ആന, അക്ഷരമില്ലാതെ

tharangangalil
SHARE

സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിയതിനെപ്പറ്റി കഴിഞ്ഞയാഴ്ച എസ്‌സിഇആർടി എന്ന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി നൽകിയ വിശദീകരണമാലയുടെ ഒരറ്റം ഇങ്ങനെയാകുന്നു:

ഇപ്പോൾ ആശയത്തിൽനിന്നു വാചകത്തിലേക്കും അതിൽനിന്നു വാക്കിലേക്കും വാക്കിൽനിന്ന് അക്ഷരത്തിലേക്കുമാണു പഠനം പുരോഗമിക്കുന്നത്. അതുകൊണ്ടു മലയാള പാഠാവലികളിൽ അക്ഷരമാല പാടില്ല എന്നു ന്യായം. 

ഇനി നമുക്കു സമിതിയുടെ ആശയം വഴിയെഴുതി ചെയ്തുനോക്കാം. മലയാളിയുടെ സങ്കൽപങ്ങളിൽ ചെവിയാട്ടി നിൽക്കുന്ന ആന എന്ന ആശയമെടുക്കുക. 

പ്രിയപ്പെട്ട കുട്ടികളേ, ആനച്ചന്തം, ആനമൊട്ട തുടങ്ങിയവയോടു ചേർന്നുനിൽക്കുന്ന ആന നമ്മുടെ വലിയ ആശയങ്ങളിലൊന്നാണ്. കേരള സർക്കാരിന്റെ മുദ്രയിൽപോലും ഈ ആശയമുണ്ട്.  ആശയത്തിൽനിന്നു നമുക്കു വാചകത്തിലേക്കാണു പോകേണ്ടത്. ആന ഒരു മൃഗമാണ്. മറ്റു മൃഗങ്ങൾക്കില്ലാത്ത ഒരുപകരണം ആനയ്ക്കു സ്വന്തമായുണ്ട്: തുമ്പിക്കൈ.

ഒരുപക്ഷേ, ഇത്രയേറെ നീട്ടിപ്പറയേണ്ട കാര്യമില്ല. ഒരൊറ്റ വാചകമായാലും മതി. പക്ഷേ, വാക്യം എന്ന അർഥത്തിൽ വാചകം എന്നു പറയുന്നതിൽ ഭാഷാശുദ്ധിയില്ലെന്ന വാദം ആനമറയിൽ നിൽക്കുന്നുണ്ട്.

വാചകം കഴിഞ്ഞാൽ അടുത്ത ഘട്ടം വാക്കാണ്: ആന. ഇതുവരെ പറഞ്ഞ ആശയത്തിന്റെ നടുക്കു തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന വാക്ക്. അതുകഴിഞ്ഞ്  ആനച്ചന്തത്തോടെ അക്ഷരങ്ങൾ കൊണ്ടുവരാൻ അനുവാദമുണ്ട്. 

തുമ്പിക്കൈയുടെ രൂപഭംഗിയുള്ള ഒരക്ഷരമാകുന്നു ആ. തുമ്പിക്കൈ എടുത്തു മാറ്റിയാൽ വെറും അ. തലയെടുപ്പുള്ള ആയോടു ചേർന്നു പേടിച്ചുനിൽക്കുന്നതു ന. ന എന്നെഴുതിയാൽ രണ്ടുതരത്തിൽ വായിക്കാം. ആനയിലും ചേനയിലുമുള്ളത് ന. ആനവാലിനു നന്ദി എന്നു പറയുമ്പോൾ നന്ദിയിലുള്ളതു കനമുള്ള ന.

തുമ്പിക്കൈയുള്ള അക്ഷരമൊന്നു നേരിൽ കാണാൻ പറ്റുമോ സാറേ എന്നു വിദ്യാർഥി ചോദിച്ചാൽ മാഷ് എസ്‌സിഇആർടി പ്രകാരം കുഴയും. തുമ്പിക്കൈയില്ലാത്ത ‘അ’യോ തുമ്പിക്കൈയുള്ള ‘ആ’യോ പാഠപുസ്തകത്തിൽ ഇല്ല. 

2009 മുതൽ ഇല്ല മക്കളേ. ഒരു നോക്കു കാണാൻ പോലും അക്ഷരങ്ങൾ പുസ്തകത്തിൽ ചേർത്തുപോകരുതെന്നാണു കർശന നിർദേശം. 

മലയാളം അക്ഷരമാല ദൂരെനിന്നെങ്കിലും കാണണമെന്നുണ്ടെങ്കിൽ പ്രത്യേക ഫീസടച്ചു വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകണം. അങ്ങനെ അപേക്ഷ നൽകാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ലോകത്തു പലേടത്തും സ്കൂൾ പാഠാവലികളിൽ അക്ഷരമാല ചേർത്തിട്ടുണ്ടെങ്കിൽ ആ രാജ്യങ്ങളിൽ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഇല്ല എന്നർഥം. അവർ അനുഭവിക്കും – കടുത്ത ആശയദാരിദ്ര്യം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA