സാധുജനങ്ങളുടെ നായകൻ; മഹാത്മാ അയ്യങ്കാളി

HIGHLIGHTS
  • അയ്യങ്കാളി ജയന്തി ഇന്ന്
ayyankali
SHARE

21 വർഷം തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു അയ്യങ്കാളി. എന്നാൽ, അക്കാലമത്രയും താൻ അവിടെ ഉന്നയിച്ച വിഷയങ്ങളിൽ ഒന്നെങ്കിലും സ്വന്തമായി വായിച്ചവതരിപ്പിക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും അവയെല്ലാം, കേരളത്തിലെ അടിമസമൂഹത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഭരണനടപടികൾക്ക് അടിസ്ഥാനമായി! 

അംഗത്വബാഹുല്യമുള്ള ഒരു സംഘടനയുടെ കരുത്തു കാണിച്ചു നേടിയതല്ല അവ. കൊല്ലവർഷം 1080ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സാധുജനപരിപാലന സംഘത്തിന്, 17 വർഷം പിന്നിട്ടപ്പോഴേക്കും 600 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നാണു സർക്കാർ രേഖ. സാധുജനങ്ങൾക്കിടയിൽ സംഘത്തിനു കിട്ടിയ സ്വീകാര്യതയും സഭയിൽ അയ്യങ്കാളി ഉന്നയിച്ച ആവശ്യങ്ങളിൽ നിറഞ്ഞുനിന്ന അപ്രതിരോധ്യമായ ഊർജവുമാണ് അധികാരികളെ നേർവഴിക്കു ചിന്തിപ്പിച്ചതെന്നു കരുതാം. 

ജാതിവാഴ്ചയുടെ ക്രൗര്യം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന ദലിത് സമൂഹത്തിൽനിന്നായിരുന്നു അയ്യങ്കാളിയുടെ വരവ്. അതുകൊണ്ടുതന്നെ, ഭരണവർഗ ക്രൗര്യത്തെ അതിനേക്കാൾ വീറോടെ ചെറുക്കുകയും തിരിച്ചടിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അതാണു സാധുജനത്തെ ആവേശം കൊള്ളിച്ചതും അദ്ദേഹത്തെ അവരുടെ ‘യജമാനൻ’ ആക്കിയതും.   വഴിനടക്കാൻ അനുവദിക്കാത്തിടത്തു വില്ലുവണ്ടി ഓടിച്ചുകയറും. വിലക്കപ്പെട്ട വഴികളിൽ സംഘം ചേർന്നു നടക്കും. പള്ളിക്കൂടം വിലക്കുള്ളിടത്തു കുട്ടികളുമായി എത്തും. എന്നാൽ, ആ ചെറുത്തുകയറ്റങ്ങൾക്കെല്ലാം നിയമപിൻബലമുണ്ടായിരുന്നു. 

അയിത്തജാതി കുട്ടികൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചതിനെ നേരിടാൻ അയ്യങ്കാളിയുടെ കയ്യിൽ, 1909ൽ പരിഷ്കരിച്ച വിദ്യാഭ്യാസ കോഡ് ഉണ്ടായിരുന്നു; ജാതിഭേദത്തെ നിരോധിക്കുന്ന വകുപ്പുമുണ്ട് അതിൽ. 1910 ജനുവരി ഒന്നിനാണ് ആ കോഡ് നടപ്പായത്. അവിടെയും അയിത്തജാതികൾക്കെതിരെ തടസ്സങ്ങളുയർന്നു. വിദ്യാലയമുറ്റത്തു ഗുണ്ടാവിളയാട്ടങ്ങളുണ്ടായി. അതിന് അടിയാളജനത നൽകിയ മറുപടിയായിരുന്നു കാർഷികസമരം. തൊഴിലാളി വർഗത്തിന്റെ പണിമുടക്കായുധപ്രയോഗം ആദ്യമായി കാണുകയായിരുന്നു ഈ നാട്.    

അടിയാളപ്പെണ്ണുങ്ങൾ കല്ലുമാലകൊണ്ടേ മാറുമറയ്ക്കാവൂ എന്നതിനെ 1915ൽ കൊല്ലം ജില്ലയിലെ പെരിനാട്ട്, സംഘത്തിന്റെ കൈക്കരുത്തുകൊണ്ട് അയ്യങ്കാളി പ്രസ്ഥാനം നേരിടുകയായിരുന്നു. ലഹളയിൽ അവസാനിച്ചെങ്കിലും, കൊല്ലം പട്ടണത്തിൽ നടത്തിയ ഐതിഹാസിക സമാധാന മഹാസമ്മേളനത്തിനു മുന്നിൽവച്ചുതന്നെ, കല്ലുമാല എന്ന പരമ്പരാഗത അപമാനത്തെ പോരാളിപ്പെണ്ണുങ്ങൾ അറുത്തെറിഞ്ഞു.

ramadas
ചെറായി രാമദാസ്

ഭൂസ്വത്താണു ദലിതരുടെ മുഖ്യ ആവശ്യങ്ങളിലൊന്നെന്നു പറഞ്ഞുറപ്പിക്കുന്നതാണ് അയ്യങ്കാളിയുടെ മിക്ക പ്രജാസഭാ പ്രസംഗങ്ങളും. അതുന്നയിക്കാൻ 1912 ഫെബ്രുവരി 27ലെ ഒന്നാം പ്രസംഗത്തിൽ അദ്ദേഹം ഉദാഹരണമാക്കിയതു ജപ്പാനിൽ അടിയാളന്മാർക്കു സർക്കാർ ഭൂമി അനുവദിച്ചതാണ്. പുതിയ അറിവുകൾ ശേഖരിച്ചു നൽകാൻ ത്രാണിയും ജാഗ്രതയുമുള്ള തുണയാളുകളുണ്ടായിരുന്നു അയ്യങ്കാളിക്ക്. ഗസറ്റിലും സർക്കാർ ഭരണറിപ്പോർട്ടുകളിലും നിന്നുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സഭാപ്രസംഗങ്ങളിൽ ഉൾപ്പെടുത്താൻ ഈ അദൃശ്യ ‘സെക്രട്ടേറിയറ്റ്’ ജാഗരൂകരായിരുന്നു.   

വേണ്ടിടത്തു ഭൂമിയോളം താണു വിനയാന്വിതനാകാൻ മടിയില്ലാത്ത നയകുശലനുമായിരുന്നു അയ്യങ്കാളി. പെരിനാട് മാടമ്പികളുമായുള്ള അതിരൂക്ഷസംഘട്ടനങ്ങൾക്കു ശേഷം 1915 ഡിസംബർ 12നു കൊല്ലത്തു ചേർന്ന സമാധാന സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം ആ വിശിഷ്ട ഗുണത്തിനു മികച്ച ഉദാഹരണമാണ്: ‘മിസ്റ്റർ അയ്യങ്കാളി തന്റെ സമുദായാംഗങ്ങളോട് ഈശ്വരവിശ്വാസം, പരിഷ്കൃതരീതിയിലുള്ള ദേഹാഛാദനം, നായന്മാരോട് അനുസരണം എന്നീ ഗുണങ്ങൾ ഉള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാരനടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോൾ നായന്മാർക്കു ചിലപ്പോൾ രസം ഉണ്ടായില്ലെന്നു വരാമെന്നും എന്നാൽ തങ്ങൾ ക്ഷമയോടുകൂടിയിരിക്കണമെന്നും പറയുകയുണ്ടായി’ (മിതവാദി, 1916 ജനുവരി, പേജ് 19). 

പക്വതയുള്ള ഈ സമീപനത്തിന്റെ മഹിമ തിരിച്ചറിയാനാവാതെ ‘മിതവാദി’തന്നെ അതിനു നാലു മാസം മുൻപ് എഴുതിയ മുഖപ്രസംഗം, ഉപരിപ്ലവതയുടെ അപഹാസ്യമുഖമാണു കാഴ്ചവച്ചത്. കൊല്ലത്തെ ഊരൂട്ടമ്പലം ലഹള കഴിഞ്ഞു മാസങ്ങൾക്കുശേഷം, മഹാരാജാവിന്റെ തിരുനാളിനു സാധുജന പരിപാലന സംഘം അവിടെത്തന്നെ സംഘടിപ്പിച്ച സമ്മേളനത്തെപ്പറ്റിയായിരുന്നു മുഖപ്രസംഗം.  അയ്യങ്കാളി തന്ത്രപൂർവം നടത്തിയ സമന്വയ പ്രസംഗത്തിലെ വ്യംഗ്യമായ പരിഹാസത്തിന്റെ കൂർത്തമുനകൾ പിടികിട്ടാതെയാണ് പത്രാധിപർ അതു  തയാറാക്കിയത്. സ്വജനരക്ഷയ്ക്കും പൗരസ്വാതന്ത്ര്യത്തിനും സ്വാഭിമാന സ്ഥാപനത്തിനും മാടമ്പികളോട് ഒട്ടേറെത്തവണ അയ്യങ്കാളി ഏറ്റുമുട്ടി. സ്വന്തം സ്കൂൾ, ‘സാധുജനപരിപാലിനി’ എന്ന സ്വന്തം പത്രം എന്നീ സൃഷ്ടിപര യത്നങ്ങൾക്കു മുന്നിട്ടിറങ്ങി.  ഇക്കണ്ട മുഴുവൻ പടയോട്ടങ്ങളിലും ചരിത്രത്തിൽ ഒന്നാമനാണ് അയ്യങ്കാളിയെന്നതിൽ സംശയമില്ല. 

(എഴുത്തുകാരനും  ചരിത്രഗവേഷകനുമാണു ലേഖകൻ)

English summary: Ayyankali birth anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA