പ്രശ്നപരിഹാരത്തിന് ആളില്ല

HIGHLIGHTS
  • മധ്യസ്ഥരുടെ വലിയ അഭാവം കോൺഗ്രസിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു
keraleeyam-02-09
SHARE

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണു സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി അതിന്റെ മൂർധന്യത്തിലെത്തിയത്. ഈ ദിവസങ്ങളിൽ പുതിയ നേതൃത്വത്തിന്റെയും പഴയ നേതൃത്വത്തിന്റെയും ഭാഗമായവർ പരസ്പരം സംസാരിച്ചിട്ടില്ല. ഇരു വിഭാഗങ്ങളുടെയും ‘ഈഗോ’ തീർക്കാൻ മുൻകയ്യെടുക്കാൻ പോന്ന മധ്യസ്ഥർ കേരളത്തിൽ ഇല്ല. നയവും തന്ത്രവും ഒത്തുചേർന്ന അത്തരം മധ്യസ്ഥനീക്കങ്ങൾക്കു പോന്ന പലരും ദേശീയതലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തവലയത്തിനു പുറത്തുമാണ്. കേരളത്തിലെ ചേരിപ്പോരിൽ ഹൈക്കമാൻഡ് തന്നെ ഒരു കക്ഷി ആയെന്ന വിമർശനവും ദേശീയ നേതൃത്വം നേരിടുന്നു.

പ്രശ്നപരിഹാരത്തിനു ശേഷിയുള്ള സമർഥരായ ‘ആർബിട്രേറ്റർമാർ’ എക്കാലത്തും കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിനുണ്ടായിരുന്നു. രാജൻ കേസിനെത്തുടർന്ന് കെ.കരുണാകരനു പടിയിറങ്ങേണ്ടി വന്നപ്പോൾ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ അന്നു കെപിസിസി പ്രസി‍ഡന്റായിരുന്ന എ.കെ.ആന്റണി ആദ്യം സമ്മതം മൂളിയില്ല. എംഎൽഎമാരുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആന്റണിയെ പിൻഗാമിയായി ഉറപ്പിച്ച ഹൈക്കമാൻഡ് നിരീക്ഷകൻ സി.സുബ്രഹ്മണ്യം പറഞ്ഞതു രണ്ടേ രണ്ടു വാചകങ്ങളാണ്: ‘‘ആന്റണി അനുസരിക്കുകയാണെങ്കിൽ ഇതൊരപേക്ഷയാണ്. അനുസരിക്കാനല്ല ഭാവമെങ്കിൽ, ഇതൊരു ഉത്തരവാണ്’’. ഹൈക്കമാൻഡിന്റെ മനോഗതം ആന്റണി ഉൾക്കൊണ്ടു; മുഖ്യമന്ത്രിയായി.

രാഷ്ട്രീയത്തിന്റെ വളവും തിരിവും ഉൾപ്പിരിവുകളും ഉൾക്കൊണ്ട തന്ത്രപരമായ നീക്കങ്ങൾക്കു ശേഷിയുള്ള ഇതുപോലുള്ള നേതാക്കളുടെ അഭാവമോ അല്ലെങ്കിൽ അത്തരക്കാരെ ഉപയോഗിക്കാനുള്ള വൈമനസ്യമോ കോ‍ൺഗ്രസിനു സൃഷ്ടിക്കുന്ന ക്ഷീണം ചെറുതല്ല. തന്ത്രജ്ഞനായ ജി.കെ.മൂപ്പനാർ‍, അസാധാരണ കാര്യശേഷിയുള്ള കെ.സി പന്ത്, പ്രഗത്ഭനായ ഗുലാം നബി ആസാദ്, ഉന്നതശീർഷരായ ശിവരാജ് പാട്ടീൽ, അംബികാ സോണി, മീരാകുമാർ... ഏറ്റവും ഒടുവിൽ, ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരുന്ന അഹമ്മദ് പട്ടേൽ തുടങ്ങിയവരെല്ലാം പല ഘട്ടങ്ങളിലായി കേരളത്തിലെ ഗ്രൂപ്പ് വൈരത്തിന്റെ ചിറകരിഞ്ഞവരാണ്. ഉമ്മൻചാണ്ടിയും    രമേശ് ചെന്നിത്തലയുമായി  കെ.സുധാകരനും വി.ഡി.സതീശനും ഫോണിൽപോലും സംസാരിച്ചിട്ടു 15 ദിവസം പിന്നിടുന്നു. തുടർച്ചയായി രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷമായ മുന്നണിയെ നയിക്കുന്ന പാർട്ടിക്ക് ഈ പടലപിണക്കം താങ്ങാനുള്ള ആരോഗ്യം തീരെയില്ല. പൊട്ടിത്തെറിയിലേക്കു പോകുംമുൻപു പറഞ്ഞുതീർക്കാൻ ശ്രമിക്കേണ്ട ഹൈക്കമാൻഡിന് അങ്ങനെ ഭാവനാപൂർണമായ നേതൃത്വവുമില്ല.

ഇടപെടാതെ എകെ, ഇടപെട്ട് കെസി 

കേരള കാര്യങ്ങളിൽ എല്ലാ അധികാരവും ഔന്നത്യവും അനുഭവസമ്പത്തും ഉള്ള രണ്ടു നേതാക്കൾ ഹൈക്കമാൻഡിന്റെതന്നെ ഭാഗമായിട്ടുണ്ട്– എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും. പുനഃസംഘടനാ ചർച്ചകൾ സൃഷ്ടിച്ച പ്രശ്നങ്ങളിൽ ആന്റണി അസന്തുഷ്ടനാണെങ്കിലും കോൺഗ്രസ് അധ്യക്ഷ നിർദേശിക്കാതെ കേരളത്തിലെ സംഘടനാകാര്യങ്ങളിൽ ഇടപെടാൻ അദ്ദേഹം തയാറാകില്ല. സംഘടനാചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു സ്വന്തം സംസ്ഥാനത്തു പാർട്ടി പിടിവിട്ടു പോകുന്നതു തീർച്ചയായും അനുവദിക്കാൻ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എഐസിസിയുടെ ഭാഗത്തുനിന്നു കേരളത്തിനായി വലിയ സംഭാവനകളാണു വേണുഗോപാൽ നൽകിയത്. പക്ഷേ, കനത്തതോൽവി അദ്ദേഹത്തെ തീർത്തും നിരാശനാക്കി. 

 കേരളത്തിലെ പാർട്ടിയിലും പ്രവർത്തനരീതിയിലും മാറ്റം കൂടിയേ തീരൂവെന്ന നിലപാട് എടുത്തതോടെ എ–ഐ ഗ്രൂപ്പുകൾ വേണുഗോപാലിനെ മറുചേരിയിലാണു കാണുന്നത്. കെ.സുധാകരനും വി.ഡി.സതീശനും ഇന്ധനം നൽകുന്നതു വേണുഗോപാലാണെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കരുതുന്നു. രാഹുൽ ഗാന്ധിക്കു പൂർണവിശ്വാസമുള്ള വേണുഗോപാൽ, ഹൈക്കമാൻഡ് നടിക്കുകയാണെന്നു ഗ്രൂപ്പുകൾ അടക്കം പറയുന്നു. 

     കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വേണുവിന്റെ നിയന്ത്രണത്തിലാണെന്നും അവർ വിശ്വസിക്കുന്നു. എൻസിപിയിൽനിന്നു കോൺഗ്രസിലേക്കു മടങ്ങിയെത്തിയ താരിഖിന് അല്ലെങ്കിൽത്തന്നെ ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ അമിതപ്രാധാന്യം കൊടുക്കാറില്ല.

കരുണാകരനും ആന്റണിയും വൻപടനീക്കങ്ങൾ നയിക്കുമ്പോഴും ഇരുവർക്കുമിടയിൽ കെ.ശങ്കരനാരായണനും കെ.വി.തോമസും വക്കം പുരുഷോത്തമനുമെല്ലാം പാലങ്ങളായി ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പുകളുടെ നേതൃത്വം കയ്യാളിയ ഘട്ടത്തിൽ മധ്യസ്ഥരുടെ ആവശ്യം ഇരുവർക്കും വേണ്ടിവന്നില്ല. പരസ്പരധാരണയോടെ ഗ്രൂപ്പ് വിലപേശലുകൾ നടത്തുന്നതിന്റെ ആശാന്മാരായിരുന്നു രണ്ടു നേതാക്കളും. പക്ഷേ, ഒരേ തൂവൽപക്ഷികളായിരുന്ന ചെന്നിത്തലയും വി.ഡി.സതീശനും കെ.സുധാകരനും, ചേർന്നുനിന്ന ഉമ്മൻചാണ്ടിയും പി.ടി.തോമസും ടി.സിദ്ദിഖും അകന്നത് അസാധാരണമായ പിരിമുറുക്കവും പ്രതിസന്ധിയുമാണു കോൺഗ്രസിൽ സൃഷ്ടിച്ചത്. 

ഇവരെല്ലാവരുമായും നല്ലബന്ധം പുലർത്തുന്ന നേതാക്കൾ വേറെയുണ്ടെങ്കിലും മധ്യസ്ഥത വഹിക്കാനുള്ള ഔന്നത്യമോ സ്വീകാര്യതയോ പലർക്കുമില്ല. 

ഇവിടെയും ഡൽഹിയിലും നല്ല ആർബിട്രേറ്റർമാരുടെ അഭാവമുണ്ടെങ്കിൽ പിന്നെ പ്രശ്നം പരസ്പരം നേരിട്ടു പറഞ്ഞു തീർക്കേണ്ടത് തൽപരകക്ഷികൾ തന്നെയാണ്. പ്രണയത്തിൽ ‘ആരാദ്യം പറയും’ എന്നതാണു ചോദ്യമെങ്കിൽ പിണക്കത്തിൽ ‘ആരാദ്യം വിളിക്കും’ എന്നതു തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA