തിരഞ്ഞെടുപ്പിനു മാസങ്ങൾ; യുപിയിൽ വീണ്ടും രാഷ്ട്രീയ തിരയിളക്കം

PTI08_29_2021_000037A
യുപി ഗോരഖ്പുരിൽ സംഘടിപ്പിച്ച ‘ജനതാ ദർബാർ’ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിത്രം: പിടിഐ
SHARE

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ട്. എന്നാൽ കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു പിന്നാലെ രാഷ്ട്രീയചലനങ്ങൾ സംഭവിച്ചുതുടങ്ങി. സംസ്ഥാനത്തെ ജനവികാരം മനസ്സിലാക്കാൻ ബിജെപി ‘ജൻ ആശീർവാദ്’ യാത്ര തുടങ്ങിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റ 3 മന്ത്രിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. എന്നാൽ 2017ൽ ലഭിച്ച 312 സീറ്റ് അടുത്തവർഷമാദ്യം നടക്കുന്ന തിരഞ്ഞെടുപ്പിൽ കിട്ടണമെങ്കിൽ ഈ ‘ആശീർവാദം’ മാത്രം പോരാ. 1991 മുതലുള്ള കാര്യം നോക്കിയാൽ ഓരോ തവണയും സംസ്ഥാനത്തെ വോട്ടർമാർ മാറ്റത്തിനു വേണ്ടിയാണു വോട്ടുചെയ്തിട്ടുള്ളതെന്നു കാണാം. ഈ പാരമ്പര്യത്തെ അട്ടിമറിക്കണമെങ്കിൽ ഭരണവിരുദ്ധ വികാരത്തെ ബിജെപിക്കു മറികടക്കേണ്ടിവരും. കോവിഡ് മഹാമാരി രണ്ടാം ഘട്ടത്തിലുണ്ടായ പാളിച്ചകളെയും പടിഞ്ഞാറൻ യുപിയിലെ കർഷകരോഷത്തെയും അതിജീവിക്കേണ്ടിവരും.

എന്നാൽ, ബിജെപിക്ക് അനുകൂലമായ ചില കാര്യങ്ങളുണ്ട്. കോവിഡ‍്കാലത്ത് അധിക റേഷൻ നൽകിയതും ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചതും ഉജ്വല യോജന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയതും ആണിവ. ഏതെങ്കിലും തരത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും ഈ പദ്ധതികളിലൂടെ നേട്ടമുണ്ടായിട്ടുണ്ട്. ബിജെപിയുടെ പ്രശ്നം പാർട്ടിയുടെ ഉള്ളിലാണ്. ബ്രാഹ്മണ വിഭാഗത്തിലുള്ള നേതാക്കളുടെയും അവരുടെ അനുയായികളുടെയും നിരാശ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധം എന്നിവയെപ്പറ്റിയെല്ലാം പല കഥകളും പ്രചരിക്കുന്നുണ്ട്. സങ്കീർണതകൾ കാരണം നീണ്ടുപോയ മന്ത്രിസഭാ പുനഃസംഘടനയും മാധ്യമപ്രവർത്തകർക്കെതിരെ എഫ്ഐആർ ചുമത്തുന്നത് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ വഴിപിഴച്ച ഉപദേശങ്ങൾ വഴി സംഭവിച്ച കുഴപ്പങ്ങളും നഷ്ടപ്പെടുത്തിയ പ്രതിഛായ വീണ്ടെടുക്കേണ്ടതുണ്ട്.

ഏറ്റവും വലിയ രണ്ടു പ്രതിപക്ഷ പാർട്ടികളായ സമാജ്​വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) അടിത്തട്ടിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പേരിൽ സർക്കാർ അനുമതി നിഷേധിച്ചതാണു പ്രധാനകാരണം. സോഷ്യലിസ്റ്റ് നേതാവ് ജ്ഞാനേശ്വർ മിശ്രയുടെ ജന്മദിന വാർഷികമായ ഓഗസ്റ്റ് 5ന്, പെട്രോൾ വിലവർധനയിലും തൊഴിലില്ലായ്മയിലും പുതിയ കർഷക നിയമത്തിലും പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം എസ്പി സൈക്കിൾ റാലി നടത്തി. പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് നേതൃത്വം നൽകിയ യാത്ര കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പാർട്ടി നടത്തിയ വലിയ പരിപാടി ആയിരുന്നു. ബിജെപി വിരുദ്ധ വികാരമാണു സംസ്ഥാനത്തെന്നും പാർട്ടി 350 സീറ്റ് നേടുമെന്നും അഖിലേഷ് അവകാശപ്പെട്ടു.

എന്നാൽ, ക്രമാനുഗതമായി കുറഞ്ഞുവരുന്ന പാർട്ടിയുടെ വോട്ടുവിഹിതം വച്ചുനോക്കുമ്പോൾ ഈ അവകാശവാദം ചേർന്നുപോകുന്നതല്ല. 2012ൽ 29.12% വോട്ടുനേടിയാണു പാർട്ടി സർക്കാർ രൂപീകരിച്ചത്. 2017ൽ വോട്ടുവിഹിതം 21.8% ആയി ഇടിഞ്ഞു. ഇതിനിടയിൽ നടന്ന രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വോട്ടുവിഹിതം കുറവായിരുന്നു– 2014ൽ 22.3%, 2019ൽ 18.11%. പിതാവ് മുലായം സിങ് യാദവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും മാറ്റിനിർത്തി പാർട്ടിയുടെ ഏക നേതാവായി അഖിലേഷ് സ്വയം അവരോധിച്ചിരിക്കുകയാണ്. പാർട്ടി ചിഹ്നമായ സൈക്കിൾ ഉൾപ്പെടുത്തി ‘2022ൽ സൈക്കിൾ’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രചാരണ നോട്ടിസിൽ അഖിലേഷിന്റെ ചിത്രം മാത്രമാണുള്ളത്. 2017ൽ അച്ഛനുമായുള്ള അഖിലേഷിന്റെ കലഹമാണ് കുഴപ്പത്തിൽ ചാടിച്ചത്. മകനെയും അനന്തിരവനായ രാംഗോപാൽ യാദവ് എംപിയെയും പാർട്ടിയിൽനിന്നു മുലായം പുറത്താക്കിയതോടെയാണു കലഹം തുടങ്ങിയത്. പാർട്ടി യോഗം വിളിച്ചു സ്വയം പ്രസിഡന്റായി അവരോധിച്ചുകൊണ്ടാണ് അഖിലേഷ് തിരിച്ചടിച്ചത്.

Mulayam-Singh-Yadav-Akhilesh-Yadav-Mayawati
1. രോഗബാധിതനായ മുലായം സിങ് ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല. മകൻ അഖിലേഷുമായുള്ള വഴക്ക് മുലായത്തിനു ക്ഷീണമായി. 2. അഖിലേഷ് യാദവ് ഒറ്റയ്ക്കാണ്. ജനങ്ങളുമായി കാര്യമായ ബന്ധമില്ലാത്ത കുറച്ച് ഉപദേശകരാണ് ചുറ്റുമുള്ളത്. 3. ബിഎസ്പി ബിജെപിയുടെ ബി ടീം എന്ന് ആരോപണം. സഖ്യം സംബന്ധിച്ച തീരുമാനങ്ങളിലേക്ക് മായാവതി കടന്നിട്ടില്ല. പാർട്ടി അടിത്തറ ശക്തം.

രാഷ്ട്രീയത്തിൽ കുടുംബവഴക്കുകൾ പുതുമയുള്ളതല്ല. എന്നാൽ മുലായവും അഖിലേഷും തമ്മിൽ നടന്നതുപോലുള്ള വിഴുപ്പലക്കൽ അപൂർവമാണ്. ഈ കുടുംബവഴക്ക് പാർട്ടിക്കുള്ളിലും പുറത്തും വിമർശനങ്ങൾ വിളിച്ചുവരുത്തി. ഇപ്പോഴാകട്ടെ അസുഖബാധിതനായ മുലായം രാഷ്ട്രീയത്തിൽ സജീവമല്ല. 2012ൽ അഖിലേഷ് സംസ്ഥാനമെമ്പാടും നടത്തിയ ക്രാന്തി രഥ് (വിപ്ലവരഥം) യാത്രയാണു വിജയത്തിനു കാരണമായത്. അക്കാലത്തു പിതാവിന്റെ ആശീർവാദം അഖിലേഷിന് ഉണ്ടായിരുന്നു. അത്തവണ മുലായം മുഖ്യമന്ത്രിയാകും എന്നാണു കരുതപ്പെട്ടിരുന്നത്. 2021 ആയപ്പോഴേക്കും അഖിലേഷ് ഒറ്റയ്ക്കാണ്. ജനങ്ങളുമായി കാര്യമായ ബന്ധമില്ലാത്ത കുറച്ച് ഉപദേശകരാണു ചുറ്റുമുള്ളത്.

ബിഎസ്പിയെ ബിജെപിയുടെ ബി ടീം എന്നു പലരും കുറ്റപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ വോട്ട് ചിതറിപ്പോകുന്നതു തടയാൻ സഖ്യമുണ്ടാക്കുന്നതുപോലുള്ള കാര്യങ്ങളിലേക്ക് മായാവതി കടന്നിട്ടില്ല. എന്നാൽ എസ്പിയുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ അടിത്തറ ഇപ്പോഴും ക്ഷയിച്ചിട്ടില്ല എന്നതാണു വസ്തുത. 2017ൽ 22.24% വോട്ട് പാർട്ടി നേടി. 2007 മുതൽ അധികാരത്തിന്റെ പുറത്തുനിൽക്കുന്ന മുന്നാക്ക ജാതികളുമായി കൈകോർക്കാനാണു പാർട്ടി ശ്രമിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ആവശ്യപ്പെട്ട ജാതി സെൻസസും യുപിയിൽ പ്രധാന വിഷയമാകും. ഇന്ത്യയിൽ ഏറ്റവും അധികം മറ്റു പിന്നാക്ക ജാതികൾ (ഒബിസി) ഉള്ളതു യുപിയിലാണ്.

എന്നാൽ ഇവരുടെ എണ്ണത്തെപ്പറ്റി കണക്ക് ഇല്ലാത്തതിനാൽ ഏതു ജാതിക്കാർക്കാണു കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നത് എന്ന കാര്യം തിരിച്ചറിയാൻ കഴിയുന്നില്ല. സാമൂഹിക– സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹമല്ലാത്ത ജാതികളെ ഒഴിവാക്കേണ്ടി വരും. പക്ഷേ, സാഹസികമായ ഇത്തരം നീക്കങ്ങളോടു ബിജെപി പോലും യോജിക്കുന്നില്ല. സംസ്ഥാനത്തു രാഷ്ട്രീയ കാറ്റ് വീശിത്തുടങ്ങുന്നതേയുള്ളൂ. ഏതു വശത്തേക്ക്, എത്ര ശക്തമായി അതു വീശുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

Content Highlights: UP Election, UP, BJP, SP, BSP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA