ADVERTISEMENT

ഇന്ത്യൻ നയതന്ത്രകേന്ദ്രങ്ങളിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഹഖാനി ശൃംഖലയാണെന്നാണ് ഇന്ത്യ ആരോപിച്ചിട്ടുള്ളത്. അങ്ങനെയൊരു സംഘത്തിന്റെ തലവനുതന്നെ അഫ്ഗാന്റെ ആഭ്യന്തര സുരക്ഷാച്ചുമതല ഏൽപ്പിച്ചുകൊടുത്തുകൊണ്ട്, ഇന്ത്യയുടെ മുന്നോട്ടുള്ള വഴികളെല്ലാം സങ്കീർണമാക്കി പാക്കിസ്ഥാൻ

താലിബാൻ  ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല മന്ത്രിസഭ ആഭ്യന്തരവും ബാഹ്യവുമായ സമ്മർദങ്ങളെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകാൻ പാകത്തിലുള്ളതാണ്. മന്ത്രിസഭയിലെ മിക്കവരും ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ഐക്യരാഷ്ട്ര സംഘടനയുടെയോ യുഎസിന്റെയോ നിരീക്ഷണപ്പട്ടികയിൽ ഇടം പിടിച്ചവരാണെന്ന കാര്യത്തിൽ അദ്ഭുതപ്പെടാനൊന്നുമില്ല. 2013ൽ മരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഉമറിന്റെ കീഴിലുണ്ടായിരുന്ന ആദ്യകാല നേതാക്കളെല്ലാം തന്നെ പാക്കിസ്ഥാനിൽ, അവിടത്തെ സൈന്യത്തിന്റെ സംരക്ഷണത്തിൽ സുരക്ഷിതരായി കഴിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞുപോയെന്ന ഭാവം പോലുമില്ലാതെ അവരെല്ലാം ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. യുഎസ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു മുല്ല അബ്ദുൽ ഗനി ബറാദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് കർസായിയും താലിബാനും തമ്മിലുള്ള സമാധാനചർച്ചയ്ക്കായി ബറാദറിനെ മോചിപ്പിക്കണമെന്ന യുഎസിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. 

യുഎസ് നോട്ടമിട്ട താലിബാൻ നേതാക്കളിലൊരാൾ മുല്ല ഒമറിന്റെ പിൻഗാമിയായ മുല്ല അഖ്തർ മൻസൂറായിരുന്നു. ഇറാനിൽനിന്നു റോഡ് മാർഗം മടങ്ങുകയായിരുന്ന മൻസൂർ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സംരക്ഷണച്ചുമതലയുണ്ടായിരുന്ന ഇന്റർ സർവീസ് ഇന്റലിജൻസി(ഐഎസ്ഐ) ആളുകൾ തന്നെ ഒറ്റിക്കൊടുത്തതാണെന്നു കഥകളുണ്ടായി. ഐഎസ്ഐയുടെ വരുതിക്കുനിൽക്കാതെ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയതായിരുന്നു കാരണമെന്നും പറഞ്ഞുകേട്ടു. ചുരുക്കത്തിൽ, താലിബാൻ ഉന്നതനേതൃത്വത്തിനു പാക്കിസ്ഥാൻ ‘ഡീപ് സ്റ്റേറ്റ്’ ശ്രദ്ധയോടെ നൽകിയ പരിപാലനം എന്നുമുണ്ടായിരുന്നു. അവർ പറയുന്നത് അനുസരിക്കണമെന്ന ഉപാധിയോടെ മാത്രമായിരുന്നു ഈ കരുതലത്രയും. 

ഐഎസ്ഐ മേധാവി ലഫ്.ജനറൽ ഫൈസ് ഹമീദിനെ അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ കണ്ടതു പുതിയ ഭരണകൂടത്തിന്റെ രൂപകൽപനയിൽ പാക്കിസ്ഥാ‍ൻ സൈന്യത്തിനു നിർണായക പങ്കുണ്ടെന്നതിന്റെ സൂചനയാണ്. ഇടക്കാല സർക്കാർ രൂപീകരണത്തിന്റെ തലേന്നുപോലും അദ്ദേഹം കാബൂളിൽ ഉണ്ടായിരുന്നു. താലിബാൻ സേന പഞ്ച്ശീറിൽ വിജയം ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്. താലിബാൻ സേനയ്ക്ക് ഇവിടെ പാക്ക് സേനയുടെ സഹായം ലഭിച്ചെന്നാണു സൂചന. അഹമ്മദ് ഷാ മസൂദിന്റെ മകന്റെ നേതൃത്വത്തിൽ നടന്ന താലിബാൻ വിരുദ്ധ പോരാട്ടം നിഷ്ഫലമായി. ഇത്തവണ പ്രതിരോധ സേന തീർത്തും പരാജയപ്പെട്ടതിനു പിന്നിൽ ഏതോ അജ്ഞാതശക്തി പ്രവർത്തിച്ചിട്ടുണ്ടെന്നു വളരെ വ്യക്തമാണ്. അടുക്കോ ചിട്ടയോ ഇല്ലാത്ത താലിബാൻ സേനയ്ക്ക് ഇന്റലിജൻസ് വിവരങ്ങളും സൈനിക ഉപദേശവും കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു. 

taliban-minister
ഷെയ്ഖ് ഹൈബത്തുല്ല അഖുന്ദ്സാദ, മുല്ലാ ഹസൻ അഖുന്ദ്, മുല്ല അബ്ദുൽ ഗനി ബറാദർ

താലിബാന്റെ ഇപ്പോഴത്തെ നേതാവ് ഷെയ്ഖ് ഹൈബത്തുല്ല അഖുന്ദ്സാദ പരമോന്നത നേതാവായി തുടരുമെന്ന് ഉറപ്പായിരുന്നു. മുല്ലാ ഹസൻ അഖുന്ദ് ഇടക്കാല സർക്കാരിലെ പ്രധാനമന്ത്രിയായി. കഴിഞ്ഞ 2 പതിറ്റാണ്ടായി താലിബാന്റെ നേതൃസമിതിയായ റഹ്ബാരി ഷൂറയെ നയിക്കുന്നത് ഇദ്ദേഹമാണ്. കഴിഞ്ഞ താലിബാൻ സർക്കാരിൽ ഇദ്ദേഹം മന്ത്രിയായിരുന്നു. താലിബാന്റെ രാഷ്ട്രീയ വിഭാഗം മേധാവിയായി ഖത്തറിലുണ്ടായിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും പരിചിതനായ മിതവാദി നേതാവ് മുല്ലാ ബറാദർക്ക് ഈ പദവിയിൽ കണ്ണുണ്ടായിരുന്നു. മുല്ലാ അഖുന്ദിനെപ്പോലെ പാക്കിസ്ഥാൻ അനുകൂലിയല്ല എന്ന കാരണം കൊണ്ടാകാം, അദ്ദേഹത്തിന് ആ സ്ഥാനം നഷ്ടമായത്. ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പഠിച്ചിട്ടുള്ള ഷേർ മുഹമ്മദ് സ്താനിക്സായ് വിദേശകാര്യമന്ത്രിയാകുമെന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. 

വഴിയടച്ച്  പാക്കിസ്ഥാൻ 

താലിബാനോടുള്ള നയം വികാരപരമാക്കി ചിത്രീകരിക്കരുതെന്നാണ് ഇതിൽനിന്നെല്ലാം ഇന്ത്യയ്ക്കുള്ള ഗുണപാഠം. ഐഎസ്ഐ ബന്ധമുള്ള സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതിൽനിന്നുതന്നെ അഫ്ഗാൻ ഭരണഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാനുള്ള പാക്കിസ്ഥാന്റെ വ്യഗ്രത വ്യക്തമാണല്ലോ. സിറാജുദ്ദീൻ ഹഖാനി യുഎസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ആളുമാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രകേന്ദ്രങ്ങളിൽ നടന്നിട്ടുള്ള ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഹഖാനി ശൃംഖലയാണെന്നാണ് ഇന്ത്യ എക്കാലവും ആരോപിച്ചിട്ടുള്ളത്. അങ്ങനെയൊരു സംഘത്തിന്റെ തലവനുതന്നെ ആഭ്യന്തര സുരക്ഷാച്ചുമതല ഏൽപിച്ചുകൊടുത്തുകൊണ്ട്, അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ മുന്നോട്ടുള്ള വഴികളെല്ലാം സങ്കീർണമാക്കിയിരിക്കുകയാണു പാക്കിസ്ഥാൻ. നയതന്ത്രം പുനരാരംഭിക്കുന്നതും താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതുമുൾപ്പെടെ എല്ലാം ഇപ്പോൾ അതിസങ്കീർണമാണ്. 

kc-singh
കെ.സി. സിങ്

ഉടച്ചുവാർക്കണം ബന്ധം 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാകാനുള്ള സാധ്യത ഇന്ത്യ മുൻപേ പരിശോധിക്കേണ്ടിയിരുന്നു. കാബൂളിലെ പുതിയ ശാക്തികസമവാക്യങ്ങളെക്കുറിച്ചു റഷ്യയും ആശങ്കാകുലരാണോ എന്നറിയാനുള്ള അവസരമാണു റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇന്ത്യാസന്ദർശനം. ഭരണമാറ്റം റഷ്യ നിശ്ശബ്ദമായി അംഗീകരിക്കുന്നെന്ന പ്രതീതിയാണ് ഇതുവരെയുള്ളത്. താലിബാൻ പഞ്ച്ശീർ പിടിച്ചതിൽ  ആശങ്ക പ്രകടിപ്പിച്ചത് ഇറാൻ മാത്രമാണ്. മറ്റു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുന്നതോടെ മേഖലയിലെ ബന്ധങ്ങളിൽ ഇന്ത്യയുടെ മുൻഗണന ഉടച്ചുവാർക്കേണ്ടി വന്നേക്കാം. 

അയൽപ്രദേശത്ത് യുഎസിനെപ്പോലെ ഒരു വൻശക്തിയുമായുള്ള കൈകോർക്കലും അമിതമായ ആശ്രയത്വവും അപകടകരമായിത്തീരുമെന്ന പാഠവും ഇന്ത്യയ്ക്കു പഠിക്കാനുണ്ട്. മേഖലയിൽ ആ വൻശക്തി അതിന്റെ സുരക്ഷാമുൻഗണനകളിൽ മാറ്റം വരുത്തിയാൽമതി, എല്ലാം മാറിമറിയും. അരക്ഷിതാവസ്ഥയും സംഘർഷാന്തരീക്ഷവും ബാക്കിവച്ച് അവർ പൊടുന്നനെ സ്ഥലംവിട്ടെന്നിരിക്കും. പരിണതഫലം അനുഭവിക്കേണ്ടത് ഇന്ത്യയാണ്. യുഎസുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ട് ഇന്ത്യ നൽകിയ പ്രഹരങ്ങൾ ഇറാനും റഷ്യയും മറന്നെന്നു വരില്ല. പാക്കിസ്ഥാന്റെ കളിപ്പാവയല്ലെന്നു താലിബാൻ ചിലപ്പോൾ വ്യക്തമാക്കിയെന്നിരിക്കും. താലിബാൻകാർ ഉൾപ്പെടുന്ന പഷ്തൂൺ വംശജർ അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിപോലും വരില്ല. വനിതകളുടെയോ പ്രധാന ഗോത്രവിഭാഗങ്ങളുടെയോ പ്രാതിനിധ്യമില്ലാത്ത പുതിയ സർക്കാരിനെ ലോകം അംഗീകരിക്കുമോ? ‘രണ്ടാം താലിബാൻ’ പുതിയ പതിപ്പാണെന്നും ഉത്തരവാദത്തോടെ ഭരണം നടത്തുമെന്നുമുള്ള സങ്കൽപം എത്ര രാജ്യങ്ങൾ അംഗീകരിക്കുമെന്നു വരും ആഴ്ചകളിലായി വ്യക്തമാകും. ലക്ഷണം കണ്ടിട്ട് അങ്ങനെ സംഭവിക്കുമെന്നു കരുതാൻ വയ്യ.

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

English Summary: Taliban ministry and India concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com