ADVERTISEMENT

വിമാനം പറത്തുന്നതിലെ അംഗീകൃത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ മുഖ്യ പൈലറ്റിനുണ്ടായ പിഴവുകളും അതു പരിഹരിക്കുന്നതിൽ സഹ പൈലറ്റ് വരുത്തിയ വീഴ്ചയുമാണു കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന്റെ മുഖ്യകാരണങ്ങളെന്നു പറയുന്ന അന്വേഷണ റിപ്പോർട്ട് ഭാവിയിലേക്കുള്ള സുരക്ഷാപാഠങ്ങൾകൂടി നമ്മെ ഓർമിപ്പിക്കുന്നു. ഒട്ടേറെ യാത്രക്കാരുടെ ജീവന്റെ വിലയുള്ള വിമാനയാത്രകൾ സുരക്ഷാമാനദണ്ഡങ്ങളത്രയും പാലിച്ചാവണമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ സംവിധാനങ്ങളുടെയും കുറ്റമറ്റ ഏകോപിത പ്രവർത്തനം ഉണ്ടാവണമെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

വിമാനത്താവളവും വിവിധ ഏജൻസികളും ഉദ്യോഗസ്ഥരും നാട്ടുകാരും മാത്രമല്ല, അപകടത്തിൽ പരുക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും ഏറെനാളായി കാത്തിരിക്കുന്ന റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ദുബായിൽനിന്നുള്ള വിമാനം കരിപ്പൂരിലെ റൺവേയിൽനിന്നു തെന്നി താഴ്ചയിലേക്കു വീണുപിളർന്നത്. 184 യാത്രക്കാരും 6 ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിൽ മുഖ്യ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 21 പേർ മരിച്ചു. പലർക്കും ഗുരുതര പരുക്കേറ്റു.

പറന്നിറങ്ങാനായി നിർണയിച്ചിരിക്കുന്ന റൺവേയിലെ സുരക്ഷിതമേഖല കടന്നാണ് അന്നു വിമാനം ലാൻഡ് ചെയ്തത്. മുഖ്യ പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് അപകടത്തിന്റെ കാരണങ്ങളിലെ‍ാന്നായി പറയുന്നതെന്നതു ഗൗരവമുള്ളതുതന്നെ. മുഖ്യ പൈലറ്റിന്റെ മുന്നിലുള്ള കണ്ണാടിയിലെ വൈപ്പർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്നതടക്കമുള്ള മറ്റു സാങ്കേതിക കാരണങ്ങളും സംശയിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 281 പേജുള്ള റിപ്പോർട്ടിൽ അപകടങ്ങൾ ഒഴിവാക്കാൻ 43 സുരക്ഷാനിർദേശങ്ങളുമുണ്ട്.

ടേബിൾ ടോപ് റൺവേയായതുകെ‍ാണ്ടു രാജ്യത്തെ ദുഷ്കരമായ വിമാനത്താവളങ്ങളിലെ‍ാന്നാണു കരിപ്പൂർ. അതുകെ‍ാണ്ടുതന്നെ, അവിടെ വിമാനങ്ങളുടെ ടേക്ക്ഓഫ്, ലാൻഡിങ് ഘട്ടങ്ങൾ പൈലറ്റുമാരുടെ അതീവ സൂക്ഷ്മതയും ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിൽ വിമാനം പറത്തുന്നതിൽ പൈലറ്റുമാർക്കു വിദഗ്ധ പരിശീലനം നൽകണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു. അമിത ജോലിഭാരം വിമാനത്തിന്റെ മുഖ്യ പൈലറ്റിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചതായും സൂചനയുണ്ട്. 2010ലെ മംഗളൂരു വിമാനാപകടത്തെത്തുടർന്നു രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സുസജ്ജമാക്കണമെന്നു നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അതു വേണ്ടരീതിയിൽ നടപ്പായില്ല.

കൃത്യമായ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കാൻ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രത്തിൽ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ നിർബന്ധമായും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലേശകരമായ റൺവേകളിൽ സുരക്ഷാ മുൻകരുതലുകളെല്ലാം നിർബന്ധമായും പാലിക്കപ്പെട്ടേ തീരൂ. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചകൾ വരുത്തുന്ന പൈലറ്റുമാർക്കെതിരെ കർശനനടപടികളെടുക്കുന്നതടക്കമുള്ള മാർഗനിർദേശങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

വിമാനാപകടം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടാത്തതിനെക്കുറിച്ചു വ്യാപകമായ പരാതി ഉയർന്നിരുന്നു. അപകടം നടന്ന അന്നുമുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കു താൽക്കാലികമായി വിലക്കു വീഴുകയുണ്ടായി. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് അന്വേഷണ റിപ്പോർട്ട് ആശ്രയിച്ചായിരിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. വിമാനാപകടത്തിൽ പരുക്കേറ്റവർക്കും ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കുമുള്ള നഷ്ടപരിഹാര വിതരണം ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.

അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നിർദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നതിനായി വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുകയുണ്ടായി. ഇത്തരം റിപ്പോർട്ടുകളിന്മേൽ വഴിപാടുപോലെയുണ്ടാവുന്ന നടപടികൾ മാത്രം പോരാ. നൂറുകണക്കിനുപേരുടെ ജീവൻ അപകടത്തിലാക്കുന്ന ശ്രദ്ധക്കുറവും സുരക്ഷാവീഴ്ചയും ഇനി ആവർത്തിക്കില്ലെന്ന ഉറപ്പുതന്നെയാണു കരിപ്പൂർ അപകടത്തിൽ ജീവൻ പെ‍ാലിഞ്ഞവർക്കായി വ്യോമയാന മന്ത്രാലയത്തിനും വിമാനത്താവള അതോറിറ്റിക്കും നൽകാവുന്ന ഏറ്റവും സാർഥകമായ പ്രായശ്ചിത്തം.

English Summary: Editorial on Karipur Plance Crash Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com