ADVERTISEMENT

എന്താണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ ആത്യന്തികമായ താൽപര്യം?

പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്തിന്റെ കടന്നുകയറ്റം ഭയന്ന ബ്രിട്ടിഷ് ഇന്ത്യ, അഫ്ഗാനിസ്ഥാനെ ബഫർ (രണ്ടു ശക്തികൾക്കിടയിലെ പ്രദേശം) ആയാണു കണ്ടത്. ബഫർ പ്രദേശം കീഴ്പ്പെടുത്താൻ ഇരുവശത്തെയും ശക്തികൾ ശ്രമിക്കാറില്ല. പകരം, അവിടെ തങ്ങൾക്കിഷ്ടപ്പെട്ട ഭരണകൂടം ഉറപ്പാക്കാനേ നോക്കൂ. ബ്രിട്ടിഷ് ഇന്ത്യയുടെയും പിന്നീട് ഇതുവരെ സ്വതന്ത്ര ഇന്ത്യയുടെയും പ്രാഥമിക ഉദ്ദേശ്യം അതു മാത്രമായിരുന്നു. നൂറ്റാണ്ടുകളായി അക്രമികൾക്ക് ഇന്ത്യയിലേക്കുള്ള കവാടമായിരുന്ന അഫ്ഗാനിസ്ഥാൻ സുഹൃദ്‌രാജ്യമായി നിലകൊള്ളണം.

ഇന്ത്യ വിഭജിക്കപ്പെട്ടതോടെ മറ്റൊരു താൽപര്യം കൂടിയുണ്ടായി – ശത്രുതയിലായ പാക്കിസ്ഥാന് അവരുടെ പടിഞ്ഞാറൻ അതിർത്തിയിൽ അരക്ഷിതബോധം സൃഷ്ടിക്കണം. അതായത്, സൈന്യത്തെയാകെ ഇന്ത്യയുമായുള്ള കിഴക്കൻ അതിർത്തിയിൽ വിന്യസിക്കാൻ പാക്കിസ്ഥാനെ അനുവദിക്കാതിരിക്കുക. പാക്കിസ്ഥാന്റെ പടിഞ്ഞാറുള്ള ഇറാനെയും അഫ്ഗാനിസ്ഥാനെയും സുഹൃത്തുക്കളാക്കിയാണ് ഇന്ത്യ അതിനു ശ്രമിച്ചത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നു മധ്യേഷ്യയിലേക്കുള്ള കവാടം കൂടിയാണ് അഫ്ഗാനിസ്ഥാൻ. ധാതുക്കളും ലോഹങ്ങളും എണ്ണയും പ്രകൃതിവാതകവും കൊണ്ട് സമ്പുഷ്ടമായ മധ്യേഷ്യ ലോകശക്തികളുടെയെല്ലാം നോട്ടത്തിലുണ്ട്. വളർന്നുവരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയ്ക്കും മധ്യേഷ്യയിൽ വാണിജ്യ – സാമ്പത്തിക താൽപര്യങ്ങളുണ്ട്. അഫ്ഗാനികൾ സുഹൃത്തുക്കളായിരുന്നാൽ മാത്രമേ അവരുടെ ഭൂമിയിലൂടെ ഇന്ത്യയിലേക്കും തിരിച്ചും വാണിജ്യം സാധ്യമാകൂ. ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യ പങ്കാളിയാകുന്നതും അവിടെനിന്ന് അഫ്ഗാനിലേക്കു റോഡ് നിർമിക്കുന്നതും ഈ ഉദ്ദേശ്യത്തോടെയാണ്.

Kabul-Airport-Afghan

ചുരുക്കത്തിൽ, അഫ്ഗാനിൽ സുഹൃദ്ഭരണകൂടം വേണമെന്നതിലപ്പുറം ബ്രിട്ടിഷ് ഇന്ത്യയ്ക്കോ സ്വതന്ത്ര ഇന്ത്യയ്ക്കോ ആ പ്രദേശം കീഴ്പ്പെടുത്തി വാഴാൻ താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യയിൽനിന്ന് മൂന്നുതവണ അഫ്ഗാനെ ആക്രമിച്ച ബ്രിട്ടിഷുകാർ പോലും അവിടം കീഴ്പ്പെടുത്തി ഭരിക്കാൻ ശ്രമിച്ചില്ല. പകരം, തങ്ങളോടു സൗഹൃദമുള്ള, റഷ്യൻ സ്വാധീനം അനുവദിച്ചുകൊടുക്കാത്ത ഭരണകൂടങ്ങൾ സ്ഥാപിക്കാനേ ആത്യന്തികമായി അവരും ശ്രമിച്ചുള്ളൂ. ഓരോ തവണയും ബ്രിട്ടിഷുകാർ ഈ ലക്ഷ്യം ഏറെക്കുറെ നേടുകയും ചെയ്തു. ബ്രിട്ടിഷുകാരെ കൊന്നൊടുക്കി, തിരികെ അധികാരത്തിലെത്തിയ ദോസ്ത് മുഹമ്മദ് ഒടുവിൽ ബ്രിട്ടിഷ് ഇന്ത്യയുടെ സുഹൃത്തായി. ബ്രിട്ടിഷുകാർ ഇന്ത്യ വിടുംവരെ സൗഹൃദം തുടരുകയും ചെയ്തു.

പാക്കിസ്ഥാന്റെ കണ്ണുകടി

വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷവും ഇന്ത്യയോടു സൗഹൃദമുള്ള ഭരണകൂടങ്ങളാണ് അഫ്ഗാനിൽ പൊതുവേ രൂപപ്പെട്ടത്. പാക്കിസ്ഥാനു കണ്ണുകടിയായതും ഇതുതന്നെ. ഒപ്പം, മറ്റൊന്നുകൂടി സംഭവിച്ചു. പാക്ക് സൈനികനേതൃത്വം ഒരു കാലത്ത് അയൂബ് ഖാൻ, ടിക്കാ ഖാൻ തുടങ്ങിയ പഠാൻമാരുടെ കുത്തകയായിരുന്നെങ്കിൽ, അവരെ മാറ്റി പാക്ക് പഞ്ചാബിൽ നിന്നുള്ള ഓഫിസർ ക്ലാസ് കയ്യടക്കിത്തുടങ്ങി. സിയാ ഉൾ ഹഖിന്റെ കാലത്തോടെ ഈ മാറ്റം പൂർണമായി.

Kabul-Airport-Taliban-Afghanistan

ഇതിനിടെ, ബഫർ ആയിരുന്ന അഫ്ഗാനിൽ തങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ രാഷ്ട്രീയശക്തികൾ വളർന്നുവരുന്നെന്ന ആശങ്കയിൽ സോവിയറ്റ് റഷ്യ 1979ൽ സൈനികാക്രമണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർക്കു പറ്റിയ അതേ തെറ്റ് റഷ്യ ആവർത്തിച്ചു. അവസരം പാഴാക്കാതെ കമ്യൂണിസത്തോട് പൊരുതാൻ, അമേരിക്കയിൽനിന്നു ലഭിച്ച പണവും ആയുധങ്ങളും ഉപയോഗിച്ച് അഫ്ഗാൻ മുജാഹിദീനെ പാക്കിസ്ഥാൻ വളർത്തിയെടുത്തു. ഒരു ദശകത്തിനുശേഷം സോവിയറ്റ് റഷ്യ പരാജയം സമ്മതിച്ചു പിൻവാങ്ങിയപ്പോൾ, പഠാൻ, തജിക്ക്, ഉസ്ബെക്ക്, ഹസാര തുടങ്ങിയ ഗോത്രവർഗാടിസ്ഥാനത്തിലെ മുജാഹിദീൻ സംഘങ്ങൾ തമ്മിൽ ആഭ്യന്തരയുദ്ധമായി. ഇവരിൽ ഗുൽബുദ്ദിൻ ഹെക്മത്യാറുടെ സംഘത്തെ ആദ്യം പിന്തുണച്ച പാക്കിസ്ഥാൻ 1995–96 ആയപ്പോഴേക്കും താലിബാനെ വളർത്തിയെടുത്തു.

സോവിയറ്റ് പിന്മാറ്റത്തോടെ പാക്കിസ്ഥാന് ഒന്നു വ്യക്തമായി; കാലങ്ങളായി തങ്ങൾ ആഗ്രഹിച്ചിരുന്ന ശാക്തിക ആഴം ലഭിക്കുകയായി. അതോടൊപ്പം ഭീകരതയെ തുരുപ്പുചീട്ടായി ഉപയോഗിക്കാനും അവർ പഠിച്ചു. കശ്മീരിലേക്കു ഭീകരരെ വൻതോതിൽ അയച്ചതുകൂടാതെ മധ്യേഷ്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ഭീകരവാദവും മതമൗലികവാദവും കയറ്റുമതി ചെയ്തുതുടങ്ങി. 1996ൽ കാബൂൾ പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ ലോകം അംഗീകരിക്കാതെ വന്നത് പാക്കിസ്ഥാനു കൂടുതൽ സഹായകരമായി. അഫ്ഗാനുമായുള്ള വാണിജ്യം ഏതാണ്ട് പൂർണമായും പാക്ക് നിയന്ത്രണത്തിലായി. അഫ്ഗാനിൽ മാത്രം വിൽക്കാൻ ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ആയിരക്കണക്കിന് ഉൽപന്നങ്ങൾ പാക്കിസ്ഥാനിലെ പെട്ടിഫാക്ടറികളിൽനിന്നു കയറ്റിവിട്ടു ലാഭം കൊയ്തു.

വടക്കൻ സഖ്യത്തിനൊപ്പം

വെല്ലുവിളികൾ നിലനിൽക്കെത്തന്നെ ഇന്ത്യയ്ക്കും ചിലതു ചെയ്യാനായി. താലിബാനെതിരെ പൊരുതിയിരുന്ന വടക്കൻ സഖ്യവുമായി ബന്ധം സ്ഥാപിച്ചു. അവരുടെ നേതാക്കൾക്കു രാഷ്ട്രീയാഭയത്തിനു പുറമേ, പോരാട്ടത്തിന് ആവശ്യമായ സൈനികേതരസഹായവും ഇന്ത്യ നൽകി. വടക്കൻ സഖ്യത്തിന്റെ തട്ടകമായ പഞ്ച്ശീറിനു സമീപം തജിക്കിസ്ഥാൻ അതിർത്തിയിൽ ആശുപത്രി വരെ ഇന്ത്യ നിർമിച്ചുനൽകി.

ചില സൈനിക കുസൃതികളും ഇന്ത്യ രഹസ്യമായി നടത്തി. തജിക്കിസ്ഥാനിലെ ആയ്നി വ്യോമസേനാതാവളം മെച്ചപ്പെടുത്തി അവിടെ വ്യോമനിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ നീക്കമാരംഭിച്ചു. ആയ്നിയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ താവളമടിച്ചിട്ടുണ്ടന്നു വരെ അക്കാലത്ത് പാക്കിസ്ഥാനിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. തൊണ്ണൂറുകളിൽ ഇറാനുമായി ഇന്ത്യ വ്യോമയാന കരാറുണ്ടാക്കിയത് വ്യോമസേനാ സഹകരണം ഉദ്ദേശിച്ചാണെന്നും പാക്കിസ്ഥാനിൽ ശ്രുതിയുണ്ടായിരുന്നു. 

China Afghanistan

അതായത്, അഫ്ഗാനിസ്ഥാനിലെ ശാക്തികനിക്ഷേപങ്ങൾ നഷ്ടമാകുന്നതിനു പകരം ഇന്ത്യ തജിക്കിസ്ഥാനിലും ഇറാനിലും നിക്ഷേപങ്ങൾ നടത്തുകയാണെന്നു പാക്കിസ്ഥാൻ ഭയന്നു.

ആ പുസ്തകങ്ങൾ ഡൽഹിയിൽ ഇപ്പോഴും കിട്ടുമോ?

2001 നവംബർ – ഡിസംബർ കാലം. അഫ്ഗാനിലെ കാബൂൾ നഗരത്തിലുള്ള പുസ്തകശാലകളിലൂടെ ഈ ലേഖകൻ പരതുമ്പോൾ ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയ ചില കടക്കാർ അടക്കിപ്പിടിച്ച ശബ്ദത്തിൽ ചോദിച്ചു: ‘‘ഓറൽ സ്റ്റീനിന്റെയും ഒലാഫ് കാരോയുടെയും സി.ഇ. യേറ്റിന്റെയും ഫ്രാങ്ക് മാർട്ടിന്റെയുമൊക്കെ പുസ്തകങ്ങൾ ഡൽഹിയിൽ ഇപ്പോഴും കിട്ടുമോ?’’

AFGHANISTAN-CONFLICT

ഇവയിൽ ഒന്നുരണ്ടെണ്ണം വായിച്ചിട്ടുള്ളതിനാലും മറ്റുചിലതിനെക്കുറിച്ച് കേട്ടിട്ടുള്ളതിനാലും, പണ്ഡിതരായ ചില ബ്രിട്ടിഷ് ഉദ്യോഗസ്ഥർ പഖ്തൂൺ പ്രദേശത്തെ സംസ്കാരത്തെയും ജനജീവിതത്തെയും കുറിച്ചു രചിച്ച പുസ്തകങ്ങളാണെന്നു മനസ്സിലായി. പക്ഷേ, അവയിൽ ഇന്നത്തെ അഫ്ഗാനികൾക്കെന്തു താൽപര്യം?

കൂടുതൽ അന്വേഷിച്ചപ്പോഴാണറിഞ്ഞത്. അതിനു 10 കൊല്ലം മുൻപ്, 1989–90 കാലത്ത് സോവിയറ്റ് സൈന്യം അഫ്ഗാൻ വിട്ടൊഴിഞ്ഞുപോയ അവസരത്തിൽ കാബൂളിലെ പുസ്തകശാലകളിലും ലൈബ്രറികളിലും സർവകലാശാലകളിലും മാത്രമല്ല, ലോകത്തെ മിക്ക എംബസികളിലും ഈ പുസ്തകങ്ങൾ എത്തുകയും അവ ചർച്ചയാകുകയും ചെയ്തതാണ്. ഡൽഹിയിൽ റീപ്രിന്റ് ചെയ്ത് വിതരണം ചെയ്ത ഈ പുസ്തകങ്ങളുടെ പെട്ടെന്നുള്ള പ്രചാരണത്തിനു പിന്നിൽ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പുസ്തകങ്ങളുടെ പ്രചാരം പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചു. ഇന്ന് പാക്ക് – അഫ്ഗാൻ അതിർത്തിയായി കരുതപ്പെടുന്ന ഡ്യൂറൻഡ് രേഖയെക്കുറിച്ചും അതിന്റെ ഇരുവശത്തുമുള്ള പഖ്തൂൺ അഥവാ പഠാൻ ജനതയെക്കുറിച്ചുമുള്ള പുസ്തകങ്ങളായിരുന്നു അവ. അവയിൽ പലതുമനുസരിച്ച്, ഇന്നത്തെ പാക്കിസ്ഥാനുകീഴിലെ പഠാൻ പ്രദേശങ്ങൾ 1893ൽ അഫ്ഗാൻ രാജാവ് ബ്രിട്ടിഷ് ഇന്ത്യയ്ക്കു നൂറുകൊല്ലത്തെ പാട്ടത്തിനു നൽകിയതാണ്. സോവിയറ്റ് സൈന്യം അഫ്ഗാൻ വിട്ടതോടെ പാക്കിസ്ഥാനിൽനിന്ന് ആ പ്രദേശങ്ങൾ തിരിച്ചുചോദിക്കാൻ കാബൂൾ ഭരണകൂടത്തിനു തത്വത്തിലെങ്കിലും അവകാശമുണ്ട്.

ഏതായാലും ഗോത്രവാദങ്ങൾക്കുമേൽ പാക്കിസ്ഥാൻ മതമൗലികവാദം ചൊരിഞ്ഞതോടെ ഇവയെല്ലാം അടഞ്ഞ അധ്യായങ്ങളായി. എങ്കിലും ഇത് ഏറെനാൾ തുടർന്നില്ല. ഭീകരനായകൻ ഉസാമ ബിൻ ലാദന് താലിബാൻ ഭരണകൂടം അഭയം നൽകിയത് അവർക്കു വിനയായി. താലിബാനെതിരെ യുദ്ധകാഹളം മുഴക്കിയെത്തിയ അമേരിക്കയോടൊപ്പം നിന്നുകൊണ്ടുതന്നെ താലിബാനെ തുണയ്ക്കാനായിരുന്നു പാക്കിസ്ഥാന്റെ ആദ്യ ശ്രമം. ഈ അവസരം മുതലാക്കി, ഇന്ത്യയുടെയും റഷ്യയുടെയും പിന്തുണയുള്ള വടക്കൻ സഖ്യത്തെക്കൊണ്ട് 2001ൽ കാബൂൾ പിടിച്ചെടുത്തതോടെ കാര്യങ്ങൾ മാറിത്തുടങ്ങി.

കൂടുതൽ വായനയ്ക്ക്...

അഫ്ഗാനിൽ പരാജയം സമ്മതിച്ച് മൂന്നാമത്തെ ലോകവൻശക്തി; ഇന്ത്യയ്ക്ക് മൂന്നാം തിരിച്ചടി?...

∙ പാക്ക് ഉപദേശം കേട്ട യുഎസിനു പിഴച്ചു; വരുമോ ചൈന–പാക്ക്–താലിബാൻ അച്ചുതണ്ട്?...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com