യുപിയിൽ വർഗീയതയെ കൂട്ടുപിടിച്ച് ബിജെപി; മതസാഹോദര്യം ഉയർത്തി കർഷക നേതാക്കൾ

PTI09_05_2021_000152B
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് യുപിയിലെ മുസഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പ്രസംഗിക്കുന്നു. ചിത്രം:പിടിഐ
SHARE

യുപി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 2014 മാതൃകയിൽ വർഗീയതയെ കൂട്ടുപിടിച്ച് വിജയം ആവർത്തിക്കാനാണു ബിജെപി ശ്രമം. അതു തടയാൻ ശ്രമിക്കുന്ന കർഷകനേതാക്കൾ മറുപടിയായി ഉയർത്തുന്നതു മതനിരപേക്ഷതയെന്ന മുദ്രാവാക്യം. പല കാര്യങ്ങളിലും ബിജെപിയെ അനുകരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളിൽനിന്ന് കർഷകസമരക്കാർ അങ്ങനെ വ്യത്യസ്തരാകുകയാണ്.

ഒൻപതു മാസം പിന്നിട്ടിട്ടും കർഷകസമരം ശമിച്ചിട്ടില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ഹിന്ദുത്വത്തെ മുൻനിർത്തിയുള്ള ബിജെപിയുടെ തേരോട്ടത്തിന്റെ മുൻപിൽ പകച്ചു നിൽക്കുമ്പോൾ കർഷകസമരക്കാർ അടുത്തിടെ ഇന്ത്യയെ ഓർമിപ്പിച്ചത് ഇതാണ്: മതരാഷ്ട്രീയത്തിനെതിരായി ഒരു മറുപടിയേ ഉള്ളൂ; അതു മതനിരപേക്ഷതയാണ്. 

ഈ മാസം 5നു പടിഞ്ഞാറൻ യുപിയിലെ മുസഫർനഗർ ഗവ. ഇന്റർ കോളജ് മൈതാനത്തു ലക്ഷക്കണക്കിനു കർഷകർ പങ്കെടുത്ത കിസാൻ മഹാപഞ്ചായത്ത് നടന്നു. കർഷകസമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയാണു റാലി സംഘടിപ്പിച്ചത്. അതിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതാവായ രാകേഷ് ടികായത്ത് കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും കാർഷികോൽപന്നങ്ങളുടെ തറവില നിർണയിക്കുന്നതിനു നിയമപരിരക്ഷ നൽകണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു. 2022ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കണമെന്നും മതസൗഹാർദം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദത്തെപ്പറ്റി സംസാരിക്കാൻ പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിനെക്കാൾ പറ്റിയ മറ്റൊരിടമില്ല. 2013ൽ റോഡ് അപകടത്തെയും ഒരു പെൺകുട്ടിയെ ഉപദ്രവിച്ചതിനെയും ചുറ്റിപ്പറ്റി രണ്ടു സമുദായങ്ങൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട തർക്കം 62 പേരുടെ മരണത്തിനും അരലക്ഷം മുസ്‌ലിംകളെ ഭവനരഹിതരാക്കുന്നതിലും കലാശിച്ചു. അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണം ബിജെപിക്കു പടിഞ്ഞാറൻ യുപിയിൽ ശക്തമായ അടിത്തറ സമ്മാനിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാനുള്ള പ്രധാനകാരണങ്ങളിലൊന്നു മുസഫർനഗർ സംഭവങ്ങളായിരുന്നു. 

2022ൽ വീണ്ടും പൊതുതിരഞ്ഞെടുപ്പു വരുമ്പോൾ യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും വർഗീയ താപമാനം വർധിപ്പിച്ചുകൊണ്ട് 2014ലെ വിജയം ആവർത്തിക്കാൻ ശ്രമിക്കുന്നു. ഈ വിഭജനരാഷ്ട്രീയത്തിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികൾ കാണിക്കാത്ത ധൈര്യവും ബുദ്ധിയും ആണ് കർഷകർ പ്രകടിപ്പിക്കുന്നത്. രാകേഷ് ടികായത്ത്, മുസഫർനഗറിലെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുമ്പോൾ ‘ഹർഹർ മഹാദേവ്’ എന്നു പറയുന്നതിനോടൊപ്പം ‘അല്ലാഹു അക്ബർ’ എന്നും പറഞ്ഞു. കർഷകസമരക്കാരുടെ ഇപ്പോഴത്തെ മുദ്രാവാക്യം ഇപ്പോൾ ‘ഖേത്തി, കിസാനി, ബായ്‌ചാര’ (കൃഷിഭൂമി, കൃഷിപ്പണി, സാഹോദര്യം) എന്നതാണ്. മതസാഹോദര്യം ഒരു രാഷ്ട്രീയ അജൻഡയാക്കി കർഷകനേതാക്കൾ ഉയർത്തി.

കാർഷികനിയമങ്ങൾ കൊണ്ടുവന്ന ബിജെപി സർക്കാരിനെ 2022ലെ തിരഞ്ഞെടുപ്പിൽ തോൽപിക്കുന്നതിനാണ് ഇപ്പോൾ കർഷകനേതാക്കൾ പ്രവർത്തിക്കുന്നത്. മതധ്രുവീകരണം മുൻകൂട്ടി കണ്ടുകൊണ്ടാണു മതനിരപേക്ഷതയെ ഒരു മുദ്രാവാക്യമായി കർഷകനേതാക്കൾ ഉയർത്തുന്നത്. ഇവിടെയാണ് അവർ, പലപ്പോഴും ബിജെപിയെ അനുകരിക്കാൻ ശ്രമിക്കുന്ന മറ്റു പ്രതിപക്ഷപാർട്ടികളിൽനിന്നു വേറിട്ടു നിൽക്കുന്നത്. ആംആദ്മി പാർട്ടി അടുത്തിടെ മതവും ദേശീയതയും ഉയർത്തിക്കാണിച്ചു ബിജെപിക്കു ബദലാകാൻ ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് ചിലപ്പോൾ മതനിരപേക്ഷത പ്രസംഗിക്കും, അല്ലാത്തപ്പോൾ രാഹുൽ ഗാന്ധി ‘പൂണൂൽ ധരിച്ച ബ്രാഹ്മണനായി’ സ്വയം വിശേഷിപ്പിക്കും. പരസ്പരം ഭിന്നിപ്പിക്കുന്നതിനെതിരായി ഇന്ത്യയുടെ ഭരണഘടനയിൽ ആലേഖനം ചെയ്തിട്ടുള്ള മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൊണ്ട് ആഹ്വാനം ചെയ്യാൻ ഇപ്പോൾ മുഖ്യധാരാരാഷ്ട്രീയത്തിൽ കർഷകനേതാക്കൾ മാത്രമാണുള്ളത്. 

ns-madhavan
എൻ.എസ്. മാധവൻ

കേരളത്തിലും കൂടുമോ  ഒഴിഞ്ഞ കൂടുകൾ?

കേരളത്തിനു വാർധക്യമേറുകയാണ്. അതിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്കു കേരളം തയാറെടുക്കണമെന്നാണു കൊച്ചിയിലെ ‘സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡിസ്’ (സിഎസ്ഇഎസ്) അടുത്തിടെ പുറത്തുവിട്ട സുപ്രധാന പഠനം ചൂണ്ടിക്കാണിക്കുന്നത്. ഈ മാറ്റങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി പഠിച്ചു റിപ്പോർട്ട് തയാറാക്കിയത് അവിടത്തെ അസോഷ്യേറ്റ് ഫെലോയായ ഡോ. ബൈശാലി ഗോസ്വാമിയാണ്. 

ജനസംഖ്യ മാറ്റമില്ലാതെ തുടരാൻ ഓരോ ദമ്പതികൾക്കും ശരാശരി 2.1 കുട്ടികൾ‍ വേണമെന്നാണു ജനസംഖ്യാശാസ്ത്രം പറയുന്നത്. അതായത്, ആ ദമ്പതികൾക്കു പകരമായി കുട്ടികൾ വരുന്നു. കേരളം ഈ പ്രത്യുൽപാദനനിരക്ക് 1988ൽ തന്നെ നേടി. അതിനുശേഷം കേരളത്തിലെ പ്രത്യുൽപാദനനിരക്ക് രണ്ടിൽ താഴെയായി, 1.7നും 1.9നും ഇടയിൽ തുടരുന്നു. ചില താലുക്കുകളിൽ ജനസംഖ്യവർധനയുടെ തോത് ഇപ്പോൾതന്നെ പൂജ്യത്തിൽ താഴെ(നെഗറ്റിവ്) ആണ്. 

പ്രത്യുൽപാദന നിരക്ക് കുറയുന്നതിനൊപ്പം കേരളത്തിൽ ആയുർദൈർഘ്യം കൂടുന്നുമുണ്ട്. 1970-75ൽ 62 വയസ്സ് ആയിരുന്നു ആയുർദൈർഘ്യമെങ്കിൽ ഇപ്പോൾ 75 വയസ്സിനു മുകളിലാണത്. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ അതിവൃദ്ധതയിലേക്കുള്ള (ആയുർദൈർഘ്യം 80നു മേൽ) നമ്മുടെ യാത്ര പതുക്കെയാകാനുള്ള കാരണം ഒരുപക്ഷേ കേരളത്തിൽ രോഗങ്ങൾ കൂടുതലാണെന്നതാകും. എതായാലും, സിഎസ്ഇഎസിന്റെ പഠനമനുസരിച്ച്, ഉയരുന്ന ആയുർദൈർഘ്യവും കുറയുന്ന പ്രത്യുൽപാദനനിരക്കും ജനസംഖ്യാപരമായ മാറ്റത്തിലേക്കാണു വിരൽചൂണ്ടുന്നത്. 

ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോയ വികസിതരാജ്യങ്ങളിൽനിന്നു നമ്മൾ പാഠം പഠിക്കേണ്ടതുണ്ട്. അവ കുടുംബവ്യവസ്ഥയെ ബാധിച്ചേക്കാം. ജനസംഖ്യയിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുമ്പോൾ വീടുകൾ ശൂന്യമാകുന്നു. ‘ഒറ്റക്കുട്ടി’ നയമുണ്ടായിരുന്ന ചൈനയിൽ മക്കളില്ലാത്ത, വൃദ്ധരായ മാതാപിതാക്കൾ വസിക്കുന്ന വീടുകളെ ‘ഒഴിഞ്ഞു കിടക്കുന്ന കൂടുകൾ’ എന്നാണു വിളിക്കുന്നത്. കേരളത്തിലും ഒഴിഞ്ഞ കൂടുകൾ കാണാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. പാശ്ചാത്യരാജ്യങ്ങളിലും മറ്റും വയോജനപരിപാലനം മക്കൾക്കു പകരം, മിക്കപ്പോഴും ക്ലിനിക്കുകളിലാണു നടക്കുന്നത്. അത്തരത്തിലുള്ള ഒരു സമൂഹമായി മാറാൻ സാധ്യതയുള്ള കേരളത്തിൽ പ്രായമുള്ളവരെ ശുശ്രൂഷിക്കാനുള്ള സൗകര്യങ്ങൾ വളരെക്കുറവാണ്. ചുരുക്കത്തിൽ, വയോധികരുടെ സംഖ്യ കൂടിവരുന്ന ഒരു സമൂഹത്തിനുവേണ്ടി നാം ഇനിയും തയാറെടുത്തിട്ടില്ല. ഈ രംഗത്തു സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നാണ് ഈ പഠനത്തിലെ നിഗമനങ്ങൾ അടിവരയിട്ടു പറയുന്നത്. ഇതിനു രാഷ്ട്രീയമായ ഒരു മാനം കൂടിയുണ്ട് എന്ന കാര്യവും രാഷ്ട്രീയപാർട്ടികൾ മറക്കരുത്: വയോധികരും ഒരു വോട്ടുബാങ്ക് ആവാം. യുഎസിൽ ട്രംപ് ജയിച്ച തിരഞ്ഞെടുപ്പിലും ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടാൻ ഇടയാക്കിയ ബ്രെക്സിറ്റ് വോട്ടെടുപ്പിലും വയോധികരുടെ വോട്ട് നിർണായകമായ പങ്കു വഹിച്ചു എന്നാണു പഠനങ്ങൾ പറയുന്നത്. 

സ്കോർപ്പിയൺ കിക്ക്  

കോൺഗ്രസിൽ ഞാൻ വെറും നാലണ അംഗം മാത്രം, ഉമ്മൻ ചാണ്ടി അങ്ങനെയല്ല – രമേശ് ചെന്നിത്തല

കോൺഗ്രസിൽ എല്ലാവരും അങ്ങനെയാണല്ലോ; ഉമ്മൻചാണ്ടി ബിറ്റ്‌കോയിൻ കൊടുത്തല്ലല്ലോ അംഗത്വം നേടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA