ADVERTISEMENT

ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെയും സർവകക്ഷിസംഘത്തിന്റെയും  ആവശ്യത്തോടു പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ജാതി നിർണായകമെന്നു ബിജെപിക്കു നല്ലപോലെ അറിയാം. യുപി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു; മണ്ഡൽ ദിനങ്ങളെ ഓർമിപ്പിക്കുന്ന മറ്റൊരു കോലാഹലം ബിജെപി ആഗ്രഹിക്കുന്നില്ല

ജാതിയുടെ അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന ആവശ്യവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുകയുണ്ടായി. പ്രധാനമന്ത്രി അവർ പറഞ്ഞതു സശ്രദ്ധം കേട്ടതല്ലാതെ മറുപടി നൽകിയില്ല. ഈ വർഷം മാർച്ചിൽ പാർലമെന്റിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നൽകിയ ഉത്തരം അനുസരിച്ച്, ജാതി സെൻസസ് നടത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ല; അതാണു സർക്കാരിന്റെ പ്രഖ്യാപിത നിലപാട്.

ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ജാതി നിർണായക ഘടകമാണ്; അതു ബിജെപിക്കു നന്നായി അറിയുകയും ചെയ്യാം. 2015ലെ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സംവരണം നിർത്തലാക്കും എന്ന ആർഎസ്എസ് മുഖ്യൻ മോഹൻ ഭാഗവതിന്റെ പ്രസംഗം ബിജെപിയെ ദയനീയമായ തോൽവിയിലേക്കു നയിച്ചു. വി.പി.സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ മണ്ഡൽ കമ്മിഷൻ ശുപാർശ അനുസരിച്ചുള്ള 27% ഒബിസി സംവരണത്തെത്തുടർന്നു നടന്ന സംഭവവികാസങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയം തന്നെ മാറ്റി. പിന്നാക്കജാതിയിൽപെട്ടവർക്കു പ്രാമുഖ്യമുള്ള സമാജ്‌വാദി പാർട്ടി യുപിയിലും ആർജെഡി ബിഹാറിലും ഭരണത്തിൽ വന്നു. ഈ പുതിയ വ്യവസ്ഥയെ മറികടന്നു ഭരണംപിടിക്കാൻ അഡ്വാനിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കു ഹിന്ദുത്വ കാർഡാണു സഹായകമായത്. 

അതിനുശേഷം ഒബിസി വിഭാഗത്തിൽപെട്ട നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബിജെപി വടക്കേഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. യുപിയിലും ബിഹാറിലും പ്രബല പിന്നാക്കസമുദായമായ യാദവർ ഒഴിച്ചുള്ള ഒബിസി ജാതികൾക്കു ബിജെപിയോട് ആഭിമുഖ്യം കൂടി. യാദവേതര പിന്നാക്കജാതികളുടെയും മുൻപുമുതലേ പിന്തുണയ്ക്കുന്ന മുന്നാക്കജാതികളുടെയും പിന്തുണയിൽ ഇപ്പോൾ ബിഹാറിലും യുപിയിലും ബിജെപി ഭരണത്തിലാണ്. നിതീഷ്കുമാർ അപ്രതീക്ഷിതമായി ജാതി സെൻസസിനായി ആവശ്യം ഉന്നയിച്ചപ്പോൾ ബിജെപി നടുങ്ങിക്കാണും. യുപി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു; മണ്ഡൽ ദിനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ മറ്റൊരു കോലാഹലം ബിജെപി ആഗ്രഹിക്കുന്നില്ല. 

സ്വതന്ത്ര ഇന്ത്യയിൽ, 1951 മുതൽ 2011 വരെ നടന്ന സെൻസസുകളിൽ പട്ടികജാതി/പട്ടികവർഗം ഒഴിച്ചു മറ്റാരുടെയും ജാതി ചോദിക്കുന്നില്ല. ഏറ്റവും അവസാനം ഇന്ത്യയിൽ ജാതി സെൻസസ് നടന്നത് 1931ൽ ആണ്. അതനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യയുടെ 52% ഒബിസി വിഭാഗത്തിൽപെടുന്നു. എല്ലാ സെൻസസിനു മുൻപും ജാതി സെൻസസിനുള്ള ആവശ്യം ശക്തമായിരുന്നെങ്കിലും കേന്ദ്ര സർക്കാർ അതിൽനിന്ന് ഒഴിഞ്ഞുമാറി. 2011ൽ മൻമോഹൻ സിങ് സർക്കാർ, സെൻസസിന്റെ ഭാഗമല്ലാതെ ഒരു സാമൂഹിക-സാമ്പത്തിക– ജാതി പരിശോധന നടത്തി. അതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഥാനാർഥിനിർണയം തുടങ്ങിയ കാര്യങ്ങളിൽ സഹായകമാകുന്ന ഈ കണക്കുകൾ ഭരണകക്ഷിക്കു മാത്രമേ അറിയാവൂ എന്നതു മറ്റു പാർട്ടികളെ പ്രതിരോധത്തിലാക്കി. അവർ ഏതാണ്ട് ഒറ്റക്കെട്ടായി ജാതി സെൻസസിനുവേണ്ടി ആവശ്യപ്പെടുന്നു. 

history-book

ജാതി സെൻസസിനുശേഷം ജനസംഖ്യയിലെ പാതിയിലധികംപേർ ഒബിസി വിഭാഗത്തിൽപെട്ടവരാണെന്നു കണ്ടെത്തിയാൽ നിലവിലെ ഒബിസി സംവരണം അപര്യാപ്തമാണെന്ന വാദം ഉയരാം. മറ്റുള്ളവരുടെ സംവരണത്തെ അതു പ്രതികൂലമായി ബാധിച്ചേക്കാം. മറ്റൊരു മണ്ഡൽ ഭൂതത്തിനെയായിരിക്കും ജാതി സെൻസസ് കുടം തുറന്നു വിടുകയെന്നു മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ചിന്തിച്ചതിൽ അദ്ഭുതമില്ല. അതുകൊണ്ടു നിതീഷ്കുമാറിനെ കണ്ടതിനു ശേഷമുള്ള  പ്രധാനമന്ത്രിയുടെ മൗനം മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ആ മൗനം അധികകാലം തുടരാനാകില്ല; യുപിയിൽ തിരഞ്ഞെടുപ്പ് അടുക്കുകയാണ്   

മായ്ച്ചുകളയുന്ന ചരിത്രം

1948 ഫെബ്രുവരിയിൽ പ്രാഗിലെ പഴയ ടൗൺ ഹാൾ മൈതാനത്തെ അഭിമുഖീകരിക്കുന്ന കൊട്ടാരത്തിന്റെ ബാൽക്കണിയിൽ, ആയിരക്കണക്കിന് ആളുകളുടെ സമക്ഷം, ചെക്കോസ്ലൊവാക്യയിലെ മുന്നണി സർക്കാരിന്റെ കമ്യൂണിസ്റ്റുകാരനായ പ്രധാനമന്ത്രി ക്ലെമന്റ് ഗോട്ട്‌വാഡ് പ്രത്യക്ഷപ്പെട്ടു. കടുത്തമഞ്ഞുവീഴ്ചയുള്ള  കാലമായിട്ടും അദ്ദേഹം തൊപ്പി ധരിച്ചിരുന്നില്ല. അടുത്തുനിന്നിരുന്ന സ്ലോവാക്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് വ്ലാഡിമിർ ക്ലെമന്റിസ് തന്റെ രോമത്തോപ്പി ഗോട്ട്‌വാഡിന്റെ തലയിലണിയിച്ചു. അതു ചെക്കോസ്ലൊവാക്യ പൂർണമായും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ വരുന്ന ചരിത്രമൂഹുർത്തമായിരുന്നു. ആ നിമിഷത്തിന്റെ ആയിരകണക്കിനു ചിത്രങ്ങൾ വിതരണം ചെയ്തു. 1952 ഡിസംബറിൽ വ്ലാഡിമിർ ക്ലെമന്റിസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചു തൂക്കിക്കൊന്നു. മിലൻ കുന്ദേര അതിനെക്കുറിച്ച് എഴുതുതിയിരിക്കുന്നത് ഇപ്രകാരമാണ്: “പാർട്ടിയുടെ പ്രചാരണവിഭാഗം ക്ലെമന്റിസിനെ ചരിത്രത്തിൽനിന്നു മായ്ച്ചുകളഞ്ഞു. അതിനുശേഷം ഗോട്ട്‌വാഡ് ബാൽക്കണിയിൽ ഏകാന്തനായി നിൽക്കുന്നു. ഗോട്ട്‌വാഡിന്റെ തലയിലെ രോമത്തോപ്പിയല്ലാതെ ക്ലെമന്റിസിന്റെതായി മറ്റൊന്നും അവശേഷിച്ചിരുന്നില്ല.”

ns-madhavan
എൻ.എസ്. മാധവൻ

ചരിത്രത്തിൽനിന്നു മായ്ച്ചുകളയുക എന്നതു കാലാകാലങ്ങളായി ഭരണാധികാരികൾ ചെയ്തുവരുന്ന പതിവുനടപടിയാണ്. പുരാതന റോമാസാമ്രാജ്യത്തിൽ, അന്തരിച്ച ചക്രവർത്തിയുടെ എതിരാളിയാണു സിംഹാസനത്തിൽ എത്തുന്നതെങ്കിൽ പൂർവികന്റെ പ്രതിമകളക്കം എല്ലാ അടയാളങ്ങളും നശിപ്പിച്ചിരുന്നു. ആധുനികകാലത്തു റഷ്യയിലെ ഭരണാധികാരി സ്റ്റാലിൻ, ചിത്രങ്ങളിൽനിന്ന് തൊട്ടടുത്തു നിന്നിരുന്ന, അദ്ദേഹത്തിന്റെ രാഷ്ട്രീയശത്രുവായ ട്രോട്സ്കിയെ മായ്‌ച്ചുകളഞ്ഞതാണ്.  അതേ സ്റ്റാലിന്റെ, ചില്ലുപേടകത്തിൽ  സൂക്ഷിച്ചിരുന്ന മൃതദേഹം 1961ൽ അന്നത്തെ റഷ്യയുടെ ഭരണാധികാരി ക്രൂഷ്‌ചേവ് നീക്കം ചെയ്തു. നിലവിലെ ഭരണാധികാരികൾക്കോ പ്രബലമായ ആശയങ്ങൾക്കോ എതിരാകുമ്പോഴാണ് ഇത്തരത്തിൽ മായ്ക്കപ്പെടുന്നത്.

ഇന്ത്യയിലെ രക്തസാക്ഷികളുടെ ചരിത്രത്തിൽനിന്നു മലബാർ കലാപത്തിന്റെ നേതാക്കളുടെയും വാഗൺ ദുരന്തത്തിൽ അപമൃത്യു വരിച്ചവരുടെയും പേരുകൾ നീക്കം ചെയ്യാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് നീക്കം നടത്തുകയാണ്. 2016ലെ ഒരു റിപ്പോർട്ടാണ് ഇതിനാധാരം. ഇത്തരത്തിലൊരു നടപടിക്കു വഴിയൊരുക്കുന്ന ഒന്നും സമീപകാലത്തു നടന്നിട്ടില്ല. 

1971ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണു മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിച്ചത്. സർക്കാരുകൾ മാറിമാറി നടത്തുന്ന പ്രഖ്യാപനങ്ങൾക്കും റദ്ദാക്കലുകൾക്കും അതീതമായി, മലബാർ കലാപത്തെപ്പറ്റി ഒരു സത്യം അവശേഷിക്കുന്നു: മലബാറിലെ വലിയൊരു സംഖ്യ വരുന്ന ആളുകളെ അധിനിവേശ ബ്രിട്ടിഷ് സർക്കാർ കൊലപ്പെടുത്തിയിട്ടുണ്ട്. അതു തൂത്താൽ മായുന്ന കാര്യമല്ല. 

സ്കോർപ്പിയൺ കിക്ക് 

കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പൊലീസ് മത്സ്യവിൽപ്പനക്കാരിയുടെ മീൻ തട്ടിത്തെറിപ്പിച്ചെന്നു പരാതി.

കോവിഡിനു വാക്സീനുണ്ട്; ഇത്തരം പൊലീസിനോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com