ഗാങ്ങിനെ വെട്ടി കാനച്ചുരിക

kanam
SHARE

കാവിയെന്നു കേട്ടാൽ ഹാലിളകും, കാവി പുതച്ചാൽ കുളിരുകോരും. ഇതാണു സിപിഎം സ്റ്റൈൽ. കേന്ദ്രത്തിൽ ബിജെപിക്ക് ആദ്യമായി അധികാരം പിടിക്കാൻ വഴിയൊരുക്കിയെന്ന് ആക്ഷേപിക്കുന്നവരുണ്ടാകും. പക്ഷേ, അതൊക്കെ സിപിഎമ്മിന്റെ ചരിത്രത്തിൽനിന്ന് ഊർന്നുവീണിട്ടു കാലമെത്ര കഴിഞ്ഞു. 

സിപിഎമ്മിനെതിരെ ശബ്ദിക്കുന്ന ആരെയും ആർഎസ്എസിൽ ചേർത്തുകളയും അവർ. പണ്ടൊക്കെ മുണ്ടിനടിയിൽ ആർഎസ്എസിന്റെ കാക്കി നിക്കറെന്നു പറഞ്ഞായിരുന്നു കളിയാക്കൽ. ആർഎസ്എസുകാർ പാന്റിലേക്കു മാറിയതോടെ ആക്ഷേപത്തിന്റെ രീതി മാറി. ഇപ്പോഴത്തെ ആക്ഷേപ വചനം: ഹൃദയത്തിൽ കാവി പതാകയേന്തുന്നവർ. 

സംഘപരിവാറിന്റെ ശത്രുസ്ഥാനം കൈവിട്ടു കളഞ്ഞാൽ തീർന്നില്ലേ? എന്തു വിലകൊടുത്തും ആ സ്ഥാനത്തു തുടരാൻ ജാഗ്രത പാലിക്കുന്നതിനിടെ ഡൽഹിയിൽ നിന്നൊരു വാൾവീശൽ. അതും അന്തരാളം കീറുന്ന മട്ടിൽ. കേരളത്തിലെ പൊലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്നാണു കണ്ടെത്തൽ. സിപിഐ ദേശീയ നേതാവ് ആനി രാജയുടെ ഗവേഷണത്തിലാണു മുഖ്യന്റെ പൊലീസ് വകുപ്പിൽ ആർഎസ്എസ് അകംപുറം ഭരിക്കുകയാണെന്നു തെളിഞ്ഞത്. സ്വന്തം മുന്നണിയിലെ നേതാവു തന്നെ പറയുമ്പോൾ മറുപടിയുണ്ടോ സഖാവേ? ഡൽഹിയിലെ പത്രങ്ങളിൽനിന്നു മാത്രമല്ല ആനിയുടെ അറിവുകളെന്നു വാക്കിൻമുനകളി‍ൽനിന്ന് ആർക്കും മനസ്സിലാകും. കേരളമാകെ നടക്കുന്ന പൊലീസ് നെറികേടുകൾ അക്കത്തിലും അക്ഷരത്തിലും അവർ നിരത്തിവച്ചു. പൊലീസിന്റെ അഴിഞ്ഞാട്ടവും അഭിമാനത്തിനു ക്ഷതമേറ്റ സ്ത്രീത്വവുമൊക്കെ കലക്കിയെടുത്തു മുഖ്യനുനേരെ ഒഴിച്ചു. ഇതു കേട്ടതും കോൺഗ്രസാകെ ഉണർന്നു. ന്യൂനപക്ഷങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ. കിടുങ്ങിപ്പോയി മുഖ്യൻ. 

കാനം സഖാവാണു മുഖ്യന്റെ രക്ഷയ്ക്കെത്തിയത്. ആനിയുടെ അനീതികളെക്കുറിച്ചു കാനം ഡൽഹിക്കു നീട്ടിവിരിച്ചൊരു കത്തെഴുതി. അതും ദേശീയ സെക്രട്ടറി രാജയ്ക്ക്. കത്തു വായിച്ച കാനവിരോധികളായ ചിലർ അതിന്റെ രത്നച്ചുരുക്കം പറഞ്ഞു നടക്കുന്നുണ്ട്. ഭാര്യയെ നിലയ്ക്കു നിർത്തണമെന്ന മട്ടിലാണത്രേ വരികൾ. എന്തായാലും ആനി വായടച്ചു. എം.എൻ.സ്മാരകത്തിന്റെ അകത്തു പുറത്തും നിൽക്കുന്ന സിപിഐക്കാർക്കു ചെറിയൊരു വിഷമമുണ്ട്. ഈ ഘട്ടത്തിൽ വെളിയമോ ചന്ദ്രപ്പനോ ആയിരുന്നെങ്കിൽ...

അതുതാനല്ലയോ  ഇതെന്ന് ഗ്രൂപ്പിൽ ആശങ്ക

കേരളത്തിലെ ലക്ഷോപലക്ഷം കോൺഗ്രസ് അണികളും പതിനായിരക്കണക്കിനു ഛോട്ടാ നേതാക്കളും ആകെ കൺഫ്യൂഷനിലാണ്. രക്തഗ്രൂപ്പ് കഴിഞ്ഞാൽ പിന്നെ അവർ കേട്ടിട്ടുള്ളതു രണ്ടേരണ്ടു ഗ്രൂപ്പുകളെക്കുറിച്ചാണ്; എയും ഐയും. മറ്റു പല ഗ്രൂപ്പുകളും ഇടയ്ക്കിടെ ഇങ്ങനെ കയറിയിറങ്ങിപ്പോയെങ്കിലും കൗണ്ട് കുറഞ്ഞതിനാൽ ക്ലച്ച് പിടിച്ചില്ല. പക്ഷേ, രണ്ടാഴ്ചകൊണ്ട് എല്ലാം തെറ്റി. വായിൽക്കൊള്ളാത്ത പേരുകളെല്ലാം പഠിച്ചുവച്ചതു വെറുതെയായി. 

തുടർച്ചയായ പൊട്ടിത്തെറികൾക്കു ശേഷം രമേശ് ചെന്നിത്തല എ ഗ്രൂപ്പിലും ഉമ്മൻ ചാണ്ടി ഐ ഗ്രൂപ്പിലും എത്തിയെന്നു വരെ ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കോൺഗ്രസ് പൊട്ടിത്തെറിച്ചത് എന്ന വിഭവം വരെ ഹോട്ടലുകളിൽ എത്തിയിരിക്കുകയാണ്. കോട്ടയം ഡിസിസി പ്രസിഡന്റിനെ വാഴിച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ വാഴ്ത്തിയ രമേശ് ചെന്നിത്തലയുടെ പ്രസംഗം കേട്ട് ഐ ഗ്രൂപ്പ് അണികൾ അന്തം വിട്ടു. നമ്മൾ ഐ ഗ്രൂപ്പിലോ എ ഗ്രൂപ്പിലോ എന്നാണ് അവരുടെ സംശയം. പിന്നാലെ, ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയ ചെന്നിത്തലയെ വിമർശിച്ചു ടെലിവിഷൻ സിദ്ദീഖിന്റെ പ്രസ്താവന വന്നു. അപ്പോൾ സിദ്ദീഖ് ഗ്രൂപ്പ് വിട്ടോ എന്നായി എ ഗ്രൂപ്പിന്റെ ആശങ്ക. 

ചാണ്ടിയെ പിന്താങ്ങി ബെന്നി ഇറങ്ങിയതോടെ ഹാജർ ബുക്കിൽനിന്നു പണ്ടുവെട്ടിയ ആ പേര് വീണ്ടും എ ഗ്രൂപ്പ് എഴുതിച്ചേർത്തു. തിരുവഞ്ചൂരിന്റെ പേര് വെട്ടണോ വേണ്ടയോ എന്ന ആലോചന നടക്കുന്നതേയുള്ളൂ. തള്ളിക്കയറ്റം കാരണം എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും ഹാജർ ബുക്കിൽ പേജുകൾ തികയാത്ത ഒരു കാലമുണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഇന്നിപ്പോൾ എ ഗ്രൂപ്പിൽ ചാണ്ടിയും കെസിയും ഹസനും തമ്പാനൂർ രവിയും ഐ ഗ്രൂപ്പിൽ ചെന്നിത്തലയും വാഴയ്ക്കനും ശിവകുമാറും മാത്രമേ പ്രസന്റുള്ളൂ. ഇതിൽ തന്നെ എഴുന്നേറ്റുനിന്നു പ്രസന്റ് സാർ എന്നു ഗ്രൂപ്പ് അംഗങ്ങൾ മുഴുവൻ കേൾക്കുമാറുച്ചത്തിൽ പറയാൻ എത്ര പേരുണ്ടെന്നു ഹാജർ വിളിച്ചാലേ വ്യക്തമാകൂ. അതിനാൽ കുറെ നാളായി ഹാജർ വിളിയില്ല. എവിടെ ചേക്കേറണം എന്നറിയാതെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ അങ്ങനെ അലഞ്ഞു നടക്കുന്ന രണ്ടാംനിര നേതാക്കളുടെ കാര്യമാണു കഷ്ടം. അവരുടെ കൺഫ്യൂഷൻ തീർക്കാൻ ഹൈക്കമാൻഡ് പുതിയ ഗ്രൂപ്പ് പട്ടിക ഉടൻ പ്രസിദ്ധീകരിക്കണം. 

lotus

നിശ്ശബ്ദതയാണു സാർ, ഞങ്ങളുടെ അച്ചടക്കം

കേരളത്തിൽ അടിമുടി അച്ചടക്കമുള്ള ഏക പാർട്ടി ഏതെന്നു ചോദിച്ചാൽ ഏതു കുട്ടിയും കണ്ണുമടച്ച് ഉത്തരം തരും. അതു ഭാരതീയ ജനതാ പാർട്ടിയാകുന്നു. ആ പാർട്ടിയെക്കുറിച്ചു കേരളത്തിൽ ആരെങ്കിലും കേട്ടിട്ടു തന്നെ മാസങ്ങളായി. അച്ചടക്കമായാൽ ഇങ്ങനെ വേണം. ഇതുപോലെ ‘മ്യൂട്ട്’ ആയി അടങ്ങിയിരിക്കാൻ കോൺഗ്രസിനും സിപിഎമ്മിനും കഴിയാത്തതെന്താണ്? നേതൃമാറ്റത്തിന്റെയും ഗ്രൂപ്പില്ലാതാക്കാനുള്ള വൃഥാവ്യായാമത്തിന്റെയും പേരിൽ കോൺഗ്രസിൽ അരങ്ങേറുന്ന കലാപങ്ങൾ ബിജെപിയിലുണ്ടോ? ഇല്ല. തിരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞു പോയതിന്റെ പേരിൽ ജി.സുധാകരനെപ്പോലുള്ള കവികൾക്കെതിരെപോലും വാളോങ്ങിയ സിപിഎം ശൈലി ബിജെപി കൈക്കൊള്ളുന്നുണ്ടോ? ഇല്ലേയില്ല. 

ഇങ്ങനെ അടങ്ങിയിരിക്കുന്നുണ്ടെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഒന്നും ബിജെപി ഇടപെടാതിരുന്നിട്ടേയില്ല. കോൺഗ്രസിൽനിന്നു പ്രശാന്ത് ഭൂഷണെക്കാൾ പ്രശസ്തനായ ഒരു പി.എസ്.പ്രശാന്ത് പുറത്തായി എന്നു കേട്ട് അങ്ങോട്ടുപോയി നോക്കിയിരുന്നു. പ്രശാന്തിനെ പാർട്ടിയിലേക്ക് ആനയിക്കുമ്പോൾ അണിയിക്കാൻ കാവി ഷാൾ വരെ വാങ്ങി വച്ചു. അപ്പോഴാണറിയുന്നത് ഹൈക്കമാൻഡിലേക്കു പ്രശാന്ത് ഒരു കത്തയച്ചിട്ടുണ്ടത്രേ. യഥാർഥ ഹൈക്കമാൻഡ് ആയി അറിയപ്പെടുന്ന വേണുഗോപാൽ ബിജെപി ഏജന്റാണെന്നാണു കത്തിൽ. ബിജെപി എജന്റിനെതിരെ കത്തെഴുതിയയാളെ എങ്ങനെ ബിജെപിയിൽ എടുക്കും. അതുകൊണ്ട് ആ ഷാൾ മടക്കിവച്ചു. 

കോൺഗ്രസിനോടു ഗുഡ്ബൈ പറഞ്ഞ മറ്റു ചിലരെയും ഷാളുമായിപ്പോയി കണ്ടെങ്കിലും എൻസിപിയിൽ ഒന്നുപോയി നോക്കട്ടെ, എന്നിട്ടും പറയാം എന്ന നിലപാടിലാണ് അവർ. കഷ്ടം. മഴ പെയ്താൽ ഒന്ന് ഒതുങ്ങി നിൽക്കാൻപോലും ആരും ഇപ്പോൾ വരുന്നില്ല. ആർക്കും എപ്പോഴും കയറിച്ചെല്ലാവുന്ന തറവാടായിരുന്നു തിരുവനന്തപുരത്തെ മാരാർജി ഭവൻ. അതു പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണി തുടങ്ങിയതാണ്. ഇതുവരെ തീർന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ തീർന്ന നിലയ്ക്ക് ഇനി ആ പണി തീർക്കേണ്ടതുണ്ടോ എന്ന സന്ദേഹം കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. കെട്ടിടം ഒന്നാകെ സിപിഎമ്മിനോ മറ്റോ കൊടുത്താൽ നല്ല വില കിട്ടുമെന്നും നിർദേശമുണ്ട്. മുഖ്യമന്ത്രിക്കായി പ്രത്യേക ഓഫിസും അവിടെ പണിയുന്ന നിലയ്ക്കു പ്രത്യേകിച്ചും. അല്ലെങ്കിലും കച്ചവടത്തിൽ നമ്മളാണല്ലോ ബെസ്റ്റ്. 

പക്ഷേ, കോൺഗ്രസുകാർ ഒന്നു മനസ്സിലാക്കേണ്ടതുണ്ട്. കോൺഗ്രസിൽ ഗ്രൂപ്പുകളെ ഒതുക്കുന്നെന്നും ഗ്രൂപ്പുകൾ ഇല്ലാതാകുന്നെന്നും പരിതപിച്ച് പുറത്തു പോകാൻ നിൽക്കുന്ന നേതാക്കൾ ബിജെപി എന്താണെന്ന് ആദ്യം പഠിക്കണം. പറഞ്ഞു തരാം. മുരൾജി സുരുജി ഗ്രൂപ്പ്, പികെകെ ഗ്രൂപ്പ്, പിള്ള ഗ്രൂപ്പ്, കുമ്മനം ഗ്രൂപ്പ്, ശോഭാ ഗ്രൂപ്പ്. ആർഎസ്എസ് അനുഗൃഹീത നേതാക്കളുടെ ഗ്രൂപ്പ് വേറെ. ഇവിടെ ഓരോ നേതാവും ഓരോ ഗ്രൂപ്പാകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതി. ജയിക്കണമെന്നേയില്ല. ചെലവിനുള്ള പണം കുഴൽ വഴിയും ഹെലികോപ്റ്റർ വഴിയും വന്നിറങ്ങും. എതിർ സ്ഥാനാർഥികളെ ജയിപ്പിക്കുക എന്നതാണു പ്രധാന കടമ. അതിൽ മാത്രം വീഴ്ച വരുത്തരുത്.

സ്റ്റോപ് പ്രസ്

കോൺഗ്രസും ആർഎസ്പിയും പ്രശ്നങ്ങൾ പറഞ്ഞു തീർത്തു.

ഭാവിയിൽ എന്തു സംഭവിക്കുമെന്നു പറയാനാകില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞിട്ടുണ്ടല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA