എന്റെ കൃഷ്ണൻ; എന്നിലേക്കൊഴുകും വാത്സല്യം

HIGHLIGHTS
  • ഇന്ന് ശ്രീകൃഷ്ണജയന്തി
krishnan
SHARE

ഗുരുവായൂരപ്പന്റെ കൃഷ്ണചൈതന്യം വല്ലാത്തൊരു വാത്സല്യത്തോടെ എന്റെ മനസ്സിലേക്കു വന്നതാണ്.  പരദേവത കുമരംചിറ അമ്മയാണ്. കുട്ടിക്കാലം മുതൽ നാമം ചെല്ലുമ്പോൾ ആദ്യം വിളിച്ചിരുന്നത് അമ്മേ എന്നാണ്. ഇന്നും ആദ്യം വിളിക്കുന്നതു മൂകാംബേ എന്നാണ്. അതുതന്നെയാണു കുമരംചിറ അമ്മയും. എപ്പോഴോ ജാതകം നോക്കിയപ്പോൾ പറഞ്ഞതു ഗുരുവിന്റെ അനുഗ്രഹം നല്ലവണ്ണം ഉണ്ടെന്നാണ്. ഗുരു എന്നാൽ ഗുരുവായൂരപ്പൻ തന്നെ. വിളിക്കാതിരുന്നിട്ടും നിറയെ അനുഗ്രഹവുമായി ഗുരുവായൂരപ്പൻ എന്റെ മനസ്സിലേക്കുവന്നു.

കുട്ടിക്കാലത്തു മിക്കപ്പോഴും തൊഴുതിരുന്നതു രവിപുരം കൃഷ്ണക്ഷേത്രത്തിലാണ്. പിന്നീട് എല്ലാ വർഷവും ഗുരുവായൂരിൽവന്നു തൊഴാൻ തുടങ്ങി. എന്നോടുള്ള വാത്സല്യം ഭഗവാൻ പിന്നെയും തന്നുകൊണ്ടിരുന്നു. മോഹനെ ഞാൻ ആദ്യം കാണുന്നതു ഗുരുവായൂരിലൊരു കല്യാണത്തിലാണ്. അന്നെനിക്ക് ഒൻപതു വയസ്സാണ്. തൊട്ടടുത്ത ദിവസം തൊഴാൻ പോയപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നുവെന്നു മോഹൻ പറഞ്ഞിട്ടുണ്ട്. എനിക്കോർമയില്ല. പിന്നീടു മോഹൻ എന്റെ ജീവിതത്തിലേക്കു വന്നു. അഥവാ ഞാൻ മോഹന്റെ ജീവിതത്തിലേക്ക് എത്തി. ഗുരുവായൂരപ്പൻ എന്നോടു കാണിച്ച വാത്സല്യംതന്നെയാണതെന്നു ഞാൻ വിശ്വസിക്കുന്നു.

sujatha
സുജാത മോഹൻ

മോഹൻ എന്നെക്കണ്ട കല്യാണത്തിനു യേശുദാസിന്റെ പാട്ടുമുണ്ടായിരുന്നു. അന്നാണു ഞാൻ ആദ്യമായി ദാസേട്ടനെ കാണുന്നത്. അദ്ഭുതംപോലെ ഞാൻ ആദ്യമായി ദാസേട്ടന്റെ കൂടെ പാടുന്നതും അവിടെവച്ചാണ്. പിന്നീട് എന്റെ സംഗീതജീവിതം ആ മഹാത്മാവുമായി എത്രയേറെ ചേർന്നുനിന്നുവെന്നു പറയേണ്ടതില്ലല്ലോ. ഗുരുവായൂരപ്പന്റെ പരമഭക്തനായ ഒരാളുമായി ചേർന്നു പാടിയതൊരു നിമിത്തമാകും. അതും ശ്രീകൃഷ്ണന്റെ വാത്സല്യമല്ലാതെ എന്താണ്. 

ചെമ്പൈ സ്വാമിക്കു ശബ്ദം തിരിച്ചുകൊടുത്തതു കൃഷ്ണനാണെന്നു പറയുമ്പോൾ നമ്മുടെ ആരോഗ്യവും ശബ്ദവും കാത്തുകൊള്ളണേ എന്ന് അറിയാതെ പ്രാർഥിച്ചുപോകും.. ഇന്നും പ്രാർഥിക്കുമ്പോൾ ആദ്യം നാവിൽ വരുന്നത് അമ്മേ, മൂംകാംബേ എന്നാണ്. മകൾ ശ്വേതയും ഞങ്ങളുടെ പേരക്കുട്ടി ശ്രേഷ്ഠയുമെല്ലാം എന്തെങ്കിലും കുറുമ്പു കാണിക്കുമ്പോൾ ചോദിക്കാറുള്ളത് ‘ആരാണ് കുറുമ്പു കാണിക്കുന്ന കള്ളക്കൃഷ്ണൻ’ എന്നാണ്. 

കൃഷ്ണന്റെ ചൈതന്യം എന്റെ മനസ്സിൽ നിറയ്ക്കുന്നത് വാത്സല്യമാണ്. മോഹന്റെ അമ്മ വർഷങ്ങളോളം എല്ലാ മാസവും ഒന്നാം തീയതി മുടങ്ങാതെ ഗുരുവായൂരിൽ തൊഴുമായിരുന്നു. ഒരു കുട്ടിയോടുള്ള വാത്സല്യം. ഞാനിപ്പോൾ അമ്മയിൽ കൃഷ്ണനെയും തിരിച്ചും കാണാറുണ്ട്. രണ്ടും ഒരേ വിളക്കാണ്.

എസ്.രമേശൻ നായർ സാറിന്റെ വരികളിലൂടെ, എത്രയോ പാട്ടുകളിലൂടെ ഞാൻ പല തരത്തിലുമുള്ള കൃഷ്ണവിസ്മയങ്ങളെ കണ്ടു. പലപ്പോഴും അദ്ദേഹത്തിന്റെ കൃഷ്ണസ്തുതികൾ പാടുമ്പോൾ ഒരു ദിവ്യത്വം തോന്നിയിട്ടുണ്ട്. അത്രയേറെ ഭഗവാനിൽ അലിഞ്ഞാണ് അദ്ദേഹം എഴുതിയിരുന്നത്. അതു പാടാൻ കിട്ടിയ ഭാഗ്യവും ഭഗവാൻ എന്നോടു കാണിച്ച വാത്സല്യമാണ്. കൊച്ചിയിൽ എത്തുമ്പോഴെല്ലാം രവിപുരം അമ്പലത്തിൽ പുറത്തു കാറിലിരുന്നാണെങ്കിലും തൊഴും. മകൾ ശ്വേതയുടെ നാവിൽ രുചിയുടെ ആദ്യചോറ് വച്ചുകൊടുത്തതും കൃഷ്ണസന്നിധിയിലാണ്.

ഈ വേദനയുടെ കാലത്തും ആ വാത്സല്യം ലക്ഷക്കണക്കിനു മനസ്സുകൾക്കു ആശ്വാസമാകുമെന്നെനിക്കറിയാം.. ‘ആയുരാരോഗ്യ സൗഖ്യം’ എന്നാണല്ലോ പ്രാർഥിക്കാറുള്ളത്. ആ വാത്സല്യവും ആരോഗ്യസൗഖ്യവും മനസ്സുകളിൽ നിറയട്ടെ എന്നു മാത്രമേ ഈ കൃഷ്ണ ജയന്തി ദിനത്തിൽ പ്രാർഥിക്കാനുള്ളൂ.

Content Highlight: Janmashtami, Sree Krishna Jayanthi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA