‘എല്ലാവരും ടെസ്റ്റ് ചെയ്യാൻ പോകരുത്’; എങ്ങനെ കോവിഡിയറ്റ് ആകാതിരിക്കാം?

vireal
SHARE

കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചു പരിഭ്രാന്തിയുണ്ടാക്കിയേക്കാവുന്ന ഒരു സന്ദേശം വാട്സാപ്പിൽ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട്ടുള്ള പി.പി.വേണുഗോപാൽ എന്ന ഡോക്ടർ എഴുതിയ കുറിപ്പെന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് ശ്വാസകോശത്തെ നേരിട്ടു ബാധിക്കുമെന്നും ഇപ്പോഴത്തെ കോവിഡ് പരിശോധനയിലൂടെ ഈ വൈറസ് വകഭേദത്തെ കണ്ടെത്തുക എളുപ്പമല്ലെന്നുമൊക്കെയാണ് ഇംഗ്ലിഷിലുള്ള കുറിപ്പിൽ പറയുന്നത്. 

ഇംഗ്ലിഷും മെഡിക്കൽ പദാവലികളുമൊക്കെ കാണുമ്പോൾ ഇതു യഥാർഥത്തിൽ ഒരു ഡോക്ടർ എഴുതിയതാകാമെന്നു സാധാരണക്കാർക്കു സംശയം തോന്നുക സ്വാഭാവികം. എന്നാൽ, ഇതു വ്യാജമാണ്. ഡോ.പി.പി.വേണുഗോപാൽ കോഴിക്കോട്ടെ അറിയപ്പെടുന്ന ഡോക്ടറാണ്. അദ്ദേഹം ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടില്ല. ഇതു പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം സൈബർ പൊലീസിൽ പരാതി നൽകുക മാത്രമല്ല, തന്റെ ബ്ലോഗിലുടെയും ഫെയ്സ്ബുക്കിലൂടെയും സന്ദേശം വ്യാജമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, സംഗതി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലോകം കറങ്ങിവരുമെന്ന പഴഞ്ചൊല്ലു പോലെയാണു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളുടെ കാര്യം. വ്യാജൻ പലവട്ടം കറങ്ങിത്തിരിഞ്ഞിടത്തൊന്നും അതിന്റെ സത്യാവസ്ഥ എത്തിയിട്ടുണ്ടാവില്ല.

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ.എസ്.എം.അഷ്റഫിന്റെതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ കാര്യവും സമാനമാണ്. കോവിഡ് സൗജന്യ ചികിത്സയ്ക്കുള്ള നടപടിക്രമം വിശദീകരിക്കുന്ന ഈ സന്ദേശം മലയാളത്തിലാണ്. വിവരങ്ങൾ തെറ്റാണെന്നു മാത്രമല്ല ഡോ. അഷ്റഫ് അങ്ങനെയൊരു വോയ്സ് ക്ലിപ് നൽകിയിട്ടുമില്ല. തന്റെ പേരിൽ മുൻപും വ്യാജ ശബ്ദസന്ദേശങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ടെന്നും പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഡോ. അഷ്റഫ് പറയുന്നു.

കോവിഡ് ലോകത്ത് ആദ്യം പ്രത്യക്ഷപ്പെട്ട അന്നു മുതൽ അതെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളും തുടങ്ങിയതാണ്. സമൂഹമാധ്യമങ്ങളിലൂടെ അസത്യങ്ങളും അർധസത്യങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇപ്പോഴും തുടരുന്നു.

മലയാളത്തിൽ തന്നെയുള്ള എത്ര വോയ്സ് ക്ലിപ്പുകളും വിഡിയോകളും കഴിഞ്ഞ ഒന്നരവർഷത്തിനിടെ നമ്മുടെ വാട്സാപ്പിൽ എത്തി എന്നാലോചിച്ചു നോക്കൂ. ഇവ സംബന്ധിച്ചു കേരളത്തിലെ വിവിധ നഗരങ്ങളിൽ ഒട്ടേറെ സൈബർ കേസുകളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കലക്ടറായിരുന്ന സാംബശിവ റാവു, വയനാട് കലക്ടർ അദീല അബ്ദുല്ല എന്നിവരുടെയൊക്കെ പേരി‍ൽ ഇക്കാലത്തു വ്യാജ ഓഡിയോ ക്ലിപ്പുകൾ പ്രചരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ചു കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയത് ആരോഗ്യമന്ത്രി തന്നെയാണ്.

‘കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരും ടെസ്റ്റ് ചെയ്യാൻ പോകരുത്. ഇന്ത്യയിൽ പരിശോധനാ കിറ്റുകളുടെ എണ്ണം വളരെ കുറവാണ്’ എന്ന വ്യാജ ശബ്ദസന്ദേശം കഴിഞ്ഞ വർഷം പ്രചരിച്ചതു പ്രമുഖ കാർഡിയാക് സർജനായ ഡോ. ദേവി ഷെട്ടിയുടെ പേരിലായിരുന്നു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സർക്കാരുകൾ ശ്രമിക്കുമ്പോഴാണ് അതിനെ പിന്നോട്ടടിക്കാൻ ഈ വ്യാജ സന്ദേശമിറങ്ങിയത്.

മഹാവ്യാധികളും യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളുമുണ്ടാകുമ്പോൾ വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതു പതിവാണ്. കോവിഡ്കാലത്ത് ഇത്തരം പ്രചാരണം സർവകാല റെക്കോർഡിലെത്തിയിട്ടുണ്ടാകും. 

 കോവിഡിനെ സംബന്ധിച്ച വ്യാജ, അസത്യവിവരങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കോവിഡിയറ്റ് (Covidiot) എന്നാണു വിളിക്കുന്നതെന്നു നേരത്തെ ഈ പംക്തിയിൽ സൂചിപ്പിച്ചിരുന്നു. കോവിഡിയറ്റുകളാകാതിരിക്കാൻ ഒറ്റ വഴിയേ ഉള്ളൂ – ആധികാരിക സ്രോതസ്സുകളിൽനിന്നല്ലാത്ത ഫോർവേഡ് മെസേജുകൾ കിട്ടിയാൽ ഷെയർ ചെയ്യാതിരിക്കുക!

English Summary: Fact check on Covid third wave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA