പ്രതിരോധത്തിൽ ഇനി പിഴവുണ്ടാകരുത്

HIGHLIGHTS
  • കോവിഡ് കൈവിട്ടുയരുമ്പോൾ വേണ്ടത് മാതൃകാപരമായ ജാഗ്രത
covid-vaccine
SHARE

കോവിഡ് വ്യാപനത്തിലെ ഏറ്റവും കഠിനഘട്ടങ്ങളിലെ‍ാന്നിൽ എത്തിച്ചേർന്നിരിക്കുകയാണു കേരളം. സംസ്ഥാനത്തു കൈവിട്ടുയരുന്ന വ്യാപനം രാജ്യത്തിന്റെതന്നെ ആശങ്കയായി മാറിയിരിക്കുന്നു. ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കുമപ്പുറത്ത്, പ്രായോഗികവും സമഗ്രവും കുറ്റമറ്റതുമായ പ്രതിരോധ പ്രവർത്തനങ്ങളാണു കേരളം തേടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടാവുന്ന പാളിച്ചകൾക്കു നാം വലിയ വില കെ‍ാടുക്കേണ്ടിവരുമെന്നതിൽ സംശയമില്ല. മൂന്നാം വ്യാപനം നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കം തുടങ്ങിയെന്നു പറയുന്ന സർക്കാർ‌, രണ്ടാം വ്യാപനവേളയിലുണ്ടായ പ്രതിരോധവീഴ്ചകൾ പാഠമാക്കുകയുംവേണം. 

സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിക്കുന്നതനുസരിച്ചു സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നതു വലിയ ആശങ്കയാണുണ്ടാക്കുന്നത്. വെന്റിലേറ്റർ ക്ഷാമത്തിലേക്കു കടന്നിട്ടില്ലെങ്കിലും കേസുകൾ വർധിച്ചാൽ കടുത്ത വെല്ലുവിളിയാകുമെന്നു തീർച്ച. കോവിഡ് നിയന്ത്രണത്തിലാകാത്ത സാഹചര്യത്തിൽ ഇന്നു മുതൽ സംസ്ഥാനത്തു രാത്രികാല കർഫ്യൂ നടപ്പിൽവരികയാണ്. ഇതിനകം ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും അശാസ്ത്രീയമായിരുന്നുവെന്നു രൂക്ഷമായ കോവിഡ് വ്യാപനംതന്നെ വിളിച്ചറിയിക്കുന്നതുകെ‍ാണ്ട് ഇനിയങ്ങോട്ടുള്ള നടപടികളിലെല്ലാം സൂക്ഷ്മശ്രദ്ധ അനിവാര്യമാണ്. 

സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ 35% പേർക്കും വീടുകളിൽനിന്നാണു വൈറസ് ബാധിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയത്. ഹോം ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ, വീട്ടിൽ ഒരാൾക്കു കോവിഡ് ബാധിച്ചാൽ എല്ലാവർക്കും പകരുന്ന അവസ്ഥ ഉണ്ടാവുന്നതു നിർഭാഗ്യകരമാണ്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റീനിൽ കഴിയാവൂയെന്നു സർക്കാർ സംവിധാനങ്ങൾ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്. അതീവജാഗ്രത ഉണ്ടാവേണ്ട ഈ വേളയിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഗൃഹസന്ദർശനങ്ങളും കഴിവതും ഒഴിവാക്കണം. ഇതിനകം നിയന്ത്രണങ്ങളിലുണ്ടായ ഇളവുകൾ ആഘോഷിക്കാനുള്ളതല്ലെന്ന് എല്ലാവരും മനസ്സിൽ ഉറപ്പിക്കുകയും വേണം. 

സാർവത്രിക വാക്സീൻ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ യാത്ര ഒരു കാരണവശാലും വൈകിക്കൂടാ. ഇക്കാര്യത്തിൽ ഉണ്ടാവുന്ന അലംഭാവത്തിനും നിസ്സഹകരണത്തിനും കാലത്തോടു നാം മറുപടി പറയേണ്ടിവരും. 9 ലക്ഷത്തോളം പേർ വാക്സീൻ സ്വീകരിക്കാൻ തയാറായിട്ടില്ലെന്നതു ഗൗരവത്തോടെ കാണണം. ഇവരുടെ പട്ടിക തയാറാക്കി, ബന്ധുക്കളും സുഹൃത്തുക്കളും മുഖേന സമ്മർദം ചെലുത്താനാണു സർക്കാർ തീരുമാനം. 

കോവിഡുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെയുണ്ടാവുന്ന വ്യാജ പ്രചാരണങ്ങളാകട്ടെ സകല സീമകളും കടന്ന് വലിയ വിപത്തായി മാറിക്കഴിഞ്ഞു. പ്രശസ്ത ഡോക്ടർമാരുടെ പേരിൽപോലും കേരളത്തിൽ വ്യാജസന്ദേശങ്ങൾ പടച്ചുവിടുകയാണ്. ഇവ സംബന്ധിച്ചു കേരളത്തിലെ വിവിധ നഗരങ്ങളിൽ ഒട്ടേറെ സൈബർ കേസുകളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്കെ‍ാപ്പം പെ‍ാതുസമൂഹംകൂടി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ആധികാരിക സ്രോതസ്സുകളിൽനിന്നല്ലാത്ത ഫോർവേഡ് മെസേജുകൾ കിട്ടിയാൽ ഷെയർ ചെയ്യാതിരിക്കാനും ഇത്തരം പ്രചാരണങ്ങൾ കണ്ണടച്ചു വിശ്വസിക്കാതിരിക്കാനുമുള്ള ശ്രദ്ധ സാക്ഷരകേരളം കാട്ടിയേതീരൂ. 

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ, കാമ്പുകുറഞ്ഞ ആത്മവിശ്വാസത്തെക്കാൾ സത്യസന്ധമായ ആത്മപരിശോധനയും ആവശ്യമായ തിരുത്തലുമാണു വേണ്ടതെന്ന് ഈ സങ്കീർണസാഹചര്യം കേരളത്തെ ഓർമിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഇവിടത്തേതിനെക്കാൾ രൂക്ഷമായിരുന്ന സംസ്ഥാനങ്ങളെല്ലാം എങ്ങനെയാണു പ്രതിരോധവിജയം നേടിയതെന്ന വിലയിരുത്തൽ നടത്തി, അതിൽനിന്നുള്ള പ്രയോജനപാഠങ്ങൾ ഉൾക്കെ‍ാള്ളുന്നതിൽ ഉപേക്ഷ ഉണ്ടായിക്കൂടാ. കോവിഡിനെതിരെ കേരളത്തിന്റെ പുതിയ പ്രതിരോധതന്ത്രം ആവിഷ്കരിക്കാൻ മെഡിക്കൽ കോളജുകളിലെ കോവിഡ് ചികി‍ത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യവിദ‍ഗ്ധർ എന്നിവരെ പങ്കെടുപ്പിച്ചു ബുധനാഴ്ച നടക്കുന്ന സർക്കാർയോഗം ഫലപ്രദമായ പുതുവഴി കണ്ടെത്തട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA