കർഷകരക്ഷയ്ക്ക് മികച്ച നീക്കവുമായി തമിഴ്നാട്; നമ്മളും മാറേണ്ടതുണ്ട്

Для Интернета
SHARE

തമിഴ്നാടിനെപ്പോലെ കേരളത്തിനും പ്രത്യേക കൃഷി ബജറ്റ് വേണമെന്ന ആവശ്യം വിവിധകോണുകളിൽനിന്നുയരുന്നു. കൃഷിക്കായി പ്രത്യേക ബജറ്റ് എന്നതു സർക്കാരിന്റെ നയതീരുമാനം. പക്ഷേ, കേരളത്തിലെ കർഷകരെ രക്ഷിക്കാൻ നമ്മുടെ പദ്ധതികളും പരിപാടികളും ഇങ്ങനെ മതിയോ? സ്വയംപര്യാപ്ത ഗ്രാമങ്ങളെന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച തമിഴ്നാടിനെ മാതൃകയാക്കാൻ നമ്മൾ വൈകരുത് 

തമിഴ്നാട് ഈയിടെ കൃഷി ബജറ്റ് അവതരിപ്പിച്ചു. അത്തരമൊരു പ്രത്യേക ബജറ്റ് കേരളത്തിനും അഭിലഷണീയമല്ലേ എന്ന ചർച്ചയ്ക്കും ഇതോടെ കളമൊരുങ്ങി.

ഭരണഘടനയുടെ 202–ാം വകുപ്പുപ്രകാരമാണു സംസ്ഥാനങ്ങൾ വാർഷിക ബജറ്റ് അവതരിപ്പിക്കുന്നത്. തൊട്ടടുത്ത സാമ്പത്തികവർഷത്തെ വരവ്–ചെലവു കണക്കുകളുടെ അനുമാനം വിശദമാക്കുന്ന സാമ്പത്തികരേഖയാണു ബജറ്റ് എന്നു പറയാം. വികസനത്തിനുള്ള മാർഗരേഖകൾ, സുപ്രധാന നയങ്ങളും പദ്ധതികളും തുടങ്ങിയവ പ്രഖ്യാപിക്കാനുള്ള അവസരമായി ധനമന്ത്രിമാർ ബജറ്റ് അവതരണത്തെ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ഭരണഘടനാപരമായ നടപടിയുടെ ഭാഗമായി പ്രത്യേക കൃഷി ബജറ്റ് ആവശ്യമാണോ? അല്ല എന്നാണുത്തരം. എങ്കിൽ തമിഴ്നാടിന്റെ കൃഷിബജറ്റിന്റെ സാംഗത്യവും സാധുതയും എന്ത്? യഥാർഥ ബജറ്റിൽ കൃഷിമേഖലയ്ക്കായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളെല്ലാം സമാഹരിച്ചും അതിനൊപ്പം മറ്റു ചില നയ–നടപടികൾ ചേർത്തും സമഗ്രമായ ദർശനരേഖ നിയമസഭയിൽ അവതരിപ്പിക്കുകയാണു കൃഷിമന്ത്രി ചെയ്തിരിക്കുന്നത്. പ്രധാന ബജറ്റിലെ കൃഷിപദ്ധതി പ്രഖ്യാപനങ്ങൾക്കൊരു വിശദീകരണം എന്നും ഇതിനെ കാണാം. ഒട്ടേറെ വകുപ്പുകളുടെ പ്രകടനത്തെ ആശ്രയിച്ചാണു കൃഷിപുരോഗതി എന്നതിനാൽ അത്തരം എല്ലാ നടപടികളും ഒറ്റ രേഖയിൽ ക്രോഡീകരിച്ചതു മികച്ച ആശയം. കൃഷി ബജറ്റ് പ്രധാന ബജറ്റിനു പുറത്തുള്ളതല്ല; അതിന്റെ ഭാഗം തന്നെയാണ്.

Template

കൃഷിക്കും കർഷകക്ഷേമത്തിനും സർക്കാർ ഉയർന്ന പ്രാധാന്യം നൽകുന്നു എന്ന സന്ദേശം ജനങ്ങൾക്കു നൽകാൻ പ്രത്യേക ബജറ്റിനായി. അതു രാഷ്ട്രീയ തന്ത്രമായും കാണാം. ഭരണപരമായ ദിശയിൽ നോക്കുമ്പോൾ ആ സന്ദേശത്തിനു പ്രസക്തിയേറെയുണ്ട്. ചില സംസ്ഥാനങ്ങൾ കൃഷി വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന കൃഷി കാബിനറ്റ് പരീക്ഷിച്ചിട്ടുണ്ട്. മറ്റു ചിലർ വൻ വിവരശേഖരം ഉപയോഗപ്പെടുത്തി കാർഷികാസൂത്രണം നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളാകട്ടെ പ്രധാന ഭരണപരിഷ്കാരങ്ങളിൽത്തന്നെ കൃഷിക്കു സ്ഥാനം നൽകിയിട്ടുണ്ട്. 2025ൽ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ടു കൃഷിവികസന പദ്ധതി തയാറാക്കിയ സംസ്ഥാനവുമുണ്ട്. പല പല സമീപനങ്ങൾ; എല്ലാം ലക്ഷ്യമിടുന്നതു കൃഷിവരുമാനം ഉയർത്തണമെന്നുതന്നെ.

ലക്ഷ്യം വകുപ്പുകളുടെ ഏകോപനം

ദിശാസൂചന നൽകുന്നതിനപ്പുറം തമിഴ്നാട് എന്തൊക്കെയാണു കൃഷി ബജറ്റിൽ ചെയ്തിരിക്കുന്നത്? കർഷകരുടെ വരുമാനവും ക്ഷേമവും വർധിപ്പിക്കാൻ വിവിധ വകുപ്പുകളുടെ ഒത്തുചേർന്നുള്ള പ്രവർത്തനം എന്ന നിലയിലാണ് അവർ കൃഷിയെ കണ്ടത്. ജലസേചനം, മൃഗപരിപാലനം, ഫിഷറീസ്, സെറികൾച്ചർ, വിപണനം, അടിസ്ഥാനസൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ കൃഷി–അനുബന്ധ മേഖലകളുടെയും എല്ലാ ഘടകങ്ങളും അവർ പരിഗണിച്ചു. 

   കൃഷി, പച്ചക്കറിക്കൃഷി, കൃഷി എൻജിനീയറിങ്, കൃഷി വിപണനം, കൃഷി ബിസിനസ്, റവന്യു, ദുരിതനിവാരണം, സഹകരണം, ഭക്ഷ്യം, ഉപഭോക്തൃസംരക്ഷണം, ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ജലസേചനം, വൈദ്യുതി എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സ്വയംപര്യാപ്ത ഗ്രാമങ്ങൾ സൃഷ്ടിക്കുക എന്ന ആശയമാണു ബജറ്റിന്റേത്. വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ കൗതുകകരമായ പരീക്ഷണമാകും ഇത്. 81 പദ്ധതികളും അവയ്ക്കായി 18 വകുപ്പുകളുടെ ഏകോപിത പ്രവർത്തനവും വ്യക്തമായിപ്പറഞ്ഞിരിക്കുന്നതു തികച്ചും ശ്ലാഘനീയം. 

യന്ത്രവൽക്കരണം മുതൽ സൗരോർജവൽക്കരണം വരെ, കർഷകച്ചന്ത മുതൽ കയറ്റുമതി പ്രോത്സാഹനം വരെ, സോഫ്റ്റ്‌വെയർ മുതൽ ഗവേഷണ–വികസനം വരെ, ജീവിതോപാധി മുതൽ ദുരിതനിവാരണം വരെ, കാലാവസ്ഥാധിഷ്ഠിത ആസൂത്രണം മുതൽ റിമോട്ട് െസൻസിങ് വരെ... ഏതാണ്ടെല്ലാക്കാര്യങ്ങളും ഉൾപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കേരളം ഈ മാതൃക സ്വീകരിക്കണോ എന്ന ചോദ്യം ഈ സാഹചര്യത്തിലാണുയരുന്നത്.

1711.i201.040.P.m004.c26.financial technology isometric concept icons

പ്രത്യേക കൃഷി ബജറ്റ് വേണോ എന്നതു രാഷ്ട്രീയനേതൃത്വമാണു തീരുമാനിക്കേണ്ടത്. കർഷകരുടെ വരുമാനത്തിനും ക്ഷേമത്തിനും അവർ നൽകുന്ന പ്രാധാന്യം മൊത്തം പദ്ധതിയിൽ എത്രത്തോളം പ്രതിഫലിക്കുന്നു എന്നു ബോധ്യപ്പെടുത്തുന്ന കാര്യം അവർക്കു വിട്ടുകൊടുക്കാം.

കൃഷിയുടെ കാര്യത്തിൽ കേരളം ദീർഘകാല കാഴ്ചപ്പാട് രൂപീകരിക്കുകയും വിവിധ വകുപ്പുകളെ അതിനായി ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുകയും വേണം. അടുത്ത 5 വർഷത്തേക്കുള്ള പദ്ധതി സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ടാകാമെങ്കിലും കൃത്യതയുള്ള ഒരു പദ്ധതി ഉള്ളതായി കാണുന്നില്ല. 

ഗവർണറുടെ നയപ്രഖ്യാപനത്തിൽ കൃഷി മേഖലയെപ്പറ്റി മുന്നോട്ടുവച്ച ദർശനങ്ങൾ നടപ്പാക്കാനുള്ള വിശദമായ പ്രവർത്തന രൂപരേഖ തയാറാക്കുന്നതാകട്ടെ ഈ ദിശയിലെ ആദ്യപടി. അതൊരു നയരേഖയോ കർമപദ്ധതിയോ കൃഷി  ബജറ്റോ ആകാം. പേര് എന്തുതന്നെയായാലും, ലക്ഷ്യം കർഷകരുടെ വരുമാനവും ക്ഷേമവും വർധിപ്പിക്കുക എന്നതാകണമെന്നു മാത്രം. പദ്ധതിയുടെ ലക്ഷ്യങ്ങൾ കർഷകന്റെ കാഴ്ചപ്പാടിൽനിന്നാകണം രൂപീകരിക്കേണ്ടത്. 

ഭൗതികമോ സാമ്പത്തികമോ ആയ ലക്ഷ്യങ്ങളും കൈവരിക്കലും അളക്കുകയല്ല പ്രധാനം. ഉദ്ദേശിച്ച ഫലം കിട്ടാനാവശ്യമായ നടപടികളാണു വേണ്ടത്, മറിച്ചല്ല. ഉദാഹരണത്തിന്, ഫാർമർ പ്രൊഡ്യൂസർ സംഘടനകളുടെ എണ്ണം പ്രധാനപ്പെട്ടതാണ്, പക്ഷേ, അതിന്റെ വരുമാനം, ലാഭം, ഓരോ കർഷകനും കിട്ടുന്ന പണം എന്നിവ എത്രത്തോളം ഉറപ്പാക്കാനാകുമെന്നത് സുപ്രധാനമാണ്. രേഖയുടെ പേരല്ല, ഉള്ളടക്കമാണു പ്രധാനം. ഏകോപനവും നടപ്പാക്കലുമാകണം ആണിക്കല്ല്.

vegetable

കൃഷി കർമപദ്ധതിയിൽ ഉറപ്പായും വേണ്ടവ

1. ഉദ്ദേശിക്കുന്ന ഫലം കിട്ടാൻ കൊണ്ടുവരാവുന്ന നയംമാറ്റങ്ങൾ.

2. കൃഷിമേഖലയ്ക്കായി വിവിധ വകുപ്പുകൾക്കു കീഴിലുള്ള എല്ലാ പദ്ധതികളുടെയും ഫലപ്രാപ്തിയുടെയും അവലോകനം.

3. പൊതുമേഖലാ യൂണിറ്റുകൾ, ബോർഡുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു കർഷകർക്കു ലഭിക്കുന്ന സേവനങ്ങൾ എന്തെന്നു വ്യക്തമാക്കുന്ന പട്ടിക. ഫാർമർ പ്രൊഡ്യൂസർ സംഘടനകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സംഘടനകളും ലക്ഷ്യം നേടുന്നുണ്ടെന്നുറപ്പാക്കാൻ ഓരോ പ്രവർത്തനത്തിന്റെയും ഉദ്ദേശ്യം കൃത്യമായി നിർവചിച്ചിരിക്കണം.

4. കേന്ദ്ര സർക്കാരിന്റെ കൃഷി– കർഷകക്ഷേമ പരിപാടികളും (തോട്ടവിളകളുടേത് ഉൾപ്പെടെ) അവ നടപ്പാക്കാൻ സംസ്ഥാനത്തിന്റെ പിന്തുണ നടപടികളും. പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവയ്ക്കായുള്ളതും ഇതിൽ ഉൾപ്പെടണം.

5. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉൾപ്പെടെ, വിപണനത്തിനുള്ള (മാർക്കറ്റിങ്) വ്യക്തമായ തന്ത്രങ്ങൾ.

6. കേരളത്തിന്റേതായ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള ഗവേഷണ– വികസന പ്രവർത്തനങ്ങൾ. ഇതു കേരള കാർഷിക സർവകലാശാലയിൽ ഒതുങ്ങണമെന്നില്ല. 

7. കാർഷികോൽപന്ന കയറ്റുമതിയുടെ മൂല്യം കൂട്ടാനുള്ള വ്യക്തമായ പദ്ധതി (ഉൽപന്നങ്ങളുടെ മൂല്യവർധന ഉൾപ്പെടെ).

8. ഭൂമി സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും (പാകപ്പെടുത്തൽ, ഡിജിറ്റൽ രേഖ, തരംമാറ്റം എന്നിങ്ങനെ) അടങ്ങുന്ന കർമപദ്ധതി.

nandakumar
നന്ദകുമാർ

9. സമഗ്ര ജല മാനേജ്മെന്റ് പദ്ധതി. സംരക്ഷണം, ജലോപയോഗ കാര്യക്ഷമത, വരൾച്ച മാനേജ്മെന്റ് തുടങ്ങിയവ.

10. കൃഷിരംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ അടക്കമുള്ള ആധുനിക വിദ്യകളുടെ പ്രയോഗം.

11. കൃഷിരംഗത്തെ വൈദ്യുതി ഉപയോഗം സംബന്ധിച്ച നയവും പദ്ധതിയും. (സൗരോർജം, പാരമ്പര്യേതര ഊർജം ഉൾപ്പെടെ)

12. ഡെയറി, പോൾട്രി, ഫിഷറീസ്, സെറികൾച്ചർ എന്നിങ്ങനെ കർഷക വരുമാനം ഉയർത്താനുള്ള എല്ലാ പദ്ധതികളുടെയും സംയോജനം.

13. കൃഷി അടിസ്ഥാന സൗകര്യ വികസനം. ഇതിൽ വായ്പ, മാർക്കറ്റിങ് സഹായങ്ങളും ഉൾപ്പെടും.

14. സംസ്ഥാന, ജില്ലാതലങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള ആസൂത്രണം, ബ്ലോക്ക്, വില്ലേജ് തലങ്ങളിൽ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഏകോപനം എന്നിവയ്ക്കുള്ള സംവിധാനം.

(കേന്ദ്ര കൃഷി– ഭക്ഷ്യവകുപ്പ് മുൻ സെക്രട്ടറിയും നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമാണ് ലേഖകൻ)

English Summary: Tamil Nadu presents separate Budget for agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA