ചില പുത്രാപഹാരങ്ങൾ

കേരളീയം
oommen-chennithala
SHARE

അതിരറ്റ ക്ഷമ കാത്തുസൂക്ഷിക്കുക, വിജയം നിങ്ങളുടേതായിരിക്കും’ എന്ന വിവേകാനന്ദ സൂക്തം രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തലയുടെ ഫെയ്സ്ബുക് പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിൽ ചെന്നിത്തലയ്ക്കെതിരെയുള്ള നീക്കങ്ങളെ അദ്ദേഹം ക്ഷമാപൂർവം നേരിടുമെന്ന സന്ദേശമാണ് അതു വെളിവാക്കിയത്. മെഡിക്കൽ റേഡിയോളജിയിൽ എംഡിയുള്ള ഡോ.രോഹിത് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന  നൽകിയിട്ടില്ല.  അണിയറയിൽ അദ്ദേഹത്തെ സ്വാധീനശക്തിയായി കാണുന്നവരുണ്ട്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ കാര്യവും വ്യത്യസ്തമല്ല.

കോട്ടയം ഡിസിസി പ്രസിഡന്റ് നിയമനത്തിൽ കൈ കടത്തിയെന്ന ആരോപണം കനത്തതോടെ ഡൽഹിയിൽനിന്നു ഫെയ്സ്ബുക് ലൈവിൽ നിരപരാധിത്വം വിശദമാക്കേണ്ട സ്ഥിതി ചാണ്ടിക്കുണ്ടായി. അണിയറയിൽനിന്ന് അരങ്ങിലേക്കു വിസ്ഫോടനം പോലെ അർജുൻ രാധാകൃഷ്ണൻ വന്നതു തിരുവഞ്ചൂർ രാധാകൃഷ്ണനെ പാടേ പ്രതിരോധത്തിലുമാക്കി.  ശാക്തിക ബലാബലവും കൂറും മാറിമറിയുന്ന കാലത്ത് മക്കളുടെ ഇടപെടലുകൾ അല്ലെങ്കിൽ അവർ അച്ഛന്മാർക്കു നൽകുന്ന പിന്തുണ പല വ്യാഖ്യാനങ്ങൾക്കുമാണു വഴിതുറക്കുന്നത്. പരസ്പര വിശ്വാസത്തിന്റെ വര നേർത്തുനേർത്തു വന്നതോടെ അതു കോൺഗ്രസിൽ സൃഷ്ടിച്ച വിശ്വാസത്തകർച്ച ചെറുതല്ല.

അർജുനും ചാണ്ടിയും 

ന്യൂയോർക്കിലെ റൊചസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എംഎസ് നേടിയ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസിന്റെ ഭാഗമാകാൻ ആഗ്രഹിച്ചാൽ തെറ്റാണെന്നു സംഘടനയ്ക്കോ കോൺഗ്രസിനോ കരുതാനാകില്ല. പക്ഷേ, രാഷ്ട്രീയത്തിലില്ലാത്ത ഒരാൾ പെട്ടെന്നു യൂത്ത് കോൺഗ്രസ് വക്താവ് ആകുകയും അതു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ ആകുകയും  ചെയ്യുമ്പോൾ നിഷ്കളങ്കമായി കരുതാൻ സംഘടനയിലെ മറ്റുള്ളവർക്കു സാധിക്കില്ല. 

കോട്ടയത്തു മകനെ പിൻഗാമിയാക്കാൻ തിരുവഞ്ചൂർ തുടങ്ങിവച്ച നീക്കമായി അതു വ്യാഖ്യാനിക്കപ്പെട്ടു. ‘യുവ ഇന്ത്യ സംസാരിക്കുന്നു’ എന്ന ആ ഉദ്യമത്തിൽ പ്രഫഷനലുകൾക്കാണു മു‍ൻഗണന എന്ന വാദം വിലപ്പോയില്ല. ഗ്രൂപ്പുകളിയോടുള്ള അകൽച്ച തിരുവഞ്ചൂർ പരസ്യമാക്കിയ ഘട്ടത്തിൽ തന്നെ മകൻ യൂത്ത് കോൺഗ്രസ് വക്താവായി അവരോധിതനായത് എതിർപ്പിന് ആക്കം കൂട്ടി: ‘ലാൻഡിങ്’ പിഴച്ചു. യുഎസ് കമ്പനിയുടെ ഭാഗമായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന അർജുൻ പ്രതീക്ഷ കൈവിട്ടിട്ടില്ല. 

കോട്ടയം ഡിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ ഉയർന്ന വിവാദങ്ങളുമായി തിരുവഞ്ചൂരിന്റെ മകന്റെ ഈ വരവു മാത്രമല്ല ചിലർ ബന്ധിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഈ സമയത്തു നടത്തിയ ഡൽഹി യാത്രയും പലരും അതുമായി ഘടിപ്പിച്ചു. ഇതോടെ പഴയ പ്രവർത്തന കേന്ദ്രമായ ഡൽഹിയിൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ സംസ്കാരശുശ്രൂഷയുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നു ചാണ്ടിക്ക് ഡൽഹിയിൽനിന്നു തന്നെ  ഫെയ്സ്ബുക്കിൽ വിശദീകരിക്കേണ്ടി വന്നു. 

ഉമ്മൻചാണ്ടി ഏഴു വർഷം മുഖ്യമന്ത്രിയും അഞ്ചു വർഷവും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോൾ കൈ കടത്താത്ത താൻ, കേരളത്തിൽ ഒരു സ്ഥാനവും പിതാവിനില്ലാത്തപ്പോൾ എന്ത് ഇടപെടാൻ എന്നാണു യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായ ചാണ്ടിയുടെ ചോദ്യം. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും ചാണ്ടിയെ കാണുന്നു. അതേസമയം, ഒരു മുഴുവൻസമയ രാഷ്ട്രീയക്കാരന്റെ വേഷം അണിയാൻ അദ്ദേഹം  ഇതുവരെ തയാറായിട്ടില്ല.  

രോഹിത്, അനിൽ, ശബരി

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറിയ വേളയിൽ ചെന്നിത്തലയുടെ സമൂഹമാധ്യമ വിഭാഗം കൈകാര്യം ചെയ്തു തുടങ്ങിയതോടെയാണു രോഹിത് ചിലരുടെ  നോട്ടപ്പുള്ളിയായത്.   വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആകണമെന്ന നിലപാടെടുത്ത ഷാഫി പറമ്പിലിനെതിരെ എ–ഐ ഗ്രൂപ്പുകൾ നടത്തിയ നീക്കത്തിന്റെ  വാർത്ത രോഹിത് വാട്സാപ് സ്റ്റേറ്റസ് ആക്കിയതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സൈബർ പോരു കൊഴുത്തതോടെ നേതാക്കൾക്കിടയിലെ അവിശ്വാസം കനക്കുകയും രോഹിത്തിനെ വലിച്ചിടാൻ നീക്കം നടക്കുകയും ചെയ്തു. 

രോഹിത്തുമായി താരതമ്യപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെ കോൺഗ്രസിലെ ‘സുക്കർബർഗ്’ തന്നെയാണ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി. പക്ഷേ, ഓരോ ഘട്ടത്തിലും അനിലിനെതിരെ വരെ സംഘടിത ചെറുത്തുനിൽപ്   ഇവിടെ നടക്കുന്നു. ജി. കാർത്തികേയന്റെ വേർപാട് കെ.എസ്.ശബരീനാഥനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചെങ്കിലും അരുവിക്കരയിലെ തോൽവി അദ്ദേഹത്തെയും പ്രതിസന്ധിയിലാക്കി. 

ഈ മക്കൾ എല്ലാവരും  ഉന്നതവിദ്യാഭ്യാസം നേടിയവരും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരുമാണ്. പക്ഷേ, കരുത്തരായ പിതാക്കന്മാരുടെ തണൽ കൊണ്ടുമാത്രം രാഷ്ട്രീയത്തിൽ പടർന്നു പന്തലിക്കാനാവില്ലെന്നു മാത്രമല്ല ഇതെല്ലാം അവരെ ബോധ്യപ്പെടുത്തുന്നത്. ആ മാർഗം തിക്താനുഭവങ്ങൾ സമ്മാനിക്കുമെന്നു കൂടിയാണ്. 

വിവേകാനന്ദൻ ഉദ്ബോധിപ്പിച്ച അതിരറ്റ ക്ഷമ വിജയത്തിനായി ഇവരെല്ലാം പുലർത്തേണ്ടി വരും.

English Summary: Congress leaders sons political entry in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA