നേരിട്ടു പറക്കാൻ ഉയരട്ടെ ചിറകുകൾ

HIGHLIGHTS
  • യൂറോപ്പിലേക്കും അമേരിക്കയിലേക്കും സുഗമ വിമാനയാത്ര സാധ്യമാകണം
Flight-Representational-image
SHARE

കേരളത്തിൽനിന്നു വിദേശത്തേക്കു വിമാന സർവീസ് തുടങ്ങിയിട്ടു നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇനിയും യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ടുള്ള വിമാനം വിദേശ വിമാനക്കമ്പനികളുടേതായി വരാത്തതു വലിയ യാത്രാദുരിതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ, എയർ ഇന്ത്യ ഒരു മാസത്തേക്കു കൊച്ചി– ലണ്ടൻ വിമാന സർവീസ് പ്രഖ്യാപിച്ചതു സുഗമയാത്രയ്ക്കുള്ള തുടക്കമായി കരുതാം.

കേരളത്തിൽനിന്ന് എയർ ഇന്ത്യ വിമാന സർവീസ് ആരംഭിച്ചതുതന്നെ ഗൾഫിലേക്കായിരുന്നു. ലക്ഷക്കണക്കിനു പ്രവാസികളായിരുന്നു ലക്ഷ്യം. പിന്നീട് ഗൾഫ് വിമാനക്കമ്പനികളും ഇതേ റൂട്ടിൽ സർവീസ് ആരംഭിച്ചു. പക്ഷേ, എല്ലാവരും കേരളത്തിലെ വിമാനത്താവളങ്ങളെയും വൻതോതിലുള്ള യാത്രക്കാരെയും കറവപ്പശുപോലെ ഉപയോഗിക്കുകയായിരുന്നു. ഇവിടെനിന്നു യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോയി ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. 

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെയുള്ള യാത്രക്കാരെ ഇപ്പോഴും ഗൾഫ് വിമാനക്കമ്പനികൾ കേരളത്തിൽനിന്നു ഗൾഫ് നഗരങ്ങളിലേക്കു കൊണ്ടുപോയി, അവിടെനിന്നു കണക്‌ഷൻ ഫ്ലൈറ്റുകൾ വഴി എത്തിക്കുകയാണ്. തുടക്കത്തിൽ അത് അനുഗ്രഹമായിരുന്നുവെങ്കിലും ഇപ്പോൾ മലയാളി പ്രവാസികളും വിനോദസഞ്ചാരികളും ആ നിലവിട്ടു വളർന്നുകഴിഞ്ഞു. വ്യോമയാന ഹബ് നഗരങ്ങളിലെ വിമാനം മാറിക്കയറൽ എന്ന ദുരിതം സഹിക്കാൻ ഇന്ന് അവർ തയാറല്ല. ലണ്ടനിൽ പോകാൻ ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള യാത്രയും വിമാനം മാറിക്കയറലുമാണു കൊച്ചിയിൽനിന്നു നേരിട്ടു വിമാനം വന്നപ്പോൾ കേരളത്തിലെ യാത്രക്കാർക്ക് ഒഴിവായത്. അതുപോലെ ഫ്രാങ്ക്ഫർട്ട്, സിഡ്നി, ന്യൂയോർക്ക്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കും നേരിട്ടു വിമാനം വേണം.

കൊച്ചിയിൽനിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പ്രതിദിനം ശരാശരി 824 യാത്രക്കാർ ഉണ്ടെന്നാണു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) നടത്തിയൊരു പഠനം പറയുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവി‍ടങ്ങളിൽനിന്നുള്ളവരെക്കൂടി ചേർത്താൽ ആയിരത്തിലേറെ യാത്രക്കാർ കാണും. പല വിമാനങ്ങൾ നിറഞ്ഞുപോകാനുള്ള യാത്രക്കാരുടെ എണ്ണമാണിതെന്ന് ഓർമിക്കണം. കൊച്ചിയിൽനിന്നു നേരിട്ടു വിമാനം വന്നാൽ കേരളത്തിലുള്ളവർക്കു മാത്രമല്ല കോയമ്പത്തൂർ, തേനി, നീലഗിരി ജില്ലകൾ ഉൾപ്പെടുന്ന തമിഴ്നാട് ഭാഗത്തു നിന്നുള്ളവർക്കും നേട്ടമാണ്. ചെന്നൈയെക്കാൾ എളുപ്പത്തിൽ അവർക്കു കൊച്ചിയിലെത്താം. നേരിട്ടുള്ള വിമാനങ്ങളുടെ വരവ് കേരള ടൂറിസത്തിനും വലിയ ഉണർവാകും എന്നതിൽ സംശയമില്ല. വിദേശസഞ്ചാരികളുടെ എണ്ണം വർധിക്കുകയും ചെയ്യും. 

കൊച്ചിയിൽനിന്നു ലണ്ടനിലേക്കുള്ള എല്ലാ ബിസിനസ് ക്ലാസ് സീറ്റുകളും നിറഞ്ഞിരിക്കുന്നതിലൂടെ മനസ്സിലാവുന്നതു കേരളത്തിൽനിന്നു നേരിട്ടുള്ള ‘വൈഡ്– ബോഡി’ ഫ്ലൈറ്റുകൾക്കുള്ള സമയമായിരിക്കുന്നു എന്നുതന്നെയാണ്. നേരിട്ടുള്ള ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയാൽ വിജയസാധ്യതയേറുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, കേരളത്തിൽനിന്നു യൂറോപ്പിലേക്കു നേരിട്ടു വിമാനങ്ങൾ ഇല്ലാത്തതിനു പിന്നിലെ കാരണങ്ങളിൽ രാഷ്ട്രീയസമ്മർദവും പണത്തിന്റെ കൈമാറ്റവുമെ‍ാക്കെ ഉണ്ടെന്നാണ് ആരോപണം. നേരിട്ടു യൂറോപ്പിലേക്കു പറക്കാൻ ഒരുങ്ങിവരുന്ന വിമാനക്കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുപോലും സർവീസ് നടക്കാതിരിക്കുന്നതിനു കാരണം കാണാമറയത്താണ്. 

കൊച്ചിയിലേക്കു സർവീസ് നടത്താൻ പല വിദേശ ബജറ്റ് എയർലൈനുകളുമായും സിയാൽ ചർച്ച നടത്തുന്നുണ്ടെന്നതു പ്രതീക്ഷ പകരുന്നു. എയർ ഇന്ത്യ തന്നെ ഇന്ത്യയിലെ 7 പ്രധാന നഗരങ്ങളിൽനിന്നു യൂറോപ്പിലേക്കു പറന്നിട്ടും എന്തുകൊണ്ടു കേരളത്തെ ഇത്ര കാലവും അവഗണിച്ചു, ഒരു മാസത്തേക്കു പ്രഖ്യാപിച്ച ലണ്ടൻ വിമാനം സ്ഥിരമാകുമോ തുടങ്ങിയ ചോദ്യങ്ങൾ ബാക്കിനിൽക്കുന്നുമുണ്ട്. ഡൽഹിയിൽനിന്നു കേരളത്തിന് അനുഭാവപൂർണമായ സമീപനം ഉണ്ടാവാൻ രാഷ്ട്രീയ സമ്മർദവും വേണ്ടിവന്നേക്കാം. 

നാലു രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തിന് അത്യാവശ്യമായി വേണ്ട അടുത്ത പടവാണു നേരിട്ടുള്ള വിമാനങ്ങളുടെ വരവ്. കോവിഡ്കാലത്തെ ടൂറിസത്തിന്റെ മാന്ദ്യം മാറ്റിയെടുക്കാനും വലിയൊരു കുതിപ്പു നേടാനും അത്തരം വിമാനങ്ങളുടെ വരവു വഴിയൊരുക്കുമെന്നു തീർച്ച.

English Summary: Kerala need direct flight to US and Europe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA