അവകാശ സമരങ്ങൾക്ക് കരുത്തേകിയ പടവാൾ

  • ഈഴവ മെമ്മോറിയൽ സമർപ്പണത്തിന്റെ 125–ാം വാർഷികം ഇന്ന്
Dr-Palpu-1248
ഡോ.പൽപു
SHARE

ലോകചരിത്രത്തിൽ ഒന്നും സംഭവിക്കാത്ത പതിറ്റാണ്ടുകളും പതിറ്റാണ്ടുകൾ സംഭവിച്ച ആഴ്ചകളുമുണ്ട്’’ എന്ന ലെനിന്റെ നിരീക്ഷണത്തെ അന്വർഥമാക്കുന്നതാണു തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം 1888ൽ തുടങ്ങുന്ന 2 പതിറ്റാണ്ടുകൾ. അരുവിപ്പുറം പ്രതിഷ്ഠ, മലയാള മനോരമയുടെ സ്ഥാപനം, മെമ്മോറിയൽ പ്രക്ഷോഭങ്ങൾ, വില്ലുവണ്ടി സമരം, സമുദായ സംഘടനകളുടെ ആവിർഭാവം, കർഷകസമരം... തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ‘നൂറ്റാണ്ടുകൾ സംഭവിച്ച പതിറ്റാണ്ടുകൾ’.

ഇതിൽ, ജനപങ്കാളിത്തംകൊണ്ടും ഉന്നയിച്ച ആവശ്യങ്ങളുടെ സവിശേഷതകൊണ്ടും – ജാതി വിവേചനമില്ലാതെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കുമുള്ള അവകാശം – ശ്രദ്ധേയമായ മുന്നേറ്റങ്ങളായിരുന്നു മലയാളി മെമ്മോറിയലും (1891) ഈഴവ മെമ്മോറിയലും (1896). ആദ്യത്തേതിൽ സർക്കാർ സർവീസിലെ പരദേശ ബ്രാഹ്മണാധിപത്യത്തെക്കുറിച്ചും രണ്ടാമത്തേതിൽ ഈഴവരുടെ അവശതകളെക്കുറിച്ചുമാണു പരാമർശിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ അഭാവത്തിൽ മധ്യവർഗസമൂഹം നേരിട്ടു സംഘടിപ്പിച്ച നീക്കങ്ങളായിരുന്നു അവ. താഴെനിന്നു മുകളിലേക്കു പടർന്ന സമരങ്ങൾ. അധികാരത്തിനും അർഥത്തിനുംവേണ്ടി പിൽക്കാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുക്കൾ.

ഈഴവ മെമ്മോറിയലിന് ആധാരമായതു മലയാളി മെമ്മോറിയലാണെന്നതാണു വൈരുധ്യം. മലയാളി മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തദ്ദേശീയരിലെ മുന്നാക്കക്കാരോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിൽ കുറച്ചൊക്കെ മാറ്റം വന്നെങ്കിൽ, ഈഴവരുടെ ആവശ്യം ഭരണകൂടം പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് ഈഴവ മെമ്മോറിയൽ രൂപപ്പെട്ടത്.

എന്നാൽ, ഇതിനു വളരെ മുൻപുതന്നെ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ചില നീക്കങ്ങൾ നടന്നിരുന്നു. 1884ൽ കുരിക്കച്ചേരിൽ മാധവന്റെയും കുഞ്ഞിരാമന്റെയും നേതൃത്വത്തിൽ മദ്രാസ് സർക്കാരിനയച്ച പരാതി ഇതിനുദാഹരണം. എന്നാൽ 5 വർഷത്തിനുശേഷമാണു പരാതി സർക്കാർ പരിഗണനയ്ക്കെടുത്തത്! മാത്രമല്ല, ഗവർണറുടെ കൗൺസിലിലെ ഒരംഗം ഇതിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ‘‘വിചിത്രമായൊരു ഹർജി. നമുക്കൊന്നും ചെയ്യാനാവില്ല. എന്നാലും ഇത്തരം രേഖകൾ സശ്രദ്ധം സൂക്ഷിക്കപ്പെടേണ്ടതാണ്”.

1895ൽ ഡോ.പി.പൽപുവും സർക്കാരിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ചും സിവിൽ സർവീസ് നിയമനരീതിയെക്കുറിച്ചും തിരുവിതാംകൂർ ദിവാനു പരാതി സമർപ്പിച്ചു. വിദ്യാഭ്യാസം സിദ്ധിച്ച ഈഴവരുടെ സംഖ്യ 1875ൽ മൂന്നു ശതമാനമായിരുന്നത് 1891ൽ 12 ശതമാനമായിട്ടും ജാതിയുടെ പേരിൽ സർക്കാർ ഉദ്യോഗം നിഷേധിക്കുന്നതിനെ പരാതിയിൽ അദ്ദേഹം ശക്തമായി അപലപിക്കുന്നുണ്ട്. മാത്രമല്ല, സമുദായത്തെ ‘‘അയോഗ്യരാക്കുന്ന ഈ തടസ്സം അവർ ഹിന്ദുമതത്തിൽ തുടരുന്ന കാലത്തോളമേ ഉള്ളു’’ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പരാതി സമർപ്പണത്തെത്തുടർന്നു തിരുവിതാംകൂറിനകത്തും പുറത്തും തങ്ങൾക്കനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമവും പൽപു നടത്തുകയുണ്ടായി. ജി.പി.പിള്ളയെക്കൊണ്ടു പ്രശ്നം ഇന്ത്യൻ നാഷനൽ സോഷ്യൽ കോൺഫറൻസിൽ അവതരിപ്പിക്കുകയും അതുവഴി ദേശീയതലത്തിൽ ചർച്ചയ്ക്കു തുടക്കം കുറിക്കുകയും ചെയ്തു. ഇതിനൊപ്പം ‘തിരുവിതാംകോട്ടുകാരനായ ഒരു തീയൻ’ എന്ന തൂലികാനാമത്തിൽ ഡോ. പൽപു ബ്രിട്ടിഷ് - ഇന്ത്യൻ പത്രങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

Dr-j-Prajesh
ഡോ.ജെ.പ്രഭാഷ്

ഇത്തരം ശ്രമങ്ങൾ വിഫലമായതോടെയാണ് 1896 സെപ്റ്റംബർ 3ന് 13,176 ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ടു ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഭീമഹർജിയായി ഈഴവ മെമ്മോറിയൽ രൂപംകൊള്ളുന്നത്. മെമ്മോറിയലിന്റെ ഉള്ളടക്കം ഇങ്ങനെ: “ അടിയങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ഇതര ജാതിക്കാരോട് ഒത്തുനോക്കിയാൽ വളരെ മോശവും, വിശേഷിച്ച് ഇക്കാലത്ത് പരിഷ്കാരത്തിന് അവശ്യംവേണ്ടതായ ഇംഗ്ലീഷ് പഠിത്തമുള്ളവർ തീരെ ചുരുക്കവുമാണ് .... ഇതിനു കാരണം പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നുമാത്രമല്ല. വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്ന് ജനങ്ങൾ വിചാരിക്കുന്ന ... സർക്കാരുദ്യോഗങ്ങളിൽ അടിയങ്ങൾക്ക് നിശ്ശേഷം അർഹതയില്ലെന്നു വച്ചിരിക്കുന്നതും പ്രധാനമായൊരു കാരണമാണ്.... അതിനാൽ ... മേലാലെങ്കിലും എല്ലാ ഗവൺമെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും, യോഗ്യതാനുസാരം അടിയങ്ങൾക്കും സർക്കാർ ഉദ്യോഗം കിട്ടത്തക്കവണ്ണവും ... കല്പനയുണ്ടാവണമെന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.”

ഇത്രയൊക്കെയായിട്ടും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ പ്രശ്നം ബ്രിട്ടിഷ് പാർലമെന്റിൽ ഉന്നയിക്കുകയും 1900ൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു പരാതി നൽകുകയും ചെയ്തു. തുടർന്ന്, പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനും നിലപാടിൽ തെല്ലൊന്ന് അയവുവരുത്താനും തിരുവിതാംകൂർ ഭരണകൂടം നിർബന്ധിതമായി. ഇതോടെ സമരത്തിനു തിരശീലയും വീണു.

ജനകീയ മുന്നേറ്റങ്ങൾ ശരിയായ ലക്ഷ്യപ്രാപ്തിയിൽ എത്താതെ ഉപേക്ഷിക്കപ്പെടുന്നതു ചരിത്രത്തിൽ സാധാരണയാണ്. ഈഴവ മെമ്മോറിയലും ഇതിനൊരപവാദമല്ല. എന്നാൽ, ഇതു സമരത്തിന്റെ ശോഭ കെടുത്തുന്നില്ല എന്നതാണു വാസ്തവം. ഓരോ പ്രക്ഷോഭവും കാലത്തിന്റെയും സാഹചര്യങ്ങളുടെയും സൃഷ്ടിയാണല്ലോ. ഇങ്ങനെ നോക്കിയാൽ, അനീതിയെ സ്ഥാപനവൽക്കരിച്ചൊരു സാമൂഹികവ്യവസ്ഥിതിക്കെതിരെ ഓങ്ങിയ പടവാളാണ് ഈഴവ മെമ്മോറിയൽ. രാഷ്ട്രീയം കേവലം അധികാര പ്രയോഗത്തിനപ്പുറം നീതിയുമായി ചേർന്നു നിൽക്കുന്നു എന്നും, അതിനാൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓരോ ചോദ്യവും നീതിയെക്കുറിച്ചുള്ള ചോദ്യംകൂടി ആണെന്നുമുള്ള സൂചനയും അതു നൽകുന്നു. പ്രത്യക്ഷത്തിൽ ഈഴവരുടെ പ്രശ്നങ്ങളാണു മെമ്മോറിയൽ ഉന്നയിച്ചതെങ്കിലും, പരോക്ഷമായി മലയാളി സമൂഹം നേരിട്ട പ്രശ്നങ്ങൾക്കു നേരെ നീട്ടിയ ദർപ്പണമാണത്.

ഡോ. പൽപു: ജീവിതരേഖ

∙ ജനനം: 1863 നവംബർ 2ന്
തിരുവനന്തപുരം പേട്ടയിൽ.
∙ 1885ൽ മദ്രാസ് മെഡിക്കൽ കോളജിൽ
എൽഎംഎസ് പഠനത്തിനു ചേർന്നു.
(ഈഴവസമുദായത്തിൽ നിന്ന്
വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യവ്യക്തി)
∙ 1891ൽ മൈസൂർ മെഡിക്കൽ കോളജിൽ
ജോലിയിൽ പ്രവേശിച്ചു
∙ 1896 സെപ്റ്റംബർ 3 ന്
ഈഴവ മെമ്മോറിയൽ സമർപ്പിച്ചു
∙ 1898–1900ൽ ഇംഗ്ലണ്ടിൽനിന്ന്
സിപിഎച്ച്, എഫ്ആർപി ബിരുദങ്ങൾ നേടി
∙ 1917–18ൽ ബറോഡ സർക്കാരിന്റെ
സാനിറ്ററി അഡ്വൈസർ പദവി വഹിച്ചു
∙ മരണം: 1950 ഒക്ടോബർ 29

(കേരള സർവകലാശാല രാഷ്ട്രതന്ത്രവിഭാഗം മുൻ പ്രഫസറാണ് ലേഖകൻ)

English Summary: 125th Anniversary of Ezhava Memorial Submission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA