കർഷക സമരത്തിന്റെ പേരിൽ ബിജെപിയിൽ പൊട്ടലും ചീറ്റലും

ദേശീയം
modi
SHARE

ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തിയിരിക്കുന്നു. കർഷകവോട്ട് 2 സംസ്ഥാനങ്ങളിലും നിർണായകം. എന്നിട്ടും, കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്ന കർക്കശ നിലപാടു തുടരുകയാണ് മോദി സർക്കാർ. ഇതിനെതിരെ ബിജെപിയിൽനിന്നുതന്നെ സ്വരങ്ങളുയരുന്നു.

ഉത്തർപ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, കൃഷിനിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന നരേന്ദ്ര മോദി സർക്കാരിന്റെ കർക്കശ നിലപാടിനെതിരെ ബിജെപിക്കുള്ളിലും അഭിപ്രായങ്ങൾ ഉയരുന്നു. ആറു മാസം മുൻപു കർഷകസമരത്തിനു ലഭിച്ചിരുന്ന ശ്രദ്ധ ഇപ്പോഴില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ പാലിച്ചുപോന്ന മൗനമാണ് ഇപ്പോൾ ഭേദിക്കപ്പെടുന്നത്. കൃഷി നിയമങ്ങൾ കൃഷിക്കാർക്കു ഗുണകരമാണെന്നും കാർഷികാദായം ഉയർത്തുമെന്നുമാണു പാർട്ടിയും സർക്കാരും ഔദ്യോഗികമായി ആവർത്തിക്കുന്ന നയം. കഴിഞ്ഞ ജനുവരിക്കുശേഷം സർക്കാരും കർഷക സംഘടനകളും തമ്മിൽ ചർച്ച നടന്നിട്ടില്ല. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുമില്ല. ബിജെപിക്കുള്ളിൽ കർശന അച്ചടക്കം വേണം എന്ന നരേന്ദ്രമോദിയുടെ ശാസന അവഗണിച്ച്, ഉത്തർപ്രദേശിൽനിന്നുള്ള പല നേതാക്കളും കർഷകസമരം സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അഭിപ്രായവ്യത്യാസം സൂചിപ്പിച്ചുകഴിഞ്ഞു.

മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കാറുള്ള മുതിർന്ന രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി, പശ്ചിമ യുപിയിൽനിന്നുള്ള കർഷകൻ കൂടിയായ മേഘാലയ ഗവർണർ സത്യപാൽ മാലിക്, യുപിയിൽനിന്നുള്ള ലോക്സഭാംഗം വരുൺ ഗാന്ധി എന്നിവരാണു കൃഷിനിയമത്തിലുള്ള പാർട്ടി ഔദ്യോഗിക നിലപാടിനെതിരെ പരസ്യ പ്രതികരണം നടത്തിയത്. കർണാലിൽ കർഷകർക്കെതിരെ ക്രൂരമർദനം അഴിച്ചുവിടാൻ പൊലീസിന് ഉത്തരവു കൊടുത്ത    ഹരിയാനയിലെ ഐഎഎസ് ഓഫിസർക്കെതിരെ വരുൺ ഗാന്ധി രംഗത്തുവന്നു. ഞായറാഴ്ച പശ്ചിമ യുപിയിൽ ലക്ഷങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു വരുൺ ഗാന്ധി പറഞ്ഞു- ‘കർഷകരോടു ചർച്ച നടത്തണം, അവർ നമ്മുടെ രക്തവും മാംസവും ആണ്.’

മോദിയുടെ നേതൃത്വത്തിനു കീഴിൽ മൂലയ്ക്കിരുത്തപ്പെട്ട നേതാക്കളിലൊരാളാണു വരുൺ. അമ്മ മേനക ഗാന്ധിയെ 2019ൽ കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതുമുതൽ അദ്ദേഹം മൗനത്തിലായിരുന്നു. പാർട്ടിയിലോ സർക്കാരിലോ ഒരു പദവിയിലേക്കും വരുൺ ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. രാജ്നാഥ് സിങ് പ്രസിഡന്റായിരുന്ന കാലത്ത് വരുൺ ബിജെപിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായിരുന്നു. എങ്കിലും പാർട്ടി നേതൃത്വത്തോടുള്ള ബഹുമാനം നിലനിർത്തിത്തന്നെയാണു കർഷകരുമായി ചർച്ച നടത്താൻ തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാൽ, കർഷകരാണു ചർച്ച നടത്താൻ സഹകരിക്കാത്തതെന്നാണു ബിജെപിയുടെ ഔദ്യോഗിക നിലപാട്. കർഷക സംഘടനകൾ പ്രതിപക്ഷപാർട്ടികളുടെ ഏജന്റുമാരാണെന്നും അവരെ ചെറുക്കാൻ ഉയർന്ന അളവിലുള്ള ഹിന്ദുത്വ ദേശീയത പ്രയോഗിക്കണമെന്നും വാദിക്കുന്ന തീവ്രനിലപാടുകാരും പാർട്ടിയിലുണ്ട്. 2014 മുതൽ ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കുന്നതു തീവ്രദേശീയതാവികാരമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. യോഗി ആദിത്യനാഥ് സർക്കാരിന് അനുകൂലമായ തരംഗം യുപിയിലുണ്ടെന്ന ഒരു ചാനൽ സർവേ ഫലവും അവരുടെ വാദത്തിനു മൂർച്ച കൂട്ടുന്നു.

ഇതേ ചാനൽ സർവേ പഞ്ചാബിൽ ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടാൻ സാധ്യതയില്ലെന്നും പ്രവചിക്കുന്നു. സംസ്ഥാനത്തെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദൾ കൃഷി നിയമങ്ങളുടെ പേരിൽ എൻഡിഎ ബന്ധം ഉപേക്ഷിച്ചതാണു കാരണം. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി അമരിന്ദർ സിങ്ങും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള പൊരിഞ്ഞ അടി മുതലാക്കാൻപോലും നഗരമേഖലകളിൽ ശക്തമായ അടിത്തറയുള്ള ബിജെപിക്കു കഴിയാത്ത സ്ഥിതിയാണ്. പകരം ആം ആദ്മി പാർട്ടിയാണു നഗരമേഖലകളിൽ ശക്തിപ്രാപിച്ചിട്ടുള്ളത്. ഫലത്തിൽ, എഎപിയും അകാലിദളും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാകും പഞ്ചാബ് നഗരമേഖലയിൽ നടക്കുക.

ബിജെപിയോട് ഇടഞ്ഞുനിൽക്കുന്ന വോട്ടുബാങ്കുകളെ വരുതിയിലാക്കുന്ന തന്ത്രങ്ങൾക്കു രൂപം നൽകുന്ന കാര്യത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും കൃത്യത പുലർത്താറുണ്ട്. കർഷകസമരത്തോടുള്ള സമീപനം മാറ്റാൻ അവർ തീരുമാനിക്കുകയാണെങ്കിൽ അത് അവരുടെ മാത്രം കണക്കുകൂട്ടലുകൾക്കുള്ളിൽ നിന്നാവും.

English Summary: Assembly election; BJP on farmers protest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA