പ്രചരിക്കുന്ന വിഡിയോ 2014ൽ ലണ്ടനിൽ ഐഎസ്ഐഎസിനെതിരെ കുർദിഷ് സന്നദ്ധ പ്രവർത്തകർ നടത്തിയ ആക്ഷേപഹാസ്യ തെരുവുനാടകത്തിൽനിന്നുള്ള ദൃശ്യങ്ങളാണ്. 

‌∙ ഇന്ത്യൻ എയർഫോഴ്സ് കാബൂളിൽനിന്ന് 800 പേരെ എയർലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തിയെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം 2013ലേതാണ്.  ഫിലീപ്പിൻസിലെ കൊടുങ്കാറ്റുണ്ടായ മേഖലയിൽനിന്ന് യുഎസ് വ്യോമസേന ആളുകളെ രക്ഷിച്ചുകൊണ്ടുപോകുന്നതാണു ചിത്രം. 

അഫ്ഗാനിസ്ഥാനിൽനിന്നു സമാനതകളില്ലാത്ത ്രകൂരതകളുടെയും പീഡനങ്ങളുടെയും യഥാർഥമായ വിവരങ്ങളും കാഴ്ചകളും മുൻപും പുറത്തുവന്നിട്ടുണ്ട്; ഇനിയും വന്നേക്കും. എന്നാൽ, പ്രചരിക്കുന്നതെല്ലാം വസ്തുതയാകണമെന്നില്ല എന്നു മാത്രം. 

taliban-mask

ഇത്തരം സന്ദർഭങ്ങളിൽ, നമ്മുടെ പക്കൽ ഷെയർ ചെയ്തെത്തുന്ന വിവരങ്ങളും ദൃശ്യങ്ങളുമൊക്കെ വളരെ സൂക്ഷ്മതയോടെയും വിവേചനബുദ്ധിയോടെയും വിലയിരുത്തുകയും ഫോർവേഡ് ചെയ്യാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.  

മാസ്ക്കില്ലാത്ത  ആക്ഷേപഹാസ്യം! 

ഇതിനിടെ രസകരമായ ഒരു വ്യാജൻ പ്രചരിച്ചതു സിഎൻഎൻ എന്ന രാജ്യാന്തര വാ‍ർത്താ ചാനലിന്റെ പേരിലാണ്. കാബൂളിൽ പ്രവേശിച്ച താലിബാൻകാർ ‘ഉത്തരാവാദിത്തത്തോടെ മാസ്ക് ധരിച്ചിരിക്കുന്നു’ എന്ന ഫ്ലാഷ് ന്യൂസ് ചാനലിൽ വന്നുവെന്ന സ്ക്രീൻ ഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. (ചിത്രം നോക്കുക) എന്നാൽ, അമേരിക്കയിലുള്ള ബാബിലോൺ ബീ എന്ന ആക്ഷേപഹാസ്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തമാശ ചിത്രമാണ്, യഥാർഥമെന്നു വിശ്വസിച്ചു പലരും ഷെയർ ചെയ്തത്!

English Summary: Manorama fact check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com