ഓർമകളിൽ തിളങ്ങി; കോഴിപ്പുറത്ത് മാധവമേനോന്റെ 50–ാം ചരമവാർഷികം ഇന്ന്

kozhipurath-madhava-menon-1248
കോഴിപ്പുറത്ത് മാധവമേനോൻ ഭാര്യ എ.വി.കുട്ടിമാളുവമ്മയ്ക്കൊപ്പം
SHARE

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ മലബാർ വഹിച്ച നിർണായകപങ്കിനു നേതൃത്വം നൽകിയവരിൽ പ്രമുഖനാണു കോഴിപ്പുറത്ത് മാധവമേനോൻ. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ കോൺഗ്രസ് പ്രസ്ഥാനമാണ് അന്നു കെപിസിസി എന്നറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറും കൊച്ചിയും അന്നു നാട്ടുരാജ്യങ്ങൾ. മദിരാശി സംസ്ഥാനത്തെ മന്ത്രി, അന്നത്തെ കെപിസിസിയുടെ പ്രസിഡന്റ്, കോഴിക്കോട് നഗരസഭാധ്യക്ഷൻ എന്നീ നിലകളിലും പിന്നീടു 12 വർഷം രാജ്യസഭാംഗമായും പ്രവർത്തിച്ച മാധവമേനോൻ ദീർഘകാലം മലബാറിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. 

കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന ചേലനാട്ട് അച്യുതമേനോന്റെ മകനായി ജനനം. തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമബിരുദം നേടിയ മാധവമേനോൻ, കോൺഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനത്തോടെയാണു സജീവരാഷ്ട്രീയത്തിലെത്തുന്നത്. പി.രാവുണ്ണിമേനോനായിരുന്നു ആ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ. അനുഭാവിയെന്ന നിലയിലാണു മാധവമേനോൻ അവിടെയെത്തിയത്. ബ്രിട്ടിഷ് പൊലീസ് രാവുണ്ണിമേനോനെ സമ്മേളനവേദിയിൽനിന്നു പിടികൂടി അടിച്ചശേഷം നിരത്തിലൂടെ വലിച്ചിഴച്ചത് അവിടയുണ്ടായിരുന്നവരെ ഇളക്കിമറിച്ചു. മാധവമേനോനും മുഹമ്മദ് അബ്ദുറഹ്മാനുമടക്കമുള്ളവർ രാവുണ്ണിമേനോനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചു. ആ സംഭവത്തോടെ മാധവമേനോന്റെ ജീവിതം മാറിമറിയുകയായിരുന്നു. കെ.കേളപ്പൻ, കോഴിക്കോട്ടെ അറിയപ്പെടുന്ന അഭിഭാഷകരായിരുന്ന യു.ഗോപാലമേനോൻ, കോങ്ങാട്ടിൽ രാമൻമേനോൻ എന്നിവർക്കൊപ്പം മാധവമേനോനും സ്വാതന്ത്ര്യസമരത്തിന്റെ മുൻപന്തിയിലെത്തി.

കോൺഗ്രസിലേക്കു പുതിയതലമുറ ഒഴുകിവന്നതും അക്കാലത്ത്. അവരുടെ തലപ്പത്തുണ്ടായിരുന്നു എ.കെ.ഗോപാലൻ. എകെജി കോഴിക്കോട്ടെത്തിയാൽ മാധവമേനോന്റെ ചാലപ്പുറത്തുള്ള വസതിയിലായിരുന്നു താമസം. മാധവമേനോനും കേളപ്പനുമൊക്കെ കോൺഗ്രസിൽ ഉറച്ചുനിന്നപ്പോൾ എ.കെ.ഗോപാലനും കൃഷ്ണപിള്ളയും ഇഎംഎസ്സുമടക്കമുള്ളവർ ആദ്യം സോഷ്യലിസ്റ്റ് പക്ഷത്തേക്കും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും നീങ്ങി. കോൺഗ്രസ് നേതൃത്വം കൊടുത്ത എല്ലാ സമരമുഖങ്ങളിലും മാധവമേനോനും പത്നി എ.വി.കുട്ടിമാളുവമ്മയും മുൻപന്തിയിലുണ്ടായിരുന്നു. അതിലൊന്നായിരുന്നു കോഴിക്കോട്ടെ കള്ളുഷാപ്പുകൾക്കെതിരായ വിഖ്യാതസമരം. ആ സമരത്തിൽ പൊലീസും ഗുണ്ടകളും മാധവമേനോനെയും കുട്ടിമാളുവമ്മയെയും ആക്രമിച്ചു. പിന്നീട് മനുഷ്യവിസർജ്യം തലയിലൊഴിച്ചു. അതിൽ പതറാതിരുന്ന മാധവമേനോനും കുട്ടിമാളുവമ്മയും ‘ മഹാത്മാഗാന്ധീ കീ ജയ്’ എന്ന മുദ്രാവാക്യം ഉറക്കെവിളിച്ച് അവിടെത്തന്നെ നിന്നു. ഇങ്ങനെ പല സമരങ്ങളിലും പങ്കെടുത്തും നേതൃത്വം കൊടുത്തും മാധവമേനോൻ കോഴിക്കോട്ടെ അറിയപ്പെടുന്ന നേതാവായി. അതാണു പിന്നീട് അദ്ദേഹത്തെ കോഴിക്കോട് നഗരസഭാധ്യക്ഷ പദവിയിലേക്കും മദിരാശി സംസ്ഥാനത്തെ എംഎൽഎയെന്ന നിലയിലേക്കും ഉയർത്തിയത്. 

kozhipurath-madhava-menon-1248-1

മാധവമേനോനെയും കുട്ടിമാളുവമ്മയെയും പോലെ ഒരേസമയത്ത് പൊതുപ്രവർത്തനരംഗത്തും സമരമുഖങ്ങളിലും സജീവമായിരുന്ന ദമ്പതികൾ ഇന്ത്യാചരിത്രത്തിൽതന്നെ വിരളം. നാലു കുട്ടികളായിരുന്നു ഈ ദമ്പതികൾക്ക്. ഇളയകുട്ടി മീനാക്ഷിയെ പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കകം കുട്ടിമാളുവമ്മയ്ക്കു ജയിലിൽ പോകേണ്ടിവന്നു. രണ്ടുവർഷത്തിനുശേഷമായിരുന്നു മോചനം. വെസ്റ്റ്ഹില്ലിലുള്ള അനാഥമന്ദിരം, ബാലമന്ദിരം, കുഷ്ഠരോഗികളുടെ അഭയകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കാൻ മുൻകയ്യെടുത്തതു മാധവമേനോനും കുട്ടിമാളുവമ്മയുമായിരുന്നു.

മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടെങ്കിലും കോൺഗ്രസും ശക്തിയുള്ള ദേശീയപ്രസ്ഥാനമായി തുടർന്നു. 1946ൽ ആന്ധ്രകേസരി പ്രകാശം മദിരാശി മുഖ്യമന്ത്രി ആയപ്പോൾ മാധവമേനോനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അദ്ദേഹം നിലവിൽ കെപിസിസി പ്രസിഡന്റാണെന്നതായിരുന്നു പ്രകാശത്തിന്റെ ന്യായം. മാധവമേനോനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നു കാമരാജ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രകാശം മന്ത്രിസഭ രാജിവച്ചപ്പോൾ അത്ര പ്രശസ്തനല്ലാത്ത ഓമന്തൂർ രാമസ്വാമി റെഡ്ഡ്യാർ എന്ന തമിഴ്നേതാവിനെയാണു മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആ മന്ത്രിസഭയിൽ മാധവമേനോൻ അംഗമായി. വനം, നിയമം തുടങ്ങി പല വകുപ്പുകളുടെയും ചുമതല വഹിച്ചു. ആ കാലഘട്ടത്തിലാണു കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്ത സമ്മേളനം നടന്നതും ബി.ടി.രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായതും. അധികാരത്തിലിരുന്ന നെഹ്റു സർക്കാരിനെയും സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണകൂടങ്ങളെയും മറിച്ചിടാനുള്ള സമരമുഖങ്ങളുമായി രംഗത്തുവന്ന ബിടിആറിന്റെ സമീപനം രണദിവെ തീസീസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ഈ സാഹചര്യത്തിൽ രാമസ്വാമി റെഡ്ഡ്യാർ‍ക്കുപകരം മാധവമേനോനെ മുഖ്യമന്ത്രിയാക്കണം എന്നു കാമരാജ് നിർദേശിച്ചു. തമിഴ് സംസാരിക്കുന്നവർക്കു ഭൂരിപക്ഷമുള്ള സംസ്ഥാനത്ത്, മലയാളിയായ മാധവമേനോനെ മുഖ്യമന്ത്രിയാക്കുന്നതു കോൺഗ്രസിനു ഗുണം ചെയ്യുമോ എന്ന സംശയത്തിലായി ഹൈക്കമാൻഡ്. താൻ മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും തമിഴ് സംസാരിക്കുന്ന ആളെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നും മാധവമേനോൻ ഡൽഹിയിലെത്തി സർദാർ വല്ലഭ്ഭായ് പട്ടേലിനോടു പറഞ്ഞു. അതനുസരിച്ച് പി.എസ്.കുമാരസ്വാമി രാജ മുഖ്യമന്ത്രിയായി. മാധവമേനോൻ മന്ത്രിയായി തുടർന്നു.

ഏതാനും മാസങ്ങൾക്കകം, 1952ൽ ഇന്ത്യയിൽ ആദ്യപൊതുതിരഞ്ഞെടുപ്പ് നടന്നു. ആ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന ജിനചന്ദ്രനും കുട്ടിമാളുവമ്മയുടെ സഹോദരൻ രാധാഗോപിമേനോനുമെല്ലാം മദിരാശി അസംബ്ലിയിലേക്കു വയനാട്ടിൽനിന്നു മത്സരിക്കാൻ മാധവമേനോനോട് ആവശ്യപ്പെട്ടു. ജിനചന്ദ്രന്റെ സഹോദരനായിരുന്ന പത്മപ്രഭ ഗൗഡർ സോഷ്യലിസ്റ്റ് സ്ഥാനാർഥിയായി രംഗത്തുവന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും പ്രജാപാർട്ടിക്കും ഒപ്പം മുസ്‌ലിം ലീഗും ചേർന്നു വയനാടൻ മുന്നണി രൂപീകരിച്ചു പത്മപ്രഭയ്ക്കു പിന്തുണ നൽകി. ഈ ഏറ്റുമുട്ടലിൽ മാധവമേനോൻ പരാജയപ്പെട്ടു. പിന്നീട് കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായി രാഷ്ട്രീയപ്രവർത്തനം തുടർന്നെങ്കിലും പഴയതുപോലെ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

കേരള സംസ്ഥാനപിറവിക്കുശേഷം കോൺഗ്രസ്  തളർന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മാധവമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായേനെ. രാഷ്ട്രീയപ്രവർത്തകർക്കെല്ലാം മാതൃകയാക്കാവുന്നതാണു മാധവമേനോന്റെ ജീവിതം. അദ്ദേഹം മന്ത്രിയായ കാലഘട്ടത്തിൽ ഉയർന്നുവന്ന, സേലം ജയിൽ വെടിവയ്പിൽ പങ്കുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മിക്കതിലും സത്യത്തിന്റെ ഒരുതരിപോലും ഉണ്ടായിരുന്നില്ലെന്നു പിന്നീട് അന്വേഷണങ്ങളിൽ വ്യക്തമായി. രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ള കുപ്രചാരണങ്ങളായിരുന്നു അവ. പക്ഷേ, ഈ ആരോപണങ്ങൾ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നില്ലേ എന്ന സംശയം ബാക്കി. കേരളത്തിന്റെ, പ്രത്യേകിച്ചു മലബാറിന്റെ, രാഷ്ട്രീയചരിത്രത്തിൽ അദ്ദേഹം നേടിയെടുത്ത സമുന്നതമായ സ്ഥാനം എന്നും നിലനിൽക്കും, തീർച്ച.

മാറ്റത്തിന്റെ കാറ്റ്

മാധവമേനോൻ മദിരാശി വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണു മലബാറിലെ ഒട്ടുമിക്ക കോളജുകൾക്കും അംഗീകാരം നൽകിയത്.  മലമ്പുഴ ഡാം, കുറ്റിപ്പുറം പാലം എന്നിവയുടെ നിർമാണത്തിലും മാധവമേനോന്റെ ദീർഘവീക്ഷണം ഉണ്ടായിരുന്നു. വടക്കൻ‍കേരളത്തെ തെക്കൻകേരളവുമായി ബന്ധിപ്പിച്ച ഏറ്റവും വലിയ നിർമാണപ്രവൃത്തിയായിരുന്നു ഭാരതപ്പുഴയ്ക്കു കുറുകെ നിർമിച്ച  കുറ്റിപ്പുറം പാലം.  23 ലക്ഷം രൂപ ചെലവിൽ  നിർമിച്ച പാലത്തിനു 1948ൽ തറക്കില്ലിട്ടതു മാധവമേനോൻ മന്ത്രിയായിരിക്കെയാണ്. 1953ൽ ഗതാഗതത്തിനു തുറന്നു കൊടുത്തു.

കോഴിപ്പുറത്ത് മാധവമേനോൻ: ജീവിതരേഖ

1897 ∙ ജൂലൈ 26നു ജനനം 

1924 ∙ കോഴിക്കോട്ട് അഭിഭാഷകനായി ജോലി തുടങ്ങി

1925 ∙ എ.വി.കുട്ടിമാളുവമ്മയെ വിവാഹം ചെയ്തു.

1932 ∙ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 20 മാസം ജയിൽവാസം

1939 ∙ കോഴിക്കോട് നഗരസഭാധ്യക്ഷനായി ജനുവരി ഏഴിനു സ്ഥാനമേറ്റു

1942 ∙ സ്വാതന്ത്ര്യസമരത്തിനു നഗരസഭാ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചതു രാജ്യദ്രോഹക്കുറ്റം.കൗൺസിൽ പിരിച്ചുവിട്ടു.  ഓഗസ്റ്റ് പത്തിനു സ്ഥാനമൊഴിഞ്ഞു. 

1947 ∙ മാർച്ചിൽ ഒ.പി.രാമസ്വാമി റെഡ്ഡ്യാർ മന്ത്രിസഭയിൽ കൃഷി, വനംവകുപ്പുകളുടെ മന്ത്രിയായി സ്ഥാനമേറ്റു. 

1949 ∙ ഏപ്രിൽ ആറിനു മന്ത്രിസഭ അധികാരമൊഴിഞ്ഞു. അന്നുതന്നെ അധികാരമേറ്റ പി.എസ്.കുമാരസ്വാമിരാജ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി.

1950 ∙ ജനുവരി 26ന് മന്ത്രിസഭ രാജിവച്ചു. പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്ത പി.എസ്.കുമാരസ്വാമി രാജ മന്ത്രിസഭയിൽ നിയമം,ജയിൽ വകുപ്പ് മന്ത്രിയായി. കോൺഗ്രസ് പിളർന്നപ്പോൾ പാർട്ടിയിൽ ഉറച്ചുനിന്നു. ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന വെടിവയ്പിൽ 22 കമ്യൂണിസ്റ്റ് നേതാക്കൾ മരിച്ചു. 

1952 ∙ ഏപ്രിൽ 9ന് മന്ത്രിസഭ അധികാരമൊഴിഞ്ഞു. മദ്രാസ് നിയമസഭാതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ പത്മപ്രഭ ഗൗഡറോടു പരാജയപ്പെട്ടു.

1954 ∙ ഏപ്രിൽ 3 മുതൽ 1966 ഏപ്രിൽ 2 വരെ രാജ്യസഭാംഗമായി 

1971  ∙ സെപ്റ്റംബർ ഒന്നിന് മരണം

(കേന്ദ്രമന്ത്രിയായിരുന്ന ലേഖകൻ, മാധവമേനോന്റെ ബന്ധുവുമാണ്)

English Summary: Kozhipurath Madhava Menon, 50th death anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA