വെള്ളാപ്പള്ളി നടേശന് നാളെ ശതാഭിഷേകം; നായകയോഗം

VELLAPALLY NATESHAN
വെള്ളാപ്പള്ളി നടേശൻ
SHARE

ആവശ്യം വരുമ്പോൾ ആശാൻ ചവിട്ടിക്കോളുമെന്ന ബലത്തിൽ നമ്മളൊക്കെ ജീപ്പും കാറും ഓടിച്ചു പഠിക്കുമ്പോൾ, ലോറിയിൽ തനിയെ ഡ്രൈവിങ് പഠിച്ചയാളാണു വെള്ളാപ്പള്ളി നടേശൻ. ആദ്യം തുടങ്ങിയ പലചരക്കുകട അപ്പടി നഷ്ടത്തിൽ പൂട്ടിക്കെട്ടിയപ്പോൾ കോടികളുടെ കരാർ പണികളിലേക്കു ചുവടുവച്ച ആളാണ്. ഇരട്ടക്കുട്ടികളാണെങ്കിലും പ്രസവത്തിൽ ആദ്യം പുറത്തെത്തി അതിലും മുന്നിലെത്തിയയാളാണ്. ചരിത്രത്തിലാദ്യമായി വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ചോറൂണിനിരുന്ന ഈഴവക്കുട്ടിയുമാണ്.

വെള്ളാപ്പള്ളി നടേശൻ ഒടുവിൽ മലയാള സിനിമ കണ്ടത് 30 വർഷം മുൻപാണ്; മോഹൻലാൽ നായകനായ ‘ഭരതം’. ഉദ്വേഗജനകമായ ആക്‌ഷൻ രംഗങ്ങളും സംഘർഷങ്ങളും സന്തോഷങ്ങളും നായകനും പ്രതിനായകനുമൊക്കെ നിറഞ്ഞ വെള്ളാപ്പള്ളിയുടെ ജീവിതം ഓടുന്നതും ‌‌‌നിറഞ്ഞ സദസ്സിലാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട സമുദായനായകന്റെ ജീവിതസിനിമയ്ക്കു പേരിട്ടാൽ ‘വെള്ളാപ്പള്ളി സൂപ്പർ ഫാസ്റ്റ്’ എന്നു വിളിക്കാം. ആ വെള്ളാപ്പള്ളിക്ക് നാളെ ശതാഭിഷേകം.

ആയിരം പൂർണചന്ദ്രന്മാരെ വെള്ളാപ്പള്ളി കണ്ടതാണോ, പ്രസംഗപീഠത്തിലെ വെള്ളാപ്പള്ളിയുടെ പ്രകടനംകണ്ടു പൂർണചന്ദ്രന്മാർ എത്തിനോക്കിയതാണോ എന്നേ അറിയേണ്ടൂ. കാരണം, ആയിരം തവണയിൽ മുന്നൂറിലേറെയും കണ്ടിട്ടുണ്ടാകുക എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയും ആയിരിക്കെയാണ്. രണ്ടു പദവികളിലും തുടർച്ചയായി കാൽനൂറ്റാണ്ടു തികയ്ക്കുന്ന വേളയിൽ ശതാഭിഷിക്തനാകുന്നുവെന്ന അപൂർവതയും വെള്ളാപ്പള്ളിക്കു സ്വന്തം.

യോഗം - ട്രസ്റ്റ് നേതൃത്വത്തിൽ റെക്കോർഡുകൾ പലതും തീർത്തതാണു വെള്ളാപ്പള്ളിയുടെ ‘രജത യോഗം’. ആർ. ശങ്കറിനു ശേഷം ഒരേ സമയം യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്തെത്തിയയാൾ. 1996 ജനുവരി 27ന് എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായ വെള്ളാപ്പള്ളി അതേ വർഷം നവംബർ 17നു യോഗം ജനറൽ സെക്രട്ടറിയുമായി. 15 വർഷം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്റെ റെക്കോർഡും വെള്ളാപ്പള്ളി മറികടന്നു. 27-ാമത്തെ വയസ്സിൽ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രസിഡന്റായി അഞ്ചര പതിറ്റാണ്ടിലേറെയായി തുടരുന്നു.

പിന്നാക്ക സമുദായ സംഘടന എന്ന ലേബലിൽനിന്നു കേഡർ സ്വഭാവമുള്ള സമരസംഘടന കൂടിയാക്കി എസ്എൻഡിപി യോഗത്തെ മാറ്റിയതു മാത്രമല്ല, പോഷകസംഘടനകളുടെയും ഘടകങ്ങളുടെയും എണ്ണത്തിൽ കുതിച്ചുചാട്ടവും നടത്തി.

വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയമ്മയുടെയും 12 മക്കളിൽ ഏഴാമനായ വി.കെ.നടേശന്റെ ജനനം 1937 സെപ്റ്റംബർ 10ന് ആണെങ്കിലും നക്ഷത്രമായ ചിങ്ങത്തിലെ വിശാഖമാണ് ആഘോഷനാൾ. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നു പണ്ടൊരിക്കൽ വെള്ളാപ്പള്ളിക്കു നേരെ വധശ്രമം ഉണ്ടായി. അതിൽപിന്നെ, ശത്രുദോഷം മാറ്റാൻ അരയിൽ ത്രിപുര സുന്ദരീയന്ത്രവും കയ്യിൽ ചുവപ്പുചരടും പൂജിച്ചു കെട്ടി. കയ്യിലെ ചരടും നവരത്ന മോതിരവും നെറ്റിയിലെ കുങ്കുമപ്പൊട്ടും സിൽക്ക് ഖദർ ഷർട്ടും വെള്ളാപ്പള്ളിയുടെ ട്രേഡ് മാർക്കായി മാറി.ശതാഭിഷേക പൂജകളുടെ തിരക്കുകൾക്കിടയിൽ വെള്ളാപ്പള്ളി ‘മനോരമ’യോടു സംസാരിച്ചു.

∙എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എസ്എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ കാൽനൂറ്റാണ്ടു പൂർത്തിയാക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു?

സ്വകാര്യമായി ഒട്ടേറെ നഷ്ടങ്ങളുണ്ടെങ്കിലും സമുദായത്തിനും സമൂഹത്തിനും േനട്ടങ്ങളുടെ 25 വർഷമാണു കടന്നുപോകുന്നത്. സമുദായത്തിന് ഐക്യവും അഭിവൃദ്ധിയും ഇല്ലാതിരുന്ന കാലത്താണു ഞാൻ ചുമതലയേറ്റത്. ഇന്നു താഴെത്തട്ടിൽ സംഘടന സുശക്തമായി. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ പുരോഗതിയുമുണ്ടാക്കി. എല്ലാ ജില്ലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പടുത്തുയർത്താനും കഴിഞ്ഞു. മൈക്രോ ഫിനാൻസ് എന്ന വലിയ ആശയത്തിലൂടെ സമ്പാദ്യശീലത്തിലേക്കു മാത്രമല്ല, ഗുരുഭക്തിയിലേക്കും ഈശ്വരവിശ്വാസത്തിലേക്കും സമുദായാംഗങ്ങളെ കൈപിടിക്കാനായി. 7000 കോടിയോളം രൂപയാണു സ്ത്രീകളിലൂടെ വിതരണം ചെയ്തത്. സമുദായത്തിൽനിന്ന് 10 ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരെയെങ്കിലും സൃഷ്ടിക്കണമെന്നാണ് ഇനിയുള്ള സ്വപ്നം.

∙യോഗവും യോഗനേതൃത്വവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നില്ല എന്നാണു പ്രധാന ആരോപണം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ശ്രദ്ധിച്ചതാണ്, പതിവിലേറെയുള്ള താങ്കളുടെ മൗനം. അത് ഇടതുപക്ഷത്തെ സഹായിക്കാനായിരുന്നോ, തുഷാർ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടു മൂലമായിരുന്നോ? അതോ ഭരണത്തുടർച്ച മുന്നിൽക്കണ്ടിരുന്നോ?

ഞാനൊരു രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് എനിക്കു രാഷ്ട്രീയനിലപാടും ഇല്ല. വിഷയാധിഷ്ഠിത നിലപാടുകളേയുള്ളൂ. സമുദായത്തിനു വെള്ളവും ഭക്ഷണവും ആരു തരുന്നോ, അവരെ സഹായിക്കും. ഇക്കുറി അങ്ങനെയൊരു മൗനത്തിനു മറ്റൊരു കാരണവുമുണ്ട്. സമുദായത്തോടു കോൺഗ്രസ് വഞ്ചന കാട്ടി. മുൻപ്, റോഡിലെ മാൻഹോളിൽ വീണു മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷവും ഭാര്യയ്ക്കു ജോലിയും കൊടുത്തപ്പോൾ ഒപ്പം അപകടത്തിൽപെട്ടവരുടെ കുടുംബത്തെ മറന്നതു ശരിയായില്ലെന്നു ഞാൻ പറഞ്ഞു. കോൺഗ്രസുകാർ അതിന്റെ പേരിൽ എന്നെ വർഗീയവാദിയാക്കി. എന്നെ അറസ്റ്റു ചെയ്യണമെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തു നൽകി. അറസ്റ്റിന് ആലുവ റൂറൽ എസ്പിക്കു രമേശ് നിർദേശം നൽകി. ഞാൻ എന്തെല്ലാം സഹായങ്ങൾ രമേശിനു ചെയ്തിട്ടുണ്ട്. എന്നിട്ടും എന്നെ മുന്നിൽനിന്നു കുത്തി. ഒടുവിൽ കേസ് കോടതി തള്ളിക്കളഞ്ഞതും നമ്മൾ കണ്ടതല്ലേ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, മാണി സാർ മുൻകയ്യെടുത്തു ഒരു കോർപറേഷൻ ചെയർമാൻ സ്ഥാനം സമുദായത്തിനു നൽകി. ഉമ്മൻ ചാണ്ടി ഇടയ്ക്കുവച്ച് അതു പിൻവലിച്ചു. അദ്ദേഹം അങ്ങനെ പിറകിൽനിന്നു കുത്തി. ഞങ്ങളുടെ സമുദായത്തിന്റെ വക്കീൽപണി ഒഴിയാൻ വിസമ്മതിച്ചതിനാണ് എ.എൻ.രാജൻബാബുവിനെ യുഡിഎഫിൽനിന്നു പുറത്താക്കിയത്. ഇത്രയുമൊക്കെ ചെയ്തവർക്കു ഞാൻ പാദസേവ ചെയ്യണോ? ഞങ്ങളെ വേദനിപ്പിച്ചാൽ തിരിച്ചും നോവിക്കും എന്നു കാണിച്ചു കൊടുത്തു.

∙മുൻപില്ലാത്ത വിധം നേതൃത്വത്തിനെതിരെ ആരോപണങ്ങളും ഉയർന്ന കാലമാണ് ഈ കാൽനൂറ്റാണ്ട്. വിമത ശബ്ദങ്ങളും നീക്കങ്ങളും ഏറെയുണ്ടായി?

സാക്ഷാൽ ഗുരുദേവനു ഷഷ്ടിപൂർത്തി സ്മാരക കെട്ടിടം പണിതപ്പോൾ കുമാരനാശാൻ 8 ചക്രം മോഷ്ടിച്ചെന്നു കുപ്രചാരണം നടത്തിയവരുള്ള സമുദായമാണിത്. പിന്നീടെത്തിയ ഓരോരുത്തരും ഇങ്ങനെ പഴികൾ കേട്ടു. ആർ. ശങ്കറും എം.കെ.രാഘവനുമൊക്കെ തലപ്പത്തുള്ളപ്പോൾ യോഗം റിസീവർ ഭരണത്തിലായിട്ടില്ലേ? ഇപ്പോൾ കുറെ പ്രസ്താവനകളല്ലാതെ അങ്ങനെയൊരു സാഹചര്യമില്ലല്ലോ. ഏതിനെയും എതിർക്കാൻ വേണ്ടി ജനിച്ച ചിലരുണ്ട്. ഞാൻ നടന്നതിന്റെ ഒരംശം അവരാരും സമുദായത്തിനുവേണ്ടി നടന്നിട്ടില്ല.

∙കേരളത്തിൽ നിലവിൽ ഭരണത്തിലിരിക്കുന്നവരെ പിന്തുണയ്ക്കുകയോ വിമർശിക്കാതിരിക്കുകയോ ചെയ്യുന്നു. തുഷാർ ബിഡിജെഎസിലായതു കൊണ്ടാണോ, കേന്ദ്രത്തെയും വിമർശിക്കുന്നില്ല?

എന്നാരു പറഞ്ഞു? മുൻമന്ത്രി കെ.ടി.ജലീലിനെ ഏറ്റവുമധികം വിമർശിച്ചതു ഞാനല്ലേ. ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്ത് ഓപ്പൺ സർവകലാശാല സ്ഥാപിച്ചപ്പോൾ അതിന്റെ തലപ്പത്തു ഗുരുദേവ ദർശനം ഉൾക്കൊള്ളുന്ന ആരെയെങ്കിലുമാണോ നിയമിച്ചത്? അവിടെ വല്ലതും നടക്കുന്നുണ്ടോ? ഒരു ലോഗോ പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഗുരുവിന്റെ ദർശനം അവരുടെ ഉള്ളിലില്ലാത്തതാണു കുഴപ്പം. കാരണക്കാരൻ ജലീൽ തന്നെ.

കേന്ദ്രത്തിൽ ബിജെപി അല്ലാതെ ആരു ഭരിക്കണം? അവർക്കു ബദലായി പ്രതിപക്ഷത്ത് കൂട്ടായ്മ ഉണ്ടോ? രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന്റെ സ്ഥിതി അറിയാമല്ലോ. തുഷാറും ബിഡിജെഎസും അവരുടെ വഴിക്കു പോകും. അവരെ സഹായിക്കാനോ വളർത്താനോ ഞാനില്ല. രാഷ്ട്രീയപാർട്ടി ഉണ്ടാക്കാനും എസ്എൻഡിപി യോഗം ഇല്ല. പ്രശ്നാധിഷ്ഠിതമായി മാത്രം ഇടപെടും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നിരാശാജനകം എന്ന് ആദ്യം ഞങ്ങളാണു പറഞ്ഞത്. ഞങ്ങളുടെ സ്ത്രീകളാരും ശബരിമലയിൽ പോകില്ലെന്നു വിശ്വസിക്കുന്നതായും അതിന്റെ പേരിൽ തെരുവിലിറങ്ങി തല്ലുകൊള്ളരുതെന്നും ഞാൻ പറഞ്ഞു. അതിലെന്താണു തെറ്റ്? അതിന് എന്നെ ഒരുപാടു വേട്ടയാടി. മതിൽ കെട്ടാൻ പോയി എന്നുവരെ ആക്ഷേപിച്ചു. വിധിയുടെ പേരിൽ നടന്ന ആ സമരം അനാവശ്യമായിരുന്നു. ചില പ്രത്യേക താൽപര്യം വച്ചു പ്രത്യേക കേന്ദ്രങ്ങൾ പടുത്തുയർത്തി വിട്ട ബാണം ആയിരുന്നു വിധിയുടെ പേരിൽ നടന്ന ആ സമരങ്ങൾ. അതു രാഷ്ട്രീയക്കാർ ഏറ്റെടുത്തു.

∙സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും പ്രബല പിന്നാക്ക സമുദായം ശക്തമായി പ്രതികരിച്ചു കണ്ടില്ല?

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു സർക്കാർ സഹായം കൊടുത്തോട്ടെ. അതുപോലെ പിന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സഹായിക്കണ്ടേ? അതിനുണ്ടായിരുന്ന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എവിടെപ്പോയി? ഈ സർക്കാർ സമുദായത്തോടു നീതി കാട്ടിയതേയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തി. ഏതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സർക്കാർ അതു ചെയ്തത്? ഭരണഘടനാതത്വങ്ങളെപ്പോലും അട്ടിമറിച്ചു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാമ്പത്തിക സംവരണം കൊണ്ടുവന്നതു സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിൽ വിധി വരുംമുൻപേ ഇടതു സർക്കാർ അത് ഇവിടെ നടപ്പാക്കിയതു ശരിയാണോ?

∙എ.കെ. ആന്റണിക്കും വയലാർ രവിക്കുമൊപ്പം കെഎസ്‌യു യൂണിറ്റുകളുണ്ടാക്കാൻ ഓടിനടന്നയാളാണു താങ്കൾ. ആ നിലയ്ക്കു സംഘടനയുടെ സ്ഥാപകനേതാവ് കൂടിയാണെന്നു പറയാമല്ലോ. കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധിയെ എങ്ങനെ നോക്കിക്കാണുന്നു?

കോൺഗ്രസ് ഇന്നു ഗ്രൂപ്പുകളുടെ കൂട്ടായ്മ മാത്രമാണ്. പണ്ടും ഗ്രൂപ്പുകളുണ്ടായിരുന്നെങ്കിലും ഇത്രയും വഷളല്ലായിരുന്നു. ഡസൻ കണക്കിനാണ് ഇന്നു ഗ്രൂപ്പ്. ഓരോ കെപിസിസി പ്രസിഡന്റും ഓരോ ഗ്രൂപ്പുണ്ടാക്കിയിട്ടാണു പോകുന്നത്. പിണറായി വിജയൻ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണു തിരഞ്ഞെടുപ്പു നടന്നത്. എന്നിട്ടും ഭൂരിപക്ഷം കിട്ടി. കാരണം അവർക്കു നേതൃപരമായ കെട്ടുറപ്പുണ്ട്.

∙ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയെ, മന്ത്രിസഭാംഗങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

വിലയിരുത്താൻ സമയമായിട്ടില്ല. ഭരണം തുടങ്ങിയ അന്നുമുതൽ ശനിദശയാണ്. കൊറോണയ്ക്കു പിന്നാലെ ഇപ്പോൾ നിപ്പയും. എല്ലാ മേഖലകളും തകർന്നടിയുന്നു. ഇതൊന്നും സർക്കാരിന്റെ കൈയ്ക്ക് ഒതുങ്ങുന്നതല്ല. അതു അതിജീവിക്കാനുള്ള പ്രാപ്തി തെളിയിക്കണം. കടം വാങ്ങിച്ചുകൊണ്ടിരിക്കുന്നത് എത്ര കാലം തുടരാനാകും?

സിനിമ കണ്ടിട്ടു 30 വർഷമായ വെള്ളാപ്പള്ളി എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടിന് പിന്നെയും 5 വർഷം പഴക്കമുണ്ട്. 1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗസദസ്സി’ലെ ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...’ എന്ന പാട്ടിന് വലിയ അർഥമുണ്ടെന്നു വെള്ളാപ്പള്ളി പറയുമ്പോൾ തെളിയുന്നതു ഭാര്യ പ്രീതിയുടെ മുഖം. ആ സ്നേഹത്തിനു മൂന്നു മക്കൾ: തുഷാർ, വന്ദന, വിനീത് (രണ്ടാമത്തെ വയസ്സിൽ മരിച്ചു). മരുമക്കൾ: ശ്രീകുമാർ, ആശ.

Content Highlights: Vellappally Natesan, Centenary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA