കെ.കെ. ഇമ്പമുള്ള പുരസ്കാരങ്ങൾ

pinarayi
SHARE

ഉണ്ടിരിക്കുമ്പോൾ മാത്രമല്ല, ഉണ്ടുറങ്ങി സ്വപ്നംകണ്ടുണർന്നു വരുമ്പോഴും അവാർഡ് വിളിയുണ്ടാവുന്നതു മലയാളത്തനിമയുടെ ബലഹീനതയാണ്. അതുകൊണ്ട് കേരള സർക്കാരിനിപ്പോൾ ഒരു വിളിയുണ്ടായിരിക്കുന്നു: പത്മപുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന അവാർഡുകൾ ഏർപ്പെടുത്തുക. എന്നുവച്ചാൽ, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയവയുടെ കേരളപ്പതിപ്പ്. അതിനായി ചട്ടവട്ടങ്ങൾ ആവിഷ്കരിക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. 

പത്മം താമരയായതിനാൽ കേരള സർക്കാരിനു രാഷ്ട്രീയ തൊട്ടുകൂടായ്മയുണ്ട്. പത്മാസനത്തിൽ സമാധാനമായി ഒന്നിരിക്കാൻപോലും കഴിയാത്ത അവസ്ഥ. പുരസ്കാരങ്ങൾ കേരളശ്രീ, കേരളഭൂഷൺ, കേരളവിഭൂഷൺ എന്ന മട്ടിലാകാമെങ്കിലും കേരളശ്രീയിൽ പരമ്പരാഗതമായുള്ളതു മസിലു പിടിച്ചുനിൽക്കുന്ന ആൺപിറന്നവന്റെ ചിത്രമാണ്; ശരീരസൗന്ദര്യത്തിന്റെ മർക്കടമുഷ്ടി. അങ്ങനെയൊന്നു സ്ത്രീകൾക്കു പറ്റില്ല. 

പുരസ്കാരങ്ങൾ വെള്ളത്തിനു മുകളിൽ വിടർന്നുനിൽക്കണമെന്നു നിർബന്ധമുണ്ടെങ്കിൽ പത്മം വിട്ട് ആമ്പലിൽ പിടിക്കാവുന്നതാണ്. ആമ്പൽശ്രീ, ആമ്പൽഭൂഷൺ, ആമ്പൽവിഭൂഷൺ എന്നതിൽ ഇമ്പത്തിനു കുറവൊന്നുമില്ല.  

സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം കണിക്കൊന്നയായതിനാൽ കണിക്കൊന്ന പുരസ്കാരം എന്നായാൽ നിറം സ്വർണമായി. കണിക്കൊന്നയ്ക്ക് അന്തസ്സു പോരെന്നുണ്ടെങ്കിൽ കെ.കെ.പുരസ്കാരം എന്നു ചുരുക്കം. 

അക്കാദമി അവാർഡുകളും കലാസാഹിത്യരംഗങ്ങളിലെ മറ്റു പുരസ്കാരങ്ങളും കളം നിറഞ്ഞു നിൽക്കുന്നതിനാൽ അതിലൊന്നും തട്ടാതെയും മുട്ടാതെയും പത്മ മോഡൽ സമ്മാനിക്കാൻ അത്ര എളുപ്പമാവില്ല. രാഷ്ട്രീയ പക്ഷവാത ബാധയ്ക്കും സാധ്യതയുണ്ട്.

കേരളത്തിലെ കലാകാരന്മാർക്കു തമിഴ്നാടിന്റെ ശുപാർശയിൽ പത്മപുരസ്കാരങ്ങൾ കിട്ടിയ ചരിത്രമുള്ളതിനാൽ, കേരള സ്പെഷൽ പുരസ്കാരങ്ങൾക്കു തമിഴ്നാട്‌വഴി അപേക്ഷ നൽകേണ്ടി വരുമോ എന്നും അപ്പുക്കുട്ടനു സംശയമുണ്ട്. കോവിഡ് സാഹചര്യത്തിൽ സർക്കാർ കുത്തുപാളയെടുത്തു നിൽക്കുന്ന സമയമായതുകൊണ്ടാണോ എന്നറിയില്ല, കെ.കെ. പുരസ്കാരങ്ങൾക്കൊപ്പം കാൽക്കാശുണ്ടാവില്ല എന്നു സർക്കാർ തീരുമാനിച്ചു. 

അല്ലെങ്കിലും പ്രിയപ്പെട്ടവരേ, കാശുകൊടുത്തു വാങ്ങാൻ കഴിയാത്ത ചിലതൊക്കെ ഇവിടെയുമുണ്ടെന്നുവരുന്നതു നല്ലതല്ലേ?

English Summary: Kerala govt mulls Padma model awards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA