വികസനവിരോധികൾ സ്റ്റാൻ‌ഡ് വിടണം

KSRTC-BEVCO-13
SHARE

ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഒരേയൊരു വർഗമേ നാട്ടിലുള്ളൂ: കുടിയന്മാർ! സ്കൂൾ അസംബ്ലിയിൽ‌ അച്ചടക്കത്തോടെ നിൽ‌ക്കുമ്പോലെ ക്യൂവിൽ കാത്തുനിന്ന് അവർ സാധനം വാങ്ങും. വില എത്ര കൂട്ടിയാലും വീണ്ടും വീണ്ടുമെത്തി പൊന്നുപോലെ കുപ്പി വാങ്ങി തർക്കിക്കാതെ സ്ഥലം വിടും. എന്നിട്ടും കുടിയാന്മാർക്കുള്ള അവകാശങ്ങൾ പോലും കുടിയന്മാർ‌ക്ക് ഇവിടെ പണ്ടുമില്ല, ഇപ്പോഴുമില്ല. അതിന്റെ പേരിലൊന്നും ആർക്കും പ്രതിഷേധിക്കേണ്ട, പ്രകടനവും നടത്തേണ്ട.

എന്നാൽ‌, പഴയതു പോലല്ല ഇനി കാര്യങ്ങൾ. അവർക്കായി അരയും തലയും മുറുക്കി എത്തിയിരിക്കുകയാണ് ആന്റണി രാജു അണ്ണൻ. പിണറായി സഖാവ് കഷ്ടിച്ചു രണ്ടര വർഷമേ ഭരിക്കാനായി കൽപിച്ചുകൊടുത്തിട്ടുള്ളൂവെങ്കിലും രണ്ടര പതിറ്റാണ്ടിന്റെയെങ്കിലും യമണ്ടൻ പരിഷ്കാരങ്ങൾ വകുപ്പിൽ നടപ്പാക്കിയിട്ടേ അണ്ണൻ സ്റ്റാൻഡ് വിടൂ.

അണ്ണൻ വമ്പൻ ഇക്കോണമിസ്റ്റ് ഒന്നുമല്ല. ചിന്ത വളരെ സിംപിളാണ്. തീരെ ആളനക്കമൊന്നുമില്ലാത്ത നാട്ടിൻപുറത്തെ ഒരു കവലയിൽ പെട്ടെന്ന് ഒരു ബവ്റിജസ് കട വരുന്നു. അവിടെ ആളു കൂടുന്നു. കപ്പലണ്ടി, സിഗരറ്റ്, ഗ്ലാസ്, സോഡ, കുപ്പിവെള്ളം, മീൻ, ലോട്ടറി, പുഴുങ്ങിയ മുട്ട, പലഹാരങ്ങൾ തുടങ്ങി സർവസാധനങ്ങളും വിൽക്കുന്നവർ കവലയിലെത്തുന്നു. അവിടെ കൂടുതൽ കടകൾ വരുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡ് തുടങ്ങുന്നു. കവല ഒരു ടൗൺ ആകുന്നു. വികസനം വരുന്ന വഴി കണ്ടോ? ചിയേഴ്സ്!!! കെഎസ്ആർടിസി സ്റ്റാൻഡുകളെ ഇൗ വികസനത്തിലേക്കു വളർത്തി വലുതാക്കുന്ന മോഡലാണ് ആന്റണി അണ്ണൻ പരീക്ഷിച്ചു വിജയിപ്പിക്കാൻ പോകുന്നത്.

ബസ് സ്റ്റാൻഡിൽ കള്ളുകച്ചവടം തുടങ്ങിയാൽ അവിടത്തെ ബാക്കി കടകളുടെ വാടക സൂപ്പർ ഫാസ്റ്റ് പോലെ ഉയർത്താം. ബസ് കയറാൻ വരുന്നവർക്ക് ബവ്കോ ഷോപ്പിൽ‌നിന്നു കുപ്പി വാങ്ങാം. അടുത്ത കടയിൽനിന്നു ഗ്ലാസും വെള്ളവും വാങ്ങാം. തട്ടുകടയിൽ കയറിയിരുന്ന് ടച്ചിങ്സ് കൂടി വാങ്ങി സാധനം അടിക്കാം. മൂന്നാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുമ്പോഴേക്കും ബസ് എത്തും. അതും അടിച്ചു ബസിൽ കയറി സുഖമായി വീട്ടിലേക്ക് ഇരുന്നും കിടന്നുമൊക്കെ പോകാം. ഇത്രയേ ആന്റണി രാജു ആഗ്രഹിച്ചുള്ളൂ. അതിനാണ് ഗോവിന്ദൻ മാഷ്, ആലോചിച്ചിട്ടില്ല, ചർച്ച ചെയ്തിട്ടില്ല, പരിശോധിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു മുടക്കാൻ‌ ശ്രമിക്കുന്നത്. അല്ലെങ്കിലും മാഷുമാർ ഇങ്ങനെയാണ്; അവർ പെരുമാറ്റങ്ങൾ മാത്രമേ ശ്രദ്ധിക്കൂ.

ഏറ്റവും പണമുണ്ടാക്കുന്ന ബവ്റിജസ് കോർപറേഷനിൽ നിന്ന് ഏറ്റവും നഷ്ടമുണ്ടാക്കുന്ന സ്വന്തം കോർപറേഷനിലേക്ക് നൈസായിട്ട് കുറച്ചു പണം എത്തിക്കുക എന്ന ജീവിതാഭിലാഷം നടപ്പാക്കിയിട്ടേ അണ്ണൻ അടങ്ങൂ. മദ്യക്കടയും ബാറും തട്ടുകടയും ഒക്കെ വളർന്നു പടർ‌ന്നുപന്തലിച്ച് ഒടുവിൽ നമ്മുടെ ബസ് ഡിപ്പോകളും സ്റ്റാൻഡുകളും വലിയ കസീനോകളായി മാറും. ബസുകൾ ഒഴികെ എല്ലാം അവിടെയുണ്ടാകും. എല്ലാം അണ്ണന്റെ ഐശ്വര്യം! ഇതൊന്നും ആഗ്രഹിക്കാത്ത പുവർ ഗൈസിനോട് ഒന്നേ പറയാനുള്ളൂ; നിങ്ങൾ സ്റ്റാൻഡ് വിട്ടു പോണം!

∙ കുരുക്കെറിഞ്ഞു; സ്വയം കുടുങ്ങി

യുദ്ധവിജയം സ്വപ്നംകണ്ടു കിടക്കുമ്പോൾ തലയിൽ ബോംബ് വീണാലോ? അതാണു നമ്മുടെ കെ.ടി.ജലീലിക്കയുടെ ഇപ്പോഴത്തെ അവസ്ഥ. മലബാർ കലാപത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന കാലത്തുതന്നെ ലീഗിൽ കലാപം ആരംഭിച്ചയാളാണു ജലീൽ. പിഎച്ച്ഡി നേടിയതിന്റെ പിറ്റേന്നു ലീഗിൽനിന്നു ചാടി. വന്മരമായ സിപിഎമ്മിൽ കയറിയില്ല. പകരം, അതിന്റെ തണലത്തിരുന്നു. ഇപ്പോഴും ആ ഇരിപ്പുതന്നെ. കയറിയാൽ വരുമാനത്തിൽ ഒരു പങ്ക് ലെവിയായി കൊടുക്കണമല്ലോ.

തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തു ലീഗിന്റെ തലൈവർ കുഞ്ഞാപ്പയെ കിടത്തിയ ജലീലിനെ സിപിഎമ്മുകാർ തലയിൽവച്ചു നടന്നു. ആദ്യം തിരിഞ്ഞുകൊത്തിയതു സ്വന്തം ഗവേഷണ പ്രബന്ധം തന്നെ. അതിലാകെ അക്ഷരത്തെറ്റുകൾ. ആരുടെയൊക്കെ രചനകൾ കോപ്പിയടിച്ചെന്നു രചയിതാവിനു തന്നെ നിശ്ചയമില്ലെന്നു ദൃഷ്ടിദോഷക്കാർ പറയും. പഴയ ബുക്കുകൾ കീറിയെടുത്തു കുത്തിക്കെട്ടി പുതിയ ബുക്ക് ഉണ്ടാക്കുന്ന കുട്ടികളുണ്ടല്ലോ. അതുപോലെയാണു പ്രബന്ധമെന്നായിരുന്നു പണ്ഡിതരുടെ പരാതികൾ. ജലീലുണ്ടോ തകരുന്നു? ഗ്രന്ഥം എഴുതുമ്പോൾ അക്ഷരത്തെറ്റൊക്കെ സ്വാഭാവികമല്ലേ? ജലീലിന്റെ ന്യായീകരണം കേട്ടതും ദേവലോകത്തുവരെ പൊട്ടിച്ചിരി ഉണ്ടായത്രേ.

KT-Jaleel-13-cartoon

ബന്ധു നിയമനത്തിലും എംബസി ബന്ധങ്ങളിലുമൊക്കെ ഇക്ക പറഞ്ഞ വിശദീകരണങ്ങൾ മനസ്സിരുത്തി വായിച്ചവരിൽ അധികവും ജീവിച്ചിരിപ്പില്ല. ശേഷിക്കുന്നവർക്കു സ്ഥലകാലബോധവുമില്ല. യുക്തിയില്ലാത്ത വാദങ്ങൾ കേട്ടാൽ ആരായാലും തളരും. ലോട്ടറി നടപ്പാക്കിയ മന്ത്രി, ഭൂപരിഷ്കരണനിയമം കൊണ്ടുവന്ന മന്ത്രി... അങ്ങനെ ഒട്ടേറെ നേട്ടങ്ങൾ സംഭാവനചെയ്ത മന്ത്രിമാർ നമുക്കുണ്ടല്ലോ? ഇക്കയ്ക്കും ഉണ്ട് അപൂർവ റെക്കോർഡ്. ഇഡി ചോദ്യം ചെയ്ത കേരളത്തിലെ ആദ്യത്തെ മന്ത്രി! വോട്ടെടുപ്പിനും വോട്ടെണ്ണലിനും മധ്യേ രാജിവയ്ക്കേണ്ടി വന്ന ആദ്യമന്ത്രിയെന്ന വിശേഷണം വേറെ കിടപ്പുണ്ട്.

തന്നെ തകർക്കാൻ നടക്കുന്നുവെന്നു താൻ തന്നെ വിശ്വസിക്കുന്ന കുഞ്ഞാപ്പയെ കുടുക്കണം. അതാണു ജീവിതലക്ഷ്യം. വെടിക്കോപ്പുകൾക്കു വേണ്ടി ലോകമാകെ അലഞ്ഞു. മലപ്പുറത്തുനിന്നു തന്നെ അതിനുള്ള മരുന്നു ലഭിച്ചു. എആർ നഗർ ബാങ്കിലെ കുറച്ചു കടലാസുകൾ. കൊച്ചിയിലെ ഇഡി ഓഫിസിലേക്കു പാഞ്ഞു. അവിടത്തെ ഉദ്യോഗസ്ഥർ അന്തം വിട്ടു. മാസങ്ങൾക്കു മുൻപു തലയിൽ മുണ്ടിട്ടു വന്നയാൾ ഇതാ നെഞ്ചുവിരിച്ചു വരുന്നു. കുഞ്ഞാപ്പ കുടുങ്ങുമെന്നൊക്കെ വീമ്പിളക്കി വീട്ടിൽ ചെന്നുകയറും മുൻപേ പക്ഷേ കഥ മാറിമറിഞ്ഞു. പിതൃതുല്യനായ പിണറായി ഇടഞ്ഞു. സഹകരണ സ്ഥാപനങ്ങളിൽ ഇഡി വേണ്ടെന്നു മുഖ്യൻ. ഓടിപ്പിടച്ചു വന്നു മുഖ്യനെ കണ്ടു. മുഖ്യൻ വിളിപ്പിച്ചതാണെന്നു നാട്ടുകാർ; താൻ അങ്ങോട്ടുപോയി കണ്ടതാണെന്ന് ഇക്ക.

സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും ഭരിക്കുന്നതു സിപിഎമ്മുകാരാണല്ലോ. അവിടെ ഇഡി കയറിയാൽ കുചേല ഭാവത്തിൽ നടക്കുന്ന പല നേതാക്കളുടെയും കുബേര കഥകൾ പുറത്തുവരുമെന്നു നേതൃത്വത്തിനറിയാം. മുഖ്യൻ ചെവിക്കു പിടിച്ചപ്പോഴാണ് ആ ബോധം വന്നത്. ഇഡിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞു കാലുമാറി. ഇഡി ഓഫിസിൽ പോയതു താങ്കളല്ലേ? അത് അന്വേഷണം ആവശ്യപ്പെടാൻ വേണ്ടിയായിരുന്നില്ലേ? ഇഡി ഓഫിസിൽ ടൂറു പോയതാണോ? ഇതൊന്നും ജലീലിനോടു ചോദിക്കരുത്, പ്ലീസ്. ന്യായീകരണം കേട്ടാൽ മറ്റുള്ളവർ നിന്നനിൽപ്പിൽ ഉരുകിപ്പോകും.

∙ കാവിശാസ്ത്രം പഠിക്കും; ശത്രുവിനോടു പോരാടും

മുദ്രാവാക്യങ്ങളുടെ ശ്രേണി പരിശോധിച്ചാൽ എസ്എഫ്ഐയുടേതിനെക്കാൾ മികച്ചതു വേറെ ഉണ്ടാകില്ല. ‘പഠിക്കുക, പോരാടുക.’ എന്തു പഠിക്കണമെന്നോ പോരാട്ടം ആരോടെന്നോ പറയുന്നില്ല. കണ്ണൂരിലെ സർവകലാശാലയിലേക്കു നോക്കൂ. അവിടെ ആർഎസ്എസ് നേതാക്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പഠിപ്പിക്കാനുള്ള സിലബസ് തയാർ. ആർഎസ്എസ് ആചാര്യരായ സവർക്കറെയും ഗോൾവാൾക്കറെയും കുറിച്ചു പഠിപ്പിച്ചിട്ടുതന്നെ കാര്യം. സിൻഡിക്കറ്റിലെ സഖാക്കൾ തന്നെ തീരുമാനമെടുത്തു. ബ്രണ്ണൻ കോളജിലെ കോഴ്സിനു തന്നെയാകുമ്പോൾ അതിനു ചന്തമേറുമല്ലോ. ശത്രുക്കളുടെ സിദ്ധാന്തം പഠിച്ചാലല്ലേ അവരോടു പോരാടാനൊക്കൂ?

സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പിരന്നുവെന്നും ഗോൾവാൾക്കർ വർഗീയവിഷം തുപ്പിയിരുന്നുവെന്നുമൊക്കെ ബുദ്ധിജീവി സഖാക്കൾ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടാകാം. അതൊന്നും ഇനി സിപിഎമ്മിന്റെ ഗ്രന്ഥപ്പുരകളിൽ ഉണ്ടാകില്ല. കാവിശാസ്ത്രം പഠിപ്പിക്കുന്നതിന് എസ്എഫ്ഐ ദേശീയ നേതൃത്വം അഭിവാദ്യം അർപ്പിച്ചുകഴിഞ്ഞു. സംഘബോധത്തിൽ അധിഷ്ഠിതമായ കമ്യൂണിസം എന്ന വിഷയത്തിലുള്ള സെമിനാർ പരമ്പര എന്നാണെന്നേ ഇനി നിശ്ചയിക്കേണ്ടതുള്ളൂ.

സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളിലോ പ്രസംഗങ്ങളിലോ ആർഎസ്എസിനെ വിമർശിക്കാതിരിക്കാൻ മുഖ്യൻ കാണിക്കുന്ന ജാഗ്രത കടുവാക്കൂടിനുള്ളിൽ തീറ്റയിടാൻ കയറുന്നവർക്കുപോലും ഉണ്ടാകില്ല. കണ്ണൂർ സർവകലാശാലയുടെ കാര്യത്തിലും അദ്ദേഹം ആ കരുതൽ സൂക്ഷിച്ചു. മുഖ്യന്റെ വാചകങ്ങൾ കേട്ട ചരിത്രവിദ്യാർഥികളും അധ്യാപകരും അന്തംവിട്ടു തുറന്ന വായ ഇതുവരെ അടച്ചിട്ടില്ല. ‘സ്വാതന്ത്ര്യ സമരത്തിൽ മുഖംതിരിഞ്ഞു നിന്നവരെ മഹത്വവൽക്കരിക്കുന്ന സമീപനം നമുക്കില്ല. അത്തരം ആശയങ്ങളെയും അത് ഉയർത്തിപ്പിടിച്ച നേതാക്കളെയും മഹത്വവൽക്കരിക്കാൻ ആരും തയാറാകരുത്.’

അല്ല സഖാവേ, അപ്പോൾ കമ്യൂണിസ്റ്റ് നേതാക്കളെ ആദരിക്കാനാകുമോ? സ്വാതന്ത്ര്യസമരത്തിനെതിരെ എന്തൊക്കെ കളികൾ കളിച്ചവരാ നമ്മൾ! ക്വിറ്റ് ഇന്ത്യ സമരത്തെ പാർട്ടി അട്ടിമറിക്കാൻ ശ്രമിച്ചെന്നു നമ്മുടെ നേതാക്കൾ തന്നെയല്ലേ തുറന്നു സമ്മതിച്ചത്? 1939ൽ മഹാത്മാഗാന്ധിയെ ബൂർഷ്വകളുടെ നേതാവെന്നു കമ്യൂണിസ്റ്റുകൾ ആക്ഷേപിച്ചതു ചരിത്രത്തിൽ കിടക്കുകയല്ലേ? സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്റെ കാൽനക്കിയെന്നു വിളിച്ചതും നമ്മൾതന്നെയല്ലേ? കോൺഗ്രസുകാർക്കു ചരിത്രം പഠിപ്പിക്കാൻ അറിയാത്തതുകൊണ്ടു നമ്മൾ ചെയ്തതൊന്നും അധികം പുറത്തു വരുന്നില്ലെന്നതാണ് ഏക സമാധാനം.

സ്റ്റോപ് പ്രസ്

35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കാമെന്ന് കെ.‌സുരേന്ദ്രൻ പറഞ്ഞതു തിരിച്ചടിയായെന്ന് ബിജെപി യോഗം

സംഖ്യാശാസ്ത്രപ്രകാരം 35 ശരിയല്ല.

English Summary: KSRTC, Bevco, KT Jaleel, Kannur University

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA