പാക്ക് ഉപദേശം കേട്ട യുഎസിനു പിഴച്ചു; വരുമോ ചൈന–പാക്ക്–താലിബാൻ അച്ചുതണ്ട്?

അരികെ, അകലെ അഫ്ഗാൻ -
  • 3
AFGHANISTAN-CONFLICT
അഫ്ഗാനിസ്ഥാനിൽ ഇതുവരെ താലിബാനു കീഴ്പ്പെടാത്ത പഞ്ച്ശീർ പ്രവിശ്യയിൽ, പീരങ്കി തയാറാക്കുന്ന താലിബാൻ വിരുദ്ധ സേന. ചിത്രം:എഎഫ്പി
SHARE

ബിൻ ലാദനും അൽഖായിദയ്ക്കും താലിബാനുമെതിരെ പോർവിളിയുമായി 2001ൽ അഫ്ഗാൻ ഭൂമിയിലെത്തിയ അമേരിക്കയ്ക്കു തുടക്കത്തിൽതന്നെ ചുവടുപിഴച്ചു. വ്യക്തമായ സൈനികലക്ഷ്യമോ രാഷ്ട്രീയലക്ഷ്യമോ നിർവചിക്കാതെയാണ് അവർ യുദ്ധത്തിനെത്തിയത്.

താലിബാനെ പൂർണമായും തകർക്കുന്നതിനുപകരം അവരിലെ തീവ്രവാദികളെ തകർത്തു മിതവാദികളെ അധികാരത്തിലേറ്റാനായിരുന്നു അമേരിക്കയുടെ സുഹൃത്തായിരുന്ന അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന്റെ ഉപദേശം. താലിബാനെ സൃഷ്ടിച്ചു തുണച്ചിരുന്ന രാജ്യമാണു പാക്കിസ്ഥാൻ എന്നതു മറന്ന് അമേരിക്ക ആദ്യഘട്ടത്തിൽ അതു ചെവിക്കൊണ്ടു. താലിബാൻവിരുദ്ധ യുദ്ധത്തിൽ അമേരിക്കയുമായി സഹകരിക്കുന്നതിൽനിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു മുഷറഫിന്റെ ഉദ്ദേശ്യം.

പാക്ക് ചാരസംഘടനയായ ഐഎസ്ഐയും സൈന്യവും നൽകിയ വിവരങ്ങളനുസരിച്ച്,  ഏതാനും താലിബാൻ നേതാക്കളെ യുഎസ് സൈന്യം വധിച്ചെങ്കിലും മറ്റുപലരെയും പാക്കിസ്ഥാൻ സംരക്ഷിക്കുന്നതായി താമസിയാതെ വ്യക്തമായി. മാത്രമല്ല, ബിൻ ലാദൻ ഒളിച്ചിരിക്കുന്നതായി സംശയിക്കപ്പെടുന്ന തോറ ബോറ മലകളിൽ കനത്ത ബോംബാക്രമണം നടത്തിയിട്ടും ഫലമുണ്ടായില്ല. ‘‘മലയിലെ മഞ്ഞുരുക്കാൻ കൊള്ളാം’’– കാബൂളിലേക്കു പോകാൻ തയാറെടുക്കുകയായിരുന്ന ഈ ലേഖകനുൾപ്പെടെയുള്ള ഏതാനും പത്രലേഖകരുമായുള്ള കൂടിക്കാഴ്ചയിൽ ബോംബുവർഷത്തെ അന്നത്തെ ഇന്ത്യൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് പരിഹസിച്ചത് ഓർക്കുന്നു.

ഫെർണാണ്ടസിന്റെയും മറ്റു ലോകനേതാക്കളുടെയും പരിഹാസം കുറിക്കുകൊണ്ടു. പാക്ക്ചായ്‌വുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിനു പകരം പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡിനെ പ്രസിഡന്റ് ജോർജ് ബുഷ് മോസ്കോയിലേക്കും ഡൽഹിയിലേക്കും ദൗത്യത്തിനയച്ചു. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒന്നേ റംസ്ഫെൽഡിനോടു പറയാനുണ്ടായിരുന്നുള്ളൂ: മിതവാദി താലിബാനെ തേടി സമയം പാഴാക്കാതെ പഞ്ച്ശീറിലെ വടക്കൻ സഖ്യത്തെ കാബൂൾ പിടിക്കാൻ അനുവദിക്കുക. 

Taliban-Flag

ഈ ഉപദേശം യുഎസ് ചെവിക്കൊണ്ടു. ഒപ്പം, പാക്കിസ്ഥാനെ പിണക്കാതിരിക്കാനും ശ്രദ്ധിച്ചു. കീഴടങ്ങുന്ന താലിബാൻ സൈനികരുടെ ഇടയിൽ പാക്ക് സൈനികരോ പൗരന്മാരോ ഉണ്ടെങ്കിൽ അവരെ ആരുമറിയാതെ രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. കീഴടങ്ങിയ താലിബാൻ സൈനികരിൽനിന്നു പാക്ക് പൗരന്മാരെയും സൈനികരെയും തിരഞ്ഞുമാറ്റി രക്ഷപ്പെടുത്തിയപ്പോഴാണ് 2001 നവംബർ– ഡിസംബർ കാലത്ത് മസാറി ഷറീഫിലും മറ്റും ജയിൽ ലഹള ഉണ്ടായതെന്നാണ് അന്നു കാബൂളിലുണ്ടായിരുന്ന ഈ ലേഖകന് അറിയാൻ കഴിഞ്ഞത്.

ഏതായാലും, കാബൂൾ നഗരം തജിക്കുകളും ഉസ്ബെക്കുകളും ഹസരാകളുമെല്ലാം അടങ്ങുന്ന വടക്കൻ സഖ്യത്തിനുകീഴിലായതോടെ, ഒറ്റപ്പെട്ടുപോയ പഠാൻ വർഗക്കാരെയും കൂട്ടിച്ചേർത്തു ഭരണകൂടം രൂപീകരിക്കാനായി ശ്രമം. അങ്ങനെയാണു പഠാനായ ഹമീദ് കർസായിയുടെ നേതൃത്വത്തിൽ എല്ലാ ഗോത്രങ്ങളുടെയും പ്രതിനിധികളുള്ള സർക്കാർ രൂപപ്പെട്ടത്. 

അന്നുമുതൽ അഫ്ഗാനിസ്ഥാനിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കാനുള്ള നിക്ഷേപങ്ങളാണ് ഇന്ത്യ നടത്തിവന്നത്. പലയിടത്തും പദ്ധതികൾ താലിബാൻ  തടസ്സപ്പെടുത്തി. റോഡ് നിർമാണത്തിലേർപ്പെട്ടിരുന്ന ഇന്ത്യൻ പ്രതിരോധവകുപ്പിനുകീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ആർ. മണിയപ്പൻ  എന്ന മലയാളി ജീവനക്കാരനെ താലിബാൻ തട്ടിക്കൊണ്ടുപോയി വധിച്ചത് ഇന്നും നാം ഞെട്ടലോടെയാണ് ഓർക്കുന്നത്.

ചേർത്തുനിർത്തി ഇന്ത്യ; പാക്കിസ്ഥാന് അസൂയ

സൈനികരംഗത്ത്, അഫ്ഗാൻ സൈന്യത്തിലെ ഓഫിസർമാരെ പരിശീലിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധവച്ചത്. ഇന്ത്യൻ സൈനിക അക്കാദമികളിൽ അവർക്കു പ്രവേശനം നൽകിയതുകൂടാതെ ഇന്ത്യൻ ഓഫിസർമാർ കാബൂളിലെത്തി പരിശീലനം നൽകി. ഇതുകൂടാതെയായിരുന്നു സൈനികസാമഗ്രികൾ നൽകിയത്. നയതന്ത്രകാര്യാലയങ്ങളും വിപുലീകരിച്ചു. 2001ൽ മുഴുവൻസമയ അംബാസഡർ പോലുമില്ലാതെ കാബൂളിലെ മിഷനിൽ ആരംഭിച്ച ഇന്ത്യൻ നയതന്ത്രബന്ധം ഒടുവിൽ എട്ടു നഗരങ്ങളിൽ കോൺസലേറ്റുകളുടെ ശൃംഖലയായി മാറി. 

ഇതെല്ലാം പാക്കിസ്ഥാൻ അസൂയയോടെയാണു നോക്കിക്കണ്ടത്.  അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ളത്ര താൽപര്യം മറ്റൊരു രാജ്യത്തോടും ഇല്ലെന്നതാണു സത്യം. ഭരണകൂടങ്ങളും സൗഹൃദനിലപാടാണു സ്വീകരിച്ചിരുന്നത്. എന്നാൽ, ഭരണരംഗത്തു കാര്യമായ മാറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്കെന്നല്ല, അഫ്ഗാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ച അമേരിക്കയ്ക്കോ മറ്റു ശക്തികൾക്കോ സാധിച്ചില്ല. കർസായിയുടെയും തുടർന്നുവന്ന അഷ്റഫ് ഗനിയുടെയും ഭരണകാലത്ത് അഴിമതി പരക്കെ വർധിച്ചു.  സൈനികസുരക്ഷാകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ച അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഇതൊന്നും തടയുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.   (ഒടുവിൽ അതുതന്നെയാണു തകർച്ചയ്ക്കു വഴിതെളിച്ചതും. മികച്ച ആയുധങ്ങളും പരിശീലനവും ലഭിച്ച സൈന്യമായിരുന്നിട്ടും അവർക്കു വിന്യസിക്കാൻ വേണ്ട പിന്തുണയും ദിശാബോധവും നൽകാൻ അഫ്ഗാൻ നേതൃത്വത്തിനും കഴിഞ്ഞില്ല. )   

Taliban-Afghanistan-19

മിതവാദികളോ തീവ്രവാദികളോ

പഴയ താലിബാനല്ല, മിതവാദികളുടെ നേതൃത്വമാണ് ഇപ്പോൾ കാബൂൾ പിടിച്ചെടുത്തിരിക്കുന്നതെന്നും പഴയപോലെയുള്ള കരാള–മധ്യകാല നിയമങ്ങളൊന്നുമാവില്ല അവർ നടപ്പാക്കുന്നതെന്നും ലോകരാജ്യങ്ങളുടെ അംഗീകാരമാണ് അവർ ആഗ്രഹിക്കുന്നതെന്നും നയതന്ത്രജ്ഞർക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. അഫ്ഗാൻ ജനങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക്, ഈ അഭിപ്രായം ആശ്വാസവും ആശയും നൽകുന്നു.  

താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാനും അവരുമായി വ്യാപാരം നടത്താനും തയാറാണെന്നു ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. കാബൂൾ വളയുന്നതിന് ഒരാഴ്ചമുൻപ് ഉന്നതതല താലിബാൻസംഘം ബെയ്ജിങ് സന്ദർശിച്ചിരുന്നു. താലിബാനെ മെരുക്കിനിർത്തുന്നതിൽ ചൈനയ്ക്കും താൽപര്യമുണ്ടാകും. പാക്ക്–അഫ്ഗാൻ അതിർത്തികളോടു ചേർന്നുകിടക്കുന്ന മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ മതതീവ്രവാദം ആളിക്കത്താതിരിക്കേണ്ടതു ചൈനയുടെ ആവശ്യവുമാണ്.  

ഒന്നാം താലിബാൻ ഭരണകൂടത്തിനു ലോകരാജ്യങ്ങൾ ഭ്രഷ്ട് കൽപിച്ചതുപോലെ രണ്ടാം താലിബാൻ ഭരണത്തെ അവർ മാറ്റിനിർത്തിയെന്നു വരില്ല. എല്ലാവർക്കും, പ്രത്യേകിച്ചു പ്രകൃതിവിഭവങ്ങൾ വറ്റിപ്പോയ യൂറോപ്യൻ രാജ്യങ്ങൾക്ക്, അഫ്ഗാനിസ്ഥാനിലും മധ്യേഷ്യയിലും വാണിജ്യതാൽപര്യങ്ങളുണ്ടാകും. ഇനിയൊരു മധ്യേഷ്യൻ പ്രശ്നത്തിൽ സമീപഭാവിയിലൊന്നും അമേരിക്ക ഇടപെടാനും സാധ്യതയില്ല. റഷ്യയാവട്ടെ 1980കളിൽ ഉണ്ടായ ദുഷ്പേര് ഇനിയും കഴുകിക്കളഞ്ഞിട്ടില്ല. അൻപതുകളിലും അറുപതുകളിലും അഫ്ഗാനിസ്ഥാനിൽ ഏറ്റവുമധികം പുരോഗമനപരമായ നിക്ഷേപങ്ങൾ നടത്തിയതു സോവിയറ്റ് റഷ്യയായിരുന്നുവെങ്കിലും 1979ലെ ആക്രമണത്തോടെ അവർ സൽപേര് കളഞ്ഞുകുളിച്ചു. അഫ്ഗാൻ ജനതയ്ക്ക് റഷ്യക്കാരോടു താൽപര്യമില്ല. 

AFGHANISTAN-CONFLICT

താലിബാനെതിരെ ഇനിയൊരങ്കത്തിനു റഷ്യയ്ക്കോ അമേരിക്കയ്ക്കോ യൂറോപ്യൻ രാജ്യങ്ങൾക്കോ തൽക്കാലം താൽപര്യമുണ്ടായെന്നു വരില്ല. മറ്റ് അഫ്ഗാൻ ഗോത്രവിഭാഗങ്ങളുമായി അധികാരം പങ്കുവച്ചുകൊണ്ടുള്ള മിതവാദി താലിബാനു കീഴിലുള്ള  ഭരണമേ തൽക്കാലം പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ അവർ പുരോഗമനപരമായ സമീപനം സ്വീകരിക്കാൻ നിർബന്ധിതരാവുമെന്നും കരുതാം.   

പക്ഷേ, ശാക്തികതലത്തിൽ ഇതൊന്നും ഇന്ത്യയുടെ ആശങ്ക അകറ്റുന്നില്ല. താലിബാൻ മതമൗലികത കൈവെടിഞ്ഞാൽതന്നെ ഇന്ത്യാവിരോധം കൈവെടിയണമെന്നില്ല. സാമ്പത്തികരംഗത്തും ശാക്തികരംഗത്തും ചൈന–പാക്ക് അച്ചുതണ്ടിന്റെ ഭാഗമാകാനാണ് അവരുടെ നീക്കമെങ്കിൽ അതായിരിക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭീതിജനകമായ ദുഃസ്വപ്നം. മൂന്നുപേരും സൈനികമായി ഒത്തുചേർന്നാൽ? പാക്കിസ്ഥാൻ പണ്ടേ കാംക്ഷിക്കുന്ന കശ്മീർ താഴ്‌വര മാത്രമല്ല, ചൈനയുടെ നോട്ടത്തിലുള്ള ലഡാക്കും അതോടെ അപകടത്തിലാവും. 

ഇങ്ങനെയൊരു ത്രികക്ഷികൂടിച്ചേരലിനെ ഭയന്നുകഴിയണമെന്നല്ല പറയുന്നത്. രണ്ടു ദശകമായി ലഡാക്കിലും പരിസരപ്രദേശങ്ങളിലും ഇന്ത്യ കാര്യമായ സൈനിക–സുരക്ഷാസംവിധാനങ്ങൾ തയാറാക്കി വരുന്നുണ്ട്. ഇതുവരെ ഉയർന്നിരുന്ന സൈനികഭീഷണികളെ നേരിടാൻ അവ പര്യാപ്തവുമായിരുന്നു. മാത്രമല്ല, നാൽപതിലധികം രാജ്യങ്ങളുടെ സൈനികസാന്നിധ്യമുണ്ടായിരുന്ന അഫ്ഗാൻ ഭൂമിയുടെ തൊട്ടുചേർന്ന് ഒരു സൈനികപ്രശ്നം സൃഷ്ടിക്കാൻ ചൈനയോ പാക്കിസ്ഥാനോ ഒരുമ്പെടില്ലെന്നും ഇന്ത്യയ്ക്ക് ഇതുവരെ ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പാണ് ഇതോടെ മാറുന്നത്. 

ചുരുക്കം ഇതാണ് – താലിബാന്റെ തിരിച്ചുവരവിലൂടെ ഇന്ത്യ ഭയക്കേണ്ടത് മതമൗലികവാദമോ തീവ്രവാദമോ അല്ല, താമസിയാതെ രൂപപ്പെടാൻ സാധ്യതയുള്ള ഒരു ബെയ്ജിങ്–ഇസ്‌ലാമാബാദ്– കാബൂൾ ശാക്തിക അച്ചുതണ്ടിനെയാണ്. ചടുലമായ ശാക്തികനയതന്ത്രത്തിലൂടെ അതു തടയാൻ ഇന്ത്യയ്ക്കാവുമെന്ന് കരുതാം.

ചൈനയുടെ താൽപര്യങ്ങൾ

അമേരിക്ക തേടിയിരുന്ന ബിൻ ലാദനെ പാക്കിസ്ഥാനിൽ കണ്ടെത്തി വധിച്ചതോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായ കാലം. തുടർന്നുണ്ടായ രാഷ്ടീയ അസ്ഥിരത ആസിഫ് സർദാരിയുടെയും നവാസ് ഷരീഫിന്റെയും ഭരണകൂടങ്ങളെ ബാധിച്ചു.  സൈനിക–സാമ്പത്തികസഹായം യുഎസ് കുറച്ചുതുടങ്ങി. ഇതോടെ പാക്ക് ജനങ്ങളുടെ – പ്രത്യേകിച്ചു പടിഞ്ഞാറൻ അതിർത്തിയിലെ പഠാന്മാരുടെയും മതമൗലികവാദികളുടെയും – ഇടയിൽ നിലനിന്നിരുന്ന യുഎസ് വിരോധം പാക്ക് രാഷ്ട്രീയത്തിലേക്കും പടർന്നു തുടങ്ങി. ഈ ജനവികാരത്തെ വളമാക്കിയാണ് ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയത്.   

taliban

ഇന്ത്യയുമായി ശാക്തികമായി അടുത്തുതുടങ്ങിയ അമേരിക്കയിൽനിന്ന് ഇതോടെ പാക്കിസ്ഥാൻ അകന്നുതുടങ്ങി. പകരം, ചൈനയുമായി അടുത്തുതുടങ്ങി. ചൈനയാവട്ടെ, സൈനികായുധങ്ങളും സാമ്പത്തികസഹായവും മറ്റുമായി കാത്തുനിൽക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അനാഛാദനം ചെയ്ത ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, പാക്ക്– ചൈനീസ്– അഫ്ഗാൻ അതിർത്തികളോടു തൊട്ടുകിടക്കുന്നതും ഇന്ത്യ സ്വന്തമെന്ന് അവകാശപ്പെടുന്ന ഗിൽജിത്– ബാൾട്ടിസ്ഥാനിലൂടെ കടന്നുപോകുന്നതുമാണ്. കാരക്കോറം ചുരംവഴി അധിനിവേശകശ്മീരിലൂടെ പാക്കിസ്ഥാനിലെത്തി അവിടെനിന്നു പാക്കിസ്ഥാനുവേണ്ടി ചൈന നിർമിച്ചുനൽകിയ ഗ്വാദർ തുറമുഖത്തേക്കാണ് ഇടനാഴി നീളുന്നത്.

അഫ്ഗാനിൽ താലിബാൻ വീണ്ടും പിടിമുറുക്കുമ്പോൾ ഇതുസംബന്ധിച്ചാണ് ഇന്ത്യയുടെ ഏറ്റവും കടുത്ത ആശങ്ക. അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയോടു  താൽപര്യമാണെങ്കിലും താലിബാൻ നേതൃത്വത്തിനുള്ളിൽ പാക്കിസ്ഥാൻ ഇന്ത്യാവിരോധം കുത്തിവയ്ക്കുമെന്ന കാര്യത്തിൽ സംശയംവേണ്ട. മാത്രമല്ല, ഇപ്പോൾ വൻശക്തിയായി ഉയർന്നുകൊണ്ടിരിക്കുന്ന ചൈനയും അതു പ്രോത്സാഹിപ്പിച്ചെന്നു വരും.

(പരമ്പര അവസാനിച്ചു)

∙ ഭാഗം 1: അഫ്ഗാനിൽ പരാജയം സമ്മതിച്ച് മൂന്നാമത്തെ ലോകവൻശക്തി; ഇന്ത്യയ്ക്ക് മൂന്നാം തിരിച്ചടി?...

∙ ഭാഗം 2: ഇന്ത്യയുടെ അഫ്ഗാന്‍ താല്‍പര്യമെന്ത്? വേണ്ടത് സൗഹൃദഭരണകൂടം; പാക്കിസ്ഥാന് കണ്ണുകടി...

English Summary: China-Pakistan-Taliban mutual relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA