ADVERTISEMENT

കോൺഗ്രസിന്റെ പുതിയ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരുടെ നിയമനം ആ പാർട്ടിയിലുണ്ടാക്കിയ പുകിലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. പറയുമ്പോൾ, ഡിസിസി പ്രസിഡന്റുമാർ കേരളരാഷ്ട്രീയത്തിൽ വളരെ പരിമിതമായ പങ്കേ വഹിക്കുന്നുള്ളൂ. അവരുടെയും മറ്റു പാർട്ടികളിലെ ജില്ലാതല നേതാക്കളുടെയും പ്രാധാന്യം അതതു പാർട്ടികളുടെ സംഘടനാതലത്തിൽ ഒതുങ്ങുന്നു. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ പരിഗണിക്കാതെയാണു ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചിട്ടുള്ളത് എന്നതാണ് ഇത്തവണത്തെ പുതുമ. മുൻപ്, യൂത്ത് കോൺഗ്രസ് തൊട്ട് തലപ്പത്തുവരെയുള്ള പദവികൾ എ-ഐ ഗ്രൂപ്പുകൾ വിഭജിച്ചെടുക്കുകയായിരുന്നു. ഇത്തരത്തിൽ നേടിയെടുത്തിരുന്ന സമതുലിതാവസ്ഥ തിരഞ്ഞെടുപ്പു വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസിനെ സജ്ജമാക്കിയിരുന്നു.

ഗ്രൂപ്പുകളെ അരികുചേർത്തുനിർത്തി പുതിയൊരുപറ്റം ഭാരവാഹികളുടെ പട്ടികയാണു പുറത്തുവന്നിരിക്കുന്നത്. ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ പിടിയിലൊതുങ്ങിയ കോൺഗ്രസിന് ഈ നടപടി പുതിയ ഉണർവുനൽകും എന്നു കരുതുന്നവരുണ്ട്. ഒരു നിബന്ധന കൂടി പാലിച്ചിരുന്നെങ്കിൽ തീർച്ചയായും അങ്ങനെ സംഭവിക്കുമായിരുന്നു. ഡിസിസി പ്രസിഡന്റുമാർ വന്നതു സംഘടനാ തിരഞ്ഞെടുപ്പിലൂടെയല്ല എന്നതാണു പാലിക്കാത്ത ആ നിബന്ധന. അവരെ കേന്ദ്രനേതൃത്വം നാമനിർദേശം ചെയ്യുകയായിരുന്നു. എ-ഐ ഗ്രൂപ്പുകൾക്കു പുറമേ, കേന്ദ്രനേതൃത്വത്തിന്റേതും അവർ പിന്തുണയ്ക്കുന്ന പുതിയ സംസ്ഥാനനേതൃത്വത്തിന്റേതുമായ മൂന്നാമതൊരു ഗ്രൂപ്പ് അനൗദ്യോഗികമായി രൂപപ്പെട്ടു എന്നതാണ് അതുമൂലം സംഭവിച്ചത്. കോൺഗ്രസിൽ ഗ്രൂപ്പുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല.

എ-ഐ ഗ്രൂപ്പുകൾ പദവികൾ പങ്കിട്ടെടുത്തിരുന്നപ്പോൾ, അവർ പലതരത്തിലുള്ള പ്രാതിനിധ്യങ്ങളും ഉറപ്പുവരുത്തിയിരുന്നു. പുതിയ ഡിസിസി പട്ടികയിൽ സ്ത്രീകളുടെയോ പട്ടികജാതിക്കാരുടെയോ സാന്നിധ്യം പേരിനുപോലും ഇല്ല. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാരുടെ വൈവിധ്യത്തെപ്പറ്റി പുതിയ പരിഷ്കാരം നടപ്പാക്കിയവർ മനസ്സിലാക്കിയതായി തോന്നുന്നില്ല. യാഥാർഥപ്രശ്നം ഗ്രൂപ്പുകളുടേതല്ല; ഉൾപാർട്ടി ജനാധിപത്യത്തിന്റേതാണ്. ബിജെപി, സിപിഎം, സിപിഐ തുടങ്ങി ചുരുക്കം ചില പാർട്ടികളിലേ അതുള്ളൂ. ബാക്കി മിക്ക പാർട്ടികളിലും അണികളുടെ അഭ്യുന്നതിക്കു പരിധി കൽപിച്ചു കുടുംബവാഴ്ച നിലനിൽക്കുന്നു. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം കൊണ്ടുവരണമെന്നു തുടക്കത്തിൽ രാഹുൽ ഗാന്ധി ആത്മാർഥമായി ആഗ്രഹിച്ചിരുന്നു.

2007ൽ അദ്ദേഹം ജനറൽ സെക്രട്ടറിയായശേഷം കോൺഗ്രസിൽ ജനാധിപത്യം കൊണ്ടുവരാൻ മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറായ ജെ.എം. ലിങ്ദോ അധ്യക്ഷനായ 'ഫൗണ്ടേഷൻ ഫോർ മാനേജ്‌മെന്റ് ഓഫ് ഇലക്‌ഷൻസ്’ എന്ന സംഘടനയെ ചുമതലപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ദീർഘകാലം പ്രവർത്തനപരിചയമുള്ള കെ.ജെ. റാവുവിന് അതു പ്രാവർത്തികമാക്കാനുള്ള ചുമതല ലഭിച്ചു. 2009ൽ ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടന്നു. റാവു നടത്തിയ തിരഞ്ഞെടുപ്പുകളിലാരും തോറ്റിരുന്നില്ല! ഉദാഹരണത്തിന്, ജില്ലാതല തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ സ്ഥാനാർഥി പ്രസിഡന്റ്, രണ്ടാമത്തെ ആൾ വൈസ് പ്രസിഡന്റ്, മൂന്നാമത്തെ ആൾ ഒന്നാം ജനറൽ സെക്രട്ടറി... അങ്ങനെ പോകുന്നു ‘വിജയികളുടെ’ പട്ടിക. എന്തുകൊണ്ടോ രാഹുൽ ഗാന്ധി ഈ പരീക്ഷണം വഴിക്കുവച്ച് ഉപേക്ഷിച്ചു.

ഇരുനൂറിലധികം ലോക്സഭാ സീറ്റുകളിൽ ബിജെപിയോടു നേരിട്ടു മത്സരിക്കുന്ന കോൺഗ്രസ് തന്നെയാണു ദേശീയ സ്വഭാവമുള്ള ഏക പ്രതിപക്ഷപാർട്ടി. ഇന്ദിരാഗാന്ധി വരുന്നതുവരെ ആ പാർട്ടി വച്ചുപുലർത്തിയിരുന്ന ഉൾപാർട്ടി ജനാധിപത്യം ഏറ്റവും ശോഷിച്ചകാലം, അടിയന്തരാവസ്ഥയ്ക്കു ശേഷം ഇപ്പോഴാണെന്നു തോന്നുന്നു. ബിജെപിയുടെ അപ്രമാദിത്വത്തെ വെല്ലുവിളിച്ചുകൊണ്ട്, നല്ല രീതിയിൽ കോൺഗ്രസ് വിജയിച്ച പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വിമതരോടുള്ള കേന്ദ്രനേതൃത്വത്തിന്റെ മൃദുസമീപനം കോൺഗ്രസിനെ ആ സംസ്ഥാനങ്ങളിൽ ദുർബലപ്പെടുത്തുന്നു. കേരളത്തിൽ കോൺഗ്രസിന്റെ അകത്തു പുതിയ പോർമുഖം തുറന്നതും കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുകളാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മോദിയുടെ മൂന്നാംവരവിനെ തടയാൻ കോൺഗ്രസ് യുദ്ധസജ്ജമല്ലന്നേ പറയാൻ പറ്റുന്നുള്ളൂ.

∙ സിനിമ പോലെ മാറണം, നമ്മുടെ സീരിയലുകളും

ആധുനികകാലത്തു പൊന്തിവന്ന കലാരൂപമാണൂ ടിവി സീരിയലുകളും വെബ് സീരീസുകളും. കഥാപാത്രങ്ങളുടെ വികാസപരിണാമങ്ങളിലും സംഭവപരമ്പരകളിലും പ്രാദേശിക സവിശേഷതകളിലും നോവലിനോടു കിടപിടിക്കുന്ന ദൃശ്യമാധ്യമങ്ങളാണിവ. ‘ദ് ഗെയിം ഓഫ് ത്രോൺസ്’, ‘ബ്രേക്കിങ് ബാഡ്’ തുടങ്ങി പ്രശസ്തമായ അനേകം ടിവി സീരിയലുകൾ ഈ നൂറ്റാണ്ടിൽ ഇറങ്ങിയിട്ടുണ്ട്. ദൂരദർശന്റെ ശൈശവകാലത്തിറങ്ങിയ ‘ഹം ലോഗ്’ എന്ന ഹിന്ദി ടിവി സീരിയൽ ഇപ്പോഴും കാണികൾ മറന്നിട്ടില്ല.

ടിവി സീരിയലുകളിൽ നിന്നു വ്യത്യസ്തമാണു വെബ് സീരീസ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകളെ ജനകീയമാക്കി. ‘നാർക്കോസ്’, ‘സേക്രഡ് ഗെയിംസ്’ (ഹിന്ദി) ‘ മണിഹൈസ്റ്റ്’ തുടങ്ങിയ കുറ്റാന്വേഷണപരമ്പരകൾ, ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ചുള്ള ‘ദ് ക്രൗൺ’, ഈയിടെ ഇറങ്ങിയ മറ്റൊരു കുറ്റാന്വേഷണ സീരിയൽ ‘മേർ ഓഫ് ഈസ്റ്റ്ടൗൺ’ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത സീരിയലുകൾ ലോകമെമ്പാടും കോടികണക്കിനാളുകൾ കാണുന്നു. 21ാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയ കലാരൂപങ്ങളാണു ടിവി സീരിയലുകളും വെബ് സീരീസും.

ഒടിടി പ്ലാറ്റ്ഫോമുകൾ കൊണ്ടുവന്ന മറ്റൊരു പ്രതിഭാസമാണു മലയാള സിനിമ നേടിയെടുത്ത രാജ്യാന്തരപ്രശസ്തി. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി ഈയിടെ ഇറങ്ങിയ ‘#ഹോം’വരെയുള്ള ചലച്ചിത്രങ്ങൾ കേരളത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കു വഴിയൊരുക്കി. മലയാള സിനിമ ഇത്ര വളർന്ന സ്ഥിതിക്കു മലയാളത്തിലെ നല്ല സീരിയലുകളുടെ പേരുകൾ മറ്റു സംസ്ഥാനങ്ങളിലെ സുഹൃത്തുക്കൾ എന്നോടു ചോദിക്കുമായിരുന്നു. ശുപാർശ ചെയ്യാൻതക്ക നല്ല സീരിയലുകൾ മലയാളത്തിലില്ല എന്ന എന്റെ മറുപടി അവരെ അദ്ഭുതപ്പെടുത്തി.

പൊതുചിന്താഗതിയും അപ്രകാരം തന്നെയെന്നു തോന്നിക്കുന്നതു പോലെയാണു കഴിഞ്ഞ ബുധനാഴ്ച നടത്തിയ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനം. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും സീരിയലുകൾക്ക് അവാർഡ് പ്രഖ്യാപിച്ചില്ല. ടെലിവിഷൻ സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജൂറിയുടെ പ്രസ്താവന നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

സീരിയലുകളുടെയും വെബ് സീരീസിന്റെയും ജീവനാഡി ഒന്നേയുള്ളൂ: ഉള്ളടക്കം. ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ തേടിപ്പിടിച്ചു സിനിമയിൽ അവതരിപ്പിക്കുന്ന മലയാളി എന്തുകൊണ്ടു സീരിയലുകളിൽ പരാജയപ്പെടുന്നു? ഇപ്പോഴത്തെ ഉള്ളടക്കം തൃപ്തിപ്പെടുത്തുന്ന ഒരു വിഭാഗം ആളുകൾ അതു കാണുമായിരിക്കും. അവരെ മാത്രം ലക്ഷ്യമിട്ട് ഒരേ അച്ചിൽ സീരിയലുകൾ പടച്ചുവിടുന്നതിനു പകരം ഇന്റർനെറ്റ് തുറന്നിടുന്ന വിശാലമായ ലോകത്തേക്ക് ഇറങ്ങണം.

സംസ്ഥാന സർക്കാരും നവീകരണം നടത്തേണ്ട സമയമായിരിക്കുന്നു. ‘സിനിമഇതര വിഭാഗം’ എന്ന ഒറ്റ വിഭാഗത്തിനു പകരം ടിവി സീരിയലുകൾ, വെബ് സീരീസ് തുടങ്ങി വിവിധ വിഭാഗങ്ങൾക്കു പ്രത്യേകം അവാർഡുകൾ നൽകണം. യുഎസിൽ ഇത്തരത്തിലുള്ള ദൃശ്യരൂപങ്ങൾക്കുള്ള പ്രസിദ്ധമായ ‘എമ്മി’ അവാർഡുകളുടെ അവാന്തര വിഭാഗങ്ങൾ കേട്ടാൽ നമ്മൾ അദ്ഭുതപ്പെട്ടുപോകും.

സ്കോർപ്പിയൺ കിക്ക്

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച എം മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ചു ശിവശങ്കറിനു ക്ലീൻചിറ്റ് നൽകിയ രണ്ടാംസമിതിക്കായി ചെലവഴിച്ചത് 5.27 ലക്ഷം രൂപ.

ക്ലീനിങ് ചാർജ്!

Content Highlights: Thalsamayam, Congress, DCC, TV Serials, Web Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com