ADVERTISEMENT

സ്കൂളുകൾ തുറക്കാനുള്ള ആലോചന സജീവം. സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം? വിദഗ്ധർ പറയുന്നു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിനു തുറക്കുന്നു.  സുരക്ഷിതമായി സ്കൂളുകൾ തുറക്കാനുള്ള മാർഗങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. വൈകാതെ സ്കൂളുകളും തുറക്കാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടും കോവിഡ് വിദഗ്ധസമിതിയുടെ മാർഗനിർദേശങ്ങളും പരിഗണിച്ചാകും തീയതി തീരുമാനിക്കുക. കോവിഡ് സാഹചര്യത്തിൽ, കുട്ടികൾ വീട്ടിൽനിന്നു സ്കൂളിലേക്കു പോകുമ്പോഴും സ്കൂളിലുള്ള സമയത്തും തിരികെ വീട്ടിലെത്തുമ്പോഴും വിവിധ കാര്യങ്ങളിൽ മുൻകരുതലുകൾ അനിവാര്യമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

രക്ഷിതാക്കളുടെ ചുമതല

വെല്ലുവിളി: മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ കുട്ടികൾക്കു വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗുരുതര രോഗങ്ങളുള്ളവരാണെങ്കിൽ പ്രത്യേക കരുതലും വേണം. 

നിർദേശം

∙ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊഴികെ മാസ്ക് മാറ്റരുതെന്നു പറഞ്ഞു മനസ്സിലാക്കണം. 

∙മാസ്ക് കുട്ടികളുടെ മുഖത്തിന്റെ വലുപ്പത്തിന് അനുയോജ്യമാകണം. വലിയ മാസ്ക് ഉപയോഗിച്ചാൽ വിടവിലൂടെ രോഗാണുക്കൾ പ്രവേശിക്കും. 

∙മറ്റു കുട്ടികളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചും സോപ്പിട്ടു കഴുകിയും കൈകൾ വൃത്തിയാക്കണമെന്നും ഓർമിപ്പിക്കുക. 

∙ പുസ്തകങ്ങളും പഠനോപകരണങ്ങളും ഭക്ഷണവും സഹപാഠികളുമായി പങ്കുവയ്ക്കുന്നതും തൽക്കാലം നിരുത്സാഹപ്പെടുത്തുക. 

∙ തൂവാലയും അധികമായി ഒരു മാസ്ക്കും വാട്ടർബോട്ടിലും കൊടുത്തുവിടുക.

student

അധ്യാപകർ / അനധ്യാപകർ

വെല്ലുവിളി: അധ്യാപകർക്കും അനധ്യാപകർക്കും സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും കൃത്യം കണക്കുകൾ ലഭ്യമല്ല. 

നിർദേശം

∙എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും വാക്സീൻ ലഭിച്ചെന്നു പ്രധാനാധ്യാപകരും പിടിഎ ഭാരവാഹികളും തദ്ദേശസ്ഥാപനങ്ങളും ഉറപ്പു വരുത്തണം. വാക്സീൻ എടുക്കാത്തവർക്കു മുൻഗണനാടിസ്ഥാനത്തിൽ കുത്തിവയ്പു ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

∙മാസ്ക് ധരിക്കുന്നതിലും സാനിറ്റൈസർ ഉപയോഗിക്കുന്നതിലും കുട്ടികൾക്കു മാതൃകയായി അധ്യാപകർ മാറണം. പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് കുട്ടികളെ ഇടയ്ക്കിടെ ഓർമിപ്പിക്കണം.

∙കുട്ടികളുടെ മാനസികാരോഗ്യം അധ്യാപകർ പ്രാധാന്യത്തോടെ കാണണം. അവരിൽ ആത്മവിശ്വാസം വളർത്തണം. കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ പങ്കുവയ്ക്കണം. കോവിഡ് ബാധിച്ച കുട്ടികൾക്കുണ്ടാകുന്ന മിസ്ക് ഉൾപ്പെടെയുള്ള രോഗാവസ്ഥകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുത്തണം.

സ്കൂൾ അധികൃതർ

വെല്ലുവിളി: വിദ്യാർഥികൾ പലയിടത്തുനിന്നു വരുന്നവരായതിനാൽ സ്കൂളിൽ ഒരു കേസ് റിപ്പോർട്ട് ചെയ്താൽപോലും വെല്ലുവിളി വലുതാണ്. 

 നിർദേശം

∙ചെറിയ രോഗലക്ഷണമുണ്ടെങ്കിൽപോലും സ്കൂളിൽ വരരുതെന്നു കുട്ടികൾക്കു നിർദേശം നൽകണം.

∙സ്കൂൾ കവാടത്തിൽ തന്നെ തെർമൽ സ്ക്രീനിങ് വേണം. രക്ഷിതാക്കൾക്കു സ്കൂളിൽ പ്രവേശനം അനുവദിക്കാതിരിക്കുകയാണു നല്ലത്. 

∙ പനിയുണ്ടെന്നു കണ്ടെത്തുന്ന കുട്ടികൾക്കു പരിശോധനയ്ക്കു സമീപത്തുള്ള ആരോഗ്യകേന്ദ്രത്തിൽ സൗകര്യമൊരുക്കുക. 

∙ എല്ലാ ക്ലാസുകളിലും സാനിറ്റൈസർ ഉറപ്പാക്കുക. 

∙ അത്യാവശ്യഘട്ടങ്ങളിൽ കുട്ടികൾക്കു നൽകാൻ മാസ്ക് കരുതുക. 

parent

യാത്ര

വെല്ലുവിളി: യാത്രകളിലെ തിരക്കിനിടെ കോവിഡ് മുൻകരുതലുകൾ ഉറപ്പാക്കുക മുതിർന്നവരെക്കാൾ വെല്ലുവിളിയാകുക കുട്ടികൾക്കാണ്. 

നിർദേശം

∙രക്ഷിതാക്കൾക്കു തന്നെ സ്കൂളിലെത്തിക്കാനാകുമെങ്കിൽ അതാണു നല്ലത്. 

∙സ്കൂൾ വാഹനമാണെങ്കിൽ തിക്കിത്തിരക്കി ഇരിക്കരുത്.

∙വാഹനം എന്നും അണുവിമുക്തമാക്കുന്നുവെന്നും ജീവനക്കാർ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണം. 

∙സാധാരണ യാത്രാബസുകളാണെങ്കിൽ തിരക്കില്ലാത്തവയേ തിരഞ്ഞെടുക്കാവൂ. 

∙സൗകര്യപ്രദമാണെങ്കിൽ ഇരട്ട മാസ്ക് ഉപയോഗിക്കുന്നതു നല്ലതാണ്.

illustration of a green board and a school bag on a white background
illustration of a green board and a school bag on a white background

തിരികെ വീട്ടിലെത്തുമ്പോൾ 

വെല്ലുവിളി: കുട്ടികൾക്കു കോവിഡ് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും അവർ കോവിഡ് വാഹകരാകാൻ ഇടയുണ്ട്. വീട്ടിൽ പ്രായമായവരോ രോഗികളോ ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത ആവശ്യം.

നിർദേശം

∙ തിരിച്ചെത്തിയാലുടൻ സോപ്പ് ഉപയോഗിച്ചു കുളിക്കുക. 

∙ പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുമായി അടുത്തിടപഴകുന്നത് കഴിയുന്നത്ര ഒഴിവാക്കുക. 

∙ വീടുകളിലും മാസ്ക് ധരിക്കുന്നതു രോഗപ്പകർച്ചാ സാധ്യത കുറയ്ക്കും. 

∙വസ്ത്രങ്ങൾ അതതു ദിവസം സോപ്പിട്ടു കഴുകുക. 

∙പുസ്തകങ്ങളും പഠനോപകരണങ്ങളും വീട്ടിലെ മറ്റു സാധനങ്ങളുമായി കൂട്ടിക്കലർത്തരുത്.

സ്കൂളിലെ ബാച്ച് / ഷിഫ്റ്റ് ക്രമീകരണം

ക്ലാസ് മുറികളുടെ വലുപ്പത്തിന് ആനുപാതികമായി കുട്ടികൾക്കു സുരക്ഷിത അകലം ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം ബാച്ചുകളായി തിരിക്കേണ്ടത്. കുട്ടികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം ഉറപ്പാക്കണം. സ്കൂൾ തുടങ്ങുമ്പോഴും കഴിയുമ്പോഴുമുള്ള തിരക്കും സ്കൂൾ ബസിലെ തിരക്കും ഒഴിവാക്കാനാകുംവിധമാകണം ഷിഫ്റ്റ് ക്രമീകരണം. വിദ്യാർഥികളെ സാഹചര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തണം. 

ലാബ്, ലൈബ്രറി ഉപയോഗം

കുട്ടികൾ ഒരുമിച്ചു ചെയ്യേണ്ട പ്രോജക്ടുകൾ ഒഴിവാക്കണം. സാധനങ്ങൾ പരസ്പരം കൈമാറുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഉപയോഗിച്ച പുസ്തകങ്ങളും ലാബ് ഉപകരണങ്ങളും അണുവിമുക്തമാക്കിയശേഷം മാത്രം മറ്റൊരാൾക്കു കൈമാറുക.

ഇടവേള, ഉച്ചഭക്ഷണ സമയം

എല്ലാ ക്ലാസുകാർക്കും ഒരുമിച്ച് ഇടവേള നൽകാതിരിക്കുക. ഇടവേളയിൽ കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തുക. ആഹാരം കഴിക്കുമ്പോഴും അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഉച്ചഭക്ഷണവിതരണമുള്ള സ്കൂളുകളിലും കുട്ടികൾ ഒന്നിച്ചു കഴിക്കുന്നത് ഒഴിവാക്കണം.

handwash

ശുചിമുറി ഉപയോഗം

ശുചിമുറികൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. കുട്ടികൾ ശുചിമുറിക്കു മുന്നിൽ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കണം. സോപ്പും സാനിറ്റൈസറും ഉറപ്പാക്കണം. സാനിറ്ററി പാഡുകളും മറ്റും ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യമൊരുക്കണം.

മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

തെർമൽ സ്ക്രീനിങ് നടത്തിയും സോപ്പും സാനിറ്റൈസറും മറ്റും ഉറപ്പാക്കിയുമാണു വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഓരോ സംസ്ഥാനത്തെയും പ്രത്യേക നിബന്ധനകളും ഇപ്പോഴത്തെ സാഹചര്യവും ഇപ്രകാരം. 

തമിഴ്നാട്

∙9 മുതൽ 12 വരെ ക്ലാസുകൾക്ക് ഈമാസം ഒന്നുമുതൽ ക്ലാസ് തുടങ്ങി.

∙മിക്കയിടത്തും 40 കുട്ടികളുള്ള ഓരോ ഡിവിഷനെയും 20 പേർ വീതമുള്ള രണ്ടു ബാച്ചായി തിരിച്ചു. ആദ്യ ആഴ്ച 10, 12 ക്ലാസുകൾക്ക് എല്ലാ ദിവസവും 9, 11 ക്ലാസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലും ക്ലാസ് നടത്തി. 

∙ഒരു ബെഞ്ചിൽ 2 വിദ്യാർഥികൾ മാത്രം. 

∙അധ്യാപകർക്കും അനധ്യാപകർക്കും ഒരു ഡോസ് വാക്സീനെങ്കിലും ഉറപ്പാക്കാൻ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ചു. 

∙സ്കൂളുകൾ തുറന്നതിനു പിന്നാലെ 27 കുട്ടികളും അധ്യാപകരും ജീവനക്കാരുമായ 12 പേരും പോസിറ്റീവായി. എന്നാൽ ഇവയൊന്നും സ്കൂളിൽ നിന്നുള്ള വ്യാപനമല്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. 

∙ പുറത്തു വിദ്യാർഥികൾ കൂട്ടംകൂടുന്നതും ബസിലും മറ്റും തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നതും ആശങ്കയാണ്. മാസ്ക് ധരിക്കാതെയെത്തുന്ന വിദ്യാർഥികൾക്കു സ്കൂളിൽനിന്നു തന്നെ മാസ്ക് നൽകുന്നുണ്ട്.

കർണാടക

∙9-12 ക്ലാസുകൾ ഓഗസ്റ്റ് 23നും 6-8 ക്ലാസുകൾ ഇന്നലെയും ആരംഭിച്ചു.

∙ആദ്യദിനം ഹാജർനില വളരെ കുറവായിരുന്നു. ഒട്ടേറെ സ്വകാര്യ സ്കൂളുകൾ ക്ലാസ് ആരംഭിച്ചിട്ടുമില്ല.

∙കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 2 ശതമാനത്തിൽ താഴെയുള്ള താലൂക്കുകളിലെ സ്കൂളുകൾ മാത്രമാണു തുറന്നത്. 

∙രക്ഷിതാക്കളുടെ സമ്മതപത്രവുമായി എത്തിയ വിദ്യാർഥികളെ മാത്രമാണു പ്രവേശിപ്പിച്ചത്. സ്കൂളിൽ വരാൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസിൽ തുടരാനും അനുമതിയുണ്ട്.

∙ആഴ്ചയിൽ 5 ദിവസം ഒന്നിടവിട്ട് പകുതിമാത്രം വിദ്യാർഥികളുമായാണു ക്ലാസ്.

∙ശനി, ഞായർ ദിവസങ്ങളിൽ സ്കൂൾ അണുവിമുക്തമാക്കും.

∙വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതര സ്കൂൾ ജീവനക്കാർക്കും ആർടിപിസിആർ  സർട്ടിഫിക്കറ്റ് വേണം.

∙ വാക്സീൻ എടുക്കാത്ത രക്ഷിതാക്കൾക്കു സ്കൂൾ വളപ്പിൽ പ്രവേശനമില്ല.

ഡൽഹി 

∙9 മുതൽ 12 വരെയുള്ള ക്ലാസുകൾ ഈമാസം ഒന്നുമുതൽ തുടങ്ങാൻ അനുമതി നൽകിയെങ്കിലും പല സ്വകാര്യ സ്കൂളുകളും തുറന്നിട്ടില്ല. 

∙ 50 % ഹാജരോടെ പ്രവർത്തിക്കാം. വിദ്യാർഥികൾ ഒന്നിടവിട്ട ദിവസങ്ങളിൽ വരുംവിധമാണു ക്രമീകരണം. എന്നാൽ തുറന്ന സർക്കാർ സ്കൂളുകളിൽപോലും ഹാജർ കുറവാണ്. 

∙അധ്യാപകർക്കു രണ്ടു ഡോസ് കോവിഡ് വാക്സീനും ഉറപ്പാക്കിയിട്ടുണ്ട്. 

∙ വിദ്യാർഥികളെ പല ബാച്ചുകളാക്കി ക്രമീകരിച്ച് ഉച്ചഭക്ഷണ സമയം നീട്ടി. ക്ലാസിൽ ഇരുന്നു ഭക്ഷണം കഴിക്കരുത് 

∙സ്കൂൾ ബസ് സൗകര്യം ഒഴിവാക്കി. 

മഹാരാഷ്ട്ര

∙ പ്രതിദിന കേസുകൾ ശരാശരി 4000 ആയി കുറഞ്ഞെങ്കിലും സ്കൂളുകൾ തുറന്നിട്ടില്ല. 

suresh
ഡോ. കെ.സുരേഷ് കുമാർ, ഡോ.എ.അൽത്താഫ്, ഡോ. ടി.എസ്.അനീഷ്, ഡോ.ദിവ്യ സി.സേനൻ

‘പ്രായമായവരും ഗുരുതര രോഗികളുമുള്ള വീടുകളിലെ കുട്ടികൾക്കു മുൻകരുതൽ സംബന്ധിച്ചു കൃത്യമായ ബോധവൽക്കരണം നൽകണം. സ്കൂൾ ബസോ പൊതു വാഹനങ്ങളോ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുകൊടുക്കണം.’ 

ഡോ. കെ.സുരേഷ് കുമാർ, (കോവിഡ്  വിദഗ്ധസമിതി അംഗം)

‘നിയന്ത്രണങ്ങൾ കുട്ടികളെ ഭീതിയിലാഴ്ത്താതിരിക്കാൻ ശ്രദ്ധിക്കണം. അവർക്ക് ആത്മവിശ്വാസം പകരണം. കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം പകർന്നു നൽകണം.’

ഡോ.എ.അൽത്താഫ്, (അസോ. പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളജ്)

‘നിലവിലെ വ്യാപനതീവ്രത കുറഞ്ഞശേഷമേ സ്കൂൾ തുറക്കാവൂ. വ്യാപനസാധ്യത കുറവുള്ളതു ചെറിയ കുട്ടികൾക്കാണ്. അതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുടങ്ങുകയാണ് അഭികാമ്യം. കുട്ടികൾക്ക് അധ്യാപകർ മാതൃകയാകണം. അധ്യാപകർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കണം.’

ഡോ. ടി.എസ്.അനീഷ് (അസോ. പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്)

‘പഴയതുപോലെ തുടർച്ചയായ ക്ലാസുകളിൽ ഇരിക്കാൻ ആദ്യം ബുദ്ധിമുട്ടുണ്ടാകും. അതു തിരിച്ചറിഞ്ഞു ക്ലാസ് സമയം പുനഃക്രമീകരിക്കണം. വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകണം. ഡിജിറ്റൽ ക്ലാസുകളുമായി പൊരുത്തപ്പെടാതിരുന്നവരെ കണ്ടെത്തി പ്രത്യേകം ശ്രദ്ധ നൽകണം.’  

ഡോ.ദിവ്യ സി.സേനൻ (അസി. പ്രഫസർ, ഡിപ്പാർ‍ട്മെന്റ് ഓഫ് എജ്യുക്കേഷൻ, കേരള സർവകലാശാല)

English Summary: Kerala to reopen school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com