ADVERTISEMENT

സമ്പന്നവും ആവേശോജ്വലവുമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മാത്രം മുഴക്കി മഹാത്മജി ആ യുദ്ധം ജയിച്ചതിലുള്ളത്ര വലിയപാഠം ലോകം അതിനുമുൻപോ ശേഷമോ കേട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി, ബ്രിട്ടിഷ് വാഴ്ചയ്ക്കെതിരെയുണ്ടായ ആ സമർപ്പിതപോരാട്ടത്തിൽ, രാഷ്ട്രപിതാവിനോടൊപ്പം ചേർന്നുനിൽക്കുകയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാവുകയും ചെയ്ത ജവാഹർലാൽ നെഹ്‍റു നമ്മുടെ ചരിത്രത്തിൽ പതിപ്പിച്ച മുദ്ര അനശ്വരമാണ്; അവിസ്മരണീയവുമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ ചരിത്രത്തിൽനിന്നു തമസ്കരിക്കാൻ നീക്കമുണ്ടാവുമ്പോൾ അത് അങ്ങേയറ്റം അപലപനീയമാകുന്നു. 

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ പോസ്റ്ററിൽ, സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽനിന്നു ജവാഹർലാൽ നെഹ്‍റുവിനെ ഒഴിവാക്കിയതു വ്യാപകപ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ആ പോസ്റ്റർ തയാറാക്കിയവരും അതിന് അവരെ ചുമതലപ്പെടുത്തിയവരും നെഹ്റുവിന്റെ ചരിത്രമൂല്യം അവഗണിച്ചതു ചരിത്രപരമായ തെറ്റുതന്നെയാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് (ഐസിഎച്ച്ആർ) ആണ് പോസ്റ്ററിന്റെ ചുമതല. ഭരണകൂട താൽപര്യത്തിനനുസരിച്ചു പ്രവർത്തിക്കുകയാണെന്ന സംശയത്തിന് ഇടയാക്കി ഐസിഎച്ച്ആർ സമാനമായ പല വിവാദങ്ങളും ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യശിൽപിയോടു ചിരകാല നന്ദിസ്മരണ വേണ്ടിടത്താണു നിന്ദ്യമായ ഈ തമസ്കരണം. സ്വാതന്ത്യ്രസമരത്തിൽ ഗാന്ധിജിയുടെ വലംകയ്യായിരുന്നു നെഹ്റു. 1929ൽ നെഹ്‌റു അധ്യക്ഷനായ ലഹോർ സമ്മേളനത്തിലാണു സമ്പൂർണ സ്വാതന്ത്യ്രമെന്ന സുപ്രധാനനയം കോൺഗ്രസ് ആവിഷ്‌കരിച്ചത്. സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തതിനു പലപ്പോഴായി ഒൻപതു വർഷത്തോളം അദ്ദേഹത്തിനു ജയിലിൽ കിടക്കേണ്ടിവന്നു. എല്ലാ മതവിഭാഗങ്ങൾക്കും തുല്യപരിഗണന നൽകി, ന്യൂനപക്ഷങ്ങൾക്കു സുരക്ഷ ഉറപ്പാക്കി, ഒരു വിഭാഗത്തെയും അമിതമായി പ്രീണിപ്പിക്കാതെ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റു നടത്തിയ ഭരണം എക്കാലത്തേക്കും മാതൃകയാണ്. 

അതേസമയം, നെഹ്റുവിനെ ഒഴിവാക്കിയതല്ലെന്നും വരാനിരിക്കുന്ന പോസ്റ്ററിൽ അദ്ദേഹം ഇടംപിടിക്കുമെന്നും ആദ്യ പോസ്റ്റർ മാത്രമാണു പുറത്തിറക്കിയതെന്നും  ഐസിഎച്ച്ആർ പറയുന്നു. ഇത്ര ലാഘവത്തോടെയും നിരുത്തരവാദിത്തത്തോടെയുമുള്ള സമീപനമാണോ വേണ്ടതെന്ന മറുചോദ്യം ഇതോടൊപ്പം ഉയരുന്നുമുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ഒഴിവാക്കിയ പോസ്റ്ററിൽ ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കർക്കു ‌സ്ഥാനം ലഭിച്ചതു വിവാദമാവുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടിഷുകാരുടെ അനുമതിയോടെ നടത്തിയ നാടകമെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനന്ത്കുമാർ ഹെഗ്ഡെ കഴിഞ്ഞ വർഷം പറയുകയുണ്ടായി. സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നു ജവാഹർലാൽ നെഹ്റുവിന്റെ സ്ഥാനം തമസ്കരിക്കാനുള്ള ശ്രമം ബോധപൂർവമാണെന്നു സംശയിക്കുന്നവരുണ്ട്. അഞ്ചു വർഷംമുൻപ്, രാജസ്ഥാനിൽ എട്ടാം ക്ലാസിലേക്കുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽനിന്നു നെഹ്റുവിനെ സംബന്ധിക്കുന്ന ഭാഗങ്ങൾ ബിജെപി സർക്കാർ ഒഴിവാക്കിയതു വിവാദമായിരുന്നു. പാഠപുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മഹാത്മാ ഗാന്ധി,  സുഭാഷ് ചന്ദ്രബോസ്, ബാല ഗംഗാധര തിലക്,  ഭഗത്‌സിങ്, വി.ഡി.സവർക്കർ എന്നിവരെല്ലാം ഉണ്ടെങ്കിലും നെഹ്റുവിന്റെ പേരില്ലായിരുന്നു 

എന്തുകാരണം കൊണ്ടാണെങ്കിലും, ഇപ്പോഴുണ്ടായ തമസ്കരണം ബോധപൂർവമാണെങ്കിൽ അത് അപലപനീയവും സ്വതന്ത്ര ഭാരതത്തോടുള്ള അപമാനവുമാണെന്നതിൽ സംശയമില്ല.

English Summary: Malayala Manorama Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com