പ്രതീക്ഷ വിളയുന്ന അയലത്തെ മാതൃക

HIGHLIGHTS
  • തമിഴ്നാട് കൃഷി ബജറ്റിന് സവിശേഷ പ്രസക്തി
Для Интернета
SHARE

വിളവെടുക്കാനാവാതെയും വിലയില്ലാതെയും വിപണിയില്ലാതെയുമൊക്കെ ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് നമ്മുടെ കർഷകർ. കോവിഡ് കാലത്തിന്റെ സങ്കീർണ വെല്ലുവിളികൾ തുറിച്ചുനോക്കുകയും ചെയ്യുന്നു. ഏതു പ്രതികൂലസാഹചര്യത്തിലും കർഷകർ തോൽക്കാതിരിക്കാൻ താങ്ങും തണലുമായി ഒപ്പമുണ്ടാവേണ്ട സർക്കാർ എത്രത്തോളം ആ കടമ നിർവഹിക്കുന്നുണ്ടെന്ന പരിശോധനയ്ക്കുള്ള അവസരം കൂടിയാണിത്.

കർഷകരുടെ വരുമാനവും ക്ഷേമവും വർധിപ്പിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം കാലത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞ്, തമിഴ്നാടിന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച പ്രത്യേക കൃഷി ബജറ്റ് അതുകൊണ്ടുതന്നെ കേരളത്തിന്റെ സവിശേഷശ്രദ്ധ അർഹിക്കുന്നു. ജലസേചനം, മൃഗപരിപാലനം, ഫിഷറീസ്, സെറികൾചർ, വിപണനം, അടിസ്ഥാനസൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ കൃഷി–അനുബന്ധ മേഖലകളുടെയും എല്ലാ ഘടകങ്ങളും പരിഗണിച്ചുതയാറാക്കിയ ബജറ്റാണ് അതിർത്തിക്കപ്പുറത്തുനിന്നു നാം കേട്ടത്. എന്നാൽ, അതുപോലെ കർഷകർക്കു സുസ്ഥിര വരുമാനവും ആത്മവിശ്വാസവും പകരാനുള്ള നയവും കർമപരിപാടികളും കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചുപറയാൻ ഇപ്പോഴും നമുക്കാവുമോ?

ഒരു കർഷകദിനം കൂടി കടന്നുപോയിട്ട് അധികം ദിവസമൊന്നുമായില്ല. നമ്മുടെ കർഷകർ പരിമിതികൾക്കിടയിലും കേരളത്തെ ഊട്ടുന്നതിനെക്കുറിച്ചു പതിവുപോലെ നാം നന്ദിപൂർവം ഓർമിക്കുകയും ചെയ്തു. എന്നാൽ, വർഷത്തിൽ ബാക്കിയുള്ള ദിനങ്ങളിലെല്ലാം നമ്മുടെ കർഷകർ അവഗണന നേരിടുന്നുവെന്നതല്ലേ യാഥാർഥ്യം? സാമ്പത്തിക സുസ്ഥിതി നേടാൻ സാധിക്കാതെ വരുന്നതാണു നമ്മുടെ കർഷകർ േനരിടുന്ന വിവേചനങ്ങളുടെയും അവഗണനയുടെയും അടിസ്ഥാനം. ഉൽപാദനച്ചെലവിലും ഉയർന്ന വിലയ്ക്കു വിൽക്കാനാവുമെന്ന ഉറപ്പ് കൃഷിക്കാർക്കു നൽകിയാൽ മാത്രമേ സ്‌ഥിരതയോടെ കൃഷി നടത്താൻ അവർക്കു സാധിക്കൂ.

കേരളത്തിലെ കർഷകരുടെ വരുമാനം അടുത്ത 5 വർഷംകൊണ്ട് 50% വർധിപ്പിക്കാനാണു പുതിയ സർക്കാർ‌ ലക്ഷ്യമിടുന്നതെന്നാണു ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞത്. ഇതു നേടാനാവശ്യമായ മൂല്യവർധന കൈവരിക്കാൻ കാർഷിക സംസ്കരണവും വിപണനവും ശക്തമാക്കുമെന്നും ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളും അഗ്രോപാർക്കുകളും സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. തുടർന്നുള്ള സംസ്ഥാന ബജറ്റ് പക്ഷേ, ഈ ദിശയിൽ പുതിയ പ്രതീക്ഷകളൊന്നും നൽകിയില്ല.

കൃഷിക്കുവേണ്ടി മാത്രം തമിഴ്നാട്ടിൽ അവതരിപ്പിച്ചതുപോലൊരു പ്രത്യേക ബജറ്റ് കേരളത്തിനും അഭിലഷണീയമല്ലേ എന്ന ചോദ്യം ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുന്നു. ഇതുവരെ മുഖ്യ ബജറ്റിൽ ഉൾപ്പെടുത്തിപ്പോന്ന കൃഷിവിഷയങ്ങൾ അടർത്തിമാറ്റി, ക്രോഡീകരിച്ചതാണെങ്കിലും ആ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം സുവ്യക്തമാണ് – കൃഷിയും കർഷകക്ഷേമവും സവിശേഷശ്രദ്ധ അർഹിക്കുന്നു. കൃഷിയുടെ കാര്യത്തിൽ കേരളം ദീർഘകാല കാഴ്ചപ്പാട് രൂപീകരിക്കുകയും വിവിധ വകുപ്പുകളെ അതിനായി ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുകയും വേണമെന്ന് ഇന്നലെ മലയാള മനോരമയിൽ കേന്ദ്ര കൃഷി – ഭക്ഷ്യവകുപ്പ് മുൻ സെക്രട്ടറിയും നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമായ ടി. നന്ദകുമാർ പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്.

വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും പഞ്ഞമില്ലെങ്കിലും ഒടുവിൽ പദ്ധതികൾ നടപ്പാകുമ്പോൾ പതിരു മാത്രം ബാക്കിയാകുന്നതാണു പലപ്പോഴും കേരളീയ കർഷകരുടെ അനുഭവം. വഴികാട്ടാനും തുണനൽകാനും സർക്കാരും ബന്ധപ്പെട്ട വികസന ഏജൻസികളും ഉദ്യോഗസ്ഥരും ആത്മാർഥമായി മനസ്സുവച്ചാൽ മാത്രമേ നമ്മുടെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരമാകൂ. പ്രായോഗികതയിലൂന്നിയ ഒരു സമഗ്രനയത്തിന്റെ അഭാവം കാർഷിക മേഖലയുടെ ദുരന്തമാണെന്ന ബോധ്യവും കേരളത്തിനുണ്ടാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA