പ്രതീക്ഷപ്പൂക്കൾ വിരിയിച്ച് ഓണം

HIGHLIGHTS
  • അതിജീവനത്തിനായി കൈകോർക്കാം
Onam-1
SHARE

മലയാളമാകെ തിരുവോണമായി. സമത്വത്തിന്റെയും നിസ്വാർഥതയുടെയും മഹാസന്ദേശം നമ്മെ ഓർമിപ്പിക്കാൻ, ഏതു പതനത്തിൽനിന്നും തിരിച്ചുവരവുണ്ടെന്ന  ആത്മവിശ്വാസം പകരാൻ, മലയാളിക്ക് ഏറ്റവും പരിചിതമായ കഥയിലെ സ്‌നേഹരാജാവ് ഇന്നെത്തുകയാണ്. 

ചരിത്രത്തിലെ ഏറ്റവും കഠിനകാലത്തിലൂടെയാണു ലോകത്തോടൊപ്പം കേരളവും ഇപ്പോൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ, എത്ര നീണ്ട ഇരുട്ടിനുശേഷവും വെളിച്ചം വന്നെത്തുമെന്നും ഏതു സങ്കടത്തിനുശേഷവും സന്തോഷത്തിന്റെ പൂ വിരിയുമെന്നും മാവേലിക്കഥയുടെ കാലാതീത സന്ദേശത്തിൽനിന്നു നാം വായിച്ചെടുക്കുകയാണിപ്പോൾ.  

തിരുവോണത്തിന്റെ സുന്ദരകഥയ്‌ക്കുള്ളിൽ തുടിക്കുന്ന വിശ്വമാനവികതയുടെ സന്ദേശവും ഒരുമയുടെ ഉയിരുള്ള സംഗീതവും നമ്മുടെ വിലപ്പെട്ട നിധിതന്നെയാണ്. മഹാബലിയുടെ ആത്മത്യാഗവും വാർഷികസന്ദർശനവും വേണമെങ്കിൽ ഒരു വെറുംകഥയിൽ ഒതുക്കാമായിരുന്നു. കാലം അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടാണ് ആ കഥയ്‌ക്കുള്ളിൽ തുടിക്കുന്ന പ്രതീക്ഷയുടെ വാടാമലരുകൾ തലമുറകളിലേക്കു കൈമാറാൻ നമുക്കാവുന്നത്. 

കോവിഡ്നിഴൽ വീണ ഈ വല്ലാത്ത കാലത്തും അനുഭവങ്ങളിൽനിന്നുള്ള ശുഭപാഠങ്ങളും ആത്മവിശ്വാസം പകരുന്ന പ്രതീക്ഷകളും നമുക്കൊപ്പമുണ്ട്. ഒരുമകൊണ്ടു നാടിനു പെരുമ നൽകിയ രക്ഷാദൗത്യങ്ങൾകൊണ്ടാണു കേരളം പ്രളയങ്ങളെ ജയിച്ചത്. എല്ലാ വേർതിരിവുകളും ഇല്ലാതാക്കി ഐക്യവും ലക്ഷ്യബോധവുംകൊണ്ടു പുതിയൊരു കേരളംതന്നെ നിർമിക്കുകയായിരുന്നു നമ്മൾ. കഴിഞ്ഞ വർഷം മൂന്നാർ പെട്ടിമുടിയിലെയും കരിപ്പൂരിലെയും ദുരന്തമുഖങ്ങളിലെ സഹജീവിസ്നേഹമുദ്രകൾ കണ്ടും കേരളം കൈകൂപ്പിയിട്ടുണ്ട്. ഒരുമയാണു കേരളത്തിന്റെ അതിജീവനമന്ത്രമെന്നും ഒന്നുകൊണ്ടും തകർക്കാനാവാത്ത മാനവികതയുടെ മഹാവിളംബരമാണ് അതെന്നും വീണ്ടും തെളിയിക്കുകയായിരുന്നു സുമനസ്സുകൾ. 

ഈ കോവിഡ്കാലത്ത് ജീവിക്കാൻ പാടുപെടുന്നവർക്കായി കരുണയുടെ എത്രയോ കൈകൾ നീളുന്നതും നാം കാണുന്നു. അന്നമായും അഭയമായും എത്രയോപേരുടെ കരുതൽ അശരണർക്കു ചുറ്റും പ്രകാശിക്കുന്നുണ്ട്. സ്നേഹം എന്നുതന്നെ പേരുചൊല്ലി വിളിക്കാവുന്ന ഒരുപാടുപേരുടെ നാടാണു നമ്മുടെ കേരളമെന്നതിൽ അഭിമാനിക്കാം. നിശ്ചയദാർഢ്യവും സംഘബലവുമുണ്ടെങ്കിൽ വലുതും ചെറുതുമായ എത്രയോ സാഫല്യങ്ങൾ നമുക്കു സാധ്യമാക്കാമെന്ന ഓർമപ്പെടുത്തൽകൂടിയാണത്. മനുഷ്യരെല്ലാവരും ഒരുപോലെ സ്നേഹത്തിന്റെ സംഗീതം കേട്ടിരുന്ന മാവേലിനാടിന്റെ മുഖമുദ്രയും ഇതുതന്നെയായിരുന്നില്ലേ? 

കഴിഞ്ഞ ഓണവും ഈ ഓണവും കോവിഡിന്റെ നഖമുനയ്ക്കുള്ളിൽതന്നെയാണ്. അതുകൊണ്ടുതന്നെ, ആരോഗ്യകേരളത്തിന്റെ തിരിച്ചുവരവാണു നമുക്കു മുന്നിലുള്ള ഏറ്റവും സുന്ദരമായ സ്വപ്നം; ഏറ്റവും കടുത്ത വെല്ലുവിളിയും. കോവിഡിനെ എതിർത്തുതോൽപിക്കാൻ ഒരു സർക്കാരിനും ഒറ്റയ്ക്കാവില്ല. വ്യക്തിജാഗ്രതയും സമൂഹജാഗ്രതയും ചേർന്നാൽ മാത്രമേ ഈ യുദ്ധം നമുക്കു ജയിക്കാനാവൂ. സ്നേഹത്തിന്റെ സമർപ്പിതമുന്നേറ്റംകൊണ്ടു തോൽപിക്കാനാകാത്ത പ്രതിസന്ധികളില്ലെന്ന അടിസ്ഥാനപാഠം കേരളത്തിനു പുതിയതല്ല.

പൗരബോധം കൊണ്ടും സഹജീവിസ്നേഹംകൊണ്ടും കുറ്റമറ്റ ജാഗ്രതകൊണ്ടും കേരളം കോവിഡിനെ തോൽപിക്കുമെന്ന് ഈ തിരുവോണത്തിന്റെ കാതിൽ ആത്മവിശ്വാസത്തോടെ നമുക്കു പറയാം; എന്നുമീ മണ്ണിൽ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാർഥനകളോടെ മലയാളത്തിന്റെ മഹോത്സവത്തെ  വരവേൽക്കാം.  

ലോകമെങ്ങുമുള്ള മലയാളികൾക്ക് മലയാള മനോരമയുടെ  പൊന്നോണാശംസകൾ.

English Summary: Onam; Celebration of hope

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA