ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ പുതിയൊരു ഭരണവും രാഷ്ട്രീയ കാലാവസ്ഥയും ഉരുത്തിരിയുമ്പോൾ രണ്ടിനോടുമുള്ള പ്രായോഗികപ്രതികരണം വലിയൊരു നയതന്ത്ര വെല്ലുവിളിയാണ്; ചരിത്രാതീതകാലം മുതൽ അഫ്ഗാൻ ബന്ധങ്ങളുള്ള ഇന്ത്യയ്ക്കു വിശേഷിച്ചും.

ആ രാജ്യത്തുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാനുള്ള നടപടികൾക്കാണു കേന്ദ്രസർക്കാർ ആദ്യപരിഗണന നൽകിയിട്ടുള്ളത്. ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിലും ഇന്ത്യ താൽപര്യം വയ്ക്കുന്നു. അതുകഴിഞ്ഞാൽ നയസമീപനങ്ങൾ രൂപപ്പെടുത്തുക എന്ന വെല്ലുവിളിയായി. അതിന്റെ ഭാഗമായിത്തന്നെയാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുള്ളത്. 

ഇന്ത്യയുടെ അഫ്ഗാൻനയത്തെ രണ്ടു ദശകങ്ങളായെങ്കിലും യുഎസിന്റെ നിലപാട് സ്വാധീനിക്കുന്നുണ്ട്. താലിബാനെ ഭരണത്തിൽനിന്നു പുറത്താക്കാൻ യുഎസ്–നാറ്റോ സൈനികരുമായി ചേർന്നു പോരാടിയ വടക്കൻ സഖ്യത്തിന്റെ പക്ഷത്തായിരുന്നു ഇന്ത്യ. 2001ലെ ഭരണമാറ്റത്തിനുശേഷം അഫ്ഗാനിസ്ഥാന്റെ പുനർനിർമാണ പദ്ധതികളിലും ക്ഷേമപദ്ധതികളിലും ഇന്ത്യ സജീവ പങ്കാളിയായി. 

ഒരു നൂറ്റാണ്ടിലെ ചരിത്രമെടുത്താൽ, 1996–2001 കാലയളവിലെ താലിബാൻ ഭരണകാലത്തൊഴികെ, മാറിമാറിവന്ന ഭരണകൂടങ്ങളുമായി ഇന്ത്യയ്ക്കു മികച്ച ബന്ധമാണുണ്ടായിരുന്നത്. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തെ പരസ്യമായി പിന്തുണച്ചപ്പോഴും, അതിനെ ശരിവയ്ക്കുന്നില്ലെന്നും എത്രവേഗം പിന്മാറുന്നുവോ അത്രയും നല്ലത് എന്നുമായിരുന്നു രഹസ്യമായി മോസ്കോയോട് ഇന്ത്യ വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ ഭരണം അഫ്ഗാനികളുടെ കയ്യിലായിരിക്കണമെന്നും അത് ആ രാജ്യത്തിന്റെ സ്വയം നിർണയാവകാശത്തിന്റെ ഭാഗമാണെന്നുമാണ് എപ്പോഴും ഇന്ത്യ സ്വീകരിച്ചിട്ടുള്ള സമീപനം. 

തീവ്രവാദത്തെ പാക്കിസ്ഥാൻ ആയുധമാക്കുമ്പോൾ,  ജമ്മു– കശ്മീരിലുൾപ്പെടെ ഭീകരപ്രവർത്തനത്തിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നത് ഇന്ത്യയെ എപ്പോഴും ആശങ്കപ്പെടുത്തുന്നു. കശ്മീരിലെ ജിഹാദിനെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് 1998ൽ താലിബാൻ നേതാവ് മുല്ല ഉമർ നടത്തിയ പ്രസ്താവന, 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവം, വിമാനം വിട്ടുനൽകാൻ ഇന്ത്യൻ ജയിലിൽനിന്നു മൂന്നു പാക്ക് ഭീകരരെ മോചിപ്പിക്കേണ്ടി വന്നത്, 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിക്കു നേരെയുണ്ടായ ആക്രമണം തുടങ്ങിയവയൊക്കെ തുടരുന്ന ഭീഷണിയായി താലിബാനെ കാണാൻ ഇന്ത്യയെ പ്രേരിപ്പിച്ചിരുന്നു എന്നതു ശരിയാണ്. 

എന്നാൽ, സ്ഥിരം ശത്രുക്കളെന്നൊന്നില്ല എന്നതു രാജ്യാന്തര നയതന്ത്രത്തിന്റെ അടിസ്ഥാനപാഠമാണ്. അഫ്ഗാൻ ജനതയ്ക്ക് എന്നും ഇന്ത്യയോടുള്ളതു ഹൃദയപക്ഷത്തുനിന്നുള്ള ബന്ധമാണ്. തിരിച്ചുള്ള ബന്ധത്തിന്റെ സ്വഭാവവും അതുതന്നെ. 1950 ജനുവരിയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച സൗഹൃദ ഉടമ്പടിയിൽ പറഞ്ഞതും ‘ശക്തവും എക്കാലത്തേക്കുമുള്ള സമാധാനവും സൗഹാർദവും’ എന്നാണ്. ഇക്കഴിഞ്ഞ 20 വർഷത്തിൽ അഫ്ഗാനിസ്ഥാനിൽ സ്കൂളുകളും റോഡുകളും മാത്രമല്ല, പാർലമെന്റ് മന്ദിരവും നിർമിക്കാൻ ഇന്ത്യ താൽപര്യപ്പെട്ടതും ആ സൗഹാർദം വിലമതിക്കുന്നതുകൊണ്ടും ആ ജനതയെ ചേർത്തുനിർത്താൻ താൽപര്യപ്പെടുന്നതുകൊണ്ടുമാണ്. 

ലോക രാഷ്ട്രങ്ങളുടെ അംഗീകാരം തങ്ങൾക്കു പ്രധാനമാണെന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകളിലുൾപ്പെടെ താലിബാൻ നേതാക്കൾ സൂചിപ്പിച്ചുകഴിഞ്ഞു.  താലിബാനോടുള്ള സമീപനം രൂപപ്പെടുത്താൻ പ്രമുഖ രാജ്യങ്ങൾ ദോഹയിൽ നടത്തിയ ചർച്ചകളിൽ ഇന്ത്യയ്ക്കു പരിമിതമായ തോതിലെങ്കിലും പങ്കാളിത്തമുണ്ടായിരുന്നു. താലിബാൻ നേതാക്കളുമായി ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ നേരിട്ടു ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ മണ്ണിൽനിന്നു മാത്രമല്ല, പാക്കിസ്ഥാനിൽനിന്നുമുണ്ടാകുന്ന ഇന്ത്യാവിരുദ്ധ നടപടികൾ തടയുന്നതിനും പുതിയ സർക്കാരുമായുള്ള പ്രായോഗികബന്ധം ഇന്ത്യയ്ക്കു പ്രധാനമാണ്.  ഖത്തറുൾപ്പെടെ ഇപ്പോൾ താലിബാനുമേൽ സ്വാധീനമുള്ള രാജ്യങ്ങളുമായുള്ള നല്ല ബന്ധവും ഇക്കാര്യത്തിൽ നമുക്കു പ്രയോജനപ്പെടുത്താനാവണം.  

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത സൽപേരാണ് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലുള്ളത്. ഇന്ത്യയുടെ ഇടപെടലുകൾ എപ്പോഴും സദുദ്ദേശ്യപരമായിരുന്നു എന്നതുതന്നെ കാരണം. അഫ്ഗാനിസ്ഥാനിൽ ചൈനയ്ക്കു മാത്രമല്ല, ഇന്ത്യയ്ക്കും ഖനനം ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക–വ്യാപാര മേഖലകളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്കു മുതൽമുടക്കുള്ള ഇറാനിലെ ചാബഹാർ തുറമുഖ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം പ്രധാന ഘടകമാണ്. അഫ്ഗാനിസ്ഥാനിലെ  ഭരണമാറ്റം പ്രഥമദൃഷ്ട്യാ ഇന്ത്യയ്ക്കു വിഷമകരമാണെങ്കിലും ഉപഭൂഖണ്ഡത്തിന്റെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള  കാര്യങ്ങളിൽ നമുക്കു വലിയൊരു പങ്കു വഹിക്കാനുണ്ട്. ഒപ്പം, അയൽ ബന്ധങ്ങൾ നമ്മുടെ താൽപര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയും വേണം.

English Summary: Afghanistan–India relations in new situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com