ആശങ്കയായി നിപ്പ വീണ്ടും

HIGHLIGHTS
  • പ്രതിരോധം സർവസജ്ജമായി മുന്നോട്ടുപോകണം
nipah-kozhikode-main
SHARE

കേരളത്തിൽ വീണ്ടും നിപ്പ വരവറിയിച്ചിരിക്കുന്നു. കോഴിക്കോട്ടു നിപ്പ മരണം സ്ഥിരീകരിച്ചതോടെ, കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമങ്ങൾക്കിടെ മറ്റൊരു മാരക വൈറസിനെക്കൂടി നേരിടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. വ്യാപനസാധ്യതയുടെ അടിസ്ഥാനത്തിൽ, വരുംദിവസങ്ങൾ നിർണായകമാണെന്നതിനാൽ അങ്ങേയറ്റത്തെ ജാഗ്രത കൊണ്ടുവേണം നാം ഈ സാഹചര്യത്തെ നേരിടാൻ. വ്യാപനം തടയുക എന്നതുതന്നെ ഏറ്റവും പ്രധാനം. 

നിപ്പ സ്ഥിരീകരിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസ്സുകാരൻ മരിച്ചതോടെ, സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലേക്കു മാറ്റുകയും സ്രവ പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കോഴിക്കോട്ടു പുരോഗമിക്കുകയുമാണ്. രോഗപ്പകർച്ച കൂടിയാൽ ആരോഗ്യമേഖലയുടെ ശ്രദ്ധ പൂർണമായും അങ്ങോട്ടുമാറുന്നതു കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകാതിരിക്കാനുള്ള ശ്രദ്ധയും ആവശ്യമാണ്. 

കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നു തവണയാണു കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഉയർന്ന ആരോഗ്യസൂചികയുള്ള ഒരു സംസ്ഥാനം കൈകാര്യം ചെയ്യേണ്ട രീതിയിലാണോ നിപ്പ കൈകാര്യം ചെയ്യപ്പെട്ടത് എന്ന വിമർശനം ഗൗരവമുള്ളതാണ്. 2018ൽ വൈറസ് പകർച്ച മനുഷ്യനിലേക്കുണ്ടായതെങ്ങനെ എന്നതു കൃത്യമായി കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. കോഴിക്കോട്ടുതന്നെ രണ്ടു തവണ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നിൽ ഭൂമിശാസ്ത്രപരമായ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും വ്യക്തമല്ല. 

നിപ്പ സ്ഥിരീകരിക്കപ്പെട്ടതിനുശേഷം 2018ൽ ഇതു സംബന്ധിച്ചുള്ള ചികിത്സാ പ്രോട്ടോക്കോൾ സർക്കാർ പുറത്തിറക്കിയിരുന്നു. മസ്തിഷ്കജ്വരം, ന്യൂമോണിയ എന്നിവയുമായി എത്തുന്നവരിൽ നിപ്പ സംശയിക്കണമെന്നു സൂചിപ്പിച്ചിരുന്നതുമാണ്. 2018ൽ നിപ്പ ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളജിൽപോലും ഇപ്രാവശ്യം ലക്ഷണങ്ങളുമായി രോഗി എത്തിയപ്പോൾ ഈ രോഗം സംശയിക്കപ്പെട്ടില്ലെന്നതു നിർഭാഗ്യകരമാണ്. ചികിത്സ തേടിയ അഞ്ചാമത്തെ ആശുപത്രിയിൽ നിന്നാണു സംശയം തോന്നി സ്രവം ശേഖരിച്ചത്. കുട്ടിയുടെ സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിലും വെന്റിലേറ്ററിലേക്കു മാറ്റുന്നതിലും മെഡിക്കൽ കോളജിൽ വീഴ്ചയുണ്ടായതായി ആക്ഷേപമുയർന്നിട്ടുണ്ട്. വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്നു പറയേണ്ടിവരുന്ന സാഹചര്യവും അംഗീകരിക്കാനാകുന്നതല്ല. 

കേരളത്തിന്റെ ആരോഗ്യ അപകട സൂചികയിൽ നിപ്പയെയും ഉൾപ്പെടുത്തണമെന്നു വിദഗ്ധർ മുന്നറിയിപ്പുനൽകുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം വൻ സന്നാഹങ്ങൾ ഒരുക്കുന്നതിനു പകരം, നേരത്തേതന്നെ താഴെത്തട്ടുമുതൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയാണു വേണ്ടത്. പ്രാഥമിക ചികിത്സാകേന്ദ്രം മുതലുള്ള പൊതുജനാരോഗ്യ പ്രവർത്തകർക്ക് ഇതെക്കുറിച്ച് അവബോധവും പരിശീലനവും നൽകണം.

വൈറസുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അടിയന്തര പ്രാധാന്യം വേണമെന്നും മടങ്ങിയെത്തിയ നിപ്പ നമ്മെ ഓർമിപ്പിക്കുന്നു. നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്താനും ഗവേഷണത്തിനും ലക്ഷ്യമിട്ട് 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ ഉദ്ഘാടനം ചെയ്ത സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഇനിയും പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിന്റെ ഫലം കൂടിയാണു കേരളം അനുഭവിക്കേണ്ടിവരുന്നത്. ഇവിടെ അടിസ്ഥാന പരിശോധനകൾപോലും ഇനിയും തുടങ്ങിയിട്ടില്ല. 

നിപ്പയോടു നേരത്തേ പൊരുതി ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണു കോഴിക്കോട് വീണ്ടും ആ പോരാട്ടം ആവർത്തിക്കാനൊരുങ്ങുന്നത്. അതേസമയം, രണ്ടു വർഷമായി കോവിഡിനെതിരെ  യുദ്ധംചെയ്യുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർ നിപ്പ പോലെയുള്ള അതിമാരകമായ മറ്റൊരു വൈറസിനെതിരെകൂടി പോരാടേണ്ടി വരുന്നത് അത്യന്തം ശ്രമകരമാണ്. സുരക്ഷയിലും ശുചിത്വത്തിലുമടക്കമുള്ള കാലോചിതമാറ്റങ്ങൾ നമ്മുടെ ആരോഗ്യസംസ്കാരത്തിൽ ഉണ്ടാവണമെന്നുകൂടി ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നു. പരിചരണത്തിനിടെ രോഗബാധിതയായി ജീവൻ പൊലിഞ്ഞ നമ്മുടെ സഹോദരി നഴ്സ് ലിനിയുടേതുപോലുള്ള ദുരന്തങ്ങൾ ഇനിയൊരിക്കലും ഉണ്ടായിക്കൂടാ.

English Summary: Nipah in Kerala; Concerns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA