മാറ്റത്തിന്റെ വഴിയിൽ ഒപ്പം നടന്ന്

Manorama-Editorial-1896-sept-19
SHARE

‘ഇവരിൽ 13176 പേർ ഒപ്പിട്ടു തിരുമുമ്പാകെ സമർപ്പിച്ചതായ ഹർജിയുടെ അച്ചടിച്ച ഒരു പകർപ്പ് അഭിപ്രായത്തിനായി ഇവിടെ അയച്ചു തന്നിരിക്കുന്നു. എല്ലാ ഗവർമെന്റു സ്‌കൂളുകളിലും തങ്ങളുടെ കുട്ടികളെ ചേർത്തു പഠിപ്പിക്കുന്നതിനും യോഗ്യതാനുസരണം സർക്കാർ ഉദ്യോഗങ്ങൾ കൊടുക്കുന്നതിനും കല്പിച്ചനുവദിക്കണമെന്നാണു ഹർജിയുടെ താൽപര്യം. ഈ കാര്യത്തെക്കുറിച്ച് ഇതിനു മുൻപും ഈ പംക്തികളിൽ ബലമായി പ്രസ്താവിച്ചിട്ടുള്ളതാണല്ലൊ’

ഡോ. പി. പൽപുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ സമർപ്പിച്ചതിനു പിന്നാലെ 1896 സെപ്റ്റംബർ 19നു മലയാള മനോരമ പത്രാധിപർ കണ്ടത്തിൽ വറുഗീസു മാപ്പിള എഴുതിയ ‘തിരുവിതാംകോട്ടെ ഈഴവർ’ എന്ന മുഖപ്രസംഗത്തിൽ കേരള നവോത്ഥാന ചരിത്രത്തെ സമ്പന്നമാക്കിയ സാമൂഹികപോരാട്ടത്തിന്റെ മാറ്റൊലിയുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസം, വിദ്യാസമ്പന്നർക്ക് സർക്കാർ ഉദ്യോഗം എന്നിങ്ങനെയുള്ള സാമാന്യനീതി പോലും നിഷേധിച്ച അന്നത്തെ അധികൃതരുടെ നയത്തെ നിശിതമായി വിമർശിച്ചു, പത്രാധിപർ. നിർണായക മുന്നേറ്റങ്ങൾക്കെല്ലാം മുഖപ്രസംഗങ്ങളിലൂടെയും മറ്റും സുദൃഢമായ പിന്തുണയേകി.

സുപ്രധാന നയതീരുമാനങ്ങളെടുക്കുന്നതിൽ സർക്കാരിനെ ഗുണപരമായി സ്വാധീനിക്കാൻ പത്രങ്ങൾക്കാകുമെന്നു വിശ്വസിച്ച പൽപുവാകട്ടെ, ഈഴവ മെമ്മോറിയലിന്റെയും അതിനുമുൻപു സമർപ്പിച്ച 2 ഹർജികളുടെയും പകർപ്പെടുത്ത് അന്നത്തെ പ്രമുഖ മലയാളം, ഇംഗ്ലിഷ് പത്രങ്ങൾക്കു നൽകി. മലയാള മനോരമ, മലയാളി, കേരള സഞ്ചാരി തുടങ്ങിയവയായിരുന്നു ഹർജി പകർപ്പുകൾ അയച്ചുകിട്ടിയ മലയാള പത്രങ്ങൾ. ഇത്തരം കാര്യങ്ങളൊന്നും പത്രത്തിൽ പരസ്യം ചെയ്യേണ്ട എന്ന താക്കീതു നൽകാൻ തിരുവിതാംകൂർ ദിവാൻ ശങ്കര സുബ്ബയ്യരും മടിച്ചില്ല. രണ്ടു തവണ ഹർജി നൽകിയിട്ടും മറുപടി കിട്ടാഞ്ഞ പൽപു ദിവാനെ നേരിൽ കാണാനെത്തിയ സന്ദർഭത്തിലായിരുന്നു ശാസന. ‘സമുദായത്തിനുവേണ്ടി കഴിവുള്ളതെല്ലാം ചെയ്യുന്നതിനു ഗവൺമെന്റ് സന്നദ്ധമായിരിക്കുമ്പോൾ വർത്തമാനക്കടലാസുകളിൽ കിടന്നു ലഹള കൂട്ടിയിട്ട് ആവശ്യമില്ല’ എന്നു പറഞ്ഞാണു ദിവാൻ ആ കൂടിക്കാഴ്ച അവസാനിപ്പിച്ചതെന്ന് ഡോക്ടർ പൽപുവിന്റെ ജീവചരിത്രത്തിൽ സമകാലികനായ ടി.കെ. മാധവൻ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വജാതിക്കാരായ തിരുവിതാംകോട്ടെ ഈഴവരുടെ ഞെരുക്കങ്ങളെക്കുറിച്ചു റസിഡന്റ് സായ്പിനോടു നേരിട്ടു സങ്കടം പറയാനായിട്ടു മൈസൂർ അസിസ്റ്റന്റ് സർജൻ മിസ്റ്റർ പൽപു തിരുവനന്തപുരത്തു വന്നു താമസിക്കുന്നതായി കാണുന്നു’ (1896 ഫെബ്രുവരി 15) എന്നതുൾപ്പെടെ മലയാള മനോരമ അക്കാലത്തു പ്രസിദ്ധീകരിച്ച വാർത്തകളിലും മുഖപ്രസംഗങ്ങളിലും സാമൂഹിക പരിഷ്കരണത്തിലുള്ള അതീവ താൽപര്യവും നിതാന്ത ജാഗ്രതയും ദൃശ്യമാണ്.

‘സംസ്ഥാനം ഒട്ടുക്കുള്ള ജനങ്ങളിൽ അഞ്ചിൽ ഒരു ഭാഗം ഈഴവരാണെങ്കിലും അതിൽ ഒരുവനു പോലും ഏറ്റവും താണതരം സർക്കാർ ഉദ്യോഗമെങ്കിലും ഇതുവരെ കൊടുത്തിട്ടില്ലെന്നുള്ളതും ഏറിയ ഭാഗം ഗവർമെന്റു സ്‌കൂളുകളിൽ അവരുടെ കുട്ടികളെ ചേർത്തു പഠിപ്പിക്കാറില്ലെന്നുള്ളതും വളരെ ശോചനീയമാണെന്നു പറയേണ്ടതില്ലെല്ലൊ’ എന്ന്, 1896 ഒക്ടോബർ 10 ന് എഴുതിയ മുഖപ്രസംഗത്തിൽ മനോരമ അപലപിച്ചു. മാതൃകാരാജ്യം എന്നുള്ള തിരുവിതാംകൂറിന്റെ കീർത്തിക്ക് ഇത് ഒട്ടും ചേരുന്നതല്ലെന്ന് അധികൃതരെ ഓർമിപ്പിച്ചു; ‘കരുണാവാരിധിയായിരിക്കുന്ന തിരുമനസ്സുകൊണ്ടു ഈഴവരുടെ കാര്യത്തിൽ ഇനി എങ്കിലും വേണ്ടതുപോലെ പ്രവൃത്തിക്കുമെന്നു വിശ്വസിക്കുന്നു’ എന്നു പ്രത്യാശ പങ്കുവച്ചു.

1895 മേയ് 13 നായിരുന്നു പൽപുവിന്റെ ആദ്യത്തെ ഹർജി. ഇതിനു ശേഷവും, ഒരു ഈഴവകുട്ടിക്ക് ചിറയിൻകീഴിലെ ഇംഗ്ലിഷ് പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ച സംഭവമുണ്ടായി. 1895 നവംബർ 8 ന് ദിവാനു വീണ്ടും ഹർജി അയച്ചപ്പോൾ ഇക്കാര്യം കൂടി പൽപു വ്യസനത്തോടെ സൂചിപ്പിച്ചിരുന്നു. ഡിസംബർ 21നു മനോരമ ഈ വിഷയം ഉന്നയിച്ചുകൊണ്ടും മുഖപ്രസംഗമെഴുതി: ‘പൽപു രണ്ടാമതു കൊടുത്തതായി പറഞ്ഞ ഹർജിയോടുകൂടിയുള്ള ഉള്ളടക്കങ്ങളിൽ ചിറയിൻകീഴ് പള്ളിക്കൂടത്തിൽ പ്രവേശനം കിട്ടണമെന്ന് ഒരീഴവൻ അപേക്ഷിച്ചതിന് തിരുവനന്തപുരം കോളജിൽ ചേർന്നു പഠിച്ചുകൊൾവാനാണ് വിദ്യാഭ്യാസ സെക്രട്ടറി മറുപടി കൊടുത്തത് എന്നു കാണുന്നതിൽ ആശ്ചര്യപ്പെടുന്നു... ഹർജിയിലെ സംഗതികളിലും ന്യായങ്ങളിലും ഒന്നെങ്കിലും തെറ്റെന്നു പറയാൻ ഗവണ്മെന്റിനെക്കുറിച്ച് എത്രതന്നെ പക്ഷപാതമായി ആലോചിക്കുന്നവർക്കും കഴിയുമെന്നു തോന്നുന്നില്ല.’

പൽപു മുൻകയ്യെടുത്തു രൂപീകരിച്ച ‘തിരുവിതാംകൂർ ഈഴവ സഭ'യ്ക്കു പിന്തുണയേകി മലയാള മനോരമ 1896 ഏപ്രിൽ 18നു പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ശ്രദ്ധേയമാണ്. സഭ കൂടുന്നതിനും പ്രസംഗിക്കുന്നതിനുമൊപ്പം വിദ്യയും പരിശ്രമശീലവും വർധിപ്പിക്കുമ്പോഴാണ് ശരിയായ അഭിവൃദ്ധി ഉണ്ടാകേണ്ടതെന്ന് ഓർമപ്പെടുത്തിയാണു ആ മുഖപ്രസംഗം അവസാനിക്കുന്നത്.
തിരുവിതാംകൂറിലെ ഈഴവർക്ക് അയോഗ്യത കൽപിക്കുന്ന സർക്കാർ നിലപാടിനെപ്പറ്റി ബ്രിട്ടിഷ് പാർലമെന്റംഗം ഹെർബർട് റോബർട്‌സ് 1897ൽ ഇന്ത്യാ സെക്രട്ടറിയോടു ചോദ്യമുന്നയിച്ചതു പൽപുവിന്റെ ശ്രമഫലമായിട്ടാണ്. ഇക്കാര്യവും മനോരമ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു: ‘... ഈ സംഗതിയിൽ മദ്രാസ് ഗവർമെന്റിന്റെ ശ്രദ്ധയ്ക്കായി ആവശ്യപ്പെടുമെന്നു ലോഡ് ജോർജ് ഹാമിൽറ്റൻ വാഗ്ദാനം ചെയ്തതായും കാണുന്നു. ഈ ചോദ്യം നിമിത്തം വളരെ പ്രയോജനമുണ്ടാകുന്നതാണെന്നു മദ്രാസ് മെയിൽ പത്രം അഭിപ്രായപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് ഇങ്ങനെ പല സംഗതികളും ഇവിടത്തേതു പാർലമെന്റിൽ ചെന്നു വരേണ്ടതായി വരുമെന്നു തോന്നുന്നു’ (1897 ഓഗസ്റ്റ് 14)

ദലിതരുടെ വിദ്യാഭ്യാസത്തിന് സർക്കാർ വകയിരുത്തിയ പണം യഥാർഥത്തിൽ അതിനായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ഒന്നാം ലക്കത്തിൽ മുഖപ്രസംഗം (‘തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പുലയരുടെ വിദ്യാഭ്യാസം’, 1890 മാർച്ച് 22 ) പ്രസിദ്ധീകരിച്ച മലയാള മനോരമ പിൽക്കാല നവോത്ഥാന മുഹൂർത്തങ്ങളിലും ആർജവത്തോടെ പത്രധർമം നിറവേറ്റുകയായിരുന്നു.

‘‘ഈ സംസ്ഥാന ജനങ്ങളിൽ സംഖ്യകൊണ്ട് രണ്ടാമത്തെ സംഘമായ ഈഴവരിൽ ഇതേവരെ ഉയർന്നതരം ഇംഗ്ലിഷ് വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവരായി തിരുവനന്തപുരത്തുകാരായ രണ്ടു സഹോദരന്മാർ മാത്രമേയുള്ളൂ എന്നത് ഇതിനു മുമ്പിലുള്ള ചില പ്രസംഗവശാൽ ഇവിടെ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. ഈ സഹോദരന്മാരിൽ അനുജനായി മൈസൂർ ഗവർണ്മെന്റിന്റെ കീഴിൽ അസിസ്റ്റന്റ് സർജൻ ഉദ്യോഗത്തിൽ ഇരിക്കുന്ന പി. പൽപുവിനെക്കുറിച്ചും അദ്ദേഹം തന്റെ ജാതിജനങ്ങളുടെ ഉയർച്ചയ്ക്ക് തിരുവിതാംകൂർ ഗവണ്മെന്റിൽ മുൻപിനാലെയുള്ള പ്രതിബന്ധങ്ങളെ ഒഴിച്ചുകൊടുക്കണമെന്ന് ദിവാൻ ശങ്കരസുബ്ബയ്യരവർകൾക്കു ഹർജി അയച്ചിട്ടുള്ള വിവരവും വായനക്കാർ ഓർക്കാൻ ഇടയുണ്ട്. കഴിഞ്ഞ മെയ് മാസം 13ാം തീയതി കൊടുത്തതായ ഈ ഹർജിക്ക് തിരുവിതാംകൂർ ഗവണ്മെന്റിൽനിന്ന് ഇതേവരെ (ഏഴെട്ടുമാസം ചെന്നിട്ടും) ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നു കാണുന്നതിൽ ആശ്ചര്യപ്പെടാതെയിരിക്കാൻ നിവൃത്തിയില്ലല്ലോ’’

(മലയാള മനോരമ മുഖപ്രസംഗം, 1895 ഡിസംബർ 21)

English Summary: Ezhava Memorial Submission and Malayala Manorama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA