ലഹരിവേട്ടയിലെ പഴുതുകൾ

HIGHLIGHTS
  • വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം അനിവാര്യം
Drugs-2
പ്രതീകാത്മക ചിത്രം
SHARE

രാജ്യാന്തര ലഹരിമരുന്നു സംഘങ്ങളുടെ ദക്ഷിണേന്ത്യൻ ഹബ്ബായി നമ്മുടെ കൊച്ചി മാറിയെന്ന ഇന്റലിജൻസ് മുന്നറിയിപ്പുപോലെതന്നെ ആശങ്കയുയർത്തുന്നതാണു  ലഹരിക്കേസുകൾ ഉത്ഭവസ്ഥാനത്തു തന്നെ അട്ടിമറിക്കപ്പെടുന്ന സംഭവങ്ങളും. 11 കോടി രൂപ വിലവരുമെന്ന് അനുമാനിക്കുന്ന ഒന്നേകാൽ കിലോ ലഹരിമരുന്ന്  കാക്കനാട്ടുള്ള ഫ്ലാറ്റിൽനിന്നു കണ്ടെത്തിയതു വൻതുകയുടെ ലഹരിമരുന്നാണു കൊച്ചിയിൽ പതിവായി, നിർബാധം എത്തിക്കൊണ്ടിരിക്കുന്നതെന്നും വെളിവാക്കുന്നു. 

ലഹരിമാഫിയയുടെ അടിത്തട്ടിലെ കണ്ണികൾ മാത്രമാണു പലപ്പോഴും പിടിക്കപ്പെടുന്നത്. കാക്കനാട്ടു പിടിക്കപ്പെട്ട പ്രതികളിൽ ചിലരെ വിചാരണയ്ക്കു മുൻപേ അന്വേഷണ സംഘം കുറ്റവിമുക്തരാക്കിയതും കേരളം കേട്ടു. 7 പ്രതികളുടെ ചിത്രവും വിവരങ്ങളുമടക്കം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പത്രക്കുറിപ്പ് ഇറക്കിയ ശേഷമാണ് ഇതിൽ 2 പ്രതികളെ എക്സൈസ് ജില്ലാ യൂണിറ്റ് കുറ്റവിമുക്തരാക്കിയതെന്നതു വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. റെയ്ഡ് നടക്കാൻ പോകുന്നുവെന്ന വിവരം ‘എവിടെനിന്നോ’ മുൻകൂട്ടി അറിഞ്ഞ പ്രതികൾതന്നെ ലഹരിമരുന്ന് അടങ്ങിയ പാക്കറ്റ് ഒളിപ്പിക്കാനായി എടുത്തുമാറ്റുന്നതിന്റെ ക്യാമറാ ദൃശ്യങ്ങൾ പുറത്താകുകയും ചെയ്തു.

കൊച്ചിയിലെ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുപോലും ലഹരി മിഠായിയും മധുരംകലർത്തിയ കഞ്ചാവു ലേഹ്യവും ലഭ്യമാണെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം  മാതാപിതാക്കളെയും പൊതുജനങ്ങളെയും നടുക്കുന്നതാണ്. കഞ്ചാവിന്റെ പത്തോളം വകഭേദങ്ങൾക്കു പുറമേ, കുറഞ്ഞകാലത്തെ ഉപയോഗം കൊണ്ടുതന്നെ നാഡീവ്യൂഹത്തെ എന്നന്നേക്കുമായി തളർത്തിക്കളയുന്നതും വൻവില വരുന്നതുമായ എട്ടിനം രാസലഹരികൾ ലോക്ഡൗൺകാലത്തുപോലും കൊച്ചിയിൽ ലഭ്യമാണെന്നു കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു ഡ്രഗ് ഇന്റലിജൻസ് വിഭാഗങ്ങളും കസ്റ്റംസ് പ്രിവന്റീവ് സേനയും സംസ്ഥാന എക്സൈസ് സേനയോടു സഹകരിച്ചു ലഹരിക്കെതിരെ പടപൊരുതാൻ തീരുമാനിച്ചത്.

വിവിധ വകുപ്പുകൾ ചേർന്നുനടത്തുന്ന ഇത്തരം വേട്ടകളുടെ വിജയമന്ത്രംതന്നെ പരസ്പരമുള്ള വിശ്വാസവും ഏകോപനവുമാണ്. കൊച്ചിയിൽ സമീപകാലത്തു നടന്ന ലഹരിമരുന്നു വേട്ടകൾ ഫലപ്രദമാക്കിയത്  കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റും സംയുക്തമായാണ്. ലഹരിവേട്ടകളിൽ  രഹസ്യവിവരശേഖരണം നടത്തുന്നതു കസ്റ്റംസാണെങ്കിലും മിന്നൽ പരിശോധനകളോടു സഹകരിക്കുന്നതും കുറ്റമറ്റ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതും എക്സൈസ് സേനയാണ്. 

കാക്കനാട്ടെ  ലഹരിമരുന്നു  കേസിൽ അന്വേഷണ സംഘത്തിനു പറ്റിയ വീഴ്ച നാടാകെ അറി‍ഞ്ഞുകഴിഞ്ഞു. ഈ കേസിന്റെ അന്വേഷണത്തിൽ എക്സൈസ് ജില്ലാ യൂണിറ്റിനു സംഭവിച്ച പാളിച്ചകളിലും  കസ്റ്റംസ്, എക്സൈസ് സേനാവിഭാഗങ്ങൾക്കിടയിൽ  ഉണ്ടായ അലോസരത്തിലും ആഹ്ലാദിക്കുന്നതു സംസ്ഥാനത്തു പിടിമുറുക്കിയ ലഹരി മരുന്നു മാഫിയതന്നെയാവും. എക്സൈസ് ജില്ലാ യൂണിറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മികച്ച പ്രോസിക്യൂഷൻ സാധ്യതയുള്ള കേസിനെ ദുർബലമാക്കിയെന്ന കാര്യത്തിൽ സംശയമില്ല. 

ഉന്നതസ്വാധീനത്തിനു വഴങ്ങി അന്വേഷണ സംഘം ലഹരിമരുന്നു കേസ് അട്ടിമറിക്കാൻ ശ്രമിച്ചതാണോ  അതോ, നമ്മുടെ യുവതലമുറയെ ഇല്ലാതാക്കുന്ന ലഹരിവിപത്തിന് ഉദ്യോഗസ്ഥരുടെ ആലസ്യം കുടപിടിച്ചതാണോ  എന്നതു വ്യക്തമാകണം. അഡീഷനൽ എക്സൈസ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ചില എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്നലെ നടപടി ഉണ്ടായിട്ടുണ്ട്. ലഹരിമരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു വിവിധ അന്വേഷണ ഏജൻസികൾക്കിടയിലെ അഭിപ്രായഭിന്നത മുതലെടുത്ത് പ്രതികൾ കേസിൽനിന്നു രക്ഷപ്പെടുമോ എന്ന ആശങ്കയും  ഉയർന്നിട്ടുണ്ട്. 

വിവിധ വകുപ്പുകളുടെ ഏകോപിത മുന്നേറ്റത്തിലൂടെയേ ലഹരിമാഫിയയുടെ വേരറുക്കാൻ കഴിയൂ എന്നതിൽ സംശയമില്ല. ലഹരിവിപത്തിനെതിരെ  അർപ്പണബുദ്ധിയോടെ  പോരാടുന്ന ഒട്ടേറെ ഉദ്യോഗസ്ഥരുള്ള നമ്മുടെ സേനകളിൽനിന്ന് ഇനിയും ഇത്തരം വീഴ്ചകൾ ആവർത്തിച്ചുകൂടാ.

English Summary: Drug smuggling Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA