വ്യാജക്കാഴ്ചയുടെ അർമാദം!

panjshir-fake-1248
SHARE

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറിൽ താലിബാനെതിരെ പ്രതിരോധമുണ്ടായപ്പോൾ അത് അടിച്ചമർത്താൻ പാക്കിസ്ഥാൻ വ്യോമസേന ഇടപെട്ടു എന്നു പ്രചാരണമുണ്ടായിരുന്നു. പാക്ക് വ്യോമസേനയുടെ ആക്രമണം എന്ന മട്ടിൽ ഒരു വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അവിടെ തീർന്നില്ല, ഇന്ത്യയിലെ ചില ദേശീയ ചാനലുകൾ ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ‘അഫ്ഗാനിസ്ഥാനിലെ പാക്ക് ഇടപെടൽ’ എന്ന വിഷയത്തെക്കുറിച്ചു ചർച്ച നടത്തുക വരെ ചെയ്തു. 

ബ്രിട്ടനിൽനിന്നു പ്രവർത്തിക്കുന്ന അഫ്ഗാൻ ചാനൽ ‘ഹസ്തി ടിവി’യാണ് ഈ ദൃശ്യങ്ങൾ ആദ്യം സംപ്രേഷണം ചെയ്തതെന്നാണു കരുതുന്നത്. ഹസ്തി ടിവി ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ ചാനലുകൾ ഇതു കാണിച്ചത്.എന്നാൽ, ദൃശ്യം വിശ്വസിച്ച എല്ലാവർക്കും പിണഞ്ഞതു വൻ അബദ്ധമാണ്. അർമ–3 എന്ന വിഡിയോ ഗെയിമിലെ ഒരു ഭാഗമാണ് പാക്ക് വ്യോമസേനയുടെ ബോംബിങ് എന്ന പേരിൽ പ്രചരിച്ചത്!

സൈനിക തന്ത്രങ്ങളും ആക്രമണങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് കംപ്യൂട്ടർ ഗെയിമാണ് അർമ. 2006ൽ ആദ്യമായി ഇറങ്ങിയ ഗെയിമിന്റെ പല വേർഷനുകൾ വന്നിട്ടുണ്ട്. 2013ലാണ് അർമ–3 റിലീസ് ചെയ്തത്. ഗെയിമിലെ പല ദൃശ്യങ്ങളും കണ്ടാൽ യഥാർഥ ആക്രമണങ്ങളുടെ സാറ്റലൈറ്റ്, നൈറ്റ് ക്യാമറ ദൃശ്യങ്ങളാണെന്നു സംശയം തോന്നാം. ഗെയിം കളിക്കുന്നവർ തയാറാക്കുന്ന ഇത്തരം സിമുലേറ്റഡ് വിഡിയോകൾ യൂട്യൂബിൽ ഇഷ്ടം പോലെ ലഭ്യവുമാണ്.

അർമ ഗെയിം ആദ്യമായല്ല വ്യാജവാർത്തയ്ക്കു കാരണമാകുന്നത്. ഈ വർഷം മേയിൽ ഹമാസുമായുള്ള സംഘർഷം മൂർഛിച്ച ഘട്ടത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ വ്യോമപ്രതിരോധ ആക്രമണമെന്ന പേരിൽ പ്രചരിച്ചത് അർമ–3ലെ ഗ്രാഫിക്സ് ആയിരുന്നു.കഴിഞ്ഞ വർഷം അസർബൈജാന്റെ മിഗ് 25 വിമാനം അർമീനിയ വെടിവച്ചു വീഴ്ത്തിയെന്ന പേരിൽ കറങ്ങിയതും അർമ–3 ദൃശ്യങ്ങൾ തന്നെ!

2019ൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, കുറച്ചുകാലം മുൻപ് ബാലാക്കോട്ട് ആക്രമണത്തിന്റേതെന്ന പേരിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത് ഓർമയുണ്ടാകുമല്ലോ. അവിടെയും ‘പ്രതി’ അർമ ഗെയിം തന്നെയായിരുന്നു; അർമ–2 ഫയറിങ് റേഞ്ച് എന്ന വേർഷൻ!

അർമ സീരീസ് മാത്രമല്ല, മറ്റു പല വിഡിയോ ഗെയിമുകളിൽനിന്നുള്ള ദൃശ്യങ്ങളും ഇത്തരത്തിൽ വ്യാജ വാർത്തയായി മാറുന്നത് കുറച്ചു വർഷങ്ങളായി പതിവാണ്.

English Summary: News channels air video game clip to claim ‘Pakistan air force attacked Panjshir’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS