ADVERTISEMENT

രണ്ടു നൂറ്റാണ്ടിനുള്ളിൽ പരാജയം സമ്മതിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങുന്ന മൂന്നാമത്തെ ലോകവൻശക്തിയാണ് അമേരിക്ക. ഓരോ തവണയും തിരിച്ചടി നേരിട്ട ഭാഗത്തുണ്ട് ഇന്ത്യയും. അട്ടിമറികൾ ഈ അയൽരാജ്യത്തെ ഇന്ത്യയിൽ നിന്ന് കൂടുതൽ അകറ്റുന്നു

ഏതു സൈന്യവും ഒരു പ്രദേശം പിടിച്ചെടുത്താലുടൻ അവിടത്തെ ഏറ്റവും ഉയർന്ന സ്ഥലത്താണ് താവളമുണ്ടാക്കുക. ശത്രു എത്തുന്നത് ദൂരെനിന്നു കാണാനും പ്രതിരോധിക്കാനും എളുപ്പമാണ് എന്നതിനാലാണിത്. എന്നാൽ, 1839ൽ അന്നത്തെ അഫ് ഗാനിസ്ഥാൻ ഭരണാധികാരി ദോസ്ത് മുഹമ്മദിനെ പുറത്താക്കി, ഷാ ഷൂജയെ രാജാവായി അവരോധിക്കാൻ എത്തിയ ബ്രിട്ടിഷ് കമാൻഡർമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യം ഇതു ചെയ്തില്ല. നഗരത്തിലെ ഉയർന്ന കോട്ടയായ ബലാ ഹിസ്സാറിൽ താവളമുണ്ടാക്കുന്നതിനു പകരം നഗരത്തിനു പുറത്തുള്ള പ്രകൃതിസുന്ദരമായ താഴ്‌വരയാണു താവളമായി തിരഞ്ഞെടുത്തത്.

ആഴ്ചകൾ കഴിഞ്ഞതോടെ അഫ് ഗാനികൾ ചെറുത്തുനിൽപ് ആരംഭിച്ചു. അധികം താമസിയാതെ അതു തെരുവുയുദ്ധമായി. താവളത്തിലെ സൈനികരും കുടുംബങ്ങളും കൂട്ടക്കൊലയ്ക്കിരയാകാൻ അധികദിവസം വേണ്ടിവന്നില്ല. പരാജയം സമ്മതിച്ചു പിൻവാങ്ങിയ സൈന്യത്തെ മലയിടുക്കുകളിൽ പാറയുരുട്ടിവിട്ട് ചതച്ചരച്ചുകൊന്നു. ‘ആർമി ഓഫ് ദി ഇൻഡസ്’ അഥവാ ‘സിന്ധുവിൽനിന്നുള്ള സൈന്യം’ എന്ന പേരിൽ കാബൂളിലെത്തിയ ആ വൻ സൈന്യത്തിലെ ഒരാൾ മാത്രമാണ് ഒടുവിൽ ചോരയൊലിക്കുന്ന ശരീരവുമായി ജീവനോടെ ജലാലാബാദിലെ ബ്രിട്ടിഷ് ക്യാംപിൽ തിരിച്ചെത്തിയത് – സൈന്യത്തിലെ സർജൻ ആയിരുന്ന ഡോ. ബ്രൈഡൻ.

ഒന്നരനൂറ്റാണ്ടു കഴിഞ്ഞ് 2001ൽ വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരനായകൻ ഉസാമ ബിൻ ലാദനെയും അയാൾക്ക് അഭയം നൽകിയ താലിബാനെയും വേട്ടയാടിക്കൊണ്ടു കാബൂളിലെത്തിയ അമേരിക്കക്കാർ ആദ്യം താവളമാക്കിയതും പിന്നീട് എംബസി നിർമിച്ചതും നൂറുകണക്കിന് ഇന്ത്യക്കാരുടെ രക്തം വീണ പഴയ ബ്രിട്ടിഷ് താവളമായ താഴ്‌വരയിൽത്തന്നെയായിരുന്നു. ആ താവളത്തിൽനിന്നാണ് ഇപ്പോൾ അമേരിക്ക തോറ്റോടുന്നത്. ഭാഗ്യവശാൽ കൂട്ടക്കൊലയ്ക്കിരയായില്ലെന്നു മാത്രം.

വീണത് വമ്പൻമാർ

രണ്ടു നൂറ്റാണ്ടിനുള്ളിൽ മൂന്നാമത്തെ ലോകവൻശക്തിയാണ് അഫ്ഗാനിസ്ഥാനിൽനിന്നു പരാജയം സമ്മതിച്ചു പിൻവാങ്ങുന്നത്. ഒന്നാമത്തേത് പത്തൊൻപതാം നൂറ്റാണ്ടിൽ ലോകത്തിന്റെ മൂന്നിലൊന്നു കീഴടക്കിവച്ചിരുന്ന ബ്രിട്ടിഷ് സാമ്രാജ്യം. അടുത്തത്, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രണ്ട് ലോകവൻശക്തികളിൽ ഒന്നായിരുന്ന സോവിയറ്റ് യൂണിയൻ. ആ പരാജയത്തിനു പിന്നാലെ സോവിയറ്റ് യൂണിയൻ തന്നെ തകർന്നു. മൂന്നാമത്തേത്, ഇപ്പോൾ ഏക ലോകവൻശക്തിയായ അമേരിക്കയും.

744075
1996ൽ കാബൂളിലേക്ക് സൈനികടാങ്കുമായി മുന്നേറ്റം നടത്തുന്ന താലിബാൻ സംഘം.

ഓരോ അവസരത്തിലും ഇന്ത്യയ്ക്കു നോക്കിനിൽക്കാനേ സാധിച്ചുള്ളൂ എന്ന് വേണമെങ്കിൽ പറയാം. ആദ്യത്തെ സംഭവകാലത്ത് ബ്രിട്ടിഷ് അധീനതയിലായിരുന്നു ഇന്ത്യ. അങ്ങനെ നോക്കുമ്പോൾ പരാജയപ്പെട്ടത് ഇന്ത്യതന്നെയായിരുന്നു. മാത്രമല്ല, അന്നു കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ പടയാളികളായിരുന്നു.

രണ്ടാമത്തെ വൻശക്തി പരാജയം നടക്കുമ്പോൾ ശീതയുദ്ധം മൂലം രണ്ട് ശാക്തികചേരികളായി തിരിഞ്ഞിരിക്കുകയായിരുന്നു ലോകം. അന്നു പരാജയപ്പെട്ട വൻശക്തിയുടെ – സോവിയറ്റ് യൂണിയന്റെ – ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ഇന്ത്യ. അതായത് വീണ്ടും ഇന്ത്യ പരാജിതരുടെ കളത്തിൽ, അല്ലെങ്കിൽ അതിനോടു ചേർന്നുള്ള കളത്തിൽ. മുൻപ് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനാണ് അന്ന് ഏറ്റവും നേട്ടമുണ്ടാക്കിയതായി കരുതപ്പെട്ടത്. ഇന്ത്യയുമായുള്ള കിടമത്സരത്തിന് ആവശ്യമായ ശാക്തിക ആഴമില്ലാതിരുന്ന പാക്കിസ്ഥാൻ പൊടുന്നനെ അതു കൈവരിക്കുകയായിരുന്നു.

മൂന്നാം തോൽവി

സോവിയറ്റ് യൂണിയന്റെ പരാജയത്തിനുശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ലോകശാക്തിക സന്തുലനങ്ങൾ പാടേ മാറി. ഇന്ത്യയുടെ സുഹൃത്തായിരുന്ന സോവിയറ്റ് യൂണിയൻ ഇന്നില്ല. അതിന്റെ പിന്തുടർച്ചരാഷ്ട്രമായി കണക്കാക്കപ്പെടുന്ന റഷ്യ ഇന്ത്യയുടെ സുഹൃത്തായി തുടരുന്നെങ്കിലും ശാക്തികമായി പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്.

ഒരു ദശകത്തിലേറെയായി അമേരിക്കയുമായി ശാക്തിക അടുപ്പത്തിലാണ് ഇന്ത്യ. ആ അമേരിക്കയാണ് ഇപ്പോൾ പരാജയം സമ്മതിച്ചു പിന്മാറുന്നത്. ചുരുക്കത്തിൽ മൂന്നാമത്തെ അവസരത്തിലും ഇന്ത്യ പരാജിതരുടെ കളത്തിലാണ്.രണ്ടു നൂറ്റാണ്ടിനുള്ളിൽ മൂന്നു വൻശക്തികൾ പരാജയപ്പെട്ടപ്പോഴൊക്കെ പരാജിതന്റെ വശത്തായിരുന്നു ഇന്ത്യ എന്നു പറയാം. എന്നാൽ ചരിത്രപരമായി പരിശോധിച്ചാലും ഇപ്പോഴത്തെ സ്ഥിതിഗതികൾ വച്ചുനോക്കിയാലും ഈ രീതിയിൽ മാത്രം ശാക്തികരാഷ്ട്രീയത്തെ കാണുന്നതു ശരിയാകില്ല. ഓരോ വൻശക്തിയുടെ പരാജയത്തിനുശേഷവും കാര്യമായ ക്ഷതമേൽക്കാതെ തിരിച്ചെത്തി അഫ്ഗാൻ ശാക്തികരാഷ്ട്രീയത്തിൽ പുതിയ കളിക്കാരോടൊപ്പം ചേർന്ന് വിവിധ രീതിയിൽ സ്വാധീനം ചെലുത്താൻ ഇന്ത്യയ്ക്കു സാധിച്ചിട്ടുണ്ട്.

ശാക്തിക ആഴം

pakistan-borders-1248

വളരെ ലളിതമായി പറഞ്ഞാൽ, സൈന്യത്തിനു നിന്നുതിരിയാനുള്ള ഭൂവ്യാപ്തിയാണ് ശാക്തിക ആഴം. പാക്കിസ്ഥാന്റെ ഭൂപടമെടുത്ത് അതിർത്തികളിലൂടെ ഒന്നു കണ്ണോടിച്ചാൽ ഇതു വ്യക്തമാകും. പാക്കിസ്‌ഥാന്റെ കിഴക്ക് സൈനികഭീഷണിയായ ഇന്ത്യയുമായി 2240 കിലോമീറ്റർ അതിർത്തിയും നിയന്ത്രണരേഖയും. തെക്കുപടിഞ്ഞാറ്, ശാക്‌തികമായി സൗഹൃദത്തിലല്ലാത്ത, ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഇറാനുമായി 909 കിലോമീറ്റർ. നേരെ പടിഞ്ഞാറ് ഭീകരതാണ്ഡവഭൂമിയായി മാറിയ, അമേരിക്കയുൾപ്പടെ 43 രാജ്യങ്ങളുടെ സൈന്യങ്ങൾ ഇടപെട്ടുകൊണ്ടിരുന്ന അഫ്‌ഗാനിസ്‌ഥാനുമായി 2560 കിലോമീറ്റർ അതിർത്തി. തെക്ക് ഇന്ത്യയുടെയും ഇറാന്റെയും, സുഹൃത്തുക്കളും അല്ലാത്തതുമായി ഒട്ടേറെ രാജ്യങ്ങളുടെയും നാവികശക്‌തി പ്രകടമായിക്കൊണ്ടിരിക്കുന്ന അറബിക്കടലിന്റെ 960 കിലോമീറ്റർ തീരം.

എല്ലാം കൂടി കൂട്ടിയാൽ 6669 കിലോമീറ്റർ അതിർത്തിയാണ് പാക്ക് സൈന്യത്തിനു പ്രതിരോധിക്കാനുള്ളത്. ഭീഷണിയില്ലാത്ത അതിർത്തിയോ? വടക്ക്, പാക്ക് അധിനിവേശ കശ്മീരിനു ചൈനയുമായുള്ള വെറും 580 കിലോമീറ്റർ.ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്. പരസ്യമോഡലുകളെപ്പോലെ മെലിഞ്ഞ അരക്കെട്ടാണ് പാക്കിസ്ഥാന്റേത്. അതായത്, അരഭാഗത്ത് വണ്ണം കുറവ്. ഏറ്റവും ‘വണ്ണം’ കുറഞ്ഞ ഭാഗത്ത് കിഴക്കുനിന്നു പടിഞ്ഞാറേക്കുള്ള ദൂരം വെറും 450 കിലോമീറ്റർ.

ഇന്ത്യയോ ഇറാനോ മിന്നലാക്രമണം നടത്തിയാൽ, ആദ്യപ്രഹരത്തിന്റെ ആഘാതത്തിൽനിന്നു തിരികെക്കയറി സൈന്യത്തെ പിന്നിലേക്കു വലിച്ച് തിരിച്ചടിക്കാൻ മാത്രം ഭൂമിശാസ്ത്രപരമായ വ്യാപ്തിയില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. വ്യോമസുരക്ഷാപരമായി പറഞ്ഞാൽ, പാക്കിസ്‌ഥാന്റെ ഏതു വ്യോമതാവളവും ഇന്ത്യൻ വിമാനങ്ങളുടെ ദൂരപരിധിക്കുള്ളിലാണ്. അതേസമയം, ഇന്ത്യയുടെ പല താവളങ്ങളും പാക്കിസ്ഥാൻ വ്യോമസേനയുടെ ദൂരപരിധിക്കു പുറത്താണ്.

അതായത്, പാക്കിസ്ഥാനെ ചുറ്റുമുള്ള ശത്രുക്കളിലൊരാൾ, പ്രത്യേകിച്ച് ഇന്ത്യ, ആക്രമിച്ചാൽ എന്തുചെയ്യും? പാക്കിസ്‌ഥാനുള്ള അഫ്‌ഗാൻഭ്രമത്തിന്റെ, അഥവാ ഏതുവിധേനയും അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാനുള്ള ആഗ്രഹത്തിന്റെ, ഉറവിടമിതാണ് – തങ്ങൾക്കില്ലാത്ത ‘സ്‌ട്രാറ്റജിക് ഡെപ്‌ത്’ അഫ്‌ഗാനിലൂടെ നേടിയെടുക്കുക. അഫ്‌ഗാനെ തങ്ങളുടെ ശാക്‌തിക പിൻമുറ്റമാക്കുക. അതിനായി പാക്കിസ്ഥാൻ തിരഞ്ഞെടുത്ത മാർഗമാണ് കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി ഇന്ത്യയ്ക്കെന്നല്ല ലോകസമാധാനത്തിനുതന്നെ ഭീഷണിയായിരിക്കുന്നത് – ഭീകരപ്രസ്ഥാനം.

ഇന്ത്യയുടെ അഫ്ഗാന്‍ താല്‍പര്യമെന്ത്? വേണ്ടത് സൗഹൃദഭരണകൂടം; പാക്കിസ്ഥാന് കണ്ണുകടി...

∙ പാക്ക് ഉപദേശം കേട്ട യുഎസിനു പിഴച്ചു; വരുമോ ചൈന–പാക്ക്–താലിബാൻ അച്ചുതണ്ട്?...

English Summary: military super powers and India failed in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com