കർമങ്ങളുടെ അടയാളം

subhadinam-02-09
SHARE

രാജാവായ സിംഹത്തിനു പ്രായമേറിയതുകൊണ്ട് ഓടിനടന്ന് ഇരപിടിക്കാനുള്ള ശേഷിയില്ല. സിംഹം കഴുതയെ കൂട്ടുപിടിച്ചു. അതിനെ ആടുകൾ താമസിക്കുന്ന ഗുഹയുടെ അകത്തേക്കു കയറ്റിവിട്ടു. തങ്ങളുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കഴുത ചാടിവീണതു കണ്ടു ഭയന്ന ആടുകളിൽ ചിലതു വെളിയിലേക്കോടി. അവിടെ കാത്തിരുന്ന സിംഹം അവയെ കൊന്നുതിന്നു. തന്റെ പ്രകടനമെല്ലാം കഴിഞ്ഞു പുറത്തെത്തിയ കഴുത പറഞ്ഞു: എന്തൊരു ശക്തിയാണെനിക്ക്. ഒരു തൊഴിക്ക് എത്ര ആടുകളാണു പുറത്തു ചത്തുകിടക്കുന്നത്. പലതവണ ഇപ്രകാരം പറഞ്ഞപ്പോൾ സിംഹം പറഞ്ഞു: ചുമ്മാതല്ല ലോകം മുഴുവൻ നിന്നെ കഴുത എന്നുവിളിക്കുന്നത്.

പേരുകൾ പാരമ്പര്യമായി കിട്ടുന്നതുണ്ട്, പെരുമാറ്റത്തിലൂടെ ലഭിക്കുന്നതുമുണ്ട്. പാരമ്പര്യമായി കിട്ടുന്നതെല്ലാം വംശത്തിന്റെയോ മാതാപിതാക്കളുടെയോ ആനുകൂല്യമാണ്. പ്രവർത്തനങ്ങളുടെ ബാക്കിപത്രമായി വീഴുന്ന പേരുകൾ സത്യസന്ധവും സ്വഭാവമഹിമ വെളിവാക്കുന്നതുമാകും. ഇരട്ടപ്പേരുകൾ പലപ്പോഴും യാഥാർഥ്യമാകുന്നതിനു കാരണം അവയ്ക്ക് അതിന്റെ ഉടമകളുടെ ആകാരത്തോടും പ്രകൃതത്തോടുമുള്ള സാമ്യംകൊണ്ടാണ്. ദുഷ്പേരു വീണവരുടെ കർമങ്ങൾ ദുഷിച്ചതും സൽപേരു ലഭിച്ചവരുടെ പ്രവൃത്തികൾ വിശുദ്ധവുമായിരുന്നു. മടിയനും മണ്ടനും മിണ്ടാമൂളിയും മിടുക്കനും വീരനുമെല്ലാം ഓരോരുത്തരുടെയും കർമസവിശേഷതകളുടെ അടയാളമാണ്. കർമംകൊണ്ടു ലഭിക്കുന്ന പേരാണ് ജന്മംകൊണ്ടു ലഭിക്കുന്ന പേരിനെക്കാൾ പ്രധാനം. ജന്മംകൊണ്ടു ലഭിക്കുന്ന പേരിന്റെ ഭംഗിയിലോ അർഥത്തിലോ നാമധാരികൾക്ക് ഉത്തരവാദിത്തമില്ല. കർമങ്ങൾക്കൊണ്ട് നേടുന്ന പേരുകൾക്കു സ്ഥാനപ്പേരുകളെക്കാൾ മഹിമയും പെരുമയുമുണ്ടെങ്കിൽ പദവികളുടെ പിറകെ പോകുന്നതിനെക്കാൾ നല്ലത് കർമോത്സുകനാകുന്നതല്ലേ?

ചിലർ തങ്ങളുടെ മേന്മ തിരിച്ചറിയുകയും അനുദിന പ്രവൃത്തികൾ ആ ഇനങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യും. ചിലർ തങ്ങളുടെ കുറവുകളെക്കുറിച്ചു മാത്രം ചിന്തിക്കുകയും അതിൽ നിന്നുണ്ടാകുന്ന അപകർഷത മറയ്ക്കാൻ ധൈര്യത്തിന്റെയും സാഹസികതയുടെയും മൂടുപടം അണിയുകയും ചെയ്യും. അത്തരക്കാർ പെട്ടെന്നു പരാജയപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും. മറ്റാരുടെയെങ്കിലും സവിശേഷതകളെ ആരാധിച്ച് അവ വളർത്തിയെടുക്കാൻ നടത്തുന്ന ശ്രമം സ്വന്തം പതനത്തിലേ കലാശിക്കൂ. അവനവന്റെ കഴിവുകൾക്ക്, അതെത്ര ചെറുതായാലും, പിതൃത്വവും തനിമയുമുണ്ടാകും. സ്വന്തം സവിശേഷതകളെ ഉപയോഗപ്പെടുത്തി ജീവിക്കുന്നവർക്കു തന്റേതായ ഒരിടം എത്ര വലിയ സമൂഹത്തിലുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA