ADVERTISEMENT

നെറ്റ്‌വർക് ലഭിക്കാത്തതിനാൽ മൊബൈൽ ഫോണുമായി മരത്തിൽ കയറിയ വിദ്യാർഥിക്കു കൊമ്പ് ഒടിഞ്ഞുവീണു ഗുരുതരമായി പരുക്കേറ്റതു ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഓൺലൈൻ പഠനത്തിനും അനുബന്ധ കാര്യങ്ങൾക്കും ഡിജിറ്റൽ ഉപകരണങ്ങൾക്കൊപ്പം നെറ്റ്‌വർക് ലഭ്യതകൂടി ഉറപ്പാക്കണമെന്നു കേരളത്തെ ഓർമിപ്പിക്കുകയാണ് ഈ വലിയ വീഴ്ച. 

കണ്ണൂർ കൂത്തുപറമ്പിനു സമീപം, വനമേഖലയോടു ചേർന്നുള്ള പന്ന്യോട് ആദിവാസി കോളനിയിലായിരുന്നു സംഭവം. പ്ലസ് വൺ അലോട്മെന്റ് വിവരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നതിന് ഉയരമുള്ള മരത്തിൽ കയറിയ അനന്തു ബാബുവാണു നട്ടെല്ലിനു പൊട്ടലോടെ ആശുപത്രിയിലായത്. ഈ പ്രദേശത്തു മൊബൈൽ കവറേജ് ലഭിക്കുന്നില്ലെന്നു പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് ഇവിടത്തെ കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. വന്യമൃഗങ്ങളെ പേടിച്ചു മാതാപിതാക്കൾ കൂട്ടിരിക്കേണ്ട സ്ഥിതിയുമുണ്ട്.

പന്ന്യോട് ആദിവാസി കോളനിയും അനന്തു ബാബുവും അനുഭവിക്കുന്ന പ്രശ്നങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ഡിജിറ്റൽ പഠനോപകരണങ്ങൾ  വിദ്യാർഥികൾക്കു ലഭ്യമാക്കാൻ സർക്കാർ കാണിക്കുന്ന ശ്രദ്ധ നെറ്റ്‌വർക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിലും ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? നഗരപ്രദേശങ്ങളെക്കാൾ ഗ്രാമീണമേഖലയിലുള്ള കുട്ടികളാണു കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കുന്നത്. പലയിടത്തും കുന്നിന്റെ മുകളിലും വീടിനു മുകളിലുമൊക്കെ കയറിയാണ് ഓൺലൈൻ പഠനം. മൊബൈൽ ഫോണിനു റേഞ്ച് തേടി കിലോമീറ്ററുകൾ ദൂരേക്കുവരെ പോകേണ്ടിവരുന്ന കുട്ടികളും കുറവല്ല. 

കേരളം മുഴുവൻ സുഗമമായ നെറ്റ്‌വർക് ലഭ്യത ഉറപ്പുവരുത്തുന്നതു തീർച്ചയായും വലിയ വെല്ലുവിളി തന്നെയാണ്. സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് ലഭ്യമാക്കാനും അതിന്റെ വേഗം കൂട്ടാനുമുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ഈ അധ്യയനവർഷത്തിലും പലയിടങ്ങളിലും ഓൺലൈൻ പഠനം മുടങ്ങും. ഇന്റർനെറ്റ് സേവനദാതാക്കൾ ഇക്കാര്യത്തിൽ ആത്മാർഥത കാണിക്കുകയും വേണം. ഗ്രാമീണമേഖലകളിൽ, പൊതുഇടങ്ങൾ കേന്ദ്രീകരിച്ചു മെച്ചപ്പെട്ട വൈഫൈ സൗകര്യം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത വിദൂരമേഖലകളിലുള്ള വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ കലക്ടർമാർക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചു ജൂണിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.  

ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്ത 4.71 ലക്ഷം കുട്ടികളുണ്ടെന്നു സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിൽ, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കാനായൊരു ജനകീയയജ്ഞം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതു പ്രതീക്ഷ നൽകുന്നുണ്ട്. പൊതുസമൂഹത്തിന്റെ പങ്കാളിത്തം സമൃദ്ധമായി ആവശ്യമുള്ളതാണു ‘വിദ്യാകിരണം’ പദ്ധതി. അതേസമയം, ലാപ്ടോപ് നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നിബന്ധന തടസ്സമാകുന്നുവെന്ന വിവരം ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതിക്കു നിയന്ത്രണങ്ങളുള്ളതിനാൽ ലാപ്ടോപ്പുകൾ ഒന്നിച്ചു ലഭ്യമാക്കാനാകില്ലെന്നാണു പ്രധാന കമ്പനികൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

നിർധന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനം എത്രത്തോളം പ്രാപ്യമാണെന്ന ആശങ്ക കേരളത്തിന്റെയാകെ സ്വസ്ഥത കളയേണ്ടതാണ്. സംസ്ഥാനത്തിന്റെതന്നെ വലുപ്പമുള്ളൊരു സ്നേഹയജ്ഞമാണ് ഈ സാഹചര്യത്തിന്റെ ആവശ്യം. അതേസമയം, സ്കൂൾ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ ഏൽപിച്ച, സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സ് കമ്പനിയുടെ ലാപ്ടോപ്പുകൾ വ്യാപകമായി തകരാറിലായതു പോലെയുള്ള ഗുരുതരവീഴ്ചകൾ ആവർത്തിക്കാനും പാടില്ല. 

ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഓൺലൈൻ പഠനസ്വപ്നങ്ങൾക്കു പരമപ്രാധാന്യം നൽകി, അവ കുറ്റമറ്റു സാക്ഷാത്കരിക്കാൻ സർക്കാരും സമൂഹവും ഒട്ടുംവൈകിക്കൂടാ.

English Summary: Govt must ensure devices and network coverage for online class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com